പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന വഴികൾ ഏതൊക്കെയാണ്? ഈ സ്ഥാപനത്തിന്റെ സത്യസന്ധത വീണ്ടെടുക്കേണ്ടതെങ്ങനെ? ആർ. ജയപ്രസാദ് തയ്യാറാക്കുന്ന അന്വേഷണ പരമ്പരയുടെ മൂന്നാം ഭാഗം 

To advertise here,

 

2019-ൽ ആസൂത്രണ ബോർഡിലെ ചീഫിനുള്ള പരീക്ഷയെഴുതിയ കൊല്ലം സ്വദേശിനിയുടെ അനുഭവം കേൾക്കൂ. ‘‘അന്ന് ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ചിരുന്നു. ഏഴുവർഷം കഴിഞ്ഞു, പക്ഷേ, പകർപ്പ് കിട്ടിയിട്ടില്ല. ഇപ്പോഴത്തെ വിവാദത്തിനിടയിലാണ് പകർപ്പിന് അപേക്ഷിച്ച വിവരം ഓർത്തുപോയത്. അന്ന് മാർക്കുകൂടി രേഖപ്പെടുത്തി റാങ്കു പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. എഴുത്തുപരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയിട്ടും അഭിമുഖത്തിൽ മാർക്ക് കുറച്ചിട്ടതോടെ റാങ്ക് താഴ്ന്നു. അതിനെതിരേ കോടതിയെ സമീപിക്കാനുദ്ദേശിച്ചാണ് ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ചത്. പക്ഷേ, ലഭിച്ചില്ല.’’

ഇവരുടെ കേസ് സുപ്രീംകോടതി വരെയെത്തി. അപ്പോഴേക്ക് കാലാവധി തീർത്ത് റാങ്കു പട്ടികയും റദ്ദായി, നിയമനം കിട്ടിയയാൾ വിരമിക്കുകയും ചെയ്തു. പരാതിക്കാരി വേറേ ജോലിയിലും പ്രവേശിച്ചു. അതോടെ വിവാദവും കാലഹരണപ്പെട്ടു. ഇങ്ങനെയാണ് പി.എസ്.സിയിലെ പല ക്രമക്കേടുകളും വിസ്മൃതിയിലാകുന്നത്.

പുനർമൂല്യനിർണയമില്ല, പുനഃപരിശോധനയാവാം

പി.എസ്.സി. പരീക്ഷകൾക്ക് പുനർമൂല്യനിർണയത്തിന് വ്യവസ്ഥയില്ല. മാർക്കിൽ സംശയമുണ്ടായാൽ പുനഃപരിശോധന നടത്താം. ഒ.എം.ആർ. ഷീറ്റിലെ എല്ലാ ഉത്തരങ്ങൾക്കും മാർക്കിട്ടിട്ടുണ്ടോ അത് കൂട്ടിയിട്ടത് ശരിയാണോ എന്നാണ് പുനഃപരിശോധനയിൽ നോക്കുക. ഒ.എം.ആർ. പരീക്ഷകൾക്കു മാത്രമേ പുനഃപരിശോധനയുള്ളൂ. 85 രൂപയാണ് ഫീസ്. മാർക്ക് പരിശോധിക്കാനുള്ള മറ്റൊരു മാർഗം ഉത്തരക്കടലാസിന്റെ പകർപ്പെടുക്കലാണ്. അതിന് 335 രൂപ ഫീസടയ്ക്കണം.

ഒ.എം.ആറിനും വിവരണാത്മക പരീക്ഷയ്ക്കും ഉത്തരക്കടലാസിന്റെ പകർപ്പെടുക്കാം. റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചശേഷമേ ഇവയ്ക്ക് അപേക്ഷിക്കാനാവൂ. അതും 15 ദിവസത്തിനകം ഫീസടച്ച് അപേക്ഷിക്കണം. പരീക്ഷയെഴുതിയവർ അവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്വന്തം ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും പകർപ്പിനും മാത്രമേ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്നതിനു മാത്രമേ സമയപരിധിയുള്ളൂ. അത് ലഭ്യമാക്കുന്നതിനുള്ള സമയപരിധി പി.എസ്.സി. നിശ്ചയിച്ചിട്ടില്ല.

ഒന്നാം ഭാഗം വായിക്കാം; മാർക്ക് 'ദാനവും' കാണാതായ ഉത്തരങ്ങളും: പി.എസ്.സിയെ ഉലയ്ക്കുന്ന ആസൂത്രണ ബോർഡ് വിവാദം

ഉത്തരക്കടലാസിന്റെ പുനഃപരിശോധനാ ഫലവും പകർപ്പും ലഭ്യമാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കണമെന്ന് കാലങ്ങളായി ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നുണ്ട്. ക്രമക്കേടുകൾ ഒരു പരിധിവരെ തടയാൻ ഇതിലൂടെ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം. തുടക്കത്തിൽത്തന്നെ പിഴവുകൾ തീർക്കാനുമാകും. മാർക്കുകൾ മറച്ചുവെച്ച് റാങ്കു പട്ടിക പ്രസിദ്ധീകരിച്ചാലും 15 ദിവസത്തിനകം പുനഃപരിശോധനയ്ക്കും പകർപ്പിനും അപേക്ഷിക്കണമെന്ന വിചിത്രമായ രീതിയും പി.എസ്.സിക്കുണ്ട്. സ്വന്തം ഉത്തരക്കടലാസിന് പി.എസ്.സി നൽകിയ മാർക്ക് അറിയാതെയും പുനഃപരിശോധനയ്ക്ക് അപേക്ഷിക്കണം. എന്നാൽ, കാലാവധി കഴിഞ്ഞ് റാങ്കുപട്ടിക ചരമമടഞ്ഞാലും പുനഃപരിശോധനാഫലം അറിയിക്കുകയോ ഉത്തരക്കടലാസിന്റെ പകർപ്പ് അയക്കുകയോ ചെയ്യില്ല.

അഭിമുഖത്തിനുമുൻപേ ലഡു വിതരണം

സർവകലാശാലകളിൽ പി.ആർ.ഒ. നിയമനത്തിന് ആദ്യമായാണ് പി.എസ്.സി. വിജ്ഞാപനം ക്ഷണിച്ചത്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും മൂന്നുവർഷത്തെ മാധ്യമ പ്രവർത്തന പരിചയവുമാണ് യോഗ്യത. പി.ആർ.ഡിയിലെ കാഷ്വൽ ജോലിയെയും പ്രവൃത്തിപരിചയമാക്കിയാണ് വേണ്ടപ്പെട്ടവർക്ക് റാങ്കുപട്ടികയിൽ പി.എസ്.സി. ഇടംനൽകിയത്. ഇതിന്റെ ചുരുക്കപ്പട്ടികയിൽ പേര് വന്നപ്പോൾത്തന്നെ പാർട്ടിപ്പത്രത്തിലുള്ളവർ ഓഫീസുകളിൽ ലഡു വിതരണവും ആഘോഷങ്ങളും ഒരുക്കിയിരുന്നു.

പ്രതീക്ഷിച്ചപോലെ ഇവർക്കെല്ലാം അഭിമുഖത്തിൽ പരമാവധി മാർക്കും പി.എസ്.സിയുടെ വകയായി ലഭിച്ചു, റാങ്കു പട്ടികയിൽ അവർക്ക് മുന്നിലെത്താനുമായി. ഇവരുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് റാങ്കു പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു മാസമായപ്പോഴേക്ക് ഏഴുപേർക്ക് നിയമന ശുപാർശയും അയച്ചു.

സംസ്ഥാനത്ത് ഇത്തവണയും ഭരണത്തുടർച്ച പ്രതീക്ഷിച്ച പി.എസ്.സിയിലെ ചില ഉന്നത ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ വെട്ടിലായി. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രതിപക്ഷ സർവീസ് സംഘടനയിലായിരുന്ന ഇവരിൽ ചിലർ സമീപനാളുകളിലാണ് ഇടതു സംഘടനകളിലേക്ക് നയംമാറ്റിയത്. പി.എസ്.സി. ഓഫീസുകളിലെ താത്കാലിക ജോലികളിൽ ബന്ധുക്കളെ നിയമിക്കുകയും പി.എസ്.സി. അംഗങ്ങളുടെ അടുപ്പക്കാരായി ഇനിയുള്ള അഞ്ചുവർഷം വിലസുകയുമായിരുന്നു ലക്ഷ്യം. പി.എസ്.സി. സെക്രട്ടറി സ്ഥാനം കൊതിക്കുന്ന അഡീഷണൽ സെക്രട്ടറിമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ, ഭരണം മാറിയതോടെ ഇവരുടെ സ്വപ്നങ്ങളും തകർന്നടിഞ്ഞു. ഇനി ഭരണപക്ഷത്തേക്ക് നയം മാറ്റാനൊരുങ്ങുകയാണ് പലരും.

രണ്ടാം ഭാഗം വായിക്കാം: ചോദ്യക്കടലാസ് ലോക്കറിലല്ല, നേരെ പ്രസ്സിലേക്ക്! ഒടുവിൽ റാങ്ക് ലിസ്റ്റിൽ 'വ്യാജനും'; PSC എങ്ങോട്ടാണ്?

താത്കാലിക തസ്തികകൾ സുലഭം

ഭരണഘടനാ സ്ഥാപനമാണെങ്കിലും താത്കാലിക തസ്തികകൾക്ക് പി.എസ്.സിയിൽ ഒരു പഞ്ഞവുമില്ല. കമ്മിഷൻ അംഗമാകുന്നവർക്ക് താത്കാലികമായി നിയമിക്കാനാകുന്ന തസ്തികകൾ മുതൽ കാന്റീൻ ജോലികൾ വരെയുണ്ട്. ആറുമാസമാണ് താത്കാലിക നിയമനങ്ങൾക്കുള്ള കാലാവധിയെങ്കിലും കഴിഞ്ഞ പത്തുവർഷമായി ജോലി ചെയ്യുന്നവരാണ് കൂടുതലും.

സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പി.എസ്.സി. റാങ്കുപട്ടികയിൽനിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെടുന്ന കമ്മിഷൻ, സ്വന്തം ഓഫീസുകളിൽ താത്കാലികക്കാരെ കണ്ണടച്ച് നിയമിക്കുകയാണ്. ഇവയൊന്നും അംഗീകൃത തസ്തികകളല്ലെന്നാണ് പി.എസ്.സിയുടെ വാദമെങ്കിലും താത്കാലിക നിയമനങ്ങൾക്കായി എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളുള്ളത് സൗകര്യപൂർവം മറക്കുകയാണ്. ഇത് കമ്മിഷനെ ബാധിച്ചിട്ടുള്ള അൽഷിമേഴ്‌സായി കണ്ടാൽ മതിയാകും.

(തുടരും)