ലെഫ്. കേണൽ ഡോ. സോണിയ ചെറിയാൻ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് സ്നോ ലോട്ടസ്‌. ഈ പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് വായിക്കാം...

To advertise here,

1.ദർശന തലം

നോവലിന്റെ തുടക്കത്തിൽ തന്നെ വിഷയത്തിലെ ദാർശനികമാനത്തെ അതിസുന്ദരമായി നോവലിസ്റ്റ് ആവിഷ്‌ക്കരിക്കുന്നുണ്ട്. ഹെരാക്ളിറ്റസ് ചൂണ്ടിക്കാണിച്ച "coincidentia oppositorium" എന്ന തത്വമാണത്-- "the road up and the road down are the same road". വിപരീതങ്ങൾ ഒരേ ബിന്ദുവിൽ സമന്വയിക്കുന്നു എന്ന ഹെരാക്ലിറ്റിയൻ തത്വത്തെ ഓർമ്മിപ്പിക്കുമാറ്, നോവലിന്റെ ആരംഭത്തിൽ, മലമ്പാതയിലൂടെ താഴേക്ക് ഒരു വണ്ടിയിറങ്ങി വരികയാണ്. പുതുമഞ്ഞു വീഴുന്ന കാലം. അത്യാഹ്ലാദത്തിൽ മഞ്ഞുവീഴ്ച കാണുന്ന ഗോപയുടെ മനസ്സ് ആ കാഴ്ചയിലൂടെ തന്നെ ദുഃഖത്തിലേക്കും വഴുതി വീഴുന്നു. ഓർമ്മയിൽ വിദൂരമായ ഒരു കാലത്തു ഈ മഞ്ഞിലാണ് തന്റെ അച്ഛന്റെ ശരീരം എക്കാലത്തേക്കുമായി പുതഞ്ഞു പോയത്.

ഹെരാക്ളിറ്റസിനെ ഓർത്തത് ബോധപൂർവ്വമായാണ്. "സ്നോ ലോട്ടസ്" എന്ന നോവലിന്റെ ആന്തരസ്പന്ദനം ചലനമാണ്. അനുഭവങ്ങളുടെയും, ഓർമ്മയുടെയും, കാലത്തിന്റെ തന്നെയും അനുസ്യൂതമായ ചലനം. നോവലിൽ പലയിടത്തു, പലതരത്തിൽ കടന്നു വരുന്ന ചിത്രശലഭങ്ങളെ-- പറന്നുപറന്നു പോകുന്ന ചിത്രശലഭങ്ങളെ-- ചലനത്തിന്റെ, മാറ്റത്തിന്റെ രൂപകമായി കരുതാം.  ഹെരാക്ലിറ്റസിന്റെ ഉൾക്കാഴ്ചകൾ ബുദ്ധദർശനവുമായി ചേർന്ന് പോകുന്നു എന്ന് പറയാറുണ്ട്. ബുദ്ധിസത്തിന്റെ ചില അടരുകളിലേക്ക് നോവൽ വായനക്കാരെ ക്ഷണിക്കുന്നുമുണ്ട്.

നോവലിന്റെ 'എപിഗ്രാഫ്‌' ബോധപൂർവം നോവലിസ്റ്റ് തിരഞ്ഞെടുത്തതാകണം. പതിനേഴ്- പതിനെട്ട് നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാം ദലൈലാമയുടെ (Tsangyang Gyatso) വാക്കുകളാണത്:

"First, better not to see/
Falling in love's senseless.
Second, better not know/
Misery's senseless too".

എല്ലാം അവയുടെ വിപരീതങ്ങളിലേക്കു വഴുതി വീഴുന്നു. ഈ വൈരുദ്ധ്യത്തിന്റെ കലാത്മകമായ അനാവരണമാണ് സോണിയാ ചെറിയാന്റെ ആദ്യ നോവൽ "സ്നോ ലോട്ടസ്". അതുകൊണ്ടാകാം വഴുതിപ്പോക്കുള്ള (slipperiness) മഞ്ഞുമൂടിയ പ്രദേശത്തെ കഥയുടെ പശ്ചാത്തലമായി നോവലിസ്റ്റ് സ്വീകരിച്ചതും. "മലമുകളിൽ ഉരുകിത്തീരാത്ത മഞ്ഞു ഇപ്പോഴും കട്ടകെട്ടി ചെളി പിടിച്ചു കിടന്നു. അതിനിടയിലെ നടപ്പാത കാലങ്ങളായി ആരും ഉപയോഗിക്കാത്ത പോലെ മഞ്ഞു മൂടിയിരിക്കുന്നു. ഞങ്ങൾ വളരെ കഷ്ടപ്പെട്ട് തെന്നുന്ന ഐസിനു മീതെ കൂടെ വലിഞ്ഞു കയറി. ഓരോ അടിയും തെന്നിക്കൊണ്ടിരുന്നു". (പുറം 260)

2. ആഖ്യാനതലം

സോണിയാ ചെറിയാന്റെ നോവൽ "ഴെനെർ ഫിക്ഷ"നാണ് (genre fiction). സഞ്ചാരസാഹിത്യത്തിന്റെ പല അംശങ്ങളും ഉൾക്കൊള്ളുന്ന ഒരു നോവൽ. നല്ലൊരു നോവലിന് പ്രധാനമായും നാല് വശങ്ങൾ ഉണ്ടാകും-- പ്ലോട്ട്, അതിന്റെ അനുസ്യൂതമായ വികാസം, കഥാപാത്ര ആവിഷ്കാരം, സ്റ്റൈൽ. ഇവ നാലും കൊണ്ട് സമ്പന്നമാണ് "സ്നോ ലോട്ടസ്". സാഹസികത, പ്രണയം, ഉദ്വേഗം-- ഈ വഴികളിലൂടെ ഒരു കാട്ടരുവി പോലെ അനായാസമായി ഒഴുകി നീങ്ങുന്ന എഴുത്ത്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ എഴുത്തുകാരിയുടേത് കൂടിയാകുന്നത് 'ഴെനെർ ഫിക്ഷ'ന്റെ സവിശേഷതയാണ്. മഞ്ഞു പോലെ മരവിപ്പിക്കുന്ന കാത്തിരിപ്പിനൊടുവിൽ, ഇരുപത് വർഷം കഴിഞ്ഞ്, അങ്ങ് അകലെയെവിടെയോ ഹിമാലയത്തിന്റെ വിസ്തൃതമായ മഞ്ഞുപരപ്പിൽ പുതഞ്ഞു കിടക്കുന്ന ഒരു മനുഷ്യനെ തേടിയുള്ള യാത്ര. അതിൽ ഒരേസമയം അസ്വസ്ഥതയും സ്നേഹവുമുണ്ട്.

ഏതൊരു നല്ല സാഹിത്യകൃതിയും മനുഷ്യാവസ്ഥയുടെ ചില അടിസ്ഥാന പ്രശ്നങ്ങളിലേക്ക് കടന്നു ചെല്ലും. ഇരുപതു വർഷം മുമ്പ് കാണാതായ തന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ഗോപക്ക് ഉറപ്പില്ല. അതറിയാനുള്ള കാത്തിരിപ്പിലാണ് അവൾ. കാത്തിരിപ്പ് ഉണ്ടാക്കുന്ന മനസ്സിന്റെ അസ്ഥിരത നോവലിന്റെ ആദ്യതാളുകളിൽ തന്നെ വിഷയമാകുന്നുണ്ട്. മരണത്തിലൂടെയുള്ള ഒരുവന്റെ എക്കാലത്തേക്കുമായുള്ള അഭാവവും അതിന്റെ തീരാനോവും മറ്റൊരു വിഷയമാണ്.

എട്ടു വയസ്സ് വരെ മാത്രമേ ഗോപക്ക് തന്റെ അച്ഛനെക്കുറിച്ചു നേരിട്ടുള്ള ഓർമ്മകളുള്ളൂ. ഹെലികോപ്പ്റ്റർ പൈലറ്റായിരുന്ന ക്യാപ്റ്റൻ മുകുന്ദനെ കുറിച്ചുള്ള ഓർമ്മകൾ ഗോപക്ക് പകർന്നു കൊടുക്കുന്നത് അമ്മയും കേണൽ രാജനും കേണൽ ചൗധരിയുമൊക്കെയാണ്. നോവലിൽ ഹൃദയമുലയ്ക്കുന്ന ഒരോർമ്മ ഗോപ പങ്കു വെക്കുന്നുണ്ട്. അച്ഛനെ കാണാതായി, മാസങ്ങൾക്കു ശേഷം, ഒരു ദിവസം രണ്ടു പട്ടാളക്കാർ അച്ഛന്റെ കറുത്ത ട്രങ്ക് പെട്ടിയുമായി ഗോപയുടെ വീട്ടിലെത്തുന്നു. അതിൽ നിറയെ അച്ഛന്റെ വസ്ത്രങ്ങളും ഡയറികളുമാണ്. അമ്മ ആ ട്രങ്ക് തുറന്നു നോക്കുന്നില്ലെങ്കിലും ബാലികയായ ഗോപ ട്രങ്കിലുള്ള വസ്ത്രങ്ങളിൽ നിന്നും, പുസ്തകങ്ങളിൽ നിന്നും, ഡയറികളിൽ നിന്നും അച്ഛന്റെ മണം പിടിച്ചെടുക്കുന്നു. വാസനയിലൂടെ അച്ഛനെ അറിയുന്നു. പല ഘട്ടങ്ങളിൽ പലരിൽ നിന്നുമാണ് ഗോപ തന്റെ അച്ഛനെക്കുറിച്ചു കൂടുതൽ അറിയുന്നത്. രേഖീയമല്ലാത്ത വിധത്തിൽ, സമർത്ഥമായി, നോവലിസ്റ്റ് ഈ ഓർമ്മകളെ ക്രമീകരിച്ചിരിക്കുന്നു. എല്ലാ കഥാപാത്രങ്ങളെയും കൃത്യമായും സൂക്ഷ്മതയോടെയും നോവലിസ്റ്റ് നിർവ്വചിച്ചിരിക്കുന്നു. ആഖ്യാനത്തിനാകട്ടെ ഒഴുക്കും മുറുക്കവുണ്ട്. 

ഈ നോവലിൽ കാവ്യഭാഷയുടെ ഉയരങ്ങളിലേക്ക് എത്താൻ വെമ്പുന്ന വാക്യങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. "White rhetoric" എന്നും "oracular fever" എന്നും മേരി ഒലിവർ "ഫസ്റ്റ് സ്നോ" എന്ന തന്റെ കവിതയിൽ വിശേഷിപ്പിക്കുന്ന മഞ്ഞുപെയ്ത്തിന്റെ വിശുദ്ധിയെ വർണ്ണിക്കുന്നിടങ്ങളിൽ കാവ്യഭാഷ വെട്ടിത്തിളങ്ങുന്നു.

"ഭീമാകാരമായ ഒരു മഞ്ഞുമല അങ്ങങ്ങ്‌ അകലെ കണ്ടു. വെയിലിൽ അതിന്റെ മകുടം വെളുത്തു വെട്ടിത്തിളങ്ങി" ("ആചാര്യൻ" എന്ന അദ്ധ്യായത്തിന്റെ തുടക്കം). ഭാഷയുടെയും ഭാവനയുടെയും തിളക്കം കൊണ്ട് പല വാക്യങ്ങളും കാവ്യസൗന്ദര്യത്തിൽ സ്പന്ദിക്കുന്നു. പേജ് 263-ൽ ഇങ്ങനെ കാണാം, "അമായുടെ വലത്തെ കൺകോണിൽ ഒറ്റത്തുള്ളി കണ്ണുനീർ തടഞ്ഞു നിന്നു. ഇറുങ്ങിയ കണ്ണുകൾക്ക് താഴെ ചുഴിവീണ ചാലിലൂടെ അതൊരു മെലിഞ്ഞ കാട്ടരുവി പോലെ അതിവേഗത്തിൽ ഒഴുകി. മോതിരക്കല്ലിൽ വീണ്‌ പൊട്ടിച്ചിതറി." ഇതിവൃത്തത്തിനിണങ്ങിയ ഭാഷാശൈലിയിലൂടെ വായനക്കാരിൽ സവിശേഷമായ ഒരു ഭാവതലം ഒരുക്കാൻ സോണിയക്ക് സാധിച്ചിരിക്കുന്നു.

കർമ്മത്തിന്റെയും ജനിമൃതികളുടെയും ഇടയിൽ ഗോപ തേടുന്നത് സമസ്ത ദുഃഖത്തെയും അതീതവൽക്കരിക്കുന്ന യോഗാനുഭവത്തിന് വേണ്ടിയാണ്. ദാവയുമായുള്ള രതിക്രീഡയിലും അതിന്റെ സൂചനയുണ്ട്. ഗോപയിൽ ജീവിതാഭിനിവേശം തീക്ഷണമാകുന്നു. മനോഭാവങ്ങൾ അവയുടെ വിപരീതങ്ങളിലേക്കു വഴുതി മാറുമ്പോഴും, ദുഃഖക്കയങ്ങളുടെ ആഴം വെളിപ്പെടുമ്പോഴും, ഈ നോവലിനെയാകെ മൂടി നിൽക്കുന്ന ഏതോ ഒരു മഹാനിഷ്കളങ്കതയുണ്ട്. ബൗദ്ധപൈതൃകത്തിലെ വിവേകം ഈ നോവലിന്റെ ദാർശനിക അടിത്തറയായി വർത്തിക്കുന്നു. നോവിന്റെ നേർക്ക് വിരിയുന്ന സ്നേഹത്തിന്റെ മന്ദഹാസമാണ് ഈ നോവൽ. ഒരു ഭൂപ്രദേശത്തിന്റെ സൗന്ദര്യത്തെയാകെ ആവാഹിച്ചെടുത്തിരിക്കുന്നു സ്നോ ലോട്ടസ്‌.

നോവൽ വായിച്ചു തീർക്കുമ്പോൾ മനസ്സിൽ മായാതെ നിൽക്കുന്നത് മഞ്ഞിൽ ഉറഞ്ഞുപോയ ഒരു മനുഷ്യരൂപവും അത് കയ്യിൽ അമർത്തിപ്പിടിച്ച പഴയ ഒരു ഫോട്ടോയുമാണ്. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അതിശക്തമായ ഒരോർമ്മപ്പെടുത്താൽ കൂടിയാണത്. മനുഷ്യാവസ്ഥയുടെ പല അടരുകളെ സ്വച്ഛവും നൈസ്സർഗികവുമായ ആഖ്യാനത്തിലൂടെ ഒപ്പിയെടുക്കുന്ന സ്നോ ലോട്ടസ് ആവേശമേകുന്ന വായനാനുഭവമാണ്. ആദ്യ നോവലിലൂടെ തന്നെ സോണിയ മലയാളത്തിലെ പുതിയ നോവലിസ്റ്റുകളുടെ മുൻ നിരയിൽ എത്തിയിരിക്കുന്നു.