
കോഴിക്കോട്: കൈയിൽക്കിട്ടിയ പുതുപുത്തൻ റിമോട്ട് കാർ പൊളിച്ച് അതിന്റെ മോട്ടോർകൊണ്ട് ഫാൻ കറക്കിയതിന് ചീത്തകേട്ട കുട്ടിക്കാലം ഓർമ്മയില്ലേ? എന്നാൽ അതൊരു കുട്ടിക്കളിയോ തല്ലുകൊള്ളിത്തരമോ അല്ല, ആ ‘ക്രിയേറ്റീവ് പരിപാടി’യുടെ പേരാണ് ‘ടിങ്കറിങ്’. ഒരു കാര്യത്തെ മെച്ചപ്പെടുത്താൻവേണ്ടി അതിനെ പൊളിച്ചുപണിത് ക്രിയേറ്റീവ് മാറ്റങ്ങൾ വരുത്തുകയെന്നാണ് വാക്കിന്റെ അർഥം. ഇങ്ങനെയുള്ള ക്രിയേറ്റീവ് ഐഡിയയുമായി എത്തുന്നവർക്ക് അതിനുള്ള സ്ഥലവും സൗകര്യവുമൊരുക്കി വഴികാട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധകൂട്ടായ്മയാണ് ടിങ്കർ ഹബ് ഫൗണ്ടേഷൻ.
2014-ൽ കുസാറ്റിലെ ഇന്റർനെറ്റ് സൗകര്യമുള്ള ഒഴിഞ്ഞ റൂമിലിരുന്ന് പുത്തൻ സാങ്കേതികവിദ്യകളും അതിന്റെ സാധ്യതകളും പങ്കുവെച്ച ഒരുകൂട്ടം സുഹൃത്തുക്കളിൽനിന്നാണ് എല്ലാം തുടങ്ങിയത്.
ടിങ്കർ സ്‌പെയ്‌സ് എന്ന പേരിൽ ആദ്യം കൊച്ചിയിലും ഇപ്പോൾ കോഴിക്കോടും അതിനുള്ള ഇടമൊരുക്കുകയുംചെയ്തു. കോഴിക്കോട് ഗവ. മെഡിക്കൽകോളേജിനുസമീപത്തെ പാലിയേറ്റീവ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതു പ്രവർത്തിക്കുന്നത്.
സാങ്കേതികവിദ്യയിൽ താത്‌പര്യമുള്ള ആർക്കും എപ്പോഴും ടിങ്കർ സ്പേസ് സൗജന്യമായി ഉപയോഗിക്കാം. ഇവിടെ വരാൻ പ്രായപരിധിയില്ല. എൻജിനിയറോ വിദ്യാർഥിയോ ഡിവലപ്പറോ സാങ്കേതികവിദ്യാരംഗത്തെ പ്രൊഫഷണലോ ആകണമെന്ന നിബന്ധനയുമില്ല. ഒരു ആശയമോ ചോദ്യമോ പാതിവഴിയിൽ നിലച്ച പ്രോജക്‌ടോ അല്ലെങ്കിൽ വെറുമൊരു കൗതുകവുമായോ ആർക്കും വരാം; പുതിയ പ്രോജക്ടുകൾ നിർമിച്ചു തുടങ്ങാനുള്ള ഇടവും ഉപകരണങ്ങളും കൂട്ടായ്മയും ലഭിക്കും.
ഇലക്ട്രോണിക്‌സ്, നിർമിതബുദ്ധി, റോബോട്ടിക്‌സ് തുടങ്ങി എന്തിലും പരീക്ഷണം നടത്താം.
ഹാക്കർസ്പേസ്, മേക്കർ സ്റ്റേഷൻ, 3ഡി പ്രിന്റിങ് സൗകര്യങ്ങൾ, ഇവന്റ് സ്പേസ് എന്നിങ്ങനെ എല്ലാമുണ്ട്. ഇപ്പോൾ 300-ഓളം പേരാണ് ദിവസവും ടിങ്കർസ്‌പേസിലെ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. 65-ലധികം കാമ്പസുകളിലായി 44,000-ത്തിലധികം യുവാക്കളുടെ സജീവമായ ഒരു കൂട്ടായ്മയായി ടിങ്കർഹബ് വളർന്നിരിക്കുന്നു.
ടിങ്ക്-ഹെർ-ഹാക്ക് 2024, വുമൺ മേക്കേഴ്‌സ് സെലിബ്രേഷൻ 2026, യൂസ്‌ലെസ് പ്രോജക്ട് 3.0 എന്നിങ്ങനെയുള്ള പരിപാടികളിലൂടെ ഒരു ലക്ഷത്തിലധികം പുതിയ ഡിവലപ്പർമാരെയും കൂട്ടായ്മ ചേർത്തുനിർത്തി.
ട്രാവൽ ആപ്പ് ഐഡിയ ഉണ്ടോ, നേടാം സൗജന്യ ദുബായ് ട്രിപ്പ്
ടിങ്കർ ഹബ്ബിന്റെ അടുത്ത ഹാക്കത്തൺ കോഴിക്കോട് ടിങ്കർസ്‌പേസിൽ 10, 11 തീയതികളിൽ നടക്കാനിരിക്കുകയാണ്. യാത്രകളെ മാറ്റിമറിക്കാൻ കഴിയുന്ന കിടിലൻ ആശയങ്ങളോ പുതിയൊരു ട്രാവൽ ആപ്പ് ചിന്തയോ കൈയിലുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. ടിങ്കർഹബ്ബ് ഫൗണ്ടേഷനും പ്രമുഖ ട്രാവൽ ആൻഡ് വിസ സർവീസ് കമ്പനിയായ 'ദി വിസ ഗൈ'യും ചേർന്ന് സംഘടിപ്പിക്കുന്ന 'ലേയൊവർ' ഓവർനൈറ്റ് ഹാക്കത്തണിൽ ഒന്നാമതെത്തുന്ന ടീമിന് അഞ്ചുദിവസത്തെ ദുബായ് ട്രിപ്പാണ് സമ്മാനം. 15-നും 25-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കും വർക്കിങ് പ്രൊഫഷണൽസ് ഒഴികെയുള്ള യുവാക്കൾക്കും ഹാക്കത്തണിൽ മാറ്റുരയ്ക്കാം.
താത്പര്യമുള്ളവർക്ക് https://tinkerhub.org/layover എന്ന ലിങ്ക് വഴി ആറുവരെ സൗജന്യമായി രജിസ്റ്റർചെയ്യാം.
എല്ലാ ജില്ലയിലും ടിങ്കർ സ്‌പെയ്‌സ് കൊണ്ടുവരും
‘കേരള സ്റ്റാർട്ട് അപ് മിഷനിലെ ജോലി ഉപേക്ഷിച്ചാണ് ടിങ്കർ ഹബ് എന്ന ആശയവുമായി ഇറങ്ങിയത്. തുടക്കകാലത്ത് ഏകദേശം ഒന്നരവർഷത്തോളം വളരെ ബുദ്ധിമുട്ടി. അങ്ങനെയാണ് ഓൺലൈൻ സ്റ്റോക്ക് ബ്രോക്കറേജ്, ഫിനാൻഷ്യൽ സർവീസ് കമ്പനിയായ സീറോദയുടെ സി.ടി.ഒ. കൈലാഷ് നാഥുമായി സംസാരിക്കുന്നത്. അദ്ദേഹം സാമ്പത്തികമായി പിന്തുണയ്ക്കാൻ തയ്യാറായി. ടിങ്കർ സ്‌പെയ്‌സ് ഇപ്പോൾ വളരെ സജീവമാണ്. എല്ലാ ജില്ലയിലും ഓരോ ടിങ്കർ സ്‌പെയ്‌സ് തുടങ്ങി കൂടുതൽപ്പേരെ ചേർത്തുനിർത്തുകയാണ് അടുത്ത ലക്ഷ്യം’-എം.പി. മെഹർ, ടിങ്കർ ഹബ് സ്ഥാപകൻ
Content Highlights: TinkerHub offers free access to makerspaces, tools, and a tech community with no age or qualification limits.
Published: 05 Oct 2026, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented