
എന്‍ജിനീയറിങ് കോളേജ് പ്രവേശനത്തിന് പുതിയ സീസൺ ആരംഭിക്കുന്നതോടെ കോഴ്‌സ്, കരിയർ ഓപ്ഷനുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ഒരുപോലെ പിടിമുറുക്കുന്നുണ്ടാകും. ഇന്നത്തെ യുവതലമുറക്ക് അവരുടെ കരിയർ തിരഞ്ഞെടുപ്പുകളെക്കുറിച്ച് നല്ല അറിവും മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ വിവരങ്ങൾ ഉള്ളവരുമാണെങ്കിലും, ജീവിതത്തിൻ്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചില സമ്മർദ്ദങ്ങൾ സ്വാഭാവികമാണ്. പുതിയ ദേശീയ വിദ്യാഭ്യാസനയം പ്രാവർത്തികമായി കൊണ്ടിരിക്കുന്നതിൻ്റെയും ആധുനിക സാങ്കേതികവിദ്യയുടെയും നൂതനരീതികളുടെയും ഈ കാലഘട്ടത്തിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൻ്റെ സാധ്യതകളാണ് ഈ കുറിപ്പിലൂടെ പരിശോധിക്കുന്നത്.
പുതിയ ലോകം, പുത്തൻ അവസരങ്ങൾ
ഊർജ്ജം അഥവാ Energy, Bio Engineering, Nanotechnology, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ജലത്തിൻ്റെ ഉപഭോഗം, ലഭ്യത എന്നീ മേഖലകൾ വലിയ സാധ്യതകൾ മെക്കാനിക്കൽ വിഭാഗത്തിന് മുന്നോട്ട് വെക്കുന്ന കാലഘട്ടമാണ് ഇത്. അതിനോടൊപ്പം Aerospace, Automotive, Robotics and Automation, Electronics and Semiconductors, Manufacturing തുടങ്ങിയ മേഖലകൾ ഒരു മെക്കാനിക്കൽ എന്‍ജിനീയർ എക്കാലവും വിഹരിക്കുന്ന ഇടങ്ങളുമാണ്. കമ്പ്യൂട്ടറും അനുബന്ധ സോഫ്ട്‌വെയർ സംവിധാനങ്ങളും നിർണായക സ്വാധീനം ചെലുത്തുന്ന ഓട്ടോമേഷൻ്റെയും ഡിജിറ്റൽ വിപ്ലവത്തിൻ്റെയും സാന്നിധ്യം മെക്കാനിക്കൽ വിഭാഗത്തിൽ കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾക്കും വിധേയമാക്കുന്നു.
ഇപ്പോഴുള്ളതിനേക്കാൽ 25% ഉയർച്ച പ്രതീക്ഷിക്കപ്പെടുന്ന റോബോട്ടിക് ഇൻഡസ്ട്രി, ഇന്ത്യയിൽ സെമികണ്ടക്ടർ യുഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 2030, 3ഡി പ്രിൻ്റിങ്, ഇലക്ട്രിക് വാഹനയുഗം വന്നതോടെ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കുന്ന ഓട്ടോമോട്ടീവ് മേഖല, പെൺകുട്ടികൾക്ക് വർദ്ധിച്ചു വരുന്ന സാദ്ധ്യതകൾ തുടങ്ങിയവ മെക്കാനിക്കൽ മേഖലയെ കൂടുതൽ കളറാക്കുന്നു. ഇന്നത്തെ കാലത്തിൻ്റെ സിഗ്നേച്ചർ ടെക്നോളജികളായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് , ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിംഗ് എന്നിവയുടെ കടന്നുവരവോടെ അടിസ്ഥാനപരമായ വലിയ മാറ്റങ്ങൾ ഈ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു.
പുതിയ നിക്ഷേപ മേഖകലകളും സാധ്യതകളും
സർക്കാരിൻ്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതികൾ ഇന്ത്യയെ ഒരു ഉൽപാദന ഹബ്ബാക്കി മാറ്റുവാൻ ശ്രമിക്കുമ്പോൾ അതിൻ്റെ ഗുണം ലഭിക്കുക മെക്കാനിക്കൽ വിഭാഗക്കാർക്ക് ആകും. ഹൈവേകൾ, സ്മാർട്ട് സിറ്റി പ്രോജക്ടുകൾ, മെട്രോ റെയിൽ പദ്ധതികൾ, സോളാർ പോലെ പുനരുപയോഗ ഊർജ്ജപദ്ധതികൾ എന്നിവ അടിസ്ഥാനസൗകര്യ വികസനമേഖലയിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങളിലൂടെ ധാരാളം പ്രോജക്ടുകൾ നടക്കുന്ന മേഖലകളാണ്. ഗവേഷണം, ഇന്നോവേഷന്‍, സംരംഭകത്വം, അതുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ വികസിപ്പിക്കുക തുടങ്ങിയവയിൽ സർക്കാരിൻ്റെ തന്നെ വലിയ സഹായത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണ്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ സാഹചര്യത്തിൽ ഒരു നാഷണൽ റിസർച്ച് ഫൗണ്ടേഷൻ തന്നെ പ്രാവർത്തികമാക്കുവാൻ പോകുന്നു. സര്‍ക്കാര്‍ തലത്തിൽ ധാരാളം സ്റ്റാർട്ടപ്പ് അനുകൂല പ്രവർത്തനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ ഡി.ആർ.ഡി.ഓ., ഐ.എസ്.ആർ.ഒ., ബി.എ.ആർ.സി. തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അതത് മേഖലകളിൽ സജീവമായ ഗവേഷണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതെല്ലാം തന്നെ ഒരു മെക്കാനിക്കൽ എൻജിനീയറുടെ സാധ്യതയെ വർദ്ധിപ്പിക്കുന്നു.
അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ റോബോട്ടിക്സ്
റോബോട്ട് എന്ന് കേൾക്കുമ്പോഴേ ഒരു അദ്ഭുതവും കൗതുകവുമൊക്കെയാണ് നമുക്ക്. രസകരമായ ഫാൻ്റസി സിനിമകൾ മലയാളത്തിൽ വരെ ഉണ്ടായിട്ടുണ്ട്. റോബോട്ടുകളുടെ കടന്നുവരവ് സാങ്കേതികവിദ്യയുടെ പല മേഖലകളിലും ഉണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെ കാര്യം നോക്കിയാൽ നിറയെ ഉദാഹരണങ്ങൾ കാണാം. റോബോട്ടിക് മേഖല കേവലം യന്ത്രമനുഷ്യരെ കൊണ്ട് നിറയുന്നു എന്ന സങ്കൽപ്പം അല്ല. മറിച്ച്, ഫാക്ടറികളിലും സ്ഥാപനങ്ങളിലും ഉപകരണങ്ങളുടെ കാര്യത്തിലുമെല്ലാം ഒന്നിലധികം കാര്യങ്ങളെ ഒരേസമയം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനും ഒരു യന്ത്രത്തെ ഉപയോഗിച്ച് നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും സാധിക്കുന്ന മേഖലയാണ് ഇതെന്ന് പറയാം. റോബോട്ടിക് വെൽഡിംഗ് എന്ന് പറയുമ്പോൾ കുറച്ചുകൂടി മനസ്സിലാക്കുവാൻ എളുപ്പമാണ്. ഒരു റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കൊണ്ട് നമുക്ക് ഒരു യന്ത്രഭാഗം വെൽഡ് ചെയ്ത് എടുക്കാം.
മറ്റൊരു ഉദാഹരണം മെഡിക്കൽ മേഖലയിൽ നിന്നാണ്. പരസഹായം കൂടാതെ, തളർച്ച ബാധിച്ച ആളുകളെ നിൽക്കാനും നടക്കുവാനും സഹായിക്കുന്ന ധാരാളം റോബോട്ടുകൾ, ഓപ്പറേഷൻ തിയേറ്റർ ഓട്ടോമേഷൻ തുടങ്ങി ഈ രീതിയിലുള്ള റോബോട്ടിക് മേഖലയുടെ വികാസത്തിൽ- പ്രത്യേകിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ- റോബോട്ടുകൾ വികസിപ്പിക്കുന്നതിനും മെഡിക്കൽ രംഗത്തെ പദ്ധതികളിലും മെക്കാനിക്കൽ എന്‍ജിനീയർമാർ കാര്യമായ പങ്ക് വഹിക്കുന്നു. അവശ്യം അറിഞ്ഞിരിക്കേണ്ട ബയോളജിയും കുറച്ച് ഇലക്ട്രോണിക്സിനെയും കൂട്ടുപിടിച്ച് മനുഷ്യശരീരത്തിൻ്റെ ഗുട്ടൻസ് പഠിച്ച് അതിന് പാകത്തിൽ പല വിധം റോബോട്ടുകളെ രൂപകല്പന ചെയ്യുന്നതിൽ ചില്ലറക്കാരനല്ല ഒരു മെക്കാനിക്കൽ എൻജിനീയർ.
ഇത്തിരിക്കുഞ്ഞൻ വിപ്ലവം; നാനോ എന്‍ജിനീയറിങ്
നമ്മൾ വികസിപ്പിച്ചെടുക്കുന്ന എന്തും ആയിക്കൊള്ളട്ടെ, അതിൻ്റെ ഗുണമേന്മ ഒട്ടും നഷ്ടപ്പെടാതെ അതിനെ എത്രത്തോളം ചെറുതാക്കി എടുക്കുവാനും ഭാരം കുറയ്ക്കുവാനും ലോകത്ത് വലിയ മത്സരം നടക്കുന്നുണ്ട്. നമ്മൾ നിർമ്മിക്കുന്നതോ രൂപകല്പന ചെയ്യുന്നതോ ആയ ഡിസൈനു പറ്റിയ രീതിയിൽ ഇത്തിരി കുഞ്ഞൻമാരായ വിപ്ലവകാരിയായ മെറ്റീരിയൽ ഭീമന്മാരെ സൃഷ്ടിച്ചെടുക്കാൻ മെക്കാനിക്കൽ എന്‍ജിനീയർമാർ അഹോരാത്രം പണിയെടുക്കുന്നു.നാനോ എൻജിനീയറിങ് എന്ന് വിളിക്കാവുന്ന ഈ മേഖലയിൽ മെക്കാനിക്കൽ എന്‍ജിനീയർമരുടെ കളി ഒന്നുകൊണ്ട് മാത്രമാണ് നമ്മുടെ വിമാനവും സ്പേസ് ഗവേഷണങ്ങളും പ്രതിരോധ സാമഗ്രികൾ തുടങ്ങി ചെറുതും വലുതുമായ അനവധി കൗതുകകരമായ കര്യങ്ങൾ നടക്കുന്നത്.
പുനരുപയോഗ ഊർജ്ജം( Renewable Energy) സമൂഹത്തിൻ്റെ ആവശ്യം
വികസനം എന്ന പേരിൽ എന്തും കാണിച്ച് കൂട്ടാമെന്ന് ധരിക്കുന്നുണ്ടെങ്കിൽ അവിടെയും മെക്കാനിക്കൽ എന്‍ജിനീയർമാർ ഉത്തരവാദിത്തമുള്ള സമീപനമാണ് സ്വീകരിക്കുന്നത്. സസ്റ്റെെനബിബിള്‍ (Sustainable technology) എന്ന പേരിൽ പ്രപഞ്ചത്തിന് ദോഷമായി ബാധിക്കാത്ത രീതിയിൽ എങ്ങിനെ പുതുപുത്തൻ ഉൽപന്നങ്ങൾ ഉണ്ടാക്കിയെടുക്കാമെന്ന് തല പുകക്കുന്നവരും ഉണ്ട്. കൂടാതെ പുനരുപയോഗിക്കാവുന്നതും മാനവരാശിക്ക് ദോഷകരവുമല്ലാത്ത സോളാർ പോലെ, കാറ്റാടി പോലെ ഊർജ്ജ സ്രോതസുകൾ ആവിഷ്‌കരിക്കുന്നതിലും മെക്കാനിക്കൽ എൻജിനീയർ തന്നെ മുന്നിൽ.
കാറ്റാടിപ്പാടങ്ങൾ കണ്ടിട്ടുണ്ടാകും. അതിൻ്റെ ചിറകുകൾ ഡിസൈൻ ചെയ്യുന്നത്, കാറ്റിൻ്റെ ശക്തിയെ വൈദ്യുതി ആക്കി മാറ്റുന്നതിൻ്റെ സാങ്കേതികവിദ്യക്ക് പിന്നിലും മെക്കാനിക്കൽ എൻജിനീയറുടെ കരങ്ങളുണ്ട്. അതിവേഗം വികസിക്കുന്ന സമ്പദ് വ്യവസ്ഥയും ആഗോള പാരിസ്ഥിതിക സമ്മർദ്ദങ്ങളും ഊർജ്ജം, ജലം, മറ്റ് വിഭവങ്ങൾ എന്നിവയ്ക്ക് വേണ്ടിയുള്ള മത്സരം വർദ്ധിപ്പിക്കും. സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതും സുസ്ഥിര വികസനത്തെ പ്രോത്‌സാഹിപ്പിക്കുന്നതുമായ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ മെക്കാനിക്കൽ എന്‍ജിനീയറുടെ പങ്ക് നിർണ്ണായകമാണ്.
ഡിജിറ്റൽ ലോകത്തെ മെക്കാനിക്കൽ എന്‍ജിനീയർ
ഈ ഡിജിറ്റൽ കാലം എല്ലാ മേഖലയിലും ഓട്ടോമേഷന്‍ വിപ്ലവത്തിന് തിരി കൊളുത്തിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഉൽപന്നങ്ങൾ ഗുണമേന്മ ചോർന്ന് പോകാതെ സൃഷ്ടിക്കാൻ ലോകത്ത് ഒരു മത്സരം തന്നെ നടക്കുന്നു. ഒരൊറ്റ സ്വിച്ചിൽ അല്ലെങ്കിൽ ഒരു കുഞ്ഞ് മുറിയിൽ ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന ഫാക്ടറി നിയന്ത്രിക്കപ്പെടുന്ന സാഹചര്യം, 24 മണിക്കൂറും 365 ദിവസവും ഇടതടവില്ലാതെ പ്രവർത്തനം, ഉൽപ്പാദനം, അസംസ്‌കൃത വസ്തുക്കള്‍ ഒരു ഭാഗത്തുനിന്ന് കൊടുത്താൽ കറങ്ങിത്തിരിഞ്ഞ് ഉൽപന്നമായി മാറുന്നത് വരെ യന്ത്രങ്ങൾ തന്നെ എല്ലാം കൈകാര്യം ചെയ്യുന്ന സാഹചര്യം തുടങ്ങി ലക്ഷക്കണക്കായ വിവരങ്ങൾ ഒരു ഡിസ്‌പ്ലെ മോണിറ്ററിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി.
ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഐഒടി (IoT), അഡ്വാൻസ്ഡ് മാനുഫാക്ചറിങ് രീതികൾ ( Rapid Prototyping, Additive Manufacturing, 3D Printing) തുടങ്ങിയ ഇൻഡസ്ട്രി 4.0 സാങ്കേതികവിദ്യകൾ കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാൽ, മെക്കാനിക്കൽ എന്‍ജിനീയർമാർക്ക് നൂതന പദ്ധതികളിൽ പ്രവർത്തിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കും. ഒരു കോർ ബ്രാഞ്ചിൻ്റെ അറിവിൻ്റെ സഹായത്തിൽ പുതിയ അറിവുകൾ ആയ എ.ഐ., ഡാറ്റ അനലറ്റിക്‌സ്, ബിഗ് ഡാറ്റ, മെഷീൻ ലേണിംഗ് തുടങ്ങിയ സ്‌കിലും ഉളളവർ അവരുടെ ആധുനിക മേച്ചിൽ പുറങ്ങൾ തേടുന്നു.
നിർമ്മാണം, സംവിധാനം, സംരംഭം
ലോകത്തും വിശേഷിച്ച് ഇന്ത്യയിലും സംരംഭകരുടെ കാലമാണ്. ഇന്നോവേഷനും പ്രോഡക്ട് ഡെവലപ്മെൻ്റ്, സ്റ്റാർട്ടപ്പ് എന്നിവ ഓരോ നാടിൻ്റെയും സമ്പദ് വ്യവസ്ഥയെ നേരിട്ട് അനുകൂലമാക്കുന്ന കാര്യങ്ങളാണ്. രാജ്യത്തിൻ്റെ ഉത്പാദന പ്രക്രിയയുടെ ഭാഗമാകുന്നതിൽ സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്നവരുടെ പങ്ക് നിർണായകമാണ്. പ്രത്യേകിച്ച് ധാരാളം വൈവിധ്യമാർന്ന ഉൽപന്നങ്ങൾ രൂപകല്പന ചെയ്യാൻ മെക്കാനിക്കൽ വിഭാഗം. ഡിസൈൻ എന്‍ജിനീയറിങ്, കമ്പ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമിക്സ് (സിഎഫ്ഡി), ഫിനൈറ്റ് എലമെൻ്റ് അനാലിസിസ് (എഫ്ഇഎ) തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള മെക്കാനിക്കൽ എന്‍ജിനീയർമാരെ വളരെയധികം ആവശ്യപ്പെടുന്നു. ഒരു ഉത്പ്പന്നത്തിൻ്റെ ഡിസൈനുകൾ വികസിപ്പിക്കുന്നതിനും പരിഷ്കരിക്കുന്നതിനും ഡിസൈൻ എന്‍ജിനീയർമാർ അത്യന്താപേക്ഷിതമാണ്.
ചില ഉദാഹരണങ്ങൾ നോക്കാം. ഓട്ടോമോട്ടീവ് ഇൻഡസ്ട്രിയിൽ ഇലക്ട്രിക് വെഹിക്കിൾ വ്യവസായം ഇപ്പോൾ മുന്നേറുകയാണ്. ഈ വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ തുടങ്ങി ബാറ്ററി ഡിസൈൻ, പ്രൊഡക്ഷൻ ലൈൻ ഓട്ടോമേഷൻ എന്നിവയിൽ മെക്കാനിക്കൽ എന്‍ജിനീയർമാർ അവരുടെ പങ്ക് വഹിക്കുന്നു. കൂറ്റൻ വ്യവസായ ഭീമൻമാർ തുടങ്ങി നമ്മുടെ ഗ്രാമങ്ങളിലെ ചെറിയ വ്യവസായ ശാലകളിൽ വരെ ഒരു മെക്കാനിക്കൽ എൻജിനീയർക്ക് ഡിസൈനർ പദവിയിലും സംരംഭകൻ എന്ന ഉത്തരവാദിത്തത്തിലും മത്സരബുദ്ധിയുള്ള മാനേജ്മെൻ്റ് വിദഗ്ധൻ എന്ന നിലയിലും അനുകമ്പയുള്ള പ്രപഞ്ചസ്നേഹി എന്ന നിലയിലും പ്രസക്തി ഏറെയാണ്. ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക്- അത് കാലാവസ്ഥ വ്യതിയാനം ആവട്ടെ, ജല ലഭ്യത ആവട്ടെ, ഉപഭോഗമാവട്ടെ, മലിനീകരണം, ഊർജ്ജം, എന്തുമായിക്കൊള്ളട്ടെ- പരിഹാരം കണ്ടെത്തി അതിനെ മാർക്കറ്റിൽ എത്തിക്കുന്നതിൽ മെക്കാനിക്കൽ എന്‍ജിനീയർമാർ കാര്യമായ പങ്ക് വഹിക്കുന്നു.
മെക്കാനിക്കൽ എന്‍ജിനീയറും പൊതുമേഖല അവസരങ്ങളും
മെക്കാനിക്കൽ എന്‍ജിനീയർമാർക്ക് പ്രശസ്തമായ പൊതുമേഖലാ സ്ഥാപനങ്ങളിൽ മികച്ച തൊഴിൽ സാധ്യതകളുണ്ട്. ആകർഷകമായ ആനുകൂല്യങ്ങളോടെ സുസ്ഥിരവും നല്ല ശമ്പളമുള്ളതുമായ ജോലികൾ വാഗ്ദാനം ചെയ്യുന്ന 'നവരത്‌ന', 'മിനി രത്‌ന' കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. ഊർജ്ജം, അടിസ്ഥാന സൗകര്യം, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലേക്ക് മെറിറ്റോക്രാറ്റിക് പ്രവേശനം നൽകിക്കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ മത്സര പരീക്ഷകളിലൂടെ റിക്രൂട്ട് ചെയ്യുന്നു. ഉദാഹരണത്തിന്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) തുടങ്ങിയ കമ്പനികൾ പതിവായി മെക്കാനിക്കൽ എന്‍ജിനീയർമാരെ തേടുന്നു, ഇത് തൊഴിൽ സുരക്ഷയും തൊഴിൽ വളർച്ചയും ഉറപ്പാക്കുന്നു. ഇന്ത്യൻ ആർമി, ഇന്ത്യൻ നാവികസേന, മിലിറ്ററി എന്‍ജിനീയറിങ് സർവീസ് തുടങ്ങി കേന്ദ്ര, മിലിറ്ററി എന്‍ജിനീയറിങ് സർവീസ് തുടങ്ങി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളിലും സംവിധാനങ്ങളിലും മെക്കാനിക്കൽ എന്‍ജിനീയറിങ് ബിരുദം കഴിയുന്നവരുടെ സാദ്ധ്യതകൾ ഏറി വന്നുകൊണ്ടിരിക്കുന്നു.
പെൺകുട്ടികളും മെക്കാനിക്കൽ എന്‍ജിനീയറിങ്ങും
മറ്റുള്ള ബ്രാഞ്ചുകളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ പെൺകുട്ടികൾ എണ്ണത്തിൽ കുറവ് പഠിച്ചുകൊണ്ടിരുന്ന ബ്രാഞ്ച് ആയിരുന്നു മെക്കാനിക്കൽ. പക്ഷേ, പഠിച്ചുകൊണ്ടിരുന്നവർ 'റോയൽ മെക്ക് റാണിമാർ' ആയി ക്യാമ്പസിൽ അരങ്ങ് വാഴുന്ന സാഹചര്യവും. തുല്യ തൊഴിലവസരങ്ങളും (Equal employment opportunity) ജെന്‍ഡര്‍ തുല്യത (Gender Equality) ചിന്താഗതികളും പെൺകുട്ടികളുടെ ഇടയിലും മെക്കാനിക്കൽ എൻജിനീയറിങ്ങ് ഒരു പോപ്പുലർ ഓപ്ഷൻ ആക്കി മാറ്റിയിരിക്കുന്നു.
എന്‍ജിനീയറിങ് മേഖലയിൽ ആൺകുട്ടികൾക്ക് പറ്റിയ ബ്രാഞ്ച്, പെൺകുട്ടികൾക്ക് പറ്റിയ ബ്രാഞ്ച് എന്നൊരു വേർതിരിവ് ഇല്ലെന്ന വസ്തുത മനസ്സിലാക്കണം. പഠിച്ചിറങ്ങുന്നവരുടെ എണ്ണം കുറവായതുകൊണ്ട് തന്നെ പെൺകുട്ടികൾക്ക് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലും പൊതുമേഖല സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും വലിയ അവസരങ്ങളാണ് ഉള്ളത്. തന്നെയുമല്ല രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും തന്ത്ര പ്രധാന ചുമതലകളിൽ തന്നെ എത്തിപ്പെടുവാൻ പെൺകുട്ടികളെ ഏറ്റവും കൂടുതൽ സഹായിക്കുക മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ച് തന്നെ ആയിരിക്കും. പെൺകുട്ടികൾക്ക് ഇതൊരു പവർ ഒപ്പർച്യൂണിറ്റി തന്നെ ആയിരിക്കും.
എൻജിനീയറിങ്ങിൽ ഏറ്റവും പാരമ്പര്യമുള്ളതും വൈവിധ്യമാർന്നതുമായ ബ്രാഞ്ചാണ് മെക്കാനിക്കൽ എന്ന് വ്യക്തമായല്ലോ. ഒട്ടേറെ മേഖലകൾ ഇടകലർന്നു കിടക്കുന്നതിനാൽ ഒരു ബിരുദധാരിക്ക് മുന്നിൽ തുറന്ന് കിട്ടുന്ന വഴികൾ ഏറെയാണ്. എയ്‌റോസ്‌പേസ് സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്നത് മുതൽ ഓട്ടോമോട്ടീവ് മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നത് വരെ, ഉത്പാദന - നിർമ്മാണ മേഖലകൾ മുതൽ ഇലക്ട്രോണിക്‌സ്, സെമി കണ്ടക്ടർ സാങ്കേതികവിദ്യ വരെയുള്ള മേഖലകൾ, റോബോട്ടിക്സ്, ഊർജ്ജം തുടങ്ങി വൈവിധ്യമാർന്ന രീതിയിൽ പുരോഗതി കൈവരിക്കുന്നതിലും നമുക്ക് ചുറ്റുമുള്ള ലോകത്തെ രൂപപ്പെടുത്തുന്നതിലും മെക്കാനിക്കൽ എന്‍ജിനീയർമാർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
Content Highlights: Mechanical engineering and its scope
Published: 27 Jun 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented