
വായിച്ച്, വായിച്ച് തീര്‍ന്നുപോയൊരു പുസ്തകം. വായനക്കിടയില്‍ ആകാംക്ഷ പെരുത്ത് തൊട്ടടുത്ത പേജുകളിലേക്ക് എത്തിനോക്കുമായിരുന്ന എന്നെ അതില്‍ നിന്നെല്ലാം വിലക്കി, ഒറ്റയിരുപ്പില്‍ വായിപ്പിച്ച പുസ്തകം. കഥകളിങ്ങനെ പരന്നു പടര്‍ന്ന് ഓരോ താളും... സോണിയ ചെറിയാന്റെ സ്‌നോലോട്ടസ് അനുഭവം അതായിരുന്നു.
ഇതുവരെ അറിയാത്തൊരു ഭൂമികയാണെന്ന് ഗോപയ്ക്കും ദാവക്കും ഒപ്പം നടക്കുമ്പോള്‍ തോന്നിയതേ ഇല്ല. മഞ്ഞില്‍ തണുത്ത്, കയറ്റങ്ങളില്‍ ആഞ്ഞ് ശ്വാസമെടുത്ത് ഉച്ചിയില്‍ തൊടുന്ന വെയിലില്‍ പൊള്ളിയടര്‍ന്ന് അവരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഒരു പീഢയെറുമ്പിനും വരുത്തരുതേയെന്ന അനുഷ്ഠാനത്തോടെ ജീവിക്കുന്ന കുറെ മനുഷ്യര്‍.
കണ്ടുമുട്ടിയവരെല്ലാം ഏറ്റവും ഔന്നിത്യമുള്ളവര്‍... സ്‌നേഹം തുളുമ്പുന്ന ഭാഷ.. പ്രണയം കിനിയുന്ന വിരല്‍ത്തുമ്പുകള്‍...പറഞ്ഞു തീരാത്തത്രയും വിശേഷങ്ങള്‍. ആമുഖമായി എഴുത്തുകാരി പറയുന്നുണ്ട്: 'മഞ്ഞില്‍ പതിഞ്ഞുപോയ പാദമുദ്രകളെ തേടി ഒരുവളുടെ തനിച്ചുള്ള യാത്രയാണിത്. നെരിപ്പോടുപോലെ കത്തുന്നൊരോര്‍മ്മക്ക് കൂട്ടായി പ്രാര്‍ത്ഥന പോലൊരു പ്രണയത്തെ മുറുകെപ്പിടിച്ചുകൊണ്ട് അവള്‍- ഗോപ പത്മപാതയിലേക്ക്...
മഞ്ഞായിരുന്നു ചുറ്റിനും. മഞ്ഞല്ലാതെ മറ്റൊന്നുമില്ലായിരുന്നു. നോക്കിനില്‍ക്കെ അതിനു മീതെ താമരപ്പൂക്കളുടെ ഒരു നടപ്പാത. Snow lotus valley യിലെ പൂക്കളുടെയുള്ളില്‍ തിളങ്ങുന്ന തീച്ചുവപ്പിനെ തേടുന്നൊരാള്‍.
എട്ടുവയസ്സുകാരിയുടെ മുന്നില്‍ വെളിപാടുമായി ഗുളികന്‍ തെയ്യം മന്ത്രിക്കുന്നു.
'അന്റച്ഛനോട് പറ കുഞ്ഞീ
തീത്തുള്ളീടെ മേലെ പറക്കല്ലാന്ന്
പൊള്ളിപ്പോവും മോനേ...
ചിറക് കരിയും മോനേ...'
'No news is a good news' എന്ന പട്ടാള ക്യാമ്പിലെ അലയൊലികളെ ഗോപയെന്ന ഡോക്ടര്‍ക്കൊപ്പം വായനക്കാരും നിഷേധിക്കുന്നുണ്ട്. അമ്മയ്ക്കു വേണ്ടി ഒരു നല്ലവാര്‍ത്ത എത്തിപ്പിടിക്കുന്നതിനായി തീര്‍ത്തും പ്രതിലോമകരമായ സാഹചര്യത്തിലൂടെയുള്ള ദുരിതസഞ്ചാരമാണ് അവളുടേത്. എങ്കിലും ഉടനീളം വായനക്കാരും കൂടെ ചേരുന്നുണ്ടായാത്രയില്‍. സന്ധ്യ കനക്കുന്നതു വരെ ആശ്രമത്തിലെ പുസ്തകങ്ങളോട് ചങ്ങാത്തം കൂടി രാത്രിയോടെ മിലിട്ടറി ക്യാംപിലേക്ക് തിരിച്ചുനടക്കുമ്പോള്‍ കാണുന്ന ചെന്നായ് കൂട്ടത്തെ ബുദ്ധിപരമായി എതിരിടുന്ന ഗോപയോട് വായനക്കിടയില്‍ ഒരു സ്വകാര്യം പോലെ ഞാന്‍ പറഞ്ഞു: മിടുക്കി...ശരിക്കും ഒരു മിടുക്കിക്കുട്ടിയാണ് ഗോപ.
You are a brave soldier my dear ..എന്ന് മേലുദ്യോഗസ്ഥന്‍ പറയുമ്പോള്‍ കൃത്യമായ തീരുമാനങ്ങളിലൂടെ- നിശ്ചയദാര്‍ഢ്യത്തിലൂടെ ലക്ഷ്യത്തിലെത്താന്‍ ശ്രമിക്കുന്ന മിടുക്കിക്കുട്ടിക്ക് ആ വാക്കുകള്‍ കേട്ട് തലയുയര്‍ത്തി പിടിക്കാനുള്ള സാവകാശം പോലുമില്ലായിരുന്നു. നല്ല വാര്‍ത്തയെ തേടി ഗോപയോടൊപ്പമുള്ള സഞ്ചാരമാവുന്നു ഈ കൃതി.
Yes. She is a jolly good fellow.
ചുറ്റുമുള്ളവരുടെ സ്‌നേഹം ഗോപയെ പൊതിഞ്ഞുപിടിക്കുന്നുണ്ട്, ഈ യാത്രയിലുടനീളം. വായനയിലുടനീളം നമ്മള്‍ പഠിക്കുകയാണ് ഒരു നാട്, അവരുടെ ചരിത്രം, നാടോടിവാങ്മയങ്ങള്‍. സ്ഥലനാമചരിത്രങ്ങള്‍, അവിടത്തെ മനുഷ്യര്‍, അവരുടെ ഭക്ഷണരീതികള്‍- യാക്ക് എന്ന അവരുടെ തന്നെ ജീവനും ജീവിതവുമായ മൃഗം എങ്ങനെ ഭക്ഷണമാവുന്നു. ജീവല്‍ശൃംഖലയിലേക്ക് മനുഷ്യന്‍ എങ്ങനെ എത്തിപ്പെടുന്നു ഇതെല്ലാം.
പ്രീഡിഗ്രീ ക്ലാസ്സില്‍ ഇംഗ്ലീഷ് അധ്യാപകന്‍ തോമസ് ഗ്രേയുടെ Elegy Written in a Country Churchyard എന്ന കവിത പഠിപ്പിക്കുമ്പോള്‍ പറഞ്ഞത് ഈ പുസ്തകം വായിക്കുന്നതുവരെ ശരിയാണെന്ന് കരുതിയിരിക്കുകയായിരുന്നു. ചുരുങ്ങിയ പക്ഷം തലക്കു മീതെ ഒരു മീസാന്‍ കല്ലെങ്കിലും ഉണ്ടായിരിക്കണം നിന്നെ അടയാളപ്പെടുത്താന്‍. നമ്മളിവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവായി. നമ്മളെ അടയാളപ്പെടുത്തേണ്ടത്, പ്രവര്‍ത്തികളിലൂടെയാണ്. അതൊക്കെ അറിയാം എന്നാലും മീസാന്‍ കല്ലില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു ഇത്ര നാളും.
പക്ഷേ, ജൂനിപ്പര്‍ മരം കാവല്‍ നില്‍ക്കുന്ന ആ അവസാനത്തെ കളിത്തട്ടില്‍ പുറംലോകം കാണരുതേ എന്ന പ്രാര്‍ത്ഥനയോടെ ഒളിച്ചിരിക്കുമ്പോള്‍ ദാവ കാണിച്ചുകൊടുക്കുന്നു. മൃതദേഹം ചെറിയ കഷണങ്ങളായി നുറുക്കാന്‍ ഉപയോഗിക്കുന്ന കല്ല്.. എല്ലുകള്‍ പോലും പൊടിയായിത്തീരും. പക്ഷികള്‍ക്ക് കൊത്തിത്തിന്നാനുള്ള എളുപ്പത്തിന് ശരീരത്തിന്റെ പൊടിപോലും അവശേഷിപ്പിക്കാതെ ചെറുജീവികള്‍ക്ക് വിട്ടുകൊടുക്കുക. ഉടലുപകുത്തു കൊടുക്കുക എന്നത് അവസാനത്തെ ദാനം..ജ്ഞാനത്തിന്റെ ഉദ്യാനമായിരുന്നു അത്...
മരണം സത്യമാകുന്നു. അത് മുന്നറിയിപ്പോടെ വരുന്നു. അതില്‍ നിന്നാരും ഒഴിവാക്കപ്പെടുന്നില്ല.
ഒരു യാത്ര ഗോപയെ ഒരുക്കിയെടുക്കുകയായിരുന്നു. ഒരുപാട് അറിവുകളായി പിന്നെയും നവീകരിക്കപ്പെടുന്ന ഗോപ. ദാവ വായിച്ചറിഞ്ഞ ഗ്രന്ഥങ്ങള്‍ ഗോപക്കു കൂടി വേണ്ടിയാണെന്ന് തോന്നി പോവുന്ന വിവരണങ്ങള്‍. പുസ്തകങ്ങളുടെ അന്തമില്ലാത്ത രേഖപ്പെടുത്തലുകള്‍. മൗണ്ടനീറിംഗും ബുദ്ധിസവും സെന്‍കഥകളും എല്ലാം പറഞ്ഞുവെക്കുന്നുണ്ട്. ഇനിയുമുണ്ടല്ലോ ഒരുപാട് വായിക്കാന്‍ എന്ന് വായനക്കാരെ ആധിപിടിപ്പിക്കുന്നൊരു നോവല്‍.
യാത്രയിലുടനീളം കണ്ടുമുട്ടുന്നവരെല്ലാം സ്‌നേഹം കൊണ്ട് ബന്ധിതരാണ്. ദേശമില്ലാത്തവരുടേയും കാല്‍ക്കീഴില്‍ മണ്ണില്ലാത്തവരുടേയും കഥകളാണ്. ഈ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം വേണം. അവരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തണം. ചെറിയ കുഞ്ഞുങ്ങളെയും കൂട്ടി നടന്നുതീര്‍ക്കുകയാണ് ജീവിതം. അവരെ സുരക്ഷിതരാക്കണം...കുഞ്ഞുങ്ങളുടെ പലായനം- നെഞ്ചുരുക്കത്തോടെയല്ലാതെ കടന്നു പോവാന്‍ കഴിയുന്നില്ല. പനി പിടിച്ച് മരിച്ചുപോയ അമ്മയുടെ നെഞ്ചില്‍ നിന്നും അടര്‍ത്തിമാറ്റിയ കുഞ്ഞിനെ തുണിയില്‍ മാറാപ്പുകെട്ടി എട്ടുവയസ്സുകാരന്‍ സഹോദരന്റെ ചുമലില്‍ ആരോ ഏറ്റിക്കൊടുക്കുന്നു. അവന് അറിയില്ലായിരുന്നു, മുലപ്പാലു കുടിക്കുന്ന കുഞ്ഞാണ് ഇടക്ക് വെള്ളം കൊടുക്കണമെന്ന്. ദുരന്തത്തിന്റെ കൊടുമുടിയില്‍ നിന്നും താഴേക്കു എറിഞ്ഞുവീഴ്ത്തുന്ന മാറാപ്പുകള്‍.
പ്രിയപ്പെട്ട എഴുത്തുകാരന്‍ ഷിനിലാലിന്റെ അനുഭവക്കുറിപ്പില്‍ അദ്ദേഹമിങ്ങനെ പറയുന്നുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഹൂഗ്ലിയിലേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട തിബറ്റന്‍ യുവാവിനെക്കുറിച്ച്; തിബറ്റില്‍നിന്നും പലായനം ചെയ്യപ്പെട്ടവരിലെ മൂന്നാം തലമുറയിലെ ഒരു ഇരുപതുകാരന്‍. ചെറിയ കണ്ണുകളും പാവക്കവിളുകളുമുള്ള ഒരു അരുമക്കുഞ്ഞായി അവന്‍ സംസാരിച്ചുകൊണ്ടിരുന്നു. ഇടക്കെപ്പോഴോ എണീറ്റ് ശുചിമുറിയില്‍ പോയി വരുന്നു. തൊട്ടുപിറകെ അവനു ശേഷം പോയ എഴുത്തുകാരന്‍ കാണുന്നത് ചുമരില്‍ കോറി വരച്ചിട്ട അക്ഷരങ്ങളെയാണ്.
You may love girls-
but I love Tibbet ....
വീടുവന്നു വിളിക്കുന്നവര്‍...
പര്‍വ്വതങ്ങളുടെ അരികുചാരി വീശുന്ന കാറ്റ് വന്ന് പായ്യാരം പറയുന്നുണ്ടവരോട്...
മഞ്ഞുറഞ്ഞ തടാകങ്ങളിലെ മീന്‍ കുഞ്ഞുങ്ങളെ സ്വപ്നം കാണുന്നുണ്ടവര്‍.
യാക്കിന്‍ വെണ്ണയില്‍ തെളിയുന്ന കൊച്ചു മണ്‍ചിരാതിന്റെ വെളിച്ചം ഉള്ളില്‍ നിറച്ചവരാണവര്‍... അവരുടെ കുഞ്ഞുങ്ങള്‍ അമായും പാലായും (അമ്മയും അച്ഛനും) ബാര്‍ലി വയലില്‍ പണി തീര്‍ത്ത് തിരിച്ചെത്തുംവരെ ഐസുപോലെ തണുത്ത ജലത്തിലും മഞ്ഞുപെയ്യുന്ന തടാകക്കരകളിലും തിമര്‍ക്കുന്ന അപ്പൂപ്പന്‍താടിക്കുട്ടികളാവുന്നു. എന്നിട്ടുമെന്തേ ഇങ്ങനെ?
ആളുകള്‍ പണിയിടങ്ങളിലും ജപമാലകള്‍ ഉരുട്ടിക്കൊണ്ടിരുന്നു. മുഴുവന്‍ ലോകത്തിനു വേണ്ടി സദാ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. മഞ്ഞുകാറ്റ് ശാന്തി ശാന്തിയെന്ന് സദാ ജപിച്ചൂതുന്നു. സമാധാനത്തിനും സ്‌നേഹത്തിനും കാവല്‍ ആവശ്യമുണ്ടെന്ന് മറന്നുപോയവര്‍. തങ്ങള്‍ ആരേയും ആക്രമിക്കാത്തതു കൊണ്ട് ആരും തിരിച്ചാക്രമിക്കില്ല എന്ന് ചിന്തിച്ചവര്‍. ഗോപയുടെ കൈകളില്‍ ചുംബിച്ചുകൊണ്ട് വലിയ ലാമ വിതുമ്പുന്നു.
ഒരിക്കലെങ്കിലും തിരിച്ചു പോകണമെന്ന് എനിക്കാശയുണ്ട് മകളേ... സ്വന്തം തലയില്‍ തൊട്ടുകൊണ്ട് അദ്ദേഹം വീണ്ടും പറയുന്നു: 'ഇവിടെ മാത്രമല്ല, എന്റെ ശരീരത്തിന്റെ ഓരോ സെല്ലിലും എന്റെ ദേശത്തിന്റെ ഓര്‍മ്മയാണ്. നിറച്ചും ഓര്‍മ്മകളാണ്. ഓരോ കോശങ്ങളും എന്നോട് തിരിച്ചുപോവാന്‍ വഴക്കു പിടിക്കുന്നു. ആദ്യമായി കമിഴ്ന്നു വീണപ്പോള്‍ ചുംബിച്ച മണ്ണിന്റെ ഗന്ധവും തണുപ്പും ഓര്‍മ്മിച്ച് ഓര്‍മ്മിപ്പിച്ച് അവ എന്നെ ഭ്രാന്തുപിടിപ്പിക്കുന്നു...'
ഇത് പലായനത്തിനൊടുവില്‍ എത്തിപ്പെട്ട ഇടത്തു നിന്നും തിരിച്ചുപോവാന്‍ വെമ്പുന്ന കുറെ മനുഷ്യരുടെ കഥയാണ്. സ്വന്തം ഭാഷ പോലും ഉപയോഗിക്കരുതെന്ന് പറയുന്ന ഒരു ഭരണകൂടത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടണമെന്നാഗ്രഹിക്കുന്ന ഇനിയും പലായനം ചെയ്യുന്ന കുറെ മനുഷ്യരുടെ കൂടി കഥയാണ്. എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും സ്വന്തം ഇടത്തില്‍ നിലനില്‍ക്കുന്നത് അടിമത്തം ആസ്വദിക്കുന്നതുകൊണ്ടല്ല... ഇതാണിതാണെന്റെ ജന്മഭൂമി. ഇവിടെയാണെന്റെ ശ്വാസം,
ജീവന്‍- എന്ന ബോധ്യമുള്ളതു കൊണ്ടാണെന്നു പറയുന്നവരും ഇവിടെയുണ്ട്.
നിറഞ്ഞ സൗഹൃദവും പ്രണയവും ചാലിച്ചു ചേര്‍ത്ത യാത്രകള്‍.
ചുറ്റിനും പര്‍വ്വതങ്ങളാണ്. ഓരോ വിളുമ്പിലൂടെയും അവര്‍ കയറുകയാണ്. മറക്കരുതേ ഞങ്ങളെ പ്രിയപര്‍വ്വതങ്ങളേ...
ഓര്‍ക്കുക... നിങ്ങളുടെ ഏകാന്തമായ ഉയരങ്ങളില്‍ നിങ്ങളെ തേടി വരാന്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരുമിച്ച് മരണം കാണുന്നവര്‍, ഒരുമിച്ച് ജീവന്‍ തിരിച്ചുപിടിക്കുന്നവര്‍... എനിക്ക് നീ മാത്രമേയുള്ളൂ എന്നും നീയില്ലെങ്കില്‍ ഞാനില്ലായെന്നുമുള്ള ഏറ്റവും സത്യസന്ധമായ ബന്ധത്തിലാവുന്ന രണ്ടു പേരുടെ പര്‍വ്വതയാത്രകള്‍.
ദാവയുടെ സരിരമുത്ത്, സുനുവിന്റെ അമ്മൂമ്മയുടെ ദലൈലാമച്ചിത്രം, ഗോപയെ പൊതിഞ്ഞു പിടിക്കുന്ന അനുഗ്രഹങ്ങള്‍...സ്‌നോലോട്ടസ് പിന്നെയും ഒരുപാടു പറയുന്നു, പഠിപ്പിക്കുന്നു.
പര്‍വ്വതങ്ങളുടെ ഉച്ചിയില്‍ നിന്ന് താഴേക്കു നോക്കുക. ഒരു പര്‍വ്വതം നോക്കുന്നതുപോലെ തന്നെ.
പൊട്ടിമുളക്കുന്ന ഒരു മഞ്ഞരുവിയെ നോക്കി കുഞ്ഞേ എന്ന് കരുണയോടെ വിളിക്കുക. ചുറ്റിനും പാറപ്പുറത്തും പൊട്ടിമുളക്കുന്ന ഇളം പച്ചകളെ... ജലം നല്‍കുന്ന ജീവന്റെ കുരുന്നുമുത്തുകള്‍.
ഹിമത്തിന്റെ അമ്മ... സകല ജീവജാലങ്ങളുടേയും അമ്മ...
ജലം നിന്റെ കുഞ്ഞ്,
നദി നിന്റെ കുഞ്ഞ്,
കടല്‍ നിന്റെ കുഞ്ഞ്,
കാറ്റ് നിന്റെ കുഞ്ഞ്,
സകല ജീവജാലങ്ങളും നിന്റെ കുഞ്ഞുങ്ങള്‍.
മഞ്ഞിന്റെ അമ്മേ...
നിനക്ക് പ്രണാമം.
ഒരുപാട് പേരിലേക്കെത്തട്ടെ ഈ നോവല്‍.
പക്ഷി തുപ്പിയ ലാമയെ തേടിയുള്ള യാത്രക്ക് കൂട്ടുപോവാം... ഏറ്റവും പുതിയ ഭൂമികയിലൂടെ, ഏറ്റവും പുതിയ അനുഭവങ്ങളിലേക്ക് കൈപിടിച്ച് നടന്നുവരാം.
Content Highlights: review by a reader on lt colonel sonia cheriyans book snow lotus
Published: 20 Nov 2024, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented