
പുതിയ കരിയർ പാത തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചോ നിലവിലുള്ള കരിയർ മാറുന്നതിനെക്കുറിച്ചോ ചിന്തിക്കുമ്പോൾ ഏതൊരാൾക്കും നിരവധി ആശങ്കകൾ ഉണ്ടാവാറുണ്ട്. ജീവിതത്തിൽ സന്തോഷം തരുന്ന ഒരു കരിയർ കണ്ടെത്താൻ തന്നെയാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാൽ, ഏതാണ് ആ കരിയർ എന്ന് എങ്ങനെ അറിയാനാകും എന്നത് വലിയ ഒരു ചോദ്യമാണ്.
പാഷന്റെ (Passion) പുറകേ പോകണോ അതോ കിട്ടുന്ന ഏതെങ്കിലും ഒരു ജോലി ചെയ്യണോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. "നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങൾക്ക് പുറകേ പോകൂ" അല്ലെങ്കിൽ "നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്യൂ" എന്നെല്ലാം പലരും ഉപദേശിക്കുമെങ്കിലും ഒരു തുടക്കക്കാരനെ സംബന്ധിച്ച്, അല്ലെങ്കിൽ ഒരു ജോലി നേടാൻ യാതൊരു പിന്തുണയും ഇല്ലാത്ത ഒരാൾക്ക് അത്രയും വലിയ റിസ്ക് എടുക്കാനുള്ള ധൈര്യമോ അവസരമോ ഉണ്ടാവണമെന്നില്ല, അവരെ സംബന്ധിച്ച് വളരെ ഉപകാരപ്പെടുന്ന ഒരു ഉപദേശമാണ് ഇതെന്ന് തോന്നുന്നില്ല.
കരിയർ പ്ലാൻ ചെയ്യുമ്പോൾ
ഇതുവരെ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത ഒരാളെ സംബന്ധിച്ച്, ഏത് ജോലിയിലാണ് സന്തോഷം കണ്ടെത്തുക എന്ന് തിരിച്ചറിയുക വളരെ പ്രയാസമാണ്, അതുകൊണ്ടുതന്നെ നേരിട്ട് ഒരു ജോലിയിൽ കയറിയാൽ ആ ജോലി അയാളെ സംബന്ധിച്ചു ഏറ്റവും നല്ല ഒരു കരിയർ ആവണമെന്നില്ല.പലപ്പോഴും സേഫ് ആയ മാർഗങ്ങളിലൂടെ, വിവിധ ജോലികൾ ചെയ്ത് പരീക്ഷണങ്ങൾ നടത്തിയാണ് ഭൂരിഭാഗം ആളുകളും മുന്നോട്ട് പോകുന്നത്.
പഠനത്തിന്റെ കൂടെയുള്ള ഇന്റേൺഷിപ്പുകൾ, പാർട്ട് ടൈം ജോലികൾ, സന്നദ്ധ സേവനങ്ങൾ, വർക്ക്‌ഷോപ്പുകൾ, നെറ്റ്‌വർക്കുകൾ, ക്ലബ്ബുകൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഒരു മുഴുവൻ സമയ ജോലി കണ്ടെത്തുന്നതിന് മുൻപ് തന്നെ ഇഷ്ടമേഖല തിരിച്ചറിയാനുള്ള ചില മാർഗങ്ങളാണെന്ന് പറയാം.ഒരാൾക്ക് ഏറ്റവും അനുയോജ്യമായ ഒരു കരിയർ കണ്ടെത്തുന്നതിന് സമയമെടുത്തേക്കാം, ഒരാളുടെ കരിയർ ജീവിതത്തിലുടനീളം കരിയർ മാറിക്കൊണ്ടിരിക്കാനും സാധ്യതയുണ്ട്. ഒരാളുടെ താൽപ്പര്യങ്ങൾ, പ്രചോദനങ്ങൾ, ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ മാറുന്നതിനനുസരിച്ചു റോളുകളും മേഖലയും മാറ്റിയേക്കാം.
ഒരു കരിയർ പ്ലാൻ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ പഠനത്തിലൂടെ, കരിയറിലൂടെ, ബിസിനസിലൂടെ നിങ്ങൾ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് ഉറപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, ആ ലക്ഷ്യങ്ങൾ നേടാൻ നിങ്ങളുടെ കൈവശമുള്ള കഴിവുകൾ എന്തൊക്കെയാണെന്നും നിങ്ങളുടെ മൂല്യങ്ങളും എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നത് തുടക്കത്തിൽ കരിയറിന് ഒരു ദിശാബോധം നൽകും.
കാൾ ന്യൂപോർട്ട് (Cal Newport) തന്റെ "So Good They Can’t Ignore You" എന്ന തന്റെ പുസ്തകത്തിൽ പറയുന്നത് പോലെ ഒരാൾക്ക് ഒരു നല്ല കരിയർ തിരഞ്ഞെടുക്കാൻ പാഷൻ മാത്രം പോരാ, ആ പാഷനിലേക്ക് എത്തിപ്പെടാൻ ഉള്ള കഴിവ് കൂടെ വേണം. കൂടെ, ആ മേഖലയിൽ വിജയിക്കാൻ ആത്മാർത്ഥമായ പരിശ്രമവും ആവശ്യമാണ്.
എങ്ങനെ തുടങ്ങാം
ഒരു കരിയർ തിരഞ്ഞെടുക്കുന്നതിന്റെ ആദ്യഘട്ടം തുടങ്ങുന്നത് കരിയറിന് യോജിച്ച വിഷയവും പഠന മേഖലയും തിരഞ്ഞെടുക്കുന്നതിലൂടെയാണ്, അതിന് ഒരാളുടെ കഴിവുകളുടെയും അഭിരുചിയുടെയും ആഗ്രഹങ്ങളുടെയും ശ്രദ്ധാപൂർവമായ വിലയിരുത്തൽ ആവശ്യമാണ്. ആരുടെയെങ്കിലുമൊക്കെ ഉപദേശങ്ങൾ കേട്ട് എന്തെങ്കിലും ഒരു കോഴ്സിന് അഡ്മിഷൻ എടുക്കുന്നതാണ് പലപ്പോഴും വിദ്യാഭ്യാസ കാലഘട്ടത്തിൽ ചെയ്യുന്ന കാര്യം! പകരം കുറച്ചു സമയവും പരിശ്രമവും പണവും തുടക്കത്തിലേ ചെലവാക്കി ഈ മേഖലയിലെ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തി ഓരോരുത്തരുടെയും കഴിവും താല്പര്യവും അഭിരുചിയും സാമ്പത്തികാവസ്ഥയും സാധ്യതകളും മനസ്സിലാക്കി പഠന മേഖല തിരഞ്ഞെടുക്കുന്നത് തുടക്കത്തിൽ തന്നെ ഗുണം ചെയ്യും. ഈ മേഖലയിൽ വിദ്യാർഥികളെ സഹായിക്കാൻ കഴിയുന്ന നിരവധി വിദഗ്ധരും സ്ഥാപനങ്ങളും AI ടൂൾസും എല്ലാം ഇന്നുണ്ട്. അവ ഉപയോഗപ്പെടുത്തുക.
പഠനം കഴിഞ്ഞ് ശരിയായ കരിയർ മേഖല തിരഞ്ഞെടുക്കാനായി അടിസ്ഥാനപരമായ ചില ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്
1. സ്വയംവിലയിരുത്തൽ
സ്വയംവിലയിരുത്തലിന്റെ ഭാഗമായി അവനവനെക്കുറിച്ചും സ്വന്തം ലക്ഷ്യങ്ങളെക്കുറിച്ചും ജോലിയുടെ സാധ്യതയെക്കുറിച്ചും കഴിയുന്നത്ര മനസിലാക്കുക. സ്വന്തം താൽപ്പര്യങ്ങൾ (Interest) മൂല്യങ്ങൾ (Values) സ്വഭാവവിശേഷങ്ങൾ (Traits) എന്നിവയൊക്കെ ഇതിന്റെ ഭാഗമാക്കുക.
ചെയ്യാൻ പോകുന്ന കാര്യത്തിൽ സന്തോഷവാനാണോ അതോ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ മാത്രമാണോ ഇത് ചെയ്യുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക. ശേഷം, നിങ്ങളുടെ കരിയർ വളർച്ചയ്ക്കായി ഏതുതരം തൊഴിൽ തേടുന്നുവെന്ന് വിശകലനം ചെയ്യുക.
2. മോട്ടിവേറ്റ് ചെയ്യുന്നതെന്ത്
നിങ്ങൾക്ക് നന്നായി ചെയ്യാനറിയുന്ന- കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ നിങ്ങളെ അഭിനന്ദിക്കുന്ന, ആശ്രയിക്കുന്ന നിങ്ങൾ ഏറ്റവും കൂടുതൽ മികവ് പുലർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട അഞ്ചോ ആറോ കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക, തുടർന്ന് അവ കരിയാറാക്കാൻ ഇഷ്ടമാണോ, അവ കരിയറായി മാറാനുള്ള സാധ്യത എത്രത്തോളമുണ്ട്, ആഗ്രഹിക്കുന്ന സാമ്പത്തിക- സാമൂഹിക സാഹചര്യങ്ങൾ കൊണ്ടുവരാൻ അതിനാവുമോ എന്നെല്ലാം വിലയിരുത്തുക. ഉദാഹരണത്തിന്, നന്നായി എഴുതാൻ കഴിയുമെങ്കിൽ ആ കഴിവ് ഉപയോഗിച്ചു എത്തിപ്പെടാവുന്ന മേഖലകൾ മനസ്സിലാക്കുക, അവ നിങ്ങൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന നിലയിലേക്ക് എത്താൻ സഹായിക്കുമോ എന്ന് നോക്കാം. ഇഷ്ടമേഖലയ്ക്ക് മുൻഗണന കൊടുക്കുമ്പോൾ ശമ്പളം, വളർച്ചാ സാധ്യത, ജീവിത സന്തുലിതാവസ്ഥ, ജോലിയിലെ ഫ്ളക്സിബിലിറ്റി, സ്വന്തമായി തീരുമാനമെടുക്കാനുള്ള അവസരം എന്നീ ഘടകങ്ങൾ കൂടെ പരിഗണിക്കുക.
3. ദീർഘകാല ലക്ഷ്യങ്ങൾ ഉണ്ടാവുക :
കരിയറിന്റെ തുടക്കത്തിൽ ദീർഘകാല ലക്ഷ്യങ്ങൾ ഉണ്ടാക്കുക എന്നത് വിഷമകരമാണെങ്കിലും അതുണ്ടാവുന്നത് അവയിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം തെളിയാൻ സഹായിക്കും. അതുകൊണ്ട് നിങ്ങളുടെ വ്യക്തിഗതവും തൊഴിൽപരവുമായ ദീർഘകാല ലക്ഷ്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ആ വലിയ ലക്ഷ്യം എഴുതിവെച്ച് അതിലേക്ക് പോകാനുള്ള ഹ്രസ്വകാല ലക്ഷ്യങ്ങളുടെ കൂടെ ലിസ്റ്റ് ഉണ്ടാക്കുക. ആ ലക്ഷ്യങ്ങൾ നേടാൻ ആഗ്രഹിക്കുന്ന സമയപരിധി കൂടി ഉണ്ടായാൽ വഴി കൂടുതൽ വ്യക്തമാവും.
ഉദാഹരണത്തിന്: ഒരു കമ്പനിയുടെ മാനേജ്മെന്റ് തലത്തിന് മുകളിൽ ഉയർന്നുവന്ന് സി-സ്യൂട്ട് (C-suite )- ഉന്നത പദവിയിലെത്താൻ ആഗ്രഹിക്കുന്നുണ്ടോ? മാസ വരുമാനം എത്ര വേണം? സ്വന്തമായി വീട് വേണോ? യാത്ര ചെയ്യണോ?, എത്ര സമ്പാദ്യം വേണം തുടങ്ങിയ കാര്യങ്ങൾ ലിസ്റ്റ് ചെയ്യുന്നത് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തും.
4. സ്വയംവിലയിരുത്തൽ ടെസ്റ്റുകൾ ( Self Assessment Test)
നിങ്ങൾക്ക് അനുയോജ്യമായ ഒരു കരിയർ പാത കണ്ടെത്താൻ സഹായിക്കുന്ന നിരവധി സ്വയംവിലയിരുത്തൽ ടെസ്റ്റുകൾ ഇന്ന് ലഭ്യമാണ്. ഈ ടെസ്റ്റുകൾ നിങ്ങളുടെ വ്യക്തിത്വം, പ്രവർത്തനശൈലി, പ്രശ്നപരിഹാര കഴിവുകൾ, തീരുമാനമെടുക്കൽ കഴിവുകൾ, അഭിരുചി, നേതൃഗുണം എന്നിവയെക്കുറിച്ച് ഉൾക്കാഴ്ച നൽകും.
ഒരാളുടെ താല്പര്യങ്ങൾ മനസ്സിലാക്കുന്ന ഹോളണ്ട് കോഡ് ടെസ്റ്റ് (Holland Code Test), വ്യക്തിത്വത്തെ മനസ്സിലാക്കാനുള്ള MBTI (Myers-Briggs Type Indicator), താല്പര്യങ്ങളെത്തന്നെ മനസ്സിലാക്കുന്ന Strong Interest Inventory, മൂല്യങ്ങളെ മനസ്സിലാക്കുന്ന Values Index എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
ഇത്തരം ടെസ്റ്റുകൾ വഴി ഒരാൾക്ക് എത്തിപ്പെടാൻ സാധ്യതയുള്ള ഒരുപാട് കരിയർ സാധ്യതകളെ സൂചിപ്പിക്കുന്നത് കൊണ്ടുതന്നെ ഈ ടെസ്റ്റുകളുടെ മാത്രം അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കാൻ ബുദ്ധിമുട്ട് നേരിടാം, എങ്കിലും അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് ഇവ ഉപയോഗിക്കാം.
5. തൊഴിൽ മേഖലയെക്കുറിച്ച് മനസ്സിലാക്കുക.
തൊഴിൽ മേഖലയെയും അവിടുത്തെ രീതികളെയും കുറിച്ച് കൂടുതൽ പഠിക്കുന്നത് നിങ്ങൾ എവിടെയാണ് അനുയോജ്യമായി ചേരുന്നതെന്ന് നിർണ്ണയിക്കാൻ സഹായിച്ചേക്കാം. ചിലയാളുകൾ നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാനും ജോലിസ്ഥലത്തും ജീവിതത്തിലും പുതിയ ലക്ഷ്യങ്ങൾ നിർണ്ണായിച്ചു പുരോഗതിയും നേട്ടങ്ങളും ഉണ്ടാക്കാനും നല്ല പ്രതിഫലവും അവസരങ്ങളും നേടാനുമാണ് ആഗ്രഹിക്കുന്നത്.
സർഗാത്മകത, പുതിയ ആശയങ്ങൾ കണ്ടെത്തുക, പരീക്ഷിക്കുക, കാര്യങ്ങൾ വ്യത്യസ്ത രീതിയിൽ ചെയ്യുക, കൂടുതൽ റിസ്ക്ക് ഏറ്റെടുക്കാൻ തയ്യാറാവുക, പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുക, സാധ്യതകളെ അടിസ്ഥാനമാക്കി ചിന്തിക്കുകയും ആശയങ്ങൾ വികസിപ്പിക്കുകയും ചെയ്യുക എന്നിവയൊക്കെയായിരിക്കും ഇവരുടെ പ്രത്യേകതകൾ.
എന്നാൽ, മറ്റു ചിലർ കൂടുതൽ സുരക്ഷ ആഗ്രഹിക്കുന്നവരാണ്. കഠിനാധ്വാനത്തിലൂടെ സുരക്ഷിതമായ ജോലി നേടുകയും പിന്നീട് ആ നേടിയത് നഷ്ടപ്പെടാത്തെ സുരക്ഷിതമായി ജീവിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്. സൂക്ഷ്മത, വിശദാംശങ്ങൾ ശ്രദ്ധിക്കുക, കാര്യങ്ങൾ കൃത്യമായും പൂർണതയോടെയും ചെയ്യുക, പ്രശ്നങ്ങൾ വിശകലനം ചെയ്തും യുക്തിപൂർവം ചിന്തിച്ചും മുന്നോട്ട് ചിന്തിച്ചും ആസൂത്രണം ചെയ്തും പ്രവർത്തിക്കുക, പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ അവ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള വഴികൾ കണ്ടെത്തുക എന്നിവയെല്ലാം ഇവരുടെ പ്രത്യേകതയാണ്.
സർക്കാർ ജോലി നേടണോ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യണോ സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കണോ വിദേശത്തു പോകണോ എന്നെല്ലാം തീരുമാനിക്കുന്നത് ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. നിങ്ങളുടെ പ്രത്യേകതകൾ വെച്ച് ഏത് മേഖലയാണ് ഏറ്റവും അനുയോജ്യമായി ചേരുന്നതെന്നു മനസ്സിലാക്കുക .
6. .തൊഴിൽ സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുക
സ്വന്തം മേഖല മനസ്സിലാക്കിക്കഴിഞ്ഞാൽ ആ മേഖലയിലെ സ്ഥാപനങ്ങൾ, സാധ്യതകൾ എന്നിവ മനസ്സിലാക്കുക .ജോലി ലഭിക്കാൻ സാധ്യതയുള്ള സ്ഥാപനങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക, അനുയോജ്യമാണെന്ന് തോന്നുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കിക്കഴിഞ്ഞാൽ അവയുടെ പ്രവർത്തനരീതി, നേതൃത്വം, വിപണിമൂല്യം, കരിയർ വളർച്ചാ സാദ്ധ്യതകൾ, ജോലിസാധ്യതകൾ, അപേക്ഷിക്കണ്ട രീതികൾ, ആവശ്യമായ കഴിവുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക. അത് നിങ്ങൾക്ക് അനുയോജ്യമായ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സഹായിക്കും.
7. ജോബ് സെര്‍ച്ച്
ജോബ് മാര്‍ക്കറ്റിനെ കുറിച്ച് അറിവുണ്ടാവുകയും 'ജോബ് സെര്‍ച്ച്' ശരിയായ രീതിയില്‍ ഉപയോഗിക്കാൻ കഴിയുകയും ചെയ്‌താൽ അത് നിരവധി അവസരങ്ങളിലേക്ക് വഴി തുറക്കും. ജോലി അന്വേഷകർക്കായി ലിങ്ക്ഡ്‌ഇൻ, ഇൻഡീഡ്, ഗ്ലാസ്‌ഡോർ മോൺസ്റ്റർ തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകളുണ്ട്, അവയിലെല്ലാം സജീവ സാന്നിധ്യം ഉറപ്പ് വരുത്തുക. 200 രാജ്യങ്ങളില്‍ നിന്നായി 900 മില്യൺ ആളുകളും 57 മില്യൺ കമ്പനികളും ലിങ്ക്ഡ് ഇന്നില്‍ മാത്രം ഉണ്ട്. 14 മില്യന്‍ ആക്റ്റീവ് ആയ ജോബ് പോസ്റ്റുകളും ഓരോ മിനിറ്റിലും മൂന്ന് മുതല്‍ നാല് പേര്‍ വരെ ലിങ്ക്ഡ് ഇന്‍ വഴി പുതിയ ജോലികള്‍ നേടുന്നതായി ലിങ്ക്ഡ് ഇൻ കണക്കുകൾ പറയുന്നു.
കൂടാതെ, ഓരോ മേഖലയിലും രാജ്യങ്ങളിലും ആ മേഖലയിലെ മാത്രം കരിയറുകളിൽ ഫോക്കസ് ചെയ്യുന്ന നിരവധി വെബ്സൈറ്റുകളുണ്ട്. അവ മനസ്സിലാക്കുക. അവിടെ സാന്നിധ്യം ഉറപ്പിക്കുക. ജോലി ചെയ്യാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലെ കരിയർ സെക്ഷനും ശ്രദ്ധിക്കുക. ഈ പ്ലാറ്റ് ഫോമുകൾ ഉപയോഗപ്പെടുത്തുകയും ഓരോ റോളിന്റെയും ചുമതലകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ആവശ്യമായ കഴിവുകൾ നേടുകയും ചെയ്യുക. അനുയോജ്യമെന്ന് തോന്നുന്നവയ്ക്ക് അപേക്ഷിക്കുക.
8.പ്രൊഫഷണൽ സഹായം തേടുക
ഒരു കരിയർ തിരഞ്ഞെടുക്കുമ്പോൾ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ സ്വന്തമായി ചെയ്യുന്നതിന് പുറമെ പ്രൊഫഷണൽ സഹായങ്ങൾ കൂടെ സ്വീകരിക്കാവുന്നതാണ്. കോളേജ് കരിയർ സെന്റർ, പ്ലെയ്സ്മെന്റ് സെൽ, കരിയർ കോച്ച്, കരിയർ പരിശീലകർ, മെന്റർമാർ തുടങ്ങിയവരുടെ സേവനമെടുക്കാം. ഏതു തരത്തിലുള്ള ജോലിയാണ് ഒരാൾക്ക് ഏറ്റവും അനുയോജ്യമാകുക, അതിന്റെ സാധ്യതകൾ, സ്ഥാപനങ്ങൾ എന്നിവ ആളുകളെ മനസ്സിലാക്കാൻ സഹായിക്കുന്നതിന് പരിശീലനം ലഭിച്ച ആളുകളെ ആയിരിക്കണം ബന്ധപ്പെടേണ്ടത്.
കരിയർ തിരഞ്ഞെടുപ്പ് വ്യക്തിജീവിതത്തിലെ പ്രധാന തീരുമാനമാണ്, അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മത്സരാധിഷ്ഠിത ലോകത്ത് സ്വയം നിലനിർത്തുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, നിരവധി മേഖലകളും ധാരാളം കരിയർ തിരഞ്ഞെടുപ്പുകളുടെ സാധ്യതകളുമുണ്ട്. അവ കണ്ടെത്തുന്നതിന് ആ മേഖലയെക്കുറിച്ചുള്ള ശരിയായ പഠനവും യഥാസമയം ശരിയായ തീരുമാനമെടുക്കുന്നതും സഹായിക്കും. നിങ്ങളുടെ തിരഞ്ഞെടുപ്പ് എന്തുതന്നെയായാലും, കരിയറിൽ നിരന്തരം പഠിക്കാനും വളരാനും തയ്യാറാകുക. നിങ്ങളുടെ മേഖലയിലെ പുതിയ വികസനങ്ങളെക്കുറിച്ച് അപ്‌ഡേറ്റഡ് ആയിരിക്കുകയും കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുക.
കരിയർ തിരഞ്ഞെടുപ്പ് ഒരു വിജയമാകട്ടെ! ആശംസകൾ.
Content Highlights: How to choose your career
Published: 14 May 2024, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented