
ഒരു സ്ഥാപനത്തിന്റെ വിജയം പലപ്പോഴും കണക്കുകൾ കൊണ്ടും പ്രോജക്ടുകളുടെ പൂർത്തീകരണത്തിന്റെ തോത് വെച്ചും മാത്രമാണ് അളക്കാറുള്ളത്. അതുപോലത്തന്നെ അവിടെ ജോലി ചെയ്യുന്നവരെ അവരുടെ ബുദ്ധിശക്തിയുടെ അടിസ്ഥാനത്തിലുമാണ്.എന്നാൽ, അത് മാത്രമാണോ വിജയത്തിന്റെ മാനദണ്ഡം? അതിനപ്പുറത്ത് വല്ലതും ഉണ്ടോ? ഒരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നവർ പരസ്പരം മനസ്സിലാക്കുകയും സഹകരണത്തോടെ പ്രവർത്തിക്കുകയും നേട്ടങ്ങളെ അഭിനന്ദിക്കുകയും പ്രയാസങ്ങളിൽ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരു തൊഴിൽ അന്തരീക്ഷം സങ്കല്പിച്ചു നോക്കൂ.... തീർച്ചയായും അവിടെയായിരിക്കും ഏറ്റവും സന്തോഷത്തോടെ ജോലി ചെയ്യാനാവുക. അങ്ങനെ സന്തോഷത്തോടെ ജോലി ചെയ്യുന്ന അന്തരീക്ഷത്തിൽ റിസൾട്ടും കൂടുതലായിരിക്കും എന്നതിൽ സംശയമില്ല. ആളുകളിൽ വൈകാരിക ബുദ്ധി (Emotional Intelligence) നന്നായി ഉണ്ടാകുമ്പോഴാണ് ഈ ഒരന്തരീക്ഷം ഉണ്ടാവുന്നത്.
എന്താണ് വൈകാരിക ബുദ്ധി?
ഒരാൾക്ക് സ്വന്തം വികാരങ്ങളും മറ്റുള്ളവരുടെ വികാരങ്ങളും തിരിച്ചറിയാനും മനസ്സിലാക്കാനും അവയെ ശരിയായ രീതിയിൽ ഉപയോഗിക്കാനുമുള്ള കഴിവിനെയാണ് വൈകാരിക ബുദ്ധി എന്ന് പറയുന്നത്. സങ്കീർണമായ തൊഴിൽ സാഹചര്യങ്ങളിൽ വിജയം നേടാൻ ബുദ്ധിപരമായ കഴിവുകളെപ്പോലത്തന്നെ അല്ലെങ്കിൽ അതിനേക്കാൾ പ്രധാനപ്പെട്ടതാണ് വൈകാരിക ബുദ്ധി.
1990-ൽ അമേരിക്കയിലെ പ്രൊഫസർമാരായ പീറ്റർ സാലോവേയും ജോൺ മേയറുമാണ് വൈകാരിക ബുദ്ധി എന്ന ആശയത്തിന് തുടക്കം കുറിച്ചത്. മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവിൽ ചിലയാളുകൾ മറ്റുള്ളവരേക്കാൾ വളരെ മികച്ചവരാണെന്ന് അവർ തങ്ങളുടെ ഗവേഷണത്തിലൂടെ കണ്ടെത്തുകയും ഈ കഴിവ് ഉപയോഗിച്ച് ആളുകൾക്ക് വികാരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും മനസ്സിലാക്കി ഒരു വ്യക്തിയുടെ പുരോഗതിക്ക് ഉയർന്ന ഐക്യു (IQ) മാത്രം മതിയാകില്ലെന്നും വൈകാരികബുദ്ധി ജീവിത വിജയത്തിന്റെ ഒരു നിർണായക ഘടകമാണെന്നും ആളുകളും സ്ഥാപനങ്ങളും തിരിച്ചറിയുകയുംകൂടി ചെയ്തപ്പോൾ ഈ ആശയത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചു.
ജോലിയെ എങ്ങനെ ബാധിക്കുന്നു
ഒരു ജോലിസ്ഥലത്തെ രണ്ട് ജീവനക്കാരെ ഉദാഹരണത്തിന് എടുക്കാം. രണ്ട് പേരും സ്ഥാപനത്തിന്റെ മാർക്കറ്റിങ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഒരാൾക്ക് നന്നായി ജോലി ചെയ്യാനറിയാം. എന്നാൽ, അദ്ദേഹം തന്റെ ജോലിസമയത്തിന്റെ കൂടുതൽഭാഗവും തനിച്ചാണ് പ്രവർത്തിക്കുന്നത്. ഓഫീസിലെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താറില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അദ്ദേഹം തള്ളിക്കളയുകയോ വിമർശിക്കുകയോ ചെയ്യുന്നു. ജോലിയിൽ എന്തെങ്കിലും തെറ്റ് വരുത്തിയാൽ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാൻ വിസമ്മതിക്കുകയും മറ്റുള്ളവരാണ് തെറ്റ് ചെയ്തതെന്ന് വാദിക്കുകയും ചെയ്യുന്നു. എത്ര കഴിവുള്ളവരാണെങ്കിലും ഇത്തരം വ്യക്തികളുമായി ജോലിസ്ഥലത്ത് ഒരുമിച്ചു പ്രവർത്തിക്കാതിരിക്കാനാണ് സഹപ്രവർത്തകർ പരമാവധി ശ്രമിക്കുക.
എന്നാൽ, ഇതേ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന സഹപ്രവർത്തകരോട് നല്ല ബന്ധം നില നിർത്തുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കുകയും. ജോലിസ്ഥലത്ത് പോസിറ്റീവ് ആയ ഒരന്തരീക്ഷം ഉണ്ടാക്കുകയും സമ്മർദം അനുഭവിക്കുമ്പോഴും ശാന്തതയോടെ സഹപ്രവർത്തകരോട് അനുതാപപൂർവം പെരുമാറുകയും ചെയ്യുന്ന ഒരാളുടെ കൂടെ പ്രവർത്തിക്കാൻ ഓരോരുത്തരും ഇഷ്ടപ്പെടുന്നു. അവർ ആ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടായി മാറുന്നു.
ജോലിസ്ഥലത്തെ വൈകാരികബുദ്ധി എന്നത് ഏറ്റവും നിർണായകമായ നേതൃത്വ കഴിവുകളിൽ ഒന്നായാണ് വിലയിരുത്തുന്നത്. ഓരോ ജോലിസ്ഥലവും നിരവധി സമ്മർദങ്ങളും. ആശങ്കകളും അസംതൃപ്തിയുമെല്ലാം നിറഞ്ഞതാണ്. ഈ സാഹചര്യത്തിൽ മറ്റുള്ളവരുമായി ആഴമുള്ള ബന്ധങ്ങൾ സ്ഥാപിക്കുൽ, സാഹചര്യം മനസ്സിലാക്കി പെരുമാറൽ, ടീം വർക്ക്, നേതൃത്വ ശേഷി, പ്രശ്നപരിഹാരം തുടങ്ങിയ കാര്യങ്ങൾക്ക് വൈകാരിക ബുദ്ധി അത്യന്താപേക്ഷിതമാണ്.
ഉയർന്ന വൈകാരികബുദ്ധി (Emotional Intelligence) ഉള്ളയാളുകൾക്ക് ജോലി സംതൃപ്തി കൂടുതലായിരിക്കുമെന്ന് സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളുണ്ട്. ജീവനക്കാരുടെ സന്തോഷത്തിലും സംതൃപ്തിയിലും മാത്രമല്ല അത് ജോലിയിലെ മികച്ച പ്രകടനത്തിനും പുരോഗതിക്കും ജീവിത വിജയത്തിനും സഹായകമാകുമെന്നും പഠനങ്ങൾ പറയുന്നു.
എന്തൊക്കെയാണ് വൈകാരിക ബുദ്ധിയുടെ ഘടകങ്ങൾ?
1.സ്വന്തം വികാരങ്ങളെ തിരിച്ചറിയൽ:
തന്റെ മനസ്സിലൂടെ എന്തൊക്കെയാണ് കടന്നുപോകുന്നത് എന്ന് ഒരാൾക്ക് മനസ്സിലാക്കാൻ കഴിയേണ്ടതുണ്ട്. അത് മനസ്സിലാക്കാനും ആ ഇമോഷന് പേര് നൽകാനാവുകയും ചെയ്യണം. അത് ദേഷ്യം, സന്തോഷം, സങ്കടം അങ്ങനെ എന്തുമാകാം അത് മനസ്സിലാക്കുമ്പോഴാണ് അവനവന്റെ വൈകാരിക ബലഹീനതകൾ വിലയിരുത്താനാവുന്നത്.
2 അനുതാപമുണ്ടാവുക (Empathy)
സ്വന്തം വികാരങ്ങൾ മനസ്സിലാക്കുന്നത് പോലത്തന്നെ പ്രധാനമാണ് മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നതും. ഒരോ ജോലിസ്ഥലത്തെയും പെരുമാറ്റവും സംസാരവും തീരുമാനമെടുക്കലുമെല്ലാം ഒരുപാട് പേരെ ബാധിക്കുന്നുണ്ട്. മറ്റുള്ളവരുടെ വികാരങ്ങൾ, മുഖഭാവങ്ങൾ, ശരീരഭാഷ, സംസാരം എന്നിവ അറിഞ്ഞ് ഇടപഴകുമ്പോഴാണ് ഒരാൾ സഹാനുഭൂതിയുള്ളവരാകുന്നത്.
3. സ്വയം നിയന്ത്രണമുണ്ടാവുക.
ഒരാൾക്ക് തന്റെ വികാരങ്ങൾ അറിയാൻ കഴിയുമ്പോഴാണ് അവയെ നിയന്ത്രിക്കാൻ കഴിയുന്നത്. അല്ലെങ്കിൽ പലപ്പോഴും സ്വന്തം വികാരങ്ങളായിരിക്കും ആളുകളെ നിയന്ത്രിക്കുന്നത്. സ്വയം നിയന്ത്രണം എന്നത് വ്യത്യസ്ത സാഹചര്യങ്ങളുമായും വ്യക്തികളുമായും പൊരുത്തപ്പെടാൻ കൂടെയുള്ള കഴിവാണ്.
4. ആശയവിനിമയം:
മറ്റുള്ളവരെ കേൾക്കുകയും വ്യക്തമായും ഫലപ്രദമായുമുള്ള ആശയവിനിമയം നടത്താൻ ശ്രമിക്കുകയും ചെയ്യുക. അതോടുകൂടെത്തന്നെ അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കാൻ കൂടി ശ്രമിക്കുക. സഹപ്രവർത്തകരുമായി സംസാരിക്കുന്ന സമയത്ത് അവരെ ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുക
5. ബന്ധങ്ങൾ നിലനിർത്തുക:
കൂടെയുള്ളവരുമായി ബന്ധം സ്ഥാപിക്കുകയും പരിപാലിക്കുകയും ആവശ്യമായ അകലം സൂക്ഷിക്കുകയും പരസ്പരമുണ്ടാവുന്ന സംഘർഷങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും അവ പരിഹരിക്കാനും കഴിയേണ്ടതുണ്ട്.
6. സ്വയം മോട്ടിവേറ്റഡ് ആവുക:
വ്യക്തമായ ലക്ഷ്യങ്ങളുണ്ടാവുകയും അവ പിന്തുടരാൻ വേണ്ട പ്രചോദനം നിലനിർത്തുകയും സുസ്ഥിരമായ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്യുക. ഈ പ്രവർത്തനങ്ങൾ ചെയ്യുന്നത് ആസ്വദിക്കുകകൂടെ ചെയ്യുക. അതിനുവേണ്ട പ്രചോദനം സ്വന്തം ഉള്ളിൽ നിന്ന് തന്നെയാണ് ഉണ്ടാവേണ്ടത്.
വൈകാരിക ബുദ്ധി വികസിപ്പിക്കാനാവുമോ?
വൈകാരിക ബുദ്ധി ജന്മനാ മാത്രമുണ്ടാവുന്ന ഒരു കഴിവല്ല. അത് പരിശീലനത്തിലൂടെയും സ്വന്തം പ്രവർത്തനങ്ങളിലൂടെയും വികസിപ്പിക്കാനാവും. വൈകാരികബുദ്ധി കുറവുള്ളവർക്ക് ഇത് വളർത്താൻ നിരവധി മാർഗങ്ങളുണ്ട്.
1. സ്വന്തം വികാരങ്ങളെ നിരീക്ഷിക്കുക:
സ്വന്തം വികാരങ്ങളെ നിരീക്ഷിക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക ഒരു ഡയറി എഴുതുക, വ്യായാമം ചെയ്യുക, മെഡിറ്റേറ്റ് ചെയ്യുക തുടങ്ങിയ സമ്മർദം കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ പരിശീലിക്കുകയുമാവാം.
2. സഹാനുഭൂതി വളർത്തുക:
- മറ്റുള്ളവരുടെ സ്ഥാനത്ത് തന്നെ വച്ച് ചിന്തിക്കാൻ ശ്രമിക്കുകട
- സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുക
- മറ്റുള്ളവരുടെ മുഖഭാവങ്ങൾ, ശരീരഭാഷ എന്നിവ മനസ്സിലാക്കി അവരുടെ വികാരങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുക.
3. ആശയവിനിമയം പരിശീലിക്കുക:
പുതിയ ആളുകളെ കണ്ടുമുട്ടുകയും സംസാരിക്കുകയും സാമൂഹിക ഇടപെടലുകൾക്ക് സഹായിക്കുന്ന പ്രോഗ്രാമുകളുടെ ഭാഗമാവുകയും ചെയ്യുക.
4. അറിവ് നേടുക :
വൈകാരിക ബുദ്ധിയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുക, കോഴ്സുകളിൽ പങ്കെടുക്കുക, സംസാരങ്ങൾ കേൾക്കുക, വീഡിയോകൾ ശ്രദ്ധിക്കുക എന്നിവയുടെ കൂടെ അതിൽ നിന്നുള്ള പാഠങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്യുക.
5. ഫീഡ്ബാക്ക് തേടുക:
നിങ്ങളുടെ പങ്കാളി. സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ സഹപ്രവർത്തകർ തുടങ്ങിയവർ തന്റെ വൈകാരിക ബുദ്ധിയെക്കുറിച്ച് എങ്ങിനെ ചിന്തിക്കുന്നുവെന്ന് അറിയാൻ ശ്രമിക്കുക.
6. ചിട്ടയായ പ്രവർത്തനം:
- സമയാനുസൃതമായി ജോലി ചെയ്യാൻ വേണ്ട ദൈനംദിന ഷെഡ്യൂൾ ഉണ്ടാക്കുക.
- മറ്റുള്ളവരുടെ നല്ല പ്രവൃത്തിയെ അഭിനന്ദിക്കുക ജോലിസ്ഥല തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുക
- വൈകാരിക പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക
- വിമർശനങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുക എന്നിവയെല്ലാം ഇതിനു വേണ്ടി ചെയ്യാവുന്നതാണ്.
7. പരിശീലനങ്ങൾ
സ്ഥാപനങ്ങളിൽ വൈകാരിക ബുദ്ധിയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നൽകുക. അത് ജീവനക്കാർക്ക് അവരുടെ വികാരങ്ങളെ തിരിച്ചറിയാനും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നേരിടാനും പ്രൊഫഷണലായി ആശയവിനിമയം നടത്താനും. സംവേദനക്ഷമത വർധിപ്പിക്കാനും വൈകാരിക സമ്മർദത്തെ നേരിടാനും സഹായകമാവും.ഒരു സ്ഥാപനത്തിലെ മാനേജർമാർ. എൻട്രി ലെവൽ ജീവനക്കാർ, എക്സിക്യൂട്ടീവുകൾ, വകുപ്പ് തലവന്മാർ, എച്ച്ആർ പ്രതിനിധികൾ തുടങ്ങി ഏത് സ്ഥാനങ്ങളിൽ ഉള്ളവർക്കും വൈകാരിക ബുദ്ധിയുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ നേടണം.
ജോലിസ്ഥലത്ത് ഒരു വ്യക്തിക്ക് പോലും കുറഞ്ഞ വൈകാരിക ബുദ്ധിയാണ് ഉള്ളതെങ്കിൽ അത് അവിടെയുള്ള എല്ലാവരെയും ബാധിക്കും.
പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം വൈകാരിക ബുദ്ധി നേടുക എന്നത് ഒറ്റ ദിവസംകൊണ്ട് സാധിക്കുന്ന ഒരു കാര്യമല്ല. ഇതിന് നിരന്തരമായ പരിശ്രമവും സമർപ്പണവും ആവശ്യമാണ്.ഇപ്പോൾ വൈകാരിക ബുദ്ധി എന്നത് ജോലിസ്ഥലങ്ങളിൽ വേണ്ട ഒരടിസ്ഥാന കഴിവായി മാറിയിട്ടുണ്ട്. പഠിക്കുന്ന കോഴ്‌സുകൾക്കും. നേടുന്ന അറിവിനും സർട്ടിഫിക്കറ്റിനും ഒപ്പം വൈകാരിക ബുദ്ധികൂടെ നേടുക അത് വിജയത്തിന്റെ നെടുംതൂണായി മാറും.
Content Highlights: Emotional Intelligence At Work
Published: 03 Aug 2024, 11:15 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented