മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജയകൃഷ്ണന്റെ വാക്കോളം എന്ന പുസ്തകത്തെക്കുറിച്ചുള്ള ലേഖനം വായിക്കാം.
വിശ്വസാഹിത്യത്തെ പരിചയപ്പെടുത്തിക്കൊണ്ട് മാതൃഭൂമി ദിനപ്പത്രത്തിൽ ജയകൃഷ്ണൻ എഴുതിവരുന്ന പംക്തിയാണ് വാക്കോളം. വായനക്കാരെ ലോകസാഹിത്യത്തിന്റെ ഏറെ പരിചിതമല്ലാത്ത ഭൂമികകളിലേക്ക് ആനയിക്കുകയും സമകാലിക സാഹിത്യപ്രവണതകളെ പരിചയപ്പെടുത്തുകയും ചെയ്ത 65 ലേഖനങ്ങളെ പുസ്തകമായി സമാഹരിച്ചിരിക്കുകയാണ് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ വാക്കോളം എന്ന പുസ്തകത്തിൽ. നൊബേൽ സമ്മാനവും ബുക്കർ പ്രൈസും ലഭിച്ചവയും അവയുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കുകയും ചെയ്ത പല എഴുത്തുകാരും അവരുടെ ഗ്രന്ഥങ്ങളും പലപ്പോഴും പുരസ്‌കാരലബ്ധിക്കു മുൻപുതന്നെ ഈ വലിയ വായനക്കാരന്റെ സവിശേഷ ശ്രദ്ധയ്ക്കു പാത്രമായിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ സൂക്ഷ്മമായ തെരഞ്ഞെടുപ്പുകളുടെ ദൃഷ്ടാന്തമാണ്.
ഒപ്പം മലയാളിക്ക് സുപരിചിതരായ എഴുത്തുകാരെ വേറിട്ട ലെൻസിലൂടെ നോക്കിക്കാണാനുള്ള ശ്രമവും ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നു. അതേസമയം തന്റെ വായനാഭിരുചികളെ അടിച്ചേൽപ്പിക്കാനുള്ള യാതൊരു ശ്രമവും ലേഖകൻ നടത്തുന്നുമില്ല. അതിനുദാഹരണമാണ് ഹൻകാങ്ങിനെപ്പറ്റിയുള്ള ലേഖനം അവസാനിപ്പിക്കുന്ന ഭാഗം. 'ആദ്യം പറഞ്ഞതുപോലെ ഹൻ കാങ്ങിന്റെ എഴുത്തിന്റെ രീതിയെയും ആഴത്തെയും പറ്റി എതിരഭിപ്രായങ്ങളുണ്ടാകാം. കൊറിയൻ മഹാകവി കോ ഉൻ (Ko Un) പറയുന്നതുപോലെ 'എണ്ണമറ്റ നീണ്ടുനിൽക്കുന്ന പശ്ചാത്താപങ്ങളെ ഇഷ്ടപ്പെടുന്നവരു'ടേതുകൂടിയാണ് സാഹിത്യലോകം. അതുകൊണ്ടുതന്നെ ഹൻ കാങ്ങിന്റെ എഴുത്തിലും വിഷാദങ്ങളും പശ്ചാത്താപങ്ങളുമുണ്ട്. അവ തനതായ രീതിയിൽ കണ്ടെടുക്കുമ്പോൾ ഒരുപക്ഷേ, അവരുടെ രചനകളുടെ ആഴത്തിൽ വായനക്കാർ എത്തിച്ചേർന്നേക്കാം'.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും തീവ്രമായ സ്ത്രീപക്ഷ രചനകളിലൊന്നായി കരുതപ്പെടുന്നതെന്ന് ലേഖകൻ പറയുന്ന അർജന്റൈൻ എഴുത്തുകാരി സാറ ഗഷാർദോയുടെ ദ തേർട്ടി ത്രീ വൈവ്‌സ് ഓഫ് എമ്പറർ ബ്ലൂ സ്റ്റോൺ എന്ന കഥയിൽ ചക്രവർത്തിയുടെ ഭാര്യമാരായ മുപ്പത്തിമൂന്നു സ്ത്രീകൾ കഥ പറയുന്നു. അയാളെ സ്‌നേഹിക്കുന്നവരും കഠിനമായി വെറുക്കുന്നവരും അയാൾ വിജയിക്കാനും മരിച്ചു കാണാനും ആഗ്രഹിക്കുന്ന സ്ത്രീകൾ- അതിൽത്തന്നെ അഭിജാതകളും കുലടകളും- അങ്ങനെ മുപ്പത്തിമൂന്ന് ആഖ്യാതാക്കൾ കഥ പറയുന്നു. ആയിരത്തൊന്നു രാവുകളിൽ ഒരു കഥ പറച്ചിലുകാരിയാണ് ഉണ്ടായിരുന്നതെങ്കിൽ ഇവിടെ മുപ്പത്തിമൂന്നു പേർ. കഥ പറച്ചിലിന്റെ ഈ വൈവിധ്യത്തെക്കൂടി തന്റെ പുസ്തക പരിചയങ്ങളിൽ ആവിഷ്‌കരിക്കാനാണ് ലേഖകൻ ശ്രമിക്കുന്നതും. പുസ്തകങ്ങളിലെ വിചിത്രമായ വൈവിധ്യങ്ങളെക്കുറിച്ച് ലേഖകൻ പലയിടത്തായി രേഖപ്പെടുത്തുന്നുണ്ട്. 'ചില പുസ്തകങ്ങളുണ്ട്; അവയുടെ ആശയം ചുരുക്കിയെഴുതാൻ പറ്റില്ല. ചില സൂചകങ്ങൾ നൽകാനേ കഴിയൂ' എന്നു ജയകൃഷ്ണൻ പറയുന്നു. ജയകൃഷ്ണന്റെ 'ചിത്രകഥയിലെ അവന്റെ ഭൂതങ്ങൾ' എന്ന നോവലും അത്തരമൊരു അവ്യവസ്ഥയെയാണ് ആവിഷ്‌കരിക്കുന്നത് എന്നുകൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. കവിതയോ കഥയോ ആത്മകഥയോ എന്നു വേർതിരിക്കാനാവാത്ത അപൂർവതയെന്നും രചനകളെ അദ്ദേഹം വിശേഷിപ്പിച്ചു കാണാം.
കഥകളുടെ പാരാവാരത്തിലൂടെ ഒരു പരൽമീനിനെപ്പോലെ സഞ്ചരിക്കയാൽ ജയകൃഷ്ണൻ പലയിടത്തും കഥയിലെ യാഥാർത്ഥ്യത്തെയും കഥയുടെ യാഥാർത്ഥ്യത്തെയും മുഖാമുഖം നിർത്തുന്നുണ്ട്. കൽപ്പിത കഥയുടെ ഒരു ഉപോൽപ്പന്നം മാത്രമാണ് യാഥാർത്ഥ്യം എന്നാണ് ഷുസെ എദ്വാർദു അഗ്വാലുസയെ പരിചയപ്പെടുത്തുന്ന ലേഖനം ആരംഭിക്കുന്നത്. സെൽവാ അൽമാദയുടെ നോട്ട് എ റിവർ എന്ന പുസ്തകത്തിലെയും യാഥാർത്ഥ്യത്തിന്റെ പരിചരണം ജയകൃഷ്ണൻ എടുത്തുകാട്ടുന്നു. യാഥാർത്ഥ്യത്തിൽനിന്ന് അതീതയാഥാർത്ഥ്യത്തിലേക്ക് എഴുത്തുകാരി നോവലിന്റെ ഗതിമാറ്റുന്നത് വാസ്തവികതയിലൂന്നിയ അസൂയാവഹമായ കയ്യടക്കത്തോടെയാണ് എന്നാണദ്ദേഹം വിലയിരുത്തുന്നത്. പെസോവയും സേസാർ ആയ്‌റയും മാന്ത്രികതയെ എഴുത്തിലൂടെയും അല്ലാതെയും പിന്തുടർന്നതിനെ അധികരിച്ച് എഴുതുന്ന 'ആഭിചാരം പോലെ ചില എഴുത്തുകൾ, വായനകളും' എന്ന ലേഖനം അവസാനിക്കുന്നത് എഴുത്തിനെ സംബന്ധിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു നിർവചനത്തിലാണ് - 'ഇരുട്ടിൽ സംഭവിക്കുമ്പോഴും പകൽവെളിച്ചത്തിലും നമ്മളെ ആവേശിക്കുന്ന ഒരു ആഭിചാരകർമ്മം'.
ആഭിചാരകർമ്മമെന്നു പ്രയോഗിക്കുമ്പോഴും യാഥാർത്ഥ്യത്തിന്റെ ലോകത്തെ വകഞ്ഞുമാറ്റി അതിഭൗതികലോകത്തെ കൂടുതൽ വായിക്കുകയും അഭിരമിക്കുകയും ചെയ്യുന്നതും ലേഖകന്റെ നയമല്ല. കൃതികളിലെ രാഷ്ട്രീയ ദാർശനിക മാനങ്ങളും ആഴങ്ങളും ഇദ്ദേഹം കണ്ടെടുക്കുന്നുണ്ട്. നിരോധിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ അപ്രീതിയ്ക്കു കാരണമാകുന്നവയെക്കുറിച്ചും ലേഖകൻ എഴുതുന്നുണ്ട്. 'ചില എഴുത്തുകൾ അങ്ങനെയാണ്. അവ ജനങ്ങൾക്കു വേണ്ടി സംസാരിക്കുന്നു. പരുഷമായിരിക്കാം അവയുടെ ശബ്ദം; പക്ഷേ അവ തുറന്നുതരുന്നത് ഭാവിയിലേക്കു ഭയരഹിതമായി സഞ്ചരിക്കാൻ പറ്റിയ ഒരു വഴിയാണ്, ഒരു വെളിച്ചം.' കുന്ദേരയുടെ എഴുത്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും ഈ നിശിതമായ രാഷ്ട്രീയ ബോധ്യത്തെ ലേഖകൻ കൈവിടുന്നില്ല. 'തോക്കുകൾകൊണ്ടു സ്‌നേഹം പഠിപ്പിക്കുന്നിടത്ത് വികാരങ്ങളിൽ വഞ്ചന മാത്രമേ ഉണ്ടാകൂ. അതായിരിക്കാം തന്റെ കൃതികളിൽ വൈകാരികതയ്ക്കുപകരം പരിഹാസവും നിസ്സഹായതയും കുന്ദേര നിറച്ചത്. നിലനില്പിന്റെ അസഹ്യമായ ലാഘവത്തിൽ, മുന്നോട്ട് എന്നു പറയുന്നത് ദിശയറിയാത്ത ഒരു കടന്നുപോകൽ മാത്രമാണെന്ന് ആ എഴുത്തുകൾ വിരൽചൂണ്ടാതെ പറയുന്നു' എന്നാണ് ജയകൃഷ്ണൻ വിവരിക്കുന്നത്.
പലസ്തീനിലും ഉക്രൈനിലും പ്രതിരോധത്തിന്റെ സർഗാത്മക സമരം തീർക്കുന്നവരുടെ ഇടയിൽത്തന്നെയുള്ള സവിശേഷ ഇടപെടലുകളെ ലേഖകൻ പ്രത്യേകമായി അടയാളപ്പെടുത്തുന്നുണ്ട്. ഉക്രൈനിയൻ എഴുത്തുകാരനായ സെർഹി ഷെദാനെപ്പറ്റി പറയുമ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിഴൽയുദ്ധം നടത്തുകയും നിഴൽരക്തമൊഴുക്കുകയുമല്ല ഷെദാൻ ചെയ്യുന്നതെന്ന് ലേഖകൻ എടുത്തുപറയുന്നു. ഗോസ്പുഡിനോഫിന്റെ ടൈം ഷെൽട്ടർ എന്ന നോവലിൽ ചർച്ച ചെയ്യുന്നത് ഓർമ്മകൾ നഷ്ടപ്പെട്ടവർക്ക് ഓർമ്മകൾ ചമച്ചുകൊടുക്കുന്നതിനെപ്പറ്റിയാണെങ്കിലും ബൾഗേറിയയുടെ രാഷ്ട്രീയത്തെക്കുറിച്ചും അധികാരത്തിന്റെ യുക്തികളെക്കുറിച്ചും പല വിധത്തിലുള്ള ആലോചനകളെ നോവൽ സംവഹിക്കുന്നുണ്ടെന്നു ലേഖകൻ കാണാതിരിക്കുന്നില്ല. റിഷാദ് ക്രിൻസ്‌കിയെക്കുറിച്ചെഴുതുന്ന മറ്റൊരു ലേഖനത്തിലാകട്ടെ രാഷ്ട്രീയം കൂടുതൽ വ്യക്തവും തീക്ഷ്ണവുമായി കടന്നുവരുന്നതു ലേഖകൻ നിരീക്ഷിക്കുന്നു. രാഷ്ട്രാതിർത്തികൾ നിരന്തരം പുനർനിർമ്മിക്കപ്പെടുന്ന, പലായനം പോലും അസാധ്യമാകുന്ന മനുഷ്യനായി ആഖ്യാതാവുതന്നെ അടയാളപ്പെടുത്തുന്നതെങ്ങനെ എന്നു ലേഖകൻ വ്യക്തമാക്കുന്നു.
ഒഴിഞ്ഞ ഇടങ്ങൾ നിറഞ്ഞ ഭാവനാലോകങ്ങളിലേക്ക് ജയകൃഷ്ണന്റെ സവിശേഷ ശ്രദ്ധ പതിയുന്നുണ്ട്. അതിനാൽത്തന്നെ കീഴടക്കിയവന്റെയും കുടിയൊഴിക്കപ്പെട്ടവന്റെയും ഒരിക്കലും പൊരുത്തപ്പെടാത്ത ധ്രുവങ്ങളെ വിവരിക്കുന്ന അലാരീറിന്റെ പോലുള്ള കഥകളെ സൂക്ഷ്മമായി വായിച്ചെഴുതാൻ അദ്ദേഹത്തിനു കഴിയുന്നു. അഫോൻസോ ക്രൂഷിന്റെ നോവലായ കൊക്കോഷ്‌കാസ് ഡോൾ എന്ന നോവലിൽ ജീവനില്ലാത്ത പാവയെ കാമുകിയായി കരുതുന്ന ഓസ്‌കാർ കൊക്കോഷ്‌കയെന്ന മനുഷ്യനെയും ജീവൻ വെച്ച പാവയെ ആരാധിക്കുന്ന എഡുവയെന്ന നിഷ്‌കളങ്കനായ കഥാപാത്രത്തെയും വിശകലനം ചെയ്യുകവഴി മനുഷ്യാവസ്ഥയെ മുഴുവൻ സമന്വയിപ്പിക്കുകയും വിശകലനം ചെയ്യുകയുമാണ് ജയകൃഷ്ണൻ ചെയ്യുന്നത്. അതിനാലാണ് അദ്ദേഹം ആ ലേഖനം ഇപ്രകാരം ഉപസംഹരിക്കുന്നത് -
'നോവലിലെ ഒരു കഥാപാത്രം മനുഷ്യന്റെ ആത്മാവിന് ഒരു പൂമ്പാറ്റയുടെ ഭാരമേയുള്ളൂ എന്നു കണ്ടെത്തുന്നുണ്ട്. സങ്കല്പത്തിനും യാഥാർത്ഥ്യത്തിനുമിടയിൽ, മനുഷ്യന്റെ വിധിയിലൂടെ പറന്നുനടക്കുന്നതും അതേ ചിത്രശലഭം തന്നെയായിരിക്കാം.
'അവസാനത്തെ മനുഷ്യന്റെ ശവസംസ്‌കാരം ആരു നടത്തും?' എന്നു വിഷാദിക്കുന്ന നോവലിലെ കഥാപാത്രവും ആ പൂമ്പാറ്റയും ഒരുപക്ഷേ, ഒന്നുതന്നെയാണെന്നും വരാം'. ഇവ ബൽത്തസാറിന്റെ ബോൾഡർ എന്ന നോവലിന്റെയും ദാർശനികവ്യാപ്തിയെ ലേഖകൻ കൃത്യമായി കണ്ടെടുക്കുന്നു. 'പക്ഷേ, മനുഷ്യവംശത്തിന്റെ ഉദ്ഭവത്തോളം പഴക്കമുള്ള ഏകാന്തതയെ മറികടക്കുന്നതെങ്ങനെ? ഒറ്റപ്പെടലിന്റെ കടൽ കടക്കുന്നതെങ്ങനെ? - ചോദ്യങ്ങളുടെ ഉത്തരമില്ലായ്മയാണ് ഈ പുസ്തകം' എന്ന് അതിനെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നു. ദൊറോത്ത മസ്വോസ്‌കയുടെ എ കപ്പിൾ ഓഫ് പുവർ, പോളിഷ് സ്പീക്കിങ് റൊമാനിയൻസ് എന്ന നാടകത്തെക്കുറിച്ച് പറയുമ്പോൾ ജയകൃഷ്ണൻ നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: 'ആധുനികജീവിതത്തിന്റെ അതിവേഗതയിൽ ഒലിച്ചുപോകുന്ന രണ്ടുപേരാണ് ഇതിലെ കഥാപാത്രങ്ങൾ. അവർ ചിന്തിക്കുന്നില്ല. അതിനവർക്കു സമയമില്ല. അഥവാ ചിന്തിക്കുന്നുവെങ്കിൽത്തന്നെ അതിനനുസരിച്ചല്ല അവർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും. അസ്തിത്വമെന്തെന്നറിയാത്തതിനാൽ അവർക്ക് അസ്തിത്വദുഃഖവുമില്ല. കാരണമില്ലാതെയാണവർ ജീവിക്കുന്നത്; മരിക്കുന്നതും.'
വിശ്വസാഹിത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വിവർത്തനത്തെപ്പറ്റി പരാമർശിക്കാൻ ലേഖകൻ വിട്ടുപോകുന്നില്ല. എഡിത്ത് ഗ്രോസ്മാനെയും റബാസയെയും അവതരിപ്പിക്കുകയും പരിഭാഷകരെ രണ്ടാം തരക്കാരായി പരിഗണിക്കുന്ന വിവേചനത്തെ അവർ ആവിഷ്‌കരിക്കുന്നതെങ്ങനെ എന്നു കാണിച്ചുതരികയും ചെയ്യുന്നുണ്ട്. തീർത്തും അപരിചിതമായ ഭൂമികയെ മുൻനിർത്തി അപരിചിതമായ ഒരു ഭാഷാലോകത്തെ ഒരു വർക്ക് ഓഫ് ആർട്ട് വായിക്കുമ്പോഴും അതിലെ ഏറ്റവും സൂക്ഷ്മമായ റഫറൻസുകളെപ്പോലും ഉൾക്കൊള്ളുകയും അതിനെ വിശകലനോപാധിയായി പരുവപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന ലേഖനങ്ങളാണ് ജയകൃഷ്ണന്റേത്. ലോകത്തെമ്പാടുമുള്ള എഴുത്തിന്റെ രാസവിദ്യയുടെ സാർവത്രികതയും അനന്യതയും ഒരേ സമയം ആവിഷ്‌കരിക്കുന്ന പുസ്തകമാണ് ഈ അറുപത്തിയഞ്ചു കുറിപ്പുകളുടെ ഈ സഞ്ചയം.
Content Highlights: Vakkolam-Comprehensive collection of 65 essays on global literary trends., Insightful analysis of Nobel and Booker prize-winning authors., Explores the intersection of political, philosophical, and humanistic themes in literature.
Published: 07 Mar 2026, 10:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented