ലക്ഷക്കണക്കായ തൊഴിലന്വേഷകരുടെ ആശ്രയമാണ് പി.എസ്.സി. എന്ന ഭരണഘടനാ സ്ഥാപനം. വർഷംതോറും 30,000-ത്തിലേറെപ്പേർക്കാണ് സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ജോലി ലഭ്യമാക്കുന്നത്. അഴിമതിയോ സ്വജനപക്ഷപാതമോ തീണ്ടാത്ത സ്ഥാപനമെന്നത് പി.എസ്.സി.യുടെ അടയാളമായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പി.എസ്.സി. നടത്തുന്ന നിയമനങ്ങൾ അടിക്കടി ആരോപണങ്ങൾക്ക് വിധേയമാകുന്നു. പി.എസ്.സി.യുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന വഴികൾ ഏതൊക്കെയാണ്? ഈ സ്ഥാപനത്തിന്റെ സത്യസന്ധത വീണ്ടെടുക്കേണ്ടതെങ്ങനെ? ആർ. ജയപ്രസാദ് തയ്യാറാക്കുന്ന അന്വേഷണ പരമ്പര

To advertise here,

 

അഭിമുഖത്തിനുള്ള പരമാവധി മാർക്ക് 40. അതിൽ 36 മാർക്കും ചിലർക്ക് ലഭിക്കുന്നു. അവർ റാങ്ക്പട്ടികയിൽ മുന്നിലെത്തുന്നു. അവരാകട്ടെ 200 മാർക്കിനുള്ള എഴുത്തുപരീക്ഷയിൽ പിന്നിലാണ്. എഴുത്തുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഉദ്യോഗാർഥിക്കാകട്ടെ അഭിമുഖത്തിന് ഏറ്റവും കുറവായ 11 മാർക്കാണ് ലഭിച്ചത്. അതോടെ ഇഷ്ടപ്പെട്ടവർക്ക് സുഗമമായി നിയമനം നൽകാനായി. അസാധാരണമായ വിധം അഭിമുഖത്തിന് കൊടുക്കാവുന്നതിലും അധികമായ മാർക്കു നൽകിയത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. കേസ് സുപ്രീം കോടതിവരെ എത്തി. ഇനി ഇങ്ങനെ അഭിമുഖത്തിന് അസാധാരണമായി മാർക്ക്, ദാനം ചെയ്യില്ലെന്ന കുറ്റസമ്മതത്തോടെ കേസിൽനിന്ന് പി.എസ്.സി. തടിയൂരി. ഇത് 2019-ലെ ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ തിരഞ്ഞെടുപ്പിലാണ് നടന്നത്. അന്നും നിയമനം നേടിയത് ഭരണപക്ഷ സംഘടനാ പ്രവർത്തകരായിരുന്നു. അഭിമുഖം നടത്തിയതാകട്ടെ അന്നത്തെ പി.എസ്.സി. ചെയർമാനും.

എഴുത്തുപരീക്ഷയുടെ മാർക്ക് അറിയിക്കാതെയാണ് പി.എസ്.സി. അംഗങ്ങൾ, ഉദ്യോഗാർഥികൾക്ക് അഭിമുഖം നടത്തുന്നത്. ഉദ്യോഗാർഥികളുടെ വ്യക്തിവിവരങ്ങൾ മാത്രമേ പി.എസ്.സി. അംഗങ്ങളുടെ കൈവശമുണ്ടാവുകയുള്ളൂ. അതിനാൽ അഭിമുഖത്തിന് നിഷ്പക്ഷമായി മാർക്ക് നൽകാൻ അംഗങ്ങൾക്ക് കഴിയും. എന്നിട്ടും ചിലർക്ക് അഭിമുഖത്തിന് അമിതമായി മാർക്ക് ലഭിക്കുകയും അതിന്റെ പേരിൽ റാങ്കിൽ മുന്നിലെത്തുകയും ചെയ്യുന്നത് എങ്ങനെയെന്നാണ് ചോദ്യം. വേണ്ടപ്പെട്ടവരുടെ എഴുത്തുപരീക്ഷയുടെ മാർക്ക് ബന്ധപ്പെട്ടവർക്ക് മുൻകൂട്ടി അറിയാനുള്ള സൗകര്യവും പി.എസ്.സിയിൽ ഉണ്ടെന്നുവേണം ഇതിൽനിന്ന് മനസ്സിലാക്കാൻ.

പി.എസ്.സി. വഴി നിയമനം നടത്തുന്ന ഏറ്റവും ഉയർന്ന തസ്തികകളിൽ ഒന്നാണ് ആസൂത്രണബോർഡിലെ ചീഫ്. തുടക്കത്തിൽത്തന്നെ ഒന്നേകാൽ ലക്ഷത്തിലേറെയാണ് പ്രതിമാസ ശമ്പളം. അതിനാൽ ഈ തസ്തികയ്ക്ക് തൊഴിൽമാർക്കറ്റിൽ വലിയ ഡിമാൻഡാണ്. വിവിധ വിഭാഗങ്ങളിലായി ഏഴ് ഒഴിവുകളാണ് ചീഫിനായി ആസൂത്രണ ബോർഡിലുള്ളത്. 200 മാർക്കിനുള്ള വിവരണാത്മക പരീക്ഷയും 40 മാർക്കിനുള്ള അഭിമുഖവുമാണ് ഇതിന്റെ തിരഞ്ഞെടുപ്പിന് പി.എസ്.സി. നടത്തുന്നത്.

കഴിഞ്ഞ വർഷവും ഈ തസ്തികയിൽ പി.എസ്.സി. നിയമനം നടത്തി. അതാണിപ്പോഴത്തെ വിവാദത്തിന്റെ കേന്ദ്രം. അതിന്റെ പരീക്ഷ 2023 ജൂലായിലായിരുന്നു. ഉദ്യോഗാർഥികൾക്ക് ലഭിച്ച മാർക്ക് രേഖപ്പെടുത്താതെയാണ് റാങ്ക് പട്ടിക പി.എസ്.സി. പ്രസിദ്ധ്‌ീകരിച്ചത്. അതിന് പി.എസ്.സിക്കൊരു ന്യായമുണ്ട്. ഒരു പരീക്ഷയുടെ മാർക്കാണ് കൂടുതൽ തസ്തികകളുടെ റാങ്ക് നിശ്ചയിക്കാൻ ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ മാർക്ക് പിന്നീട് അറിയിച്ചാൽ മതി. ഈ വ്യവസ്ഥയുടെ മറവിൽ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ അനിശ്ചിത കാലത്തേക്ക് മൂടിവെക്കാൻ പി.എസ്.സിക്ക് കഴിയും. അതിനാൽ ക്രമക്കേടുകൾ അത്ര പെട്ടെന്ന് കണ്ടുപിടിക്കാനുമാകില്ല. ഇപ്പോഴും അതാണ് സംഭവിച്ചത്.

പരീക്ഷ കഴിഞ്ഞ് മൂന്നു വർഷവും നിയമനം കഴിഞ്ഞ് ഒരു വർഷവുമാകുമ്പോഴാണ് ചീഫ് പരീക്ഷയിലെ മാർക്കു തട്ടിപ്പ് പുറത്താകുന്നത്. ആകെ പത്തു പേരാണ് റാങ്ക് പട്ടികയിലുണ്ടായിരുന്നതെങ്കിലും കട്ട്-ഓഫ്-മാർക്ക് വളരെ കുറവാ(27.88) യിരുന്നു. മൂല്യനിർണയത്തിൽ പിശകുണ്ടെന്ന് അപ്പോഴേ ഉദ്യോഗാർഥികൾക്ക് സംശയമായി. അങ്ങനെയാണ് ഉത്തരക്കടലാസിന്റെ പകർപ്പിന് അവർ അപേക്ഷിച്ചത്. റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അപേക്ഷിച്ചിട്ടും അത് അനുവദിക്കാൻ പി.എസ്.സി. ഒരു വർഷമെടുത്തു.

ഉത്തരക്കടലാസ് കൈയിൽ കിട്ടിയ ഉദ്യോഗാർഥികൾ അമ്പരന്നുപോയി. ആകെയുള്ള 28 ചോദ്യങ്ങളിൽ 18 എണ്ണത്തിനു മാത്രമേ പി.എസ്.സി. മാർക്കിട്ടിട്ടുള്ളൂ. 53 മാർക്കിനുള്ള ബാക്കി പത്ത് ഉത്തരങ്ങൾ കാണാനില്ല. പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെത്തിയപ്പോൾ പി.എസ്.സിക്ക് സമ്മതിക്കേണ്ടി വന്നു, മൂല്യനിർണയം നടത്താൻ പത്ത് ഉത്തരങ്ങൾ അധ്യാപകർക്ക് കൈമാറിയില്ല. മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്താതെയാണ് ചീഫ് പോലുള്ള ഉയർന്ന തസ്തികയ്ക്ക് പി.എസ്.സി. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും നിയമന ശുപാർശ അയക്കുകയും ചെയ്തത്.

(തുടരും)