പി.എസ്.സി.യുടെ വിശ്വാസ്യത നഷ്ടപ്പെടുന്ന വഴികൾ ഏതൊക്കെയാണ്? ഈ സ്ഥാപനത്തിന്റെ സത്യസന്ധത വീണ്ടെടുക്കേണ്ടതെങ്ങനെ? ആർ. ജയപ്രസാദ് തയ്യാറാക്കുന്ന അന്വേഷണ പരമ്പരയുടെ രണ്ടാം ഭാഗം.
പി.എസ്.സി. പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുന്നതിൽ മുൻപ് കീഴ്‌വഴക്കങ്ങൾ കർശനമായി പാലിച്ചിരുന്നു. അഞ്ചോ ആറോ സെറ്റുകൾ തയ്യാറാക്കി അതിൽനിന്ന് നറുക്കിട്ടെടുത്താണ് അച്ചടിക്കായി അയക്കുന്നത്. ചോദ്യം തയ്യാറാക്കുന്നവരുടെ പാനലിനെ നിശ്ചയിക്കുന്നത് ചെയർമാനാണ്. അദ്ദേഹത്തിൽ പൂർണമായ വിശ്വാസമർപ്പിച്ചാണ് കമ്മിഷൻ ആ ചുമതല ഏൽപ്പിച്ചിട്ടുള്ളത്. എന്നാൽ, അതിന്റെ ധാർമികത നിലനിർത്തുന്ന സമീപനമല്ല മിക്കപ്പോഴും ചെയർമാൻമാരിൽനിന്ന് ഉണ്ടാവുക. കെ.ജി.ഒ.എ. എന്ന ഇടതുപക്ഷ സർവീസ് സംഘടനയുടെ നേതാവായിരുന്ന ആളാണ് ഇപ്പോഴത്തെ കമ്മിഷൻ ചെയർമാൻ. അതിനാൽ ചെയർമാന്റെ പാനലിലെ ചോദ്യകർത്താക്കളെല്ലാം കെ.ജി.ഒ.എ. നേതാക്കളോ അംഗങ്ങളോ ആണ്. അഭിമുഖങ്ങൾക്ക് വിഷയവിദഗ്ധരായെത്തുന്നതും അവരൊക്കെത്തന്നെ. അങ്ങനെയുള്ളവർക്ക് രാഷ്ട്രീയവിധേയത്വം കൂടുമോ കുറയുമോ?
മുൻപൊക്കെ ചോദ്യം തയ്യാറാക്കിയവർക്കുപോലും പരീക്ഷയ്ക്ക് വരുന്നത് അവരുടെ ചോദ്യമാണെന്നതിൽ ഒരു ഉറപ്പുമുണ്ടായിരുന്നില്ല. കാരണം അത്രയേറെ ആൾക്കാരിൽനിന്ന് ചോദ്യം വാങ്ങുന്നതാണല്ലോ. എന്നാൽ, ഇപ്പോൾ സ്ഥിതി അതല്ല. ചോദ്യകർത്താവിന് ഉറപ്പിക്കാം, എന്റേതുതന്നെയായിരിക്കും ഇത്തവണത്തെ ചോദ്യമെന്ന്. കാരണം ആ ഒരാളിൽനിന്നുമാത്രമേ ചോദ്യം വാങ്ങിയിട്ടുള്ളൂ. പാനലിലെ ഭൂരിഭാഗംപേരും സമയത്തിന് ചോദ്യം തയ്യാറാക്കി നൽകാറില്ല. കാര്യമായ പ്രതിഫലമില്ല, മിനക്കെട്ട പണിയുമാണ്. അതിനാൽ കിട്ടുന്നവരിൽനിന്ന് ചോദ്യം വാങ്ങും. ഒരാളേ തരുന്നുള്ളൂവെങ്കിൽ നറുക്കെടുപ്പൊന്നുമില്ലാതെ നേരേ പ്രസിലേക്കും അവിടെനിന്ന് പരീക്ഷാഹാളിലും ചോദ്യമെത്തും. അത് ചോരാൻ പിന്നെ വേറേ വഴികൾ വേണോ? ചെയർമാന്റെ പൂർണസ്വാതന്ത്ര്യത്തോടെയുള്ള ജോലിയായതിനാൽ കമ്മിഷനിലെ മറ്റ് അംഗങ്ങളൊന്നും ഇതിൽ ഇടപെടാറില്ല. അമിതമായ ഈ സ്വാതന്ത്ര്യം പലപ്പോഴും ദുരുപയോഗപ്പെടുത്തുന്നുവോ എന്നാണ് സംശയിക്കേണ്ടത്.
വ്യാജ സർട്ടിഫിക്കറ്റിനായി അരിച്ചുപെറുക്കൽ
പി.ആർ.ഡി.യുടെ ‘പ്രിസം പാനൽ’ കാഷ്വലാണോ താത്കാലിക ജോലിയാണോ എന്നതിൽ പി.എസ്.സി.ക്ക് ആദ്യം വലിയ സംശയമുണ്ടായി. സർക്കാരിന്റെ പ്രചാരണപരിപാടികൾ നടപ്പാക്കാൻ ഇടതുപക്ഷ പ്രവർത്തകരെ കാഷ്വലായി നിയമിച്ചാണ് 2021 മുതൽ പ്രിസം പാനൽ തയ്യാറാക്കിയത്. ഇതിൽ ഉൾപ്പെട്ടവർക്ക് മറ്റു ജോലികൾ ചെയ്യാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഈ ജോലിയെ കാഷ്വൽ എന്നു വിശേഷിപ്പിക്കുന്നത്. പക്ഷേ, പി.എസ്.സി.ക്ക് കാഷ്വൽ ജോലി, പ്രവൃത്തിപരിചയമായി കണക്കാക്കാൻ വകുപ്പില്ല. അതിനാൽ പ്രിസം പാനലിലുള്ളവരോടെല്ലാം ‘നിങ്ങൾ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ജോലിക്ക് യോഗ്യരല്ലെ’ന്നുപറഞ്ഞ് കത്ത് നൽകി പറഞ്ഞുവിട്ടു. അപ്പോഴേക്കും പി.എസ്.സി.ക്കുമേൽ കടുത്ത സമ്മർദമായി. ഇടതു സർക്കാരിന്റെ പ്രചാരണത്തിനായി പണിയെടുത്തവരെ വെറുതേ വിടാനാകില്ലെന്നും അവരെ എങ്ങനെയും റാങ്കുപട്ടികയിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു നിർദേശം. അസാധാരണമായ വേഗത്തിൽ തിരുത്തിക്കിട്ടിയ പുതിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഇവരെല്ലാം പി.എസ്.സി. ഓഫീസിലെത്തിക്കുകയും റാങ്കു പട്ടികയിൽ കയറിക്കൂടുകയുംചെയ്തു. മറ്റേതെങ്കിലും സാധാരണക്കാരായ ഉദ്യോഗാർഥികളാണ് ഇങ്ങനെ തിരുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതെങ്കിൽ പി.എസ്.സി. അവരെ ആജീവനാന്തം വിലക്കുന്ന ശിക്ഷയായിരിക്കും വിധിക്കുക.
അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർക്കായി തിരുത്തിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ കൂട്ടത്തോടെ നൽകുന്നതിനിടയിൽ ചിലർ വ്യാജനും കയറ്റിവിട്ടു. മലപ്പുറത്ത് 2023 മാർച്ചിൽ പ്രിസം പാനലിൽ ജോലിക്കെത്തിയ ഉദ്യോഗാർഥി പി.എസ്.സി.ക്കു നൽകിയത് 2018 മുതൽ 2021 വരെ ജോലിചെയ്ത സർട്ടിഫിക്കറ്റാണ്. അതു നൽകിയതാകട്ടെ ആ കാലത്ത് കാസർകോട്ടു ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനും. ഇതേക്കുറിച്ച് പരാതി കിട്ടിയപ്പോൾ അന്വേഷിച്ചത് പി.ആർ.ഡി.യിലെത്തന്നെ റീജണൽ ഡയറക്ടറാണ്. അദ്ദേഹം വ്യാജസർട്ടിഫിക്കറ്റിന്റെ പകർപ്പിനായി മലപ്പുറത്തെ പി.ആർ.ഡി. ഓഫീസിലെ ഫയലുകൾ മുഴുവൻ അരിച്ചുപെറുക്കി. വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കിയശേഷം അത് ഫയലിൽ സൂക്ഷിച്ചുവെക്കാൻ മാത്രമുള്ള മണ്ടത്തരം തട്ടിപ്പുകാർ കാണിക്കില്ലെന്ന് ശുദ്ധാത്മാവായ അന്വേഷണോദ്യോഗസ്ഥൻ ഓർത്തിട്ടുണ്ടാകില്ല. ഒടുവിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനിൽനിന്ന് ‘വ്യാജസർട്ടിഫിക്കറ്റ് നൽകിയിട്ടില്ല’ എന്ന മൊഴി രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചു. അപ്പോഴും ഉദ്യോഗാർഥി സമർപ്പിച്ച വ്യാജസർട്ടിഫിക്കറ്റ്, പി.എസ്.സി. അവരുടെ സെർവറിൽ വളരെ കരുതലോടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ റാങ്കു പട്ടികയിൽ ഉൾപ്പെടുത്തുകയുംചെയ്തു. സഖാക്കൾക്കെതിരേയായതിനാൽ പി.ആർ.ഡി.യുടെ അന്വേഷണം പി.എസ്.സി.യിലേക്കോ ഉദ്യോഗാർഥിയുടെ പ്രൊഫൈലിലേക്കോ എത്തിയില്ലെന്നുമാത്രം.
(തുടരും)
Content Highlights: This investigative report exposes severe lapses in Kerala PSC's question paper confidentiality due to political cronyism, alongside a major scam where altered and fake experience certificates from the PRD 'Prism Panel' were accepted under political pressure to fast-track favored candidates into the Assistant Information Officer rank list.
Published: 07 Jul 2026, 10:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented