ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും കൂടെയുള്ളവരുടെ ഏതെങ്കിലും രീതിയിലുള്ള ഒരു പിന്തുണ ഓരോരുത്തർക്കും കിട്ടിയിട്ടുണ്ടാകും. അതൊരു വാക്കിലൂടെയാവാം, ഒരു ചെറു സഹായത്തിന്റെ രൂപത്തിലാവാം, സംസാരത്തിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളാകാം, ഉപദേശനിർദ്ദേശങ്ങളാവാം, ഒരാളെ പരിചയപ്പെടുത്തുന്നതാകാം അങ്ങനെ എന്തുമാവാം ഇത് പലപ്പോഴും  ജീവിതത്തിൽ   വഴിത്തിരിവാകാറുമുണ്ട്. അതുപോലെ തിരിച്ചും നിങ്ങളൊരുപാട് പേർക്ക് പല കാര്യങ്ങളിലും പിന്തുണ നൽകിയിട്ടുണ്ടാവും,  കൂട്ടുകാരും കുടുംബക്കാരും സഹപാഠികളും സഹപ്രവർത്തകരും, പരിചയക്കാരുമൊക്കെ ഇതിൽ പെടുന്നു.  പലപ്പോഴും ഇത്തരം സഹായങ്ങൾ  അറിഞ്ഞുകൊണ്ട് ചെയ്തതാവണമെന്നില്ല, പകരം ഒന്നും പ്രതീക്ഷിച്ചുമാവില്ല. തന്നെക്കൊണ്ടാവുന്ന ഒരു കാര്യം  അറിയാതെത്തന്നെ നമ്മുടെ പ്രകൃതത്തിന്റെ ഭാഗമായി അങ്ങോട്ട് ചെയ്യുന്നതായിരിക്കാം ഇത്. എന്നാൽ അറിഞ്ഞുകൊണ്ടുതന്നെ ഓരോരുത്തരുടെയും വളർച്ചയിൽ പരസ്പരസഹായമാകാൻ നമുക്കാവും, ഉത്തരവാദിത്ത പങ്കാളിത്തം അല്ലെങ്കിൽ Accountability Partnership  എന്ന് ഇതിനെ വിശേഷിപ്പിക്കാം.

To advertise here,

ഓരോരുത്തർക്കും അവരവരുടേതായ  ലക്ഷ്യങ്ങളുണ്ടായിരിക്കും, എന്നാൽ ആ ലക്ഷ്യങ്ങൾ പിൻതുടരാനോ, അതിനുവേണ്ടി സ്ഥിരതയോടെ പ്രവർത്തിക്കാനോ, പ്രതീക്ഷക്കൊത്ത് ഉയരാനോ പലപ്പോഴും ഒറ്റക്ക് ശ്രമിച്ചാൽ കഴിയാറില്ല. ഒരു കാര്യത്തിന് വേണ്ടി സ്വന്തമായി പ്രവർത്തിക്കുമ്പോൾ പ്രത്യേകിച്ച് അത് സ്വന്തത്തിന് വേണ്ടിയാവുമ്പോൾ  പലപ്പോഴും  വേണ്ടത്ര ഉത്തരവാദിത്തം കാണിക്കണമെന്നില്ല. എന്നാൽ മറ്റൊരാളോട് ഉത്തരവാദിത്തമുള്ളപ്പോൾ, അല്ലെങ്കിൽ തന്റെ പ്രവർത്തനങ്ങളുടെ പുരോഗതി മറ്റൊരാളെക്കൂടെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തമുണ്ടെങ്കിൽ പ്രവർത്തനക്ഷമതയും ശ്രദ്ധയും കുറച്ചുകൂടെ വർധിപ്പിക്കാനാവും, അത് വേഗത്തിൽ ലക്ഷ്യങ്ങളിലെത്താൻ കാരണമാവുകയും ചെയ്യും  കൗൺസലിംഗ്, കോച്ചിങ്, മെന്ററിങ് പോലുള്ള പ്രൊഫഷണൽ സേവങ്ങളാണ് മാറ്റത്തിന് വേണ്ടി പലപ്പോഴും നാം സ്വീകരിക്കാറുള്ളത് എന്നാൽ ഈ സേവനങ്ങളെടുക്കാൻ എല്ലാവർക്കും കഴിയാറില്ല, അത്തരം സന്ദർഭങ്ങളിലാണ് ഒരു അക്കൗണ്ടബിലിറ്റി പാർട്ണറുടെ സഹായം പ്രയോജനപ്പെടുന്നത്.

എന്താണ് ഉത്തരവാദിത്ത പങ്കാളിത്തം?

ഉത്തരവാദിത്ത പങ്കാളിത്തം എന്നത് തങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ  രണ്ട് വ്യക്തികൾ പരസ്പരം പിന്തുണയ്ക്കുന്ന രീതിയാണ്, അവർ സുഹൃത്തുക്കളാവാം, ജീവിത പങ്കാളിയാകാം, ബന്ധുക്കളാകാം, സഹപാഠികളോ സഹപ്രവർത്തകരോ അതുമല്ലെങ്കിൽ നേരത്തെ ഒട്ടും പരിചയമില്ലാത്തവരുമാകാം.  ഇനി അതല്ല, ഒരാൾക്ക് മാത്രം ഒരു മേഖലയിൽ പുരോഗതി കൈവരിക്കണമെങ്കിൽ മറ്റൊരാൾ അതിന് പിന്തുണ നൽകാനും പുരോഗതി വിലയിരുത്താനും തയ്യാറാണെങ്കിൽ ആ രീതിയും സ്വീകരിക്കാം. ഒരു  അക്കൗണ്ടബിലിറ്റി പാർട്ണർ തന്റെ പങ്കാളിയെ അവരുടെ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യാൻ സഹായിക്കുന്ന ഒരാളാണ്,  രണ്ടു പേരും സമാനമായ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്കൊണ്ട് തന്നെ മറ്റൊരാളെ സഹായിക്കുന്നതോടെപ്പം സ്വന്തം ലക്ഷ്യങ്ങൾ നേടാനും അത് സഹായകമാവുന്നു, അങ്ങിനെ രണ്ടുപേരും ഒരുമിച്ചു വളരുന്നു.

ഒരു ഉദാഹരണത്തിന് ഒരാൾക്ക് തന്റെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തണമെങ്കിൽ അതേ ആവശ്യമുള്ള മറ്റൊരാളെ കണ്ടെത്താം, ശേഷം ഒരുമിച്ച് അവനവന്റെ ലക്ഷ്യങ്ങൾ മനസ്സിലാക്കുകയും, അത് കൂടുതൽ റിയലിസ്റ്റിക് ആക്കുകയും, ഇംഗ്ലീഷ് സംസാരം മെച്ചപ്പെടുത്താൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുക, ഓരോ ദിവസവും എത്ര സമയം ഇംഗ്ലീഷ് കേൾക്കും, എത്ര സമയം, വായിക്കും, എത്ര സമയം സംസാരിക്കും എത്ര ഇംഗ്ലീഷില്‍ എഴുതും എന്നൊക്കെ തീരുമാനിക്കുക, ശേഷം നിശ്ചിത ദിവസങ്ങളിൽ  ഒരുമിച്ചിരിക്കാനും, ആ ഇരുത്തത്തിൽ ഈ കാര്യങ്ങളുടെ പുരോഗതി ചർച്ചചെയ്യുകയും ചെയ്യുക. 

ഒരുമിച്ചുള്ള ഇരുത്തങ്ങളിൽ എത്രമാത്രം കാര്യങ്ങൾ ചെയ്യാനായി, ഇനി എന്തൊക്കെ ചെയ്യണം എന്നൊക്കെ വിലയിരുത്തുക, നേട്ടങ്ങളിൽ അഭിനന്ദിക്കുക, സപ്പോർട്ട് ആവശ്യമുള്ളപ്പോൾ നൽകുക. അങ്ങനെ രണ്ടുപേർക്കും പരസ്പര സഹായത്തോടെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ അടുക്കാം.  ഈ ഒരുമിച്ചിരിക്കലുകളും നേരിട്ട് തന്നെ ഇരിക്കണമെന്നില്ല, ഓൺലൈൻ ആയോ, ആപ്പുകളോ വെബ്സൈറ്റുകൾ വഴിയോ ആകാം.

ചില സന്ദർഭങ്ങളിൽ ഒരുമിച്ച് തന്നെ കാര്യങ്ങൾ ചെയ്യാനുമാവും, ഉദാഹരണത്തിന്, ഒരാളുടെ കായികക്ഷമതയാണ് മെച്ചപ്പെടുത്തേണ്ടത് എങ്കിൽ ഒരുമിച്ച് ജോഗിംഗ് ചെയ്യാനോ, സൈക്ലിംഗ് ചെയ്യാനോ, ഒരേ ജിംനേഷ്യത്തിൽ ഒരുമിച്ച് വ്യായാമം ചെയ്യാനോ പ്ലാൻ ചെയ്യാം, പ്രവർത്തനം വിലയിരുത്താൻ  വിവിധ ഫിറ്റ്നസ് ആപ്പുകളും ഉപയോഗപ്പെടുത്താം. ചെയ്യുന്ന കാര്യങ്ങളുടെ അളവ് ലഭിക്കുമ്പോഴാണ് പുരോഗതി വിലയിരുത്താനും ചെയ്ത കാര്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനുമാവുന്നത്. എന്തു ലക്ഷ്യങ്ങൾക്ക് വേണ്ടിയും ഇങ്ങനെ പ്രവർത്തിക്കാം അത് ഒരു മത്സര പരീക്ഷയിൽ ജയിക്കാനാവാം,  പുതിയ ഒരു കഴിവ് നേടാനാവാം, ഒരു ദുഃശീലം ഒഴിവാക്കാനാവും അങ്ങനെ എന്തുമാവാം, ഇവിടെ ലക്ഷ്യവും ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ പരസ്പരം നൽകുന്ന പ്രോത്സാഹനവും, പരസ്പര പിന്തുണയും വിശ്വാസ്യതയുമാണ് പ്രധാനം. 

കൂട്ടായ പ്രവർത്തനം

പലപ്പോഴും സമാന താല്പര്യമുള്ളയാളുകളുടെ ചെറു കൂട്ടായ്മയും,കൂട്ടായ പ്രവർത്തനവും ഉത്തരവാദിത്ത പങ്കാളിത്തത്തിന്റെ ഭാഗമാക്കാം ഇതിന്റെ ഭാഗമായി ഒരേ ലക്ഷ്യമുള്ളയാളുകളുടെ ഒരു ചെറിയ കൂട്ടായ്മ ഉണ്ടാകുകയും അവർ തമ്മിൽ പരസ്പര ധാരണയിലെത്തി കാര്യങ്ങൾ ആസൂത്രണം ചെയ്യലും പ്രവർത്തനം വിലയിരുത്തലുമാവാം. 

ഉദാഹരണത്തിന് പ്രസന്റേഷൻ സ്കിൽ വർധിപ്പിക്കാൻ താല്പര്യമുള്ള നാലോ അഞ്ചോ പേരുണ്ടെങ്കിൽ അവർ ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോഴോ ഒരുമിച്ചിരിക്കുകയും ഓരോരുത്തരും ഓരോ വിഷയങ്ങൾ സംസാരിക്കുകയും, ഗ്രൂപ്പ് അംഗങ്ങൾ അവ കേൾക്കുകയും ഓരോരുത്തരുടെയും പുരോഗതിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാം. ഇവിടെ വളരാൻ വേണ്ട ഒരു പ്ലാറ്റ്‌ഫോമും, അതോട് കൂടെത്തന്നെ ഒരുപാട് പേരുടെ പിന്തുണയും ലഭിക്കുന്നു. ഒരു ഗ്രൂപ്പായ പ്രവർത്തനം വിജയിക്കാൻ ഒരുപാട് പേരെ ഒരുമിപ്പിക്കാനും കോ-ഓര്‍ഡിനേറ്റ്‌
ചെയ്യാനും ഒരുമിച്ചിരിക്കാനുമൊക്കെ ഒരുപാട് പ്രയത്നം ആവശ്യമുള്ളത്കൊണ്ട്തന്നെ അത് തുടർന്ന് പോകാൻ പ്രയാസമുള്ളത്കൊണ്ട് നിന്നുപോകാൻ സാധ്യതയുണ്ട്. ഏത് രീതിയിലുള്ള പ്രവർത്തനമാണ് തന്റെ പുരോഗതിക്ക് കൂടുതൽ സഹായകമാവുക എന്ന് മനസ്സിലാക്കി അതുമായി മുന്നോട്ട് പോകാം.

അക്കൗണ്ടബിലിറ്റി പാർട്ണർഷിപ് എങ്ങനെ തുടങ്ങാം 

1.ഒരേ ലക്ഷ്യമുള്ളയാളെ കണ്ടെത്തുക: നിങ്ങൾക്ക് ഒരു അക്കൗണ്ടബിലിറ്റി പാർട്ണർഷിപ് വഴി എന്തെങ്കിലും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പോകുകയാണെങ്കിൽ   ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ അതേ ലക്ഷ്യങ്ങളുള്ള  ഒരാളെ കണ്ടെത്താൻ ശ്രമിക്കുക എന്നതാണ്. ഇത് ഒരു സുഹൃത്താകാംകുടുംബാംഗമാകാം, സഹപാഠിയാകാം, സഹപ്രവർത്തകനാവാം, ഒട്ടും പരിചയമില്ലാത്തയാളാകാം, അതുമല്ലെങ്കിൽ  സമാന ലക്ഷ്യങ്ങളുള്ള വ്യക്തികളുടെ ഒരു കൂട്ടായ്മയാവാം. എന്നാൽ ഒരു ആളെ  തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ 'വൈബിനോടും' , മൂല്യങ്ങളോടും ചേരുന്ന വിശ്വസനീയനായ ഒരാളായിരിക്കണം എന്നതാണ്. തന്നേക്കാൾ മടിയനായ ഒരാളെ തിരഞ്ഞെടുത്താൽ സ്വന്തം പ്രവർത്തന ഭാരവും കൂട്ടാളിയുടെ  പ്രവർത്തനത്തിന്റെ ഉത്തരവാദിത്തം കൂടെ ഏറ്റെടുക്കേണ്ടി വന്നേക്കാം.

2. ട്രയൽ കാലയളവ് വെക്കുക:  ഒരു ദീർഘകാല ബന്ധത്തിന് നേരിട്ട് തുടക്കം കുറിക്കുന്നതിന് മുൻപ് , പാർട്ണർ ആവാൻ സാധ്യതയുള്ളയാളുടെ രീതി പരിചയപ്പെടാനും അവരുടെ പ്രവർത്തനശീലം, ആശയവിനിമയ ശൈലി എന്നിവ മനസിലാക്കാനും സമയമെടുക്കുന്നത് നല്ലതാണ്. ഈ പരീക്ഷണകാലം നിങ്ങളുടെ അക്കൗണ്ടബിലിറ്റി പാർട്ണർ വിശ്വസനീയനാണോ, ലക്ഷ്യങ്ങളിൽ സത്യസന്ധനാണോ, യഥാർത്ഥത്തിൽ മോട്ടിവേറ്റഡ് ആണോ എന്ന് നിർണ്ണയിക്കാൻ സഹായിക്കും.

3. വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാവുക:  പങ്കാളിത്തത്തിനായുള്ള നിങ്ങളുടെ ലക്ഷ്യങ്ങളും പ്രതീക്ഷകളും ഷെയർ ചെയ്യുക, രണ്ടു പേരുടെയും വലിയ ലക്ഷ്യങ്ങളെ നിശ്ചിത സമയപരിധിക്കുള്ളിൽ നേടാനാവുന്ന ചെറു ലക്ഷ്യങ്ങളാക്കുക, അവ അനുയോജ്യമായ സമയപരിധിക്കുള്ളിൽ എത്തിപ്പെടൽ സാധ്യമായ ലക്ഷ്യങ്ങളാണ് എന്ന് ഉറപ്പ് വരുത്തുക. ആ ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ടി ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക, ലക്ഷ്യത്തിൽ വ്യക്തതയുണ്ടാവുന്നത് രണ്ടു പേരെയും  പ്രചോദനത്തോടെ മുന്നോട്ടു പോകാൻ സഹായിക്കും.

4. ചെക്ക്-ഇൻ: നിങ്ങൾ എത്ര തവണ ഒരുമിച്ചിരിക്കും, ( ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ) എന്ന് തീരുമാനിക്കുക, അത് ആഴ്ചയിലാവാം, മാസത്തിൽ നിശ്ചിത ദിവസങ്ങളാവാം. ഇങ്ങനെ ഷെഡ്യൂൾ ചെയ്യുന്നത്  സ്ഥിരമായ ആശയവിനിമയം ഉറപ്പുവരുത്താൻ സഹായകമാകും.  ഈ കൂടിയിരുത്തത്തിൽ  ചെയ്യാനുള്ള കാര്യങ്ങളുടെ  ഡെഡ്ലൈനുകളും പുരോഗതിയും വിലയിരുത്തുക. ചില കാര്യങ്ങൾ മെസ്സേജുകൾ വഴിയും, സ്പ്രെഡ്ഷീറ്റ് വഴിയും അപ്ഡേറ്റ് ചെയ്യാം, പുരോഗതിയുടെ കാര്യത്തിൽ പരസ്പരം തുറന്നതും വളരെ ഫോക്കസ് ഉള്ളതുമായ ആശയവിനിമയം ഉണ്ടാവുക

5. പ്രോത്സാഹനവും പിന്തുണയും നൽകുക: പങ്കാളിയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും, സഹായം ആവശ്യമുള്ളിടത്ത് ചെയ്യുകയും, അവരുടെ ചെറിയ നേട്ടങ്ങൾപോലും  ആഘോഷിക്കുകയും ചെയ്യുക. വീഴ്ചകളിൽ വിമർശിക്കുന്നതിന് പകരം നിർമ്മാണാത്മകമായ പ്രതികരണവും, പിന്തുണയും നൽകുക, ഇത് വേഗത്തിൽ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കും.

6. തുടരുക :  പുതിയ കാര്യങ്ങൾ നേടുന്നത് ഓരോരുത്തരെയും പുതുക്കിക്കൊണ്ടിരിക്കുകയും തന്റെ മേഖലയിലെ വേറിട്ട സാനിധ്യമായി നിലനിൽക്കാനും സഹായിക്കും, അതുകൊണ്ടുതന്നെ ഓരോ നേട്ടങ്ങൾക്ക് ശേഷവും പുതിയ ലക്ഷ്യങ്ങൾ ഉണ്ടാക്കുകയും, ആവശ്യമെങ്കിൽ  പദ്ധതികൾ പുനക്രമീകരിക്കാൻ തയ്യാറാവുകയും ചെയ്യുക.

സ്വന്തമായി ഒരു നല്ല കോച്ച് ഉണ്ടാകുന്നത് പോലെയാണ് ഉത്തരവാദിത്ത പങ്കാളിത്തം പ്രവർത്തിക്കുന്നത്, എല്ലാ വിഷയത്തിലും പലപ്പോഴും കോച്ചിങ് പോലുള്ള പ്രൊഫഷണൽ സേവനമെടുക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല, അത്തരം സന്ദർഭങ്ങളിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഏറ്റവും നല്ലൊരു മാർഗ്ഗമാണ് ഉത്തരവാദിത്ത പങ്കാളിത്തം. ഇത് അറിഞ്ഞോ അറിയാതെയോ പലരുടെയും ജീവിതത്തിലെ ഗെയിം-ചേഞ്ചറായിട്ടുണ്ട്. പലപ്പോഴും  അറിയാതെ  പരസ്പരം സഹായിക്കുന്നുണ്ടെങ്കിലും, ഉത്തരവാദിത്ത പങ്കാളിത്തത്തിൽ അറിഞ്ഞുകൊണ്ടുതന്നെയാണ് പരസ്പരം പിന്തുണയാകുന്നത് എന്നുമാത്രം .