മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സോണിയ ചെറിയാന്റെ 'സ്നോ ലോട്ടസ്' എന്ന നോവലിനെ കുറിച്ചുള്ള കുറിപ്പ് വായിക്കാം...

To advertise here,

'ലകളില്‍ മഴ പെയ്തുവരുന്നത് വമ്പന്‍ ഒരു പക്ഷി പറന്നു വരുന്നതുപോലെയാണ്. ഒരു ഫാല്‍ക്കനെപ്പോലെ. ചെരിഞ്ഞ നോട്ടവുമായി ചാട്ടുളിപോലെ പറന്നിറങ്ങി കുളത്തില്‍ ആടിക്കളിക്കുന്ന ആമ്പല്‍ പൂവിന്റെ കഴുത്തില്‍ ഒറ്റയുമ്മ. എന്നിട്ട് കിലുകിലായെന്ന് കുളത്തില്‍ അടരും. ബാക്കി നില്‍ക്കുന്ന മാമ്പഴങ്ങളെ തല്ലി താഴെയിട്ട് കരിയിലയില്‍ ഒളിച്ചിരിക്കുന്ന കശുവണ്ടികളെ വിരിയിച്ച് ആദ്യ മഴ. സമതലങ്ങളില്‍ പക്ഷേ, മഴ നടന്നാണ് വരിക. വലിയ മേഘപ്പുതപ്പും വലിച്ച് കമ്പിളി പുതച്ചുവരുന്ന വലിയമ്മയെ പോലെ ആയാസപ്പെട്ട് വരും. നീലിച്ചു കറുത്ത്, മുഖം വീര്‍പ്പിച്ച്'. സോണിയ ചെറിയാന്റെ 'സ്നോ ലോട്ടസ്' എന്ന നോവലില്‍ മഴയെക്കുറിച്ചെഴുതിയ വരികളാണിവ.

വളരെ മനോഹരമായ ഒരു പുസ്തകമാണിത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ വായിച്ചു തുടങ്ങുമ്പോള്‍ പലയിടത്തുവെച്ചും എന്നെ കരയിച്ച പുസ്തകം. ജീവിതത്തിലെ നിരന്തരാന്വേഷണത്തില്‍ ഗോപക്ക് സമാന്തരമായി ഞാനുമുണ്ടായിരുന്നു എന്നതുകൊണ്ടാവാം അത്. ഗോപയെപ്പോലെ എനിക്കൊരിക്കലും ലക്ഷ്യത്തിലെത്താനാവില്ല.  എങ്കിലും കുറച്ചു നിമിഷത്തേക്കെങ്കിലും ഞങ്ങള്‍ ഒരുപോലെ ചിന്തിച്ചവരും ഒരേ ലക്ഷ്യമുണ്ടായിരുന്നവരുമാണ്.  എനിക്കറിയാവുന്ന പോലെ ആര്‍ക്കറിയാം ഗോപയെ!

ഗോപ മുകുന്ദന്‍ പട്ടാളത്തില്‍ ചേര്‍ന്നത് കൂട്ടുകാരെപ്പോലെ സാഹസികതയോടും യൂണിഫോമിനോടുമുള്ള കൊതികൊണ്ടും ലോകം കാണാനുള്ള ആഗ്രഹംകൊണ്ടുമല്ല. മറ്റൊരു കാര്യത്തിനുവേണ്ടിയാണ്; ഇരുപതുകൊല്ലം മുമ്പേ മഞ്ഞു മലകളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് കാണാതായ അവളുടെ അച്ഛനെ കണ്ടു പിടിക്കാന്‍. നോക്കൂ... സ്നേഹത്തിനുവേണ്ടി മനുഷ്യരെടുത്തിട്ടുള്ള റിസ്‌ക്കുകള്‍ക്ക് കൈയും കണക്കുമുണ്ടോ! അത്തരം വാര്‍ത്തകള്‍ വളരെ അപൂര്‍വമായേ പുറത്തു വരാറുള്ളൂവെന്നു മാത്രം. മറിച്ചുള്ള ക്രൂരതകളുടെയും കൊടുംകുറ്റവാളികളുടെയും നെറികേടിന്റെയും വാര്‍ത്തകളാവട്ടെ നിറഞ്ഞു കൂമ്പി വന്മലകളായി നമ്മുടെ മുന്നിലുണ്ടുതാനും. 

എട്ടുവയസ്സുവരെ മാത്രം ലഭിച്ച സ്നേഹത്തെപ്രതി ഗോപ താണ്ടിയ ദൂരത്തിനും ദുരിതത്തിനും കണക്കില്ല. പല ലക്ഷ്യങ്ങള്‍ക്കായി പുറപ്പെട്ട് വഴിനീളെ മഞ്ഞില്‍ പുതഞ്ഞ് ഉറഞ്ഞു മരിച്ച മനുഷ്യരെ, പാതിയില്‍ വീണുപോയവരെ മറികടന്നുപോകേണ്ടി വരുന്നുണ്ടവള്‍ക്ക്. ജീവിതം എടുത്താല്‍ പൊന്താത്ത ഒരു മണ്‍കൂന പോലെയാണ്, കുരുന്നിലേ എന്റെ തലയില്‍ വന്നു വീണത് എന്നു പറയുന്ന ഗോപ മുകുന്ദന്‍ ഒരര്‍ഥത്തില്‍ 8 വയസ്സു മുതല്‍ പര്‍വ്വതാരോഹകതന്നെയായിരുന്നു. വലിയ ഭാരം ചുമലിലെടുത്തുവെച്ച മലകയറ്റക്കാരി. അവള്‍ കൂടുതല്‍ കാലം ജീവിച്ചത് അച്ഛനില്ലാതെയാണ്. എന്നിട്ടും കാത്തിരിപ്പിന്റെ ഗാഢത കാലത്തിന് നേര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. 

മരണത്തെക്കാള്‍ അസഹ്യമാണ് കാത്തിരിപ്പ്. മരണം ഒരു തീര്‍പ്പാണ്. ഇനിയുണ്ടാവില്ലെന്ന തീര്‍പ്പ്. നഷ്ടപ്പെടലും കാണാതാവലും അങ്ങനെയല്ല. ജന്മമൊടുങ്ങുവോളമുള്ള അശാന്തമായ അലച്ചിലാണത്. 'ഏതു നേരവും തിരിച്ചെത്തും എന്ന പ്രതീക്ഷ ഇരുതലവാളാണ്. ഒരസമയം നിങ്ങളെ രണ്ടു ദിശയില്‍ അറക്കും അത്...ഒരു തമരുപോലെ നെഞ്ചിനുള്ളില്‍ സ്ഥിരമിരുന്ന് കറങ്ങും അത്.'

placeholder
ലെഫ്. കേണല്‍ ഡോ. സോണിയ ചെറിയാന്‍, നോവലിന്റെ കവര്‍ പേജ്‌ | ഫോട്ടോ: കെ.കെ. സന്തോഷ്‌

ഒരു പെണ്‍പട്ടാള അനുഭവം എന്ന നിലയിലും ടിബറ്റന്‍ ജനതയുടെ പലായനത്തെക്കുറിച്ചും ടിബറ്റന്‍ അഭയാര്‍ഥി ജീവിതത്തെക്കുറിച്ചുമുള്ള നോവല്‍ എന്ന നിലയിലും പുതുമയുള്ള പുസ്തകമാണിത്. ടിബറ്റന്‍ പലായനത്തിന്റെ കഥകള്‍ നമ്മുടെ സാഹിത്യം അധികം പരിചരിക്കാത്ത വിഷയമാണെന്നു തോന്നുന്നു.

ഗോപയുടെ കൂട്ടുകാരി സുനുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. 'അന്ന് ഒറ്റയടിക്ക് ഒരു മഹാരാജ്യത്തെ ആക്രമിച്ച് കീഴടക്കിയപ്പോഴും ആരും ഞങ്ങള്‍ക്കുവേണ്ടി എഴുന്നേറ്റു നിന്നിട്ടില്ല. ഞങ്ങള്‍ മറക്കപ്പെട്ടവരാണ്, മറയ്ക്കപ്പെട്ടവരാണ്. ലോകമനുഷ്യാവകാശ ലംഘനങ്ങളില്‍ ഞങ്ങളുടെ പേരുകള്‍ വല്ലപ്പോഴും മാത്രം. ഞങ്ങള്‍ നിശബ്ദജീവികളല്ലേ...  ക്ഷമയോടെ സഹിക്കുന്നവര്‍. കത്തിക്കുകയും പുകയ്ക്കുകയും വെടിവെയ്ക്കുകയും ചെയ്യാത്തതുകൊണ്ട് ആരും ഞങ്ങളെ ഓര്‍ക്കാറുപോലുമില്ല.'

ലോകത്തിലെ ഏറ്റവും സാമാധാനപൂര്‍ണമായ രാജ്യം എങ്ങനെയാണ് ആക്രമിയ്ക്കപ്പെട്ടത് എന്നതിന് വളരെ തെളിച്ചമുള്ള ഉത്തരമുണ്ട് വലിയ ലാമക്ക്. 'സമാധാനത്തിനും സ്നേഹത്തിനും കാവല്‍ ആവശ്യമുണ്ടെന്ന് ഞങ്ങള്‍ മറന്നുപോയി മകളേ. ഈ സുന്ദര രാജ്യത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ഞങ്ങള്‍ തോറ്റുപോയി' ഞങ്ങള്‍ ആരെയും ആക്രമിക്കാത്തതുകൊണ്ട് ഞങ്ങളെയും ആരും ആക്രമിക്കില്ല എന്ന് ഞങ്ങള്‍ ചിന്തിച്ചു പോയി.'

ശരീരത്തിന്റെ ഓരോ കോശത്തിലും നിറച്ച ദേശത്തിന്റെ ഓര്‍മകള്‍ തിരിച്ചു പോകാന്‍ തിരക്കുകൂട്ടുന്ന, ആദ്യമായി കമഴ്ന്നു വീണപ്പോള്‍ ചുംബിച്ച മണ്ണിന്റെ ഗന്ധവും തണുപ്പും ഭ്രാന്തുപിടിപ്പിക്കുന്ന ആളുകളാണവര്‍. ഗോപയുടേതു പോലെയല്ല, മറ്റൊരു കാരണത്താല്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരാണവര്‍. അതിര്‍ത്തികളാണ് രാഷ്ട്രത്തെ നിലനിര്‍ത്തുന്നത്. എന്നാല്‍ അതിര്‍ത്തികളുടെ അഭാവത്തിലും ദേശീയത നിലനില്‍ക്കും. ലോകത്തിലുള്ള പല സംഘര്‍ഷങ്ങയും അക്രമങ്ങളും  അതിന്റെ തെളിവാണ്. ഒരതിര്‍ത്തിക്കുള്ളില്‍ തന്നെ നിരവധി ദേശീയതകള്‍ പ്രവര്‍ത്തിക്കും.  

സമാനതയുള്ള ഓര്‍മകളിലൂടെയാണ് ദേശം നിര്‍മിതമാവുന്നതും നിലനില്‍ക്കുന്നതും. ഒരു ജനതയുടെ കൂട്ടായ അനുഭവത്തിന്റെ ഓര്‍മകള്‍ എത്ര ചിതറിയാലും അവരെ ഒരുമിച്ചു നിര്‍ത്തുന്നു. ടിബറ്റന്‍ ജനതയെ ഒരുമിച്ചു നിര്‍ത്തുന്നതും മുറിവേറ്റതിന്റെ ഓര്‍മ്മകളാണ്. അഹിംസയില്‍ വിശ്വസിക്കുന്ന സൈനിക പരിശീലനത്തിലും ആയുധങ്ങളിലും ശ്രദ്ധയൂന്നാത്ത ജനത ആക്രമിക്കപ്പെടുകയായിരുന്നു. 1959 മാര്‍ച്ച് 10-ന്, ആയുധമില്ലാത്ത ഒരു പറ്റം മനുഷ്യരെ വളഞ്ഞ നാല്‍പ്പതിനായിരം വരുന്ന ഫുള്ളി ആര്‍മ്ഡ് ആര്‍മി.

ലക്ഷക്കണക്കിന് മനുഷ്യര്‍ അന്ന് കൊല്ലപ്പെട്ടു. അതിലുമെത്രയോ പേര്‍ പലായനം ചെയ്തു, വഴിയില്‍ മഞ്ഞു മലകള്‍ക്കിടയില്‍ മരവിച്ചു മരിച്ചു. സമാനകളില്ലാത്ത വേദനയാണ് ഇതിലെ ഓരോ മനുഷ്യരുടെയും ഉള്ളില്‍.

'ഇപ്പോള്‍ ടിബറ്റ് ഒരു ശ്മശാനമാണ്. ഒരു ചവറ്റുകുട്ടയാണ്. ടിബറ്റിന്റെ പൗരന്മാര്‍ ലോകം മുഴുവന്‍  കാലുവെന്ത്  അലയുകയാണ്. പലയിടത്തുനിന്നും കൊണ്ടുവന്ന മനുഷ്യരെ ടിബറ്റില്‍ നിര്‍ബന്ധമായി കുടിയിരുത്തുകയാണ്' എന്നത്  ദേശീയതയുടെ പ്രശ്നം മാത്രമല്ല പാരിസ്ഥിതിക പ്രശ്നം കൂടിയാണ്.

മഞ്ഞുമൂടിക്കിടക്കുന്ന ഈ ദേശം നോവലിന്റെ ബാഹ്യഘടനയെ മാത്രമല്ല ആന്തരിക ഘടനയെയും അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. 'പുറമേ മഞ്ഞു മൂടിക്കിടക്കുന്നതിനിടിയിലുള്ള അഗാധമായ ജലാശയങ്ങളെ'ക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്. ഇത് ടിബറ്റന്‍ ജനതയെ സംബന്ധിച്ചു ചിന്തിക്കുമ്പോള്‍ ഒരു അഗാധരൂപകമാണ്. പുറമേ ശാന്തരും സൗമ്യരും  യമികളുമായ അവര്‍ അകമേ വേദനകളുടെയും വിരഹത്തിന്റെയും നഷ്ടബോധത്തിന്റെയും അലകടലുകളുള്ളവരാണ്. ഭാഷയും സംസ്‌കാരവും ഭൂപ്രകൃതിയും കവര്‍ന്ന് അധിനിവേശം നിരാലംബരാക്കിയ ഒരു ജനതയുടെ പതിഞ്ഞതെങ്കിലും നെഞ്ചുലക്കുന്ന വിലാപമാണ് ഈ പുസ്തകം.

ശമനമില്ലാത്ത സങ്കടങ്ങളുള്ളപ്പോഴും തണുത്തുറഞ്ഞ മഞ്ഞുപാളി പോലെ അക്ഷോഭ്യനായ സാക്ക ദാവയുടെയും മഞ്ഞുമലകളില്‍ നഷ്ടപ്പെട്ട അച്ഛനെത്തേടി അലയുന്ന ഗോപയുടെയും പ്രണയത്തിന്റെ കൂടി കഥ. നിഗൂഢവും ദുഷ്‌കരവുമായ മലമടക്കുകളും സാഹസികവഴികളും പിന്നിട്ടുള്ള അവരുടെ ഏകാഗ്രമായ യാത്രയോടു ചേര്‍ന്നുനില്‍ക്കുന്ന മനോഹരമായ ഭാഷയാണ് ഈ നോവലിന്. നിരന്തരം തളിര്‍പ്പിക്കുന്ന ഉര്‍വരമായ, നനവുള്ള ഭാഷ.

പലായനങ്ങളെക്കുറിച്ചും കൂട്ടക്കുരുതികളെക്കുറിച്ചാണ് പറയുന്നതെങ്കിലും സാക്കദാവയെപ്പോലെ ഏതു സംഘര്‍ഷഘട്ടത്തിലും സംയമനം കൈവിടാത്തൊരു ഭാഷയാണിതിലുടനീളം. മലയാള സാഹിത്യം കൂടുതല്‍ പരിചരിച്ചിട്ടില്ലാത്ത മഞ്ഞും തണുപ്പുമുള്ള അന്തരീക്ഷവും നോവലിന്റെ ഭാവത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ്. ഒരു യാത്രാവിവരണകൃതി പോലെ ദാവക്കും ഗോപക്കും പിറകിലായി നാം സഞ്ചരിച്ചുകൊണ്ടേയിരിക്കും. സാഹസികയാത്രയായതുകൊണ്ട് ഒരു ത്രില്ലര്‍ നോവലിന്റെ സ്വഭാവവും ഇതിനുണ്ടെന്നുള്ളതും മറ്റൊരു സവിശേഷതയാണ്.

ഇതില്‍ പരിചയപ്പെടുന്ന മനോഹരമായ പലമനുഷ്യരില്‍ ഒരാളാണ് സാക്ക ദാവ. 'ഒരു പെണ്ണിനെ ആണിലേക്ക് ഏറ്റവും അടുപ്പിക്കുന്നതെന്ത്? എനിക്കു തോന്നുന്നു കരുണയാണെന്ന്. അതെ, കരുത്തല്ല. കരുണയാണ്. കരുണയുള്ള, കരുതലുള്ള പുരുഷനില്‍ അവള്‍ പ്രപഞ്ചപുരുഷന്റെ ആദിമസ്നേഹം അറിയുന്നു. എല്ലാ സ്ത്രീകളുടെയും കാര്യം ഇങ്ങനെയാണോ എന്നറിയില്ല. ഞാന്‍ പക്ഷേ, ഞാന്‍ ഇങ്ങനെയാണെന്ന് എനിക്കറിയാം. എന്തു ചെയ്യാനാണ് ഞാനിങ്ങനെയായിപ്പോയി' എന്നു പറയുന്നുണ്ട് ഗോപ. ഗോപമാത്രമല്ല ഭൂരിഭാഗം സ്ത്രീകളുടെയും കാഴ്ചപ്പാട് ഇതു തന്നെയായിരിക്കുമെന്നു തോന്നുന്നു. അത്തരക്കാരെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രമാണ് ദാവ. 

കരുണയില്ലായ്മയുടെ കഥ പറയാന്‍ കരുണയുടെ ഭാഷയും കഥാപാത്രങ്ങളെയും ഉപയോഗിച്ച പുസ്തകം. കരുണയുടെയും കരുതലിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നിശബ്ദതയുടെയും പുസ്തകം. വായിച്ചു കഴിഞ്ഞ് ഇത്തിരി നേരത്തേക്കെങ്കിലും ബോധി സത്ത്വന് ജീവിതത്തെക്കുറിച്ച് ലഭിച്ച വീണ്ടുവിചാരം നമുക്കുമുണ്ടാവും- എല്ലാം മെല്ലെ ആവുക. മെല്ലെ ഭക്ഷിക്കുക, മെല്ലെ സഞ്ചരിക്കുക, മെല്ലെ പുണരുക...