
ശ്രീലങ്കന്‍ സംസ്‌കാരവൈവിധ്യങ്ങളെയും അധിനിവേശചരിത്രത്തെയും അടിച്ചമര്‍ത്തലുകളെയും ഐക്യപ്പെടലുകളെയും അതിജീവനത്തെയും
പ്രണയത്തെയും വിദ്വേഷത്തെയും അടയാളപ്പെടുത്തുന്ന രചനകളുടെ പരിഭാഷയാണ് എ.കെ റിയാസ് മുഹമ്മദിന്റെ ശ്രീലങ്കന്‍ കഥകള്‍. സിംഹള-തമിഴ് എഴുത്തുകളുടെ വശ്യതയും വൈവിദ്ധ്യവും വിളിച്ചോതുന്ന പന്ത്രണ്ട് എഴുത്തുകാരുടെ കഥകളുടെ സമാഹാരത്തെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതുന്നു.
യുദ്ധവും കലാപവും കരിനിഴല്‍ വീശിയ ഏതൊരു രാഷ്ട്രത്തിലെയും ജനതയുടെ പില്‍ക്കാലത്തുള്ള അതിജീവനത്തിനും പലായനത്തിനും സാദൃശ്യങ്ങള്‍ കാണാം. ഹിംസയുടെ പരിണതഫലമായി രൂപപ്പെടുന്ന മനുഷ്യരുടെ മനോനിലകളില്‍ സ്ഥൈര്യക്കുറവും വിഭ്രാന്തികളും കാണപ്പെടുന്നത് അസാധാരണമല്ല. കലാപകലുഷിതമായ രാജ്യങ്ങളുടെ പേരും ഭൂമിശാസ്ത്രവുമേ മാറുന്നുള്ളൂ. അവിടങ്ങളിലെ മനുഷ്യരുടെ ബോധമണ്ഡലങ്ങള്‍ സഞ്ചരിക്കുന്നത് ഒരേ ദിശയിലാണ്. യുദ്ധം എന്ന വാക്കിന്റെ നിര്‍വ്വചനം കണ്ടെത്തേണ്ടത് അതിലേക്കു നയിച്ച കാരണങ്ങളെക്കാള്‍ യുദ്ധത്തിന്റെ ഭൗതികാവശിഷ്ടങ്ങളിലാണ്. അതിനാല്‍ത്തന്നെ ശ്രീലങ്കയുടെ സ്ഥിതിവിവരം ചിത്രീകരിക്കുന്ന വേളയില്‍ അതിനു മറ്റു ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ സാഹചര്യവുമായി സാമ്യമുണ്ടാകുന്നതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. കൊളോണിയല്‍ ശക്തികളുടെ ആധിപത്യത്തിനു കീഴിലായിരുന്ന സിലോണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ശ്രീലങ്കയ്ക്ക് 1948-ലാണ് സ്വാതന്ത്ര്യം ലഭിച്ചത്. പതിനാറാം നൂറ്റാണ്ടിന്റെ ഒടുവില്‍ പോര്‍ച്ചുഗീസുകാരും പിന്നീട് ഡച്ചുകാരും ബ്രിട്ടീഷുകാരും ശ്രീലങ്കയെ തങ്ങളുടെ അധികാരപരിധിക്കുള്ളിലാക്കിയിരുന്നു. കാന്‍ഡി ആസ്ഥാനമായിരുന്ന രാജവംശത്തെ കീഴടക്കിക്കൊണ്ട് ആയിരത്തിയെണ്ണൂറ്റിപ്പതിനഞ്ചോടുകൂടിയാണ് ബ്രിട്ടീഷുകാര്‍ സിലോണില്‍ ആധിപത്യമുറപ്പിച്ചത്. വംശീയതയെ അതിരുവിട്ടു പ്രോത്സാഹിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണം ശ്രമിച്ചിരുന്നോ എന്നു വ്യക്തമല്ലെങ്കിലും ഈ കാലയളവില്‍ തമിഴ്സിംഹള വിവേചനം കരുത്തോടെ പ്രത്യക്ഷമാവുകയായിരുന്നു. അന്യോന്യമുള്ള സംഘര്‍ഷങ്ങള്‍ തീര്‍ക്കുന്ന അരാജകത്വവും അരക്ഷിതാവസ്ഥയുമാണ് ശ്രീലങ്കയെ പ്രക്ഷുബ്ധമാക്കിയിരുന്നത്. തമിഴ്, സിംഹള വംശജര്‍ പരസ്പരം പോരാട്ടത്തിലേര്‍പ്പെടുകയും അധീശത്വത്തിനായി സമൂഹങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. 'സങ്കല്‍പ്പരാഷ്ട്ര'ങ്ങളായി ഉരുവപ്പെടാനുള്ള ഇവയുടെ ഗൂഢശ്രമം ശ്രീലങ്കയുടെ സമാധാനം നഷ്ടപ്പെടുത്തി.
യുദ്ധത്തെ സംബോധന ചെയ്യുന്ന മനുഷ്യര്‍ വ്യത്യസ്തമായ വിധത്തിലുള്ളവരാണെന്നു പറയാം. യുദ്ധക്കെടുതിയില്‍ ഇരകളായിക്കൊണ്ട് അതിജീവനം ദുഷ്‌കരമാവുന്ന ഒരുപറ്റം മനുഷ്യരും യുദ്ധമെന്ന ആശയത്തിന്റെ ആവിഷ്‌കാരവും പരിണതിയും ചിന്തിച്ചുകൊണ്ട് സര്‍ഗ്ഗാത്മകമായ മൂല്യബോധത്തിനു ശ്രമിക്കുന്നവരും അവിടെയുണ്ട്. ഒറ്റയാവുന്നവരും ജനസാഗരത്തില്‍ അലിഞ്ഞുചേരുന്നവരും തമ്മിലുള്ള അന്തരം വലുതാണ്. നിലനില്‍പ്പും സുരക്ഷിതത്വവുമാണ് അന്യദേശങ്ങളിലേക്കു കുടിയേറ്റം ചെയ്യുന്നവര്‍ക്ക് പരമപ്രധാനമായി അനുഭവപ്പെടുന്നത്. അന്തച്ഛിദ്രങ്ങളെത്തുടര്‍ന്ന് പലായനം ചെയ്യുന്നവരുടെ ഏറ്റവും വലിയ വ്യഥ സ്വരാജ്യത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന ഉറ്റവരെക്കുറിച്ചുള്ളതാണ്. അത്തരം ഉത്കണ്ഠയാണ് ഓര്‍മ്മകളെയും ഭൂതകാലത്തെയും ഉദ്ദീപിപ്പിക്കുന്നത്. അവ ഉറഞ്ഞുകൂടി കഥകളായി പരിണമിക്കുന്നു. കാലം ജനിപ്പിച്ച ഉറവകളില്‍, സാക്ഷ്യംവഹിച്ച സംഭവങ്ങളുടെയും കാഴ്ചയില്‍ അനുഭവപ്പെട്ട ഭാവമയമായ രംഗങ്ങളുടെയും ബിംബങ്ങള്‍ ചൂടും തണുപ്പും ആവാഹിച്ചു പ്രത്യക്ഷമാകുകയാണ്. ഹിംസ നടമാടിയ കാലത്തെ സംബന്ധിച്ച ഓര്‍മ്മകള്‍ പിന്നീട് രൂപകങ്ങളായും അതികഥകളായും അവതരിപ്പിക്കപ്പെടുന്നു. സ്മൃതിപഥത്തിലുള്ള രക്തം ചിന്തിയ തെരുവോരങ്ങളുടെ ചിത്രം യുദ്ധത്തെ അതിജീവിച്ച മനുഷ്യരില്‍ ഘനീഭവിച്ചുകിടക്കുകയാണ്.
പ്രാദേശികഭാഷകളെ അടിച്ചമര്‍ത്തിക്കൊണ്ട്, ഭരണകൂടത്തിന്റെ, അധികാരത്തിന്റെ ഭാഷയെ സുസ്ഥാപിക്കാനുള്ള യത്നങ്ങള്‍ കൊളോണിയല്‍ വ്യവസ്ഥയില്‍ അസാധാരണമല്ല. ഫ്രഞ്ച് ദേശീയതയുമായി ബന്ധപ്പെട്ട പഠനങ്ങളില്‍, ഫ്രഞ്ച് ഭാഷ നിലയുറപ്പിക്കാത്ത അനേകം ഭാഷകളെ തുടച്ചുനീക്കിക്കൊണ്ടാണ് ചുവടുറപ്പിച്ചതെന്ന ഒരു നിരീക്ഷണമുണ്ട്. ആഭ്യന്തര കോളനീകരണത്തിന്റെ ഭാഗമായി ഭാഷകള്‍ ഇല്ലാതാവുന്നത് സ്വാഭാവികമായ പ്രക്രിയയായിത്തീര്‍ന്നു. കഠിനമായ സമ്മര്‍ദ്ദം നിത്യജീവിതത്തിലെ പ്രധാന ഘടകമായി മാറുകയും എഴുത്തിലൂടെ അതു തരണംചെയ്യാനുള്ള പരിശ്രമവുമാണ് അസ്വസ്ഥഭരിതമായ രാജ്യത്തെ എഴുത്തുകാര്‍ ലക്ഷ്യംവെക്കുന്നത്. സ്ഥാപിതമായ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി ചിന്തിക്കുന്നതോടെ പൊതുസമൂഹത്തില്‍ ജീവിതം ദുസ്സഹമാകുകയും ഇച്ഛാഭംഗവും നൈരാശ്യവും ഉടലെടുക്കുകയുമാണ്. ഇത്തരം ഒരു നിര്‍ണ്ണായക മുഹൂര്‍ത്തത്തിലാണ് എഴുത്ത് എന്ന പ്രക്രിയയുടെ സാംഗത്യം പ്രാധാന്യമര്‍ഹിക്കുന്നത് എന്നു സാരം. ഒരുപക്ഷേ, രാജ്യം വിട്ട് അഭയാര്‍ത്ഥിയായി (പ്രവാസിയായി) ജീവിക്കുമ്പോഴേ രാജ്യത്ത് നടന്ന അരാജകത്വത്തിന്റെ തോതും അസ്വാസ്ഥ്യത്തിന്റെ തീവ്രതയും വ്യക്തമായി വിശകലനം ചെയ്യാനാകൂ. രാഷ്ട്രീയ അസ്ഥിരത, ഹിംസയുടെ പാത, ഓര്‍മ്മയെന്ന രൂപകം എന്നിങ്ങനെയുള്ള അസ്തിവാരപാളികളില്‍ പ്രതിഷ്ഠിച്ച ആഖ്യാനങ്ങള്‍ ശ്രീലങ്കയെ അടയാളപ്പെടുത്തുകയാണ്. പന്ത്രണ്ടു കഥകളടങ്ങിയ 'ശ്രീലങ്കന്‍ കഥകള്‍' എന്ന ഈ സമാഹാരത്തില്‍ ഏഴു തമിഴ് കഥകളുടെയും അഞ്ചു സിംഹളകഥകളുടെയും പരിഭാഷയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാഷയെ വിവര്‍ത്തനം ചെയ്യുക എന്നതിലുപരിയായി സംസ്‌കാരത്തെയും വികാരത്തെയും കൂടിയാണ് എ.കെ. റിയാസ് മുഹമ്മദ് എന്ന പരിഭാഷകന്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത് എന്നത് എടുത്തുപറയണം. ചരിത്രപരമായും സമകാലികമായും ശ്രീലങ്കയുടെ ഉള്ളൊഴുക്കുകള്‍ വ്യക്തമായി മനസ്സിലാക്കിയാല്‍ മാത്രമാണ് അത്തരമൊരു താദാത്മ്യം പ്രാപിക്കലിന് സാധിക്കൂ എന്നുറപ്പാണ്. തമിഴിലെയും സിംഹളത്തിലെയും രാഷ്ട്രീയമായ ജാഗ്രത പുലര്‍ത്തുന്ന സമകാലകഥകള്‍ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമാണ്. പ്രസ്തുത തിരഞ്ഞെടുപ്പിനൊപ്പം കഥകളുടെ സത്ത നഷ്ടമാവാതെ പരിഭാഷപ്പെടുത്തുക എന്ന വെല്ലുവിളിയും അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നവിധത്തില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ബഹുസ്വരസമൂഹത്തിന്റെ ആന്തരികമായ സംഘര്‍ഷങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലെങ്കില്‍ രാഷ്ട്രീയരചനകളുടെ ഉള്‍ക്കാമ്പ് സുവ്യക്തതയോടെ ഗ്രഹിക്കാന്‍ സാധിക്കുകയില്ല എന്നു വരുന്നയിടത്താണ് ഈ പരിഭാഷകന്റെ വൈഭവം സ്പഷ്ടമാകുന്നത്. മാത്രമല്ല, സ്വകീയമായ രീതിയില്‍ എഴുതപ്പെട്ട ആശയാവിഷ്‌കരണത്തെ തനിമചോരാതെ അവതരിപ്പിക്കുകയെന്നതും പ്രധാനമാണ്.
സമകാലത്ത് ഭരണകൂടം നീതി നടപ്പിലാക്കുന്നത് ന്യായത്തിന്റെ കണിശതയെ ആസ്പദമാക്കിയാണോ എന്ന ചോദ്യത്തിന് വ്യക്തതയോടെ ഉത്തരം നല്‍കാനാവില്ല. കാഫ്കയുടെ വിചാരണയിലെ 'കെ' നേരിട്ട സന്ദിഗ്ദ്ധഘട്ടം ഇന്ന് ഏതൊരു വ്യക്തിക്കും ഏതൊരു നിമിഷവും സംബോധനചെയ്യേണ്ടി വന്നേക്കാം. നിയമം അധികാരവുമായി ബന്ധപ്പെട്ട രൂപഘടനയാണെന്നു വരുന്നതോടെ അന്തിമവിധി പുറപ്പെടുപ്പിക്കുവാന്‍ ശേഷിയുള്ളത് സ്റ്റേറ്റിനാവുന്നു. 'കെ'യെപ്പോലുള്ളവരുടെ പിന്‍ഗാമികള്‍ ചരിത്രത്തില്‍ അനിവാര്യമല്ലാത്ത ഘടകങ്ങളായി പരിണമിക്കുകയാണ്. നീതിനിയമംഅധികാരം എന്നിങ്ങനെയുള്ള ത്രിത്വം സാമാന്യേന സാധാരണക്കാര്‍ക്ക് എതിരാവുന്നതിന്റെ 'ന്യായ'ശാസ്ത്രം ഇക്കാലത്ത് സുവിദിതമായിത്തീര്‍ന്നു. അധികാരം കൈയാളുന്ന ഭരണകൂടത്തിന്റെ പരമോന്നതപദവിക്ക് യാതൊരു പോറലും ഏല്‍ക്കുന്നുമില്ല. നിയമം നിര്‍മ്മിക്കുകയും അനുശാസിക്കുകയും ചെയ്യുന്ന കര്‍ത്തൃത്വം സ്റ്റേറ്റിന്റെ ആവുന്നതോടെ ജനാധിപത്യത്തിന് മൂല്യച്യുതി സംഭവിക്കുകയാണ്. നിയമത്തിന്റെ അജ്ഞാതമായ വശങ്ങള്‍ അധികാരികളുടെ നിക്ഷിപ്തതാത്പര്യം സംരക്ഷിക്കുന്നതിനായി പൊതുസമൂഹത്തില്‍ അവരോധിക്കപ്പെടുന്നതിന്റെ ചിത്രം ഇന്ന് അപൂര്‍വ്വദൃശ്യമല്ല. സമൂഹത്തിന്റെ ഉത്കണ്ഠയുടെ സ്പന്ദനം വര്‍ദ്ധിപ്പിക്കുന്നതരത്തിലുള്ള ഭരണകൂടത്തിന്റെ ചെയ്തികള്‍ അശാന്തിയുടെയും അരക്ഷിതാവസ്ഥയുടെയും ഇടങ്ങളെ സൃഷ്ടിക്കുകയാണ്. ഈ ഒരു ചുറ്റുപാടിലാണ് ഷോഭാശക്തിയുടെ 'ആഴമുള്ള ആഭ്യന്തരവിചാരണ' എന്ന കഥ വായിക്കേണ്ടത്. ഇരുപത്താറു വര്‍ഷം നീണ്ടുനിന്ന ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിനിടയില്‍ സമാധാനദൗത്യവുമായി എത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. 1990-ലെ ഒരു സൈനികനീക്കത്തിന്റെ ഭാഗമായി എണ്‍പത്തിയാറു ശ്രീലങ്കക്കാരെ തടവുകാരാക്കി ജാഫ്നയ്ക്കടുത്ത് ഊരിപ്പുലം എന്ന ഗ്രാമത്തിലെ ഒരു താത്കാലിക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നു. അതിനിടെ, ഊരിപ്പുലത്തില്‍ കുടിവെള്ള വിതരണനിര്‍ഗ്ഗമന സമിതിയുടെ പണിക്കാര്‍ ഭൂമിക്കടിയില്‍ എണ്‍പത്തിയഞ്ചു മനുഷ്യരുടെ തലയോട്ടികളും അസ്ഥികൂടങ്ങളുമടങ്ങിയ ശവക്കുഴി കണ്ടെത്തി. ശവക്കുഴിക്ക് അരികിലായി ഒരു കിണര്‍ മണ്ണിട്ടു മൂടിയതായി കാണപ്പെട്ടിരുന്നു. ഇതിനെ അടിസ്ഥാനമാക്കി കോടതിവ്യവഹാരം ആരംഭിക്കാനിടയായി. ഈ പശ്ചാത്തലത്തില്‍, നിജസ്ഥിതി നേരിട്ട് അന്വേഷിക്കാനിറങ്ങിയ രണ്ടു ന്യായാധിപരുടെ നേതൃത്വത്തില്‍ കിണറിനടിയില്‍ ജീവനോടെയിരിക്കുന്ന ഒരു മനുഷ്യനെ കണ്ടുപിടിച്ചു. യുദ്ധക്കെടുതികളുടെ അനന്തരഫലങ്ങളെ നേരിടാന്‍ കഴിയാതെ വൈകാരികമായ ആഘാതത്തിനു വിധേയരായ മനുഷ്യരെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ഈ കഥയിലെ കഥാപാത്രം മണ്ണിനടിയില്‍ ചുവടുറച്ച് ജീവിക്കുന്ന കാഴ്ച ഭാവനയുടെ മറ്റൊരു ലോകത്തെ തുറന്നുകാണിക്കുന്നു. ഒരുപക്ഷേ, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ലിമിനല്‍ സ്പേസ് ആയി ഭൂഗര്‍ഭജീവിതത്തെ അവലോകനം ചെയ്യാം. മനുഷ്യത്വമെന്ന തലത്തെ ജൈവികമണ്ഡലത്തിനു പുറമേ നിന്നുകൊണ്ട് അപഗ്രഥനം ചെയ്യുന്നതിലൂടെ നിഷ്പക്ഷമായ വീക്ഷണത്തോടെ ഭൂതകാലത്തെ പഠിക്കാന്‍ ഇവിടെ സാധിക്കുന്നു. 2022ലെ ബുക്കര്‍ സമ്മാനം ലഭിച്ച ശ്രീലങ്കന്‍ എഴുത്തുകാരനായ ഷെഹന്‍ കരുണതിലകയുടെ The Seven Moons of Maali Almeida എന്ന നോവലില്‍ മരണപ്പെട്ട മുഖ്യകഥാപാത്രത്തിന്റെ വ്യവഹാരം, താന്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന അന്വേഷണമായി മാറുകയാണ്. എന്നാല്‍ ഈ കഥയിലാകട്ടെ, താനുള്‍പ്പെടെയുള്ള തടവുകാര്‍ക്കുണ്ടായ വിപര്യയം അനാവരണം ചെയ്യുന്ന പേര് ഓര്‍മ്മയില്ലാത്ത കേന്ദ്രകഥാപാത്രമാണുള്ളത്.
ഓര്‍മ്മയെ സജീവമായി നിലനിര്‍ത്താനുള്ള ഉപാധിയായി കഥപറച്ചിലിനെ ഉപയോഗിക്കുകയും അതുവഴി നാടുമായുള്ള പൊക്കിള്‍ക്കൊടിബന്ധത്തെ നിലനിര്‍ത്തുകയും ചെയ്യുകയാണ് കഥാകൃത്ത്. ഓര്‍മ്മക്കുറിപ്പില്‍ യാഥാര്‍ത്ഥ്യത്തിനു പ്രഥമസ്ഥാനം നല്‍കുമ്പോള്‍, ഓര്‍മ്മകളെ കഥയായി എഴുതുമ്പോള്‍ സത്യവും സങ്കല്‍പ്പവും കൃത്യമായ അനുപാതത്തോടെ കൂട്ടിച്ചേര്‍ക്കാമെന്ന സ്വാതന്ത്ര്യമുണ്ട്. സത്യവും പൊളിയും നിറഞ്ഞ ആ ലോകത്തിന്റെ ഉള്‍പ്പിരിവുകളെയാണ് സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തെ അനുഭവിച്ച എഴുത്തുകാര്‍ പുനഃസൃഷ്ടിക്കേണ്ടത്. നാടിനു നാശം വിതയ്ക്കുന്ന തരത്തിലുള്ള സംഹാരം താണ്ഡവമാടുന്ന പരിതഃസ്ഥിതിയില്‍, ദേശമുപേക്ഷിച്ച് പലായനം ചെയ്യേണ്ട സാഹചര്യം ഉരുണ്ടുകൂടുകയാണ്. ഈ അവസ്ഥയില്‍ ഓര്‍മ്മകളെ മാത്രമേ മുറുകെപ്പിടിക്കാനാവൂ. ഓര്‍മ്മകളാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തിനു വെള്ളവും വളവും നല്‍കാനെന്നോണം ഭാവനയുടെ അംശങ്ങള്‍ ലയിച്ചുചേരുകയാണ്. ഇത്തരം ചുറ്റുപാടിലാണ് റഷ്മിയുടെ കഥയായ 'നീല'ത്തെ വായിക്കേണ്ടത്. ഭയഭീതിദമായ അന്തരീക്ഷത്തെ മറികടക്കാനായി ഒരു വലയം തീര്‍ക്കാന്‍ സര്‍ഗ്ഗാത്മകരായ മനുഷ്യര്‍ വെമ്പല്‍കൊള്ളുന്നതിന്റെ ദൃഷ്ടാന്തമായി 'നീല'ത്തെ പരിഗണിക്കാം. 'എന്റെ ഭാര്യപോലുമറിയാതെ മറച്ചുവെച്ചിരിക്കുന്ന മാഞ്ഞുപോയ കാലത്തിന്റെ ഇരുട്ടില്‍ സ്വയമറിയാതെതന്നെ ഞാന്‍ മല്ലിട്ടുകൊണ്ടിരിക്കുകയാണോ' എന്ന ആഖ്യാതാവിന്റെ ചോദ്യത്തിന്റെ അനുരണനങ്ങള്‍ പലതാണ്. അശാന്തമായ ഭൂപ്രദേശത്ത് സമവാക്യങ്ങളും നിര്‍ദ്ധാരണക്രിയകളും വേറിട്ട ശൈലിയിലാണ് പ്രവര്‍ത്തനക്ഷമമാവുന്നത്. അങ്ങനെ വരുമ്പോള്‍, വര്‍ത്തമാനകാലത്തെക്കാള്‍ ഭൂതകാലത്തെ ആശ്ലേഷിക്കുന്നതാവും ഉത്തമം. മാത്തയ്യ എന്നൊരാളുടെ ചരമവൃത്താന്തത്തെയും ഭൂതകാലത്തെയും കൂട്ടിയിണക്കാനാണ് ആഖ്യാതാവ് താത്പര്യപ്പെടുന്നത്. രാഷ്ട്രം നിലനിന്നിരുന്നു എന്ന പൊതുവിശ്വാസത്തില്‍ ഊന്നുമ്പോഴും ആഭ്യന്തരകലാപങ്ങളും തെരുവുയുദ്ധങ്ങളും പരസ്പരമുള്ള തമിഴ്സിംഹള സ്പര്‍ദ്ധയും ഇന്ത്യന്‍ ശാന്തിസേനയുടെ വ്യവഹാരങ്ങളും രാഷ്ട്രം 'ഓര്‍മ്മയില്‍' നിലനില്‍ക്കാന്‍ മാത്രമേ ഉതകുന്നതാക്കുന്നുള്ളൂ. ഇനി മാത്തയ്യയെപ്പറ്റിയുള്ള 'ചരിത്രം' കഥയായി പറയുന്നതു ശ്രദ്ധിക്കൂ. അയാള്‍ ആഖ്യാതാവിന്റെ ജീവിതത്തിനു സംഭവിപ്പിച്ച മാറ്റം വലുതായിരുന്നു. അങ്ങേയറ്റം സ്വാസ്ഥ്യത്തോടെ കഴിഞ്ഞുപോന്നിരുന്ന അയാള്‍ക്ക് സ്വഭാവഭ്രംശം വരുത്തിക്കൊണ്ട് മാത്തയ്യ പരോക്ഷസാന്നിദ്ധ്യമായിത്തീരുകയാണ്. ഒരു ചിത്രക്കമ്പളത്തിലെ തുന്നല്‍പ്പണികളെ ഓര്‍മ്മിച്ചുവെക്കാന്‍ സാധിക്കുന്നതുപോലെ ചില മനുഷ്യരുടെ ചെയ്തികളെയും മറക്കാന്‍ കഴിയില്ല. അപ്രകാരമുള്ള മാത്തയ്യയുടെ മരണം, പോയകാലത്തെ സ്മരണകളെ ഇരമ്പലോടുകൂടി മടക്കിക്കൊണ്ടുവരുന്നു. ഇയക്കത്തില്‍ പ്രവര്‍ത്തിച്ച മാത്തയ്യയുടെ അനുഭവവും അയാളുടെ പ്രണയവും ഒക്കെ പ്രദേശവാസികളെ സ്പര്‍ശിച്ച സംഗതികളായിരുന്നു. മരണാനന്തരവും മനുഷ്യര്‍ ലോകത്തെ സാകൂതം വീക്ഷിക്കുന്നതും വര്‍ണ്ണിക്കുന്നതും ഫിക്ഷനു ലഭിക്കുന്ന സ്വാതന്ത്ര്യവും ആനുകൂല്യവുമാണ്. നമുക്കു ഗ്രഹിക്കാന്‍ കഴിയാത്തത് 'മറ്റൊരു ലോക'ത്തിരുന്നുകൊണ്ട്, ജീവിക്കുന്നവര്‍ക്കിടയില്‍ സ്പഷ്ടമായ ഇടപെടലുകള്‍ നടത്തുന്ന കഥാപാത്രമായി മാത്തയ്യയെ ബിംബവത്കരിക്കുകയാണ്. ഓര്‍മ്മപോലും വേദനയാവുന്ന ചുറ്റുപാടില്‍, ഓര്‍മ്മ വികസിക്കുന്ന വഴികളെ റദ്ദുചെയ്യാനുള്ള പ്രയത്നം മനുഷ്യര്‍ ബോധപൂര്‍വ്വം ചെയ്യാറുണ്ട്. എന്നാല്‍ അവയെ തോല്‍പ്പിച്ചുകൊണ്ട് മാത്തയ്യ ഇവിടെ ഉയര്‍ന്നുനില്‍ക്കുന്നതായി കാണാം.
ഒരേ രാജ്യത്ത് ജീവിക്കുന്ന രണ്ടു വിഭാഗങ്ങള്‍ക്കിടയിലെ വെറിക്ക് ചരിത്രമാനങ്ങളുണ്ട്. ഈ സമാഹാരത്തില്‍, പ്രമീള പ്രദീപന്‍ എഴുതിയ 'ജില്‍ ബ്രാഡ്ലി' എന്ന കഥയിലെ ശിവനേസന്‍ സിംഹളരോടുള്ള വെറുപ്പ് കൃത്യമായി പ്രകടിപ്പിക്കുന്നുണ്ട്. കുടുംബപ്പേരായ സിംഹളനാമം ഉപേക്ഷിച്ച്, ദേശപ്രാദേശിക ബന്ധമില്ലാത്ത പേരു തിരഞ്ഞെടുത്ത ജില്‍ ബ്രാഡ്ലിയുടെ തീരുമാനത്തില്‍ ശിവനേസന്‍ സന്തോഷിക്കുന്നതിലെ രാഷ്ട്രീയം വ്യക്തമാണ്.
തമിഴനായതുകൊണ്ട് കാമുകനെ ഉപേക്ഷിച്ച, ജില്‍ ബ്രാഡ്ലി എന്ന പേരു സ്വീകരിച്ച കഥാപാത്രവും വംശീയചിന്ത പുലര്‍ത്തുന്നുവെന്നു തീര്‍ച്ചപ്പെടുത്താം. 'തമിഴരെ മനസ്സിലാക്കിയ ധാരാളം സിംഹളരുണ്ടായിരുന്നു. അവരെ ശ്രദ്ധിക്കാന്‍ നിങ്ങള്‍ വിട്ടുപോയിരുന്നു. അതുപോലെ അവരുമായി ഇടപഴകാനുള്ള അവസരങ്ങളെ നിങ്ങള്‍ കരുതിക്കൂട്ടിത്തന്നെ ഒഴിവാക്കുന്നു' എന്ന അഭിപ്രായവും അവര്‍ പറയുന്നുണ്ട്. സൃഷ്ടിപരമായ വ്യാഖ്യാനവും കൈയടക്കവും അടങ്ങിയ കഥയായ 'ജില്‍ ബ്രാഡ്ലി'യില്‍ ആഭ്യന്തരകലാപവും ജില്ലിന്റെ കാമുകനായിരുന്ന വിഭാകരന്റെ പലായനവും സര്‍റിയലിസത്തിന്റെ തത്ത്വവാദവും അടിസ്ഥാനാംശങ്ങളാവുന്നു. വളരെ മികച്ച ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്ന ജില്ലിനെ വാന്‍ഗോഗിന്റെ ചിത്രരചനാരീതിയോടും മരണത്തോടും ഫ്രിഡ കാലോയുടെ ജീവിതത്തോടും സാല്‍വദോര്‍ ദാലിയുടെ ചിത്രമെഴുത്തിനോടും താരതമ്യം ചെയ്ത് അവതരിപ്പിക്കാന്‍ കഥാകൃത്ത് ശ്രദ്ധിക്കുന്നുണ്ട്. ചിത്രരചനയുടെ മൂല്യവത്തായ സംവാദത്തിലൂടെ കഥ മുന്നോട്ടുപോകുമ്പോഴും 'ജില്‍ ബ്രാഡ്ലി'യില്‍ ഈഴവും തമിഴ്സിംഹള വൈരാഗ്യവും കലഹവും അടിയൊഴുക്കായി വര്‍ത്തിക്കുന്നു. തവിട്ടുനിറമുള്ള കണ്ണുകളും തെളിഞ്ഞ ഇംഗ്ലീഷ് ഉച്ചാരണവും വെള്ളനിറവും ഉള്ളതിനാല്‍ ജില്‍ ബ്രാഡ്ലി എന്ന പേര് ആധികാരികമാവുന്നു എന്ന പ്രസ്താവന ബോഡി പൊളിറ്റിക്സിന്റെ ലക്ഷണശാസ്ത്രമാവുകയാണ്.
ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ തകരുമ്പോള്‍ സംജാതമാവുന്ന മാനസിക വ്യവഹാരങ്ങളെ ഭ്രമാത്മകമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് തമിഴ്നദി എഴുതിയ 'താഴമ്പൂ' എന്ന കഥയുടേത്. നേരത്തേ സൂചിപ്പിച്ച ഭൂതകാലവുമായി ബന്ധപ്പെട്ട ചിന്താഗതിതന്നെയാണ് 'കഴിഞ്ഞുപോയ കാലത്തിന്റെ കണ്ണുകളാല്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന' നാടിനെക്കുറിച്ച് 'താഴമ്പൂ'വില്‍ തമിഴ്നദി പരാമര്‍ശിക്കുമ്പോഴും പ്രകടമാകുന്നത്. വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍നിന്നു വരുന്ന രണ്ടു യുവതികള്‍ പരസ്പരം അറിയുകയും അവരുടെ സാഹചര്യങ്ങള്‍ ഏതാണ്ട് ഒരേപോലെയാണെന്ന തിരിച്ചറിവില്‍ എത്തുകയുമാണ്. സ്നേഹിച്ച പുരുഷനുവേണ്ടി ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ വ്യഥ അടക്കാനാവാത്തവിധം പരവശപ്പെടുത്തുമ്പോള്‍, 'നീ ഒറ്റയ്ക്കല്ല, ഞാനുമുണ്ട്' എന്നു വിളിച്ചുപറയാന്‍ ഒരാള്‍ വരുന്നതുപോലെ; അതിഗൂഢമായ അന്തരീക്ഷത്തില്‍നിന്ന്, വശീകരിക്കുന്ന ഗന്ധവുമായി അടുത്തെത്തുന്ന പെണ്‍കുട്ടിയില്‍ തന്റെതന്നെ സ്വത്വം കാണാന്‍ വെമ്പുന്ന ആഖ്യാതാവിന്റെ മനോനിലയെയാണ് കഥയില്‍ ചിത്രീകരിക്കുന്നത്. 'കഴിഞ്ഞുപോയ കാലത്തിന്റെ കണ്ണുകളാല്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന' നാടിനെ സംബന്ധിച്ചാണ് 'താഴമ്പൂ' വിലും സംവേദനം ചെയ്യുന്ന വിശാലമായ ആശയം. ദേശം അതിന്റെ എല്ലാ വ്യതിരിക്തതയോടുംകൂടി കൈയെത്താദൂരത്തെ കനിയായി സ്ഥിതിചെയ്യുന്ന വേളയില്‍, ദേശസ്നേഹം അനുഭവശൂന്യമാവുകയാണോ എന്ന സന്ദേഹമാണ് കഥയില്‍ അന്തര്‍ലീനമായ നീതിശാസ്ത്രം. നിശിതമായ വിമര്‍ശനത്തിലൂടെ ഒരു ബദല്‍ മാതൃക നിര്‍ദ്ദേശിക്കാതെ, ഫാന്റസിയുടെ വിതാനത്തില്‍ നിന്നുകൊണ്ട് സര്‍ഗ്ഗാത്മകമായ അര്‍ത്ഥധ്വനി സൃഷ്ടിക്കുന്ന കഥയാണിത്.
ഈഴത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ സജീവമായി പങ്കെടുത്ത ചക്രവര്‍ത്തി എന്ന എഴുത്തുകാരന്‍ പില്‍ക്കാലത്ത് ശ്രീലങ്ക വിടുകയായിരുന്നു. അഭയാര്‍ത്ഥിജീവിതം നയിക്കേണ്ടിവന്ന അദ്ദേഹം എഴുതിയ രാഷ്ട്രീയമാനങ്ങളുള്ള കഥയായ 'ഓപ്പറേഷന്‍ മങ്കൂസി'ല്‍ നിയമപാലകര്‍ വേട്ടയാടുന്ന സാഹചര്യത്തില്‍ ഈഴം പ്രവര്‍ത്തകന്റെ സങ്കീര്‍ണ്ണമായ ജീവിതത്തെ അവതരിപ്പിക്കുന്നു. സ്വരാജ്യത്തെ ഔദ്യോഗികരേഖയ്ക്കൊപ്പം മറ്റൊരു രാഷ്ട്രത്തിന്റെ പാസ്പോര്‍ട്ടുകൂടി കൈവശമുള്ള വീരക്കുട്ടി എന്ന സഖാവിനെക്കുറിച്ചുള്ള ആഖ്യാനമാണ് 'ഓപ്പറേഷന്‍ മങ്കൂസ്'. 'മരണഭയം അവസാനിക്കുന്നതും തലച്ചോറ് സ്വമേധയാ ചില പഴയ ഓര്‍മ്മകളെ വീണ്ടെടുത്ത് വര്‍ത്തമാനകാലവുമായി കെട്ടുപിണയ്ക്കാന്‍ തുടങ്ങും' എന്നു പറഞ്ഞുകൊണ്ട് വിവിധ കാലങ്ങളിലെ പലരുടെ ആക്രമണത്തെപ്പറ്റി വീരക്കുട്ടി ഓര്‍ത്തെടുക്കുന്നുണ്ട്. ക്യൂബ എന്ന സ്വപ്നഭൂമിയിലെ, വിപ്ലവസ്മരണകള്‍ ഓരോ അണുവിലും വഹിക്കുന്ന രാജ്യത്ത് എത്തിപ്പെട്ട അയാള്‍ക്കു നേരിടേണ്ടിവന്ന അനുഭവം ഒട്ടും സന്തോഷപ്രദമായിരുന്നില്ല. നേതൃത്വത്തിന്റെ തെറ്റായ മാര്‍ഗ്ഗങ്ങളെ ചോദ്യംചെയ്യുന്നവരുടെ രക്തം ചിന്തപ്പെടുമെന്ന അലിഖിതനിയമം വെച്ചുപുലര്‍ത്തുന്ന പ്രസ്ഥാനത്തില്‍, കാലം മുഴുവനും മരണഭയത്തെയും പേറി അലയുകയെന്ന ശാപം വീരക്കുട്ടിയെപ്പോലെയുള്ള സഖാക്കള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു.
താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന് ഏതെങ്കിലും തരത്തില്‍ അപചയം സംഭവിച്ചിരുന്നോ എന്നു സ്വതന്ത്രമായി ചോദിക്കാന്‍ കൂടിയാണ് ചകവര്‍ത്തി കഥ രചിച്ചിരിക്കുന്നത്. വിപ്ലവവീര്യം നിറഞ്ഞ ക്യൂബയില്‍പ്പോലും വിപ്ലവകാരികള്‍ സുരക്ഷിതരല്ലെന്ന നിഗമനത്തില്‍ വീരക്കുട്ടി എത്തിച്ചേരുന്നുണ്ട്. വിപ്ലവം വിധ്വംസകപ്രവൃത്തിയായി കരുതുന്ന സ്റ്റേറ്റിന്റെ അധീശാധികാര കാഴ്ച ക്യൂബയിലും പ്രത്യക്ഷപ്പെട്ടു. കലാപത്തീയുടെ കത്തുന്ന ജ്വാലകള്‍ ഭ്രമാത്മകതയെയും ഫാന്റസിയെയും സര്‍റിയലിസത്തെയുമൊക്കെ ആഴമേറിയ സങ്കേതങ്ങളാക്കിത്തീര്‍ക്കുന്നു. സ്വദേശത്തെ കീറിമുറിച്ച് അതിരുകള്‍ കെട്ടിയുയര്‍ത്തുകയും ആവാസവ്യവസ്ഥകള്‍ നിര്‍മ്മിക്കുകയും ചെയ്തുകൊണ്ട് ഭാഷയുടെയും ആചാരത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യര്‍ക്കിടയില്‍ വൈജാത്യം വളര്‍ന്നുതുടങ്ങി. രാജ്യം ഒറ്റസ്തൂപത്തില്‍ ഉറച്ചു നില്‍ക്കുന്നതാണെന്ന ബോദ്ധ്യത്തിന് ഇതോടുകൂടി ബലക്കുറവ് അനുഭവപ്പെടുകയാണ്. കത്തിച്ചാമ്പലായിക്കൊണ്ടിരിക്കുന്ന തെരുവോരങ്ങളില്‍, അഗ്നി ശമിച്ചതിനുശേഷം തലചായ്ക്കാനാവുമെന്ന് അനുമാനിച്ചവരും നിരാശരായി. അക്കാലമായപ്പോഴേക്കും സര്‍വ്വ സീമകളും ലംഘിച്ചുകൊണ്ട് ജനതയ്ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഫൂക്കോ നിരൂപിച്ചതുപോലത്തെ ആശയോപാധികളുടെ സാദ്ധ്യത (Apparatus) സ്റ്റേറ്റ് ആലോചിച്ചുതുടങ്ങിയിട്ടുണ്ടാവണം.
അ. മുത്തുലിംഗം എന്ന പ്രവാസി എഴുത്തുകാരന്‍ രചിച്ച കഥയാണ് 'എതിരാളി.' ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍ മെനഞ്ഞെടുത്ത കഥയില്‍ കുതന്ത്രം ഉപയോഗിച്ച് ശത്രുവിനെ വകവരുത്തുന്നത് കൃത്യമായി ആവിഷ്‌കരിക്കുന്നു. കോഴിവളര്‍ത്തുകാരനായ മ്വാംഗി, മുട്ടകള്‍ മോഷ്ടിക്കുന്ന, പതിനാലടി നീളമുള്ള അപകടകാരിയായ കറുപ്പ് മാംബാ എന്ന പാമ്പിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്ന സരളമായ ആഖ്യാനമാണ് 'എതിരാളി.' തനിക്ക് നേരിട്ടു പിടിതരാത്ത, എന്നാല്‍ തന്റെ അസ്തിത്വത്തെ ചോദ്യചെയ്യുന്ന ശത്രുവിനെ കീഴ്പ്പെടുത്താന്‍ എല്ലാ വിദ്യകളും പരീക്ഷിച്ചു തളര്‍ന്ന അയാള്‍ 'വഴിവിട്ട' മാര്‍ഗ്ഗം സ്വീകരിക്കുന്നതിന്റെ ദൃഷ്ടാന്തമായി കഥ മാറുന്നു. പെരുമ്പാമ്പുപോലെ ചുറ്റിവളഞ്ഞുകിടക്കുന്ന ആഭ്യന്തരസംഘര്‍ഷത്തെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന അതിവായനകൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവണം. പാമ്പിന്റെ കാഴ്ചവട്ടത്തുള്ള വീട്ടില്‍ രണ്ടുവയസ്സുള്ള മകനോടൊപ്പം കഴിയാന്‍ എമിലിക്ക് ബുദ്ധിമുട്ടുണ്ടായി എന്ന പ്രസ്താവനയും ശ്രീലങ്കയുടെ ചരിത്രവുമായി ചേര്‍ത്തുവായിക്കാം.
ഇന്‍ഡോആര്യന്‍ വിഭാഗത്തില്‍പ്പെട്ട സിംഹളഭാഷയും ദ്രാവിഡഭാഷയായ തമിഴും സംസാരിക്കുന്നവര്‍ തമ്മില്‍ സാംസ്‌കാരികമായ അന്തരമുണ്ട്. ജീവിതശൈലിയിലും ആചാരങ്ങളിലും ഭക്ഷണരീതികളിലും ഇരുകൂട്ടര്‍ക്കുമിടയില്‍ വ്യക്തമായ വ്യത്യാസം അനുഭവപ്പെടും. തമിഴ് ദേശീയതയും ഈഴമെന്ന പോരാട്ടമൊന്നും സിംഹളരെ ഒരു പരിധിവരെ ബാധിക്കുന്നില്ല. ഇതിന് അനുരൂപമായി കഥയിലെ പക്ഷങ്ങളും പക്ഷഭേദങ്ങളും വിഭിന്നമായ അംശങ്ങള്‍ നിറഞ്ഞതാണ്. ഈ സമാഹാരത്തിലെ, സുമുദു നിരാഗി സെനെവിരത്നെയുടെ 'മോചിതയായി ഞാന്‍, മോചിതയായി ഞാന്‍! ശ്രേഷ്ഠമായിത്തന്നെ മോചിതയായി ഞാന്‍!' എന്ന സിംഹളഭാഷയിലെ കഥ ദുരൂഹമായി മരണപ്പെടുന്ന ഭിക്ഷുണിയമ്മയെ ചുറ്റിപ്പറ്റി വികസിക്കുന്നതാണ്. പരിചയക്കാരുടെയും അയല്‍ക്കാരുടെയും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ ഭിക്ഷുണിയമ്മ എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വവും സ്വഭാവവും വ്യക്തമാകുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ യത്നിക്കുന്നു. ഭിക്ഷുണിയമ്മയുടെ സൗന്ദര്യത്തെ കാമത്തോടെ നോക്കിയിരുന്ന പുരുഷന്മാരുടെ ഒരു സംഘം അവിടെയുണ്ടായിരുന്നു. ആണധികാരത്തിന്റെ നോട്ടങ്ങളിലും ഭാവങ്ങളിലും പെട്ടുഴറിയ സ്ത്രീയായ ഭിക്ഷുണിയമ്മയ്ക്ക് ദാനധര്‍മ്മങ്ങള്‍പോലും ശരിയാംവണ്ണം ലഭിച്ചിരുന്നില്ല. വിഹാരത്തിലേക്ക് ദാനം നല്‍കുന്നതില്‍ ബദ്ധശ്രദ്ധരായ നാട്ടുകാര്‍ ഇക്കാര്യത്തില്‍ ഉദാസീനരായിരുന്നു. എത്രയോ പേരെ മറവുചെയ്ത ശവക്കോട്ട സ്ഥിതിചെയ്ത സ്ഥലത്ത് അവര്‍ക്കു വീടു കെട്ടിക്കൊടുത്തതിലുള്ള രാഷ്ട്രീയവും കാണാതിരുന്നുകൂടാ. ഉള്ളില്‍ കെടാത്ത അഗ്നിജ്വാലയുമായി ജീവിച്ച അവര്‍ അകംതീയില്‍ സ്വയം വെന്തെരിഞ്ഞതാവണം.
അശാന്തമായ ദേശത്തിന്റെ അലട്ടലുകള്‍ അവിടത്തെ മനുഷ്യരുടെ ശാന്തമായ സ്വത്വത്തെ എന്നന്നേക്കുമായി തുടച്ചുമാറ്റുന്നു. അപാരമായ ഏകാന്തത അനുഭവിച്ചിരുന്ന സന്താ എന്ന സിംഹളസ്ത്രീയുടെ വീട്ടില്‍ വാടകക്കാരനായെത്തിയ തമിഴനായ രഘുനാഥന്‍ ഈഴത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവനായിരുന്നു. ഒരു ബോംബുസ്ഫോടനത്തില്‍ മരണപ്പെട്ട നിരപരാധിയായ ഓറഞ്ചുകച്ചവടക്കാരന്റെ ഭാര്യയായിരുന്നു അവര്‍. പോകപ്പോകെ അവരിരുവരും അടുക്കുന്ന കാഴ്ചയാണ് തക്ഷില സ്വര്‍ണമാലി സിംഹളഭാഷയില്‍ എഴുതിയ 'പൊട്ട്' എന്ന കഥയുടെ ഇതിവൃത്തം. ഏകതാനമായ ജീവിതം ശീലമായ സ്ത്രീയില്‍ പ്രസരിപ്പിന്റെയും പ്രതീക്ഷയുടെയും പൊട്ടുകള്‍ തൊടുവിച്ച ചെറുപ്പക്കാരനെ പോലീസ് അന്വേഷിച്ചിരുന്നു. ഈഴം എന്ന ആശയത്തെ ആവിഷ്‌കരിക്കാനായി ജീവിതം പണയംവെക്കാന്‍ തയ്യാറായ രഘുനാഥനെ അവര്‍ക്ക് നഷ്ടപ്പെടുകയാണ്. ഒരിക്കല്‍ സമാധാനത്തിന്റെ ലോകം അപ്രതീക്ഷിതമായി ഇല്ലാതായ അവര്‍ക്ക് പിന്നീടെപ്പോഴോ നാമ്പെടുത്ത വൈകാരികമായ അന്തര്‍ജ്വാലയും കെട്ടടങ്ങുകയാണ്. സാധാരണലോകത്ത് അരികുപറ്റി ജീവിച്ചിരുന്ന സന്തായുടെ ഭര്‍ത്താവും വിശാലമായ തന്നിടം സ്വപ്നംകണ്ട രഘുനാഥനും വ്യത്യസ്തമായ കാരണങ്ങളാല്‍ ഇരകളായിത്തീരുകയാണ്. അതിഗൂഢമായ ജീവിതത്തിരക്കഥയില്‍ പകച്ചു നില്‍ക്കുന്നവളായ സന്താ നിസ്സംഗതയിലേക്കും നിത്യദുഃഖത്തിലേക്കും വഴുതിവീഴുകയും ചെയ്യുന്നു. ദേശീയത ആവിഷ്‌കരിക്കാനായി ആരുടെയൊക്കെയോ ചിന്താപദ്ധതികളുടെ ഇരകളായി പരിണമിക്കുന്ന നിരപരാധികള്‍ 'ഈഴ'ത്തിന്റെ ഹൃദയതാളത്തെ ആവാഹിക്കുന്നുണ്ടോ എന്നു സംശയമാണ്.
വീട്ടുജോലിക്ക് തമിഴരെ നിര്‍ത്താതിരിക്കണമെന്നു മദ്ധ്യവര്‍ഗ്ഗ സിംഹളകുടുംബങ്ങളില്‍ അലിഖിതനിയമമുണ്ടായി. ശ്രീലങ്കയില്‍ തമിഴര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിക്കുന്ന ബുദ്ധിജീവിയായ ജയദേവയ്ക്കും ഇതേ അഭിപ്രായമാണുള്ളത്. പട്ടാളം ദേശനായകരായി മാറിയതും ദേശീയപതാക കാറുകളില്‍ ഇടംപിടിച്ചതും ആയിടയ്ക്കാണ്. തമിഴ് പുലികളെ കൊന്നൊടുക്കി സര്‍ക്കാര്‍ സൈന്യം മുന്നേറിയതോടെ വീട്ടിലെ ജോലിക്കാരിയായ തമിഴത്തി ലക്ഷ്മിയുടെ ദോശയിലെ മൃദുത്വം അപ്രത്യക്ഷമായിത്തുടങ്ങി. മദ്ധ്യവര്‍ഗ്ഗത്തിലെയും വരേണ്യവിഭാഗത്തിലെയും സിംഹളര്‍ കൊടിയെച്ചൊല്ലി അഭിമാനം കൊണ്ടു. ഈ പരിസരപ്രമേയമാണ് ലിയനഗേ അമരകീര്‍ത്തിയുടെ സിംഹള കഥയായ 'പുതിയ ലക്ഷ്മി'യിലുള്ളത്. ട്രിനിറ്റി സ്‌കൂളില്‍ പഠിക്കുകയും ഡെനിം വസ്ത്രം ധരിക്കുകയും കൊടി കൈയിലേന്തുകയും ചെയ്യുന്ന തലമുറയെ എങ്ങും കാണാന്‍ കഴിഞ്ഞു. ഇങ്ങനെ വംശീയത വളര്‍ന്നുകൊണ്ടിരുന്നു. ടെലിവിഷനില്‍ യുദ്ധത്തിന്റെ തല്‍സമയസംപ്രേഷണവും ആരംഭിച്ചു. ലക്ഷ്മിയെ പ്രകോപിപ്പിക്കാനായി ശബ്ദമുയര്‍ത്തി അതു കാണുക വീട്ടിലെ പതിവായി മാറി. 'അങ്ങനെ ക്രൂരമായി പെരുമാറുമ്പോള്‍, ഏതോ ഒരു രഹസ്യമായ വംശീയമൃഗം അദൃശ്യലോകത്തുനിന്നു കരങ്ങള്‍ നീട്ടി എന്റെ നെറ്റിയില്‍ സിംഹരൂപത്തെ പച്ചകുത്തിയതുപോലെയും എന്റെ മുഖത്ത് വൈരൂപ്യം പടര്‍ന്ന് ഉഗ്രത നിറഞ്ഞതുപോലെയും എനിക്കനുഭവപ്പെടും' എന്ന ആഖ്യാതാവിന്റെ വാക്കുകള്‍ വംശീയത ആഴത്തില്‍ ആഴ്ന്നിറങ്ങിയാലുള്ള മനുഷ്യരുടെ പൊതുരീതിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ദേശീയത ഊട്ടിയുറപ്പിക്കുന്നതിന് ഔദ്യോഗികമായ നീക്കങ്ങള്‍ രൂപംകൊള്ളുന്നത് പൗരവര്‍ഗ്ഗത്തിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ മേല്‍ സ്റ്റേറ്റ് പ്രാബല്യത്തില്‍ കൊണ്ടുവരുന്ന അനുശാസനമാണ്.
തമിഴ് ജനതയുടെ വികാരത്തെ കൃത്യതയോടെ മനസ്സിലാക്കിക്കൊണ്ട് എഴുതുന്ന ഹസീന്‍ ആദത്തിന്റെ കഥയായ 'അരയന്നക്കൊക്കി'ല്‍ എന്നാല്‍ രാഷ്ട്രീയം പ്രത്യക്ഷധാരയാവുന്നില്ല. വനം, വേട്ട എന്നിങ്ങനെയുള്ള സങ്കല്‍പ്പത്തിനും വിനിമയത്തിനുമാണ് കഥാകൃത്ത് ഈ കഥയില്‍ പ്രാധാന്യം കൊടുക്കുന്നത്. അന്ധകാരത്തിനു മുന്നില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്ന പരിതോവസ്ഥയില്‍ തണലായി കാതലുള്ള കാട് എന്ന രൂപകത്തെ അവതരിപ്പിക്കുകയാണ് 'അരയന്നക്കൊക്കി'ല്‍. സൗന്ദര്യാത്മകമായ വിധത്തില്‍ കലാപകാലുഷ്യത്തെ മറച്ചുപിടിക്കാനുള്ള പരിശ്രമമാണിത്. ഇസുരു ചാമരാ സോമവീരയുടെ 'മിസ്സിസ് പെരേര' എന്ന കഥ ലളിതമായി വായിച്ചു പോകാവുന്നതും സ്ത്രീയുടെ ഏകതാനമായ ലോകത്തെ ആവിഷ്‌കരിക്കുന്നതുമാണ്.
സൂസന്ത മൂനമല്‍പേയുടെ 'വിജിത്തിന്റെ വളകളുടെ ലോക'ത്ത് നാനാതരത്തിലുള്ള ശബ്ദങ്ങളുടെ ലയമാണ് ശ്രദ്ധേയമാവുന്നത്. വിജിത്ത് എന്ന ബസ് കണ്ടക്ടര്‍ ധരിച്ച പല നിറങ്ങളിലെ റബ്ബര്‍വളകള്‍ കൂട്ടിമുട്ടുമ്പോള്‍പോലും കാതുകള്‍ക്ക് ഇമ്പമേകുന്ന ശബ്ദം ഇരേഷയ്ക്ക് അനുഭവപ്പെടുന്നുണ്ട്. വളകള്‍ വാങ്ങുന്നതിനും അണിയുന്നതിനും പിന്നിലെ കഥകള്‍ വിജിത്തില്‍നിന്ന് ഇരേഷ ചോദിച്ചറിയുന്നുണ്ട്. 'ലോകത്തിലെ പല കാര്യങ്ങളും ചക്രത്തിന്റെ ആകൃതിയിലും വളയങ്ങള്‍ പോലെയും വളകള്‍ പോലെയുമാണ് നടന്നുകൊണ്ടിരിക്കുന്നത്' എന്ന അയാളുടെ കാഴ്ചപ്പാട് ജീവിതവുമായി ബന്ധപ്പെട്ട് രൂപപ്പെടുത്തിയതാണ്. ജീവിതത്തില്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കാന്‍ സാദ്ധ്യതയില്ലാത്ത കാര്യങ്ങളെ ഓര്‍ത്തുവെക്കാനെന്നോണം പ്രസ്തുത സംഭവങ്ങളുമായി ചേര്‍ത്തുവെക്കുന്ന വളകളെ അയാള്‍ അണിയുന്നു. 'റബ്ബര്‍ വളയങ്ങളായി ചുറ്റിച്ചുറ്റി സഞ്ചരിച്ച' ജീവിതസംഭവങ്ങളുടെ സംക്ഷിപ്തരൂപമാണ് ഈ കഥ. അയാളുടെ മാതൃക പിന്തുടര്‍ന്ന് വളകളണിയാനാരംഭിച്ച ഇരേഷയും ഓര്‍മ്മകളെ സൂക്ഷിച്ചുവെക്കാനുള്ള ശ്രമമാണ് നടത്തിയത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇരുവരുടെയും സഞ്ചാരപാത വേറെയാവുകയും ഇടപഴകുന്ന ലോകം വ്യത്യസ്തമാവുകയും ചെയ്യുകയാണ്. വളകള്‍ക്ക് അവരുടെ ഓര്‍മ്മകളെ പരസ്പരം ചേര്‍ത്തുപിടിക്കാനായില്ല.
സാന്‍സിബാറില്‍നിന്ന് ചെറുപ്പത്തിലേ പലായനം ചെയ്യേണ്ടിവന്ന സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച അബ്ദുല്‍ റസാക്ക് ഗുര്‍ണ ഓര്‍മ്മകളുടെ സംരക്ഷണത്തിനു കൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ചാണ് നോബല്‍ സമ്മാനം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞത്. അധിനിവേശവും വിപ്ലവവും പോരാട്ടവും നടന്ന മണ്ണില്‍ ജീവിക്കുമ്പോള്‍ സ്മൃതിനാശം സംഭവിക്കുമോ എന്നു ഭയക്കുന്ന ശ്രീലങ്കക്കാര്‍ക്ക് ഗുര്‍ണയുടെ നിരീക്ഷണം അങ്ങേയറ്റം സംഗതമാണ്. ഒരിക്കല്‍ ജീവിതത്തെ പ്രശോഭിപ്പിച്ച രംഗങ്ങളെ എന്നെന്നും തെളിഞ്ഞുകാണാനായി ആഗ്രഹിക്കുന്ന ശ്രീലങ്കയിലെ തദ്ദേശീയരുടെ വികാരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണ് ഗുര്‍ണയുടെ വാദം. ഓര്‍മ്മയെ സ്ഫുടംചെയ്ത് പാകപ്പെടുത്തി വെക്കാന്‍ എഴുത്തിലൂടെ കൃത്യതയോടെ സാധിക്കുന്നു. ശ്രീലങ്കയിലെ എഴുത്തുകാരുടെ ഉദ്യമവും മറ്റൊന്നല്ല. വളരെയധികം കാലം കോളനിവത്കരണത്തിനു വിധേയമായ ശ്രീലങ്ക, ഗോത്രപരമായ വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ചവരാണ്. എന്നാല്‍ ഭൂരിപക്ഷവര്‍ഗ്ഗമായ സിംഹളക്കാര്‍ സിംഹളദേശീയതയ്ക്കായി മുറവിളികൂട്ടിയതോടെ ന്യൂനപക്ഷമായ തമിഴ് ജനതയ്ക്ക് അടിച്ചമര്‍ത്തപ്പെട്ടവരുടെ വികാരമുണ്ടായി. അധിനിവേശശക്തികളുടെ കരവലയത്തില്‍നിന്നു മോചനം ലഭിച്ചു കഴിഞ്ഞപ്പോഴേക്കും ആഭ്യന്തരയുദ്ധത്തിന്റെ പിരിമുറുക്കത്തിലായിപ്പോയ രാഷ്ട്രത്തിനു സാഹിത്യവും സംസ്‌കാരവും ഓര്‍മ്മകളിലൂടെ സമാന്തരമായ ലോകം ആകൃതിപ്പെടുത്തുകയാണ്.
ഓര്‍മ്മയുടെ സൂക്ഷ്മമായ സംരക്ഷണത്തിനും വിന്യാസത്തിനുമിടയില്‍, ജീവിച്ചു മരിക്കുന്നവരുടെയും, പ്രേതങ്ങളായവരുടെയുമിടയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കും കെട്ടുകഥകള്‍ക്കുമിടയില്‍ മരിച്ചു ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് എഴുതുകയെന്നത് ശ്രീലങ്കയുടെ പശ്ചാത്തലത്തില്‍ ഒരു രാഷ്ട്രീയ ഉത്തരവാദിത്വമാണ്. ഭൂതകാലത്തെ ഓര്‍മ്മകളുടെ സാക്ഷാത്കാരമായിട്ടാണ് ഈ സമാഹാരത്തിലെ കഥകളുടെ അടുത്തു ചെല്ലേണ്ടത്. പോയകാലത്തെ, പ്രത്യേകതകളില്ലാത്ത ഒരു സംഭവത്തെ ഓര്‍ത്തെടുക്കുന്നതുപോലെ ലളിതമായി കലാപത്തിന്റെയും യുദ്ധത്തിന്റെയും ചോരപ്പാടുകളെ സ്മരിക്കാനാവില്ല. ഏതൊരു രാഷ്ട്രത്തിനും സദൃശമായി ദേശരാഷ്ട്രം, ദേശീയത തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ ശ്രീലങ്കയിലുമുണ്ടായി. എന്നാല്‍ സമഗ്രമായ ദേശീയതയ്ക്ക് ബദലായി സിംഹളതമിഴ് ദേശീയതകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബെനഡിക്ട് ആന്‍ഡേഴ്സണ്‍ വിഭാവനം ചെയ്ത 'സാങ്കല്‍പ്പികസമൂഹം' വിഭാഗീയമായി മാറുകയാണ്. ഓര്‍മ്മയെ ബലപ്പെടുത്താനായി സര്‍ഗ്ഗാത്മകവഴിയിലൂടെ പുതിയ തുരുത്തുകളോ രക്ഷാകേന്ദ്രങ്ങളോ കണ്ടുപിടിക്കാനുള്ള എഴുത്തുകാരുടെ ഉപായം കഥകള്‍ക്ക് തുറവികൊടുക്കുന്നു. അതിന്റെ മികച്ച ഉദാഹരണമാണ് ഈ സമാഹാരം.
ഒറ്റപ്പെടുന്നവരുടെ ആധിയും ആള്‍ക്കൂട്ടത്തിന്റെ സന്ദേഹവും പരസ്പരം ഉരസിക്കൊണ്ടിരിക്കുന്ന സ്ഥിതിയില്‍ അറിയാതെ, കാണാതെ, ഇല്ലാതെ പോകുന്നത് ചില വൈകാരികമുഹൂര്‍ത്തങ്ങളാണ്. സ്നേഹവും പ്രണയവും നൊമ്പരവും വിഷാദവും കൈയൊപ്പു ചാര്‍ത്താനാവാതെ ഗദ്ഗദമായി അവശേഷിക്കുന്നു. ഇവിടെ പ്രതിപാദിച്ച കഥകളുടെ തുടിപ്പും മറ്റൊന്നല്ല. ഈ സമാഹാരത്തിലെ കഥകളുടെ (വിശേഷിച്ച് തമിഴ് കഥകളുടെ) ഉള്‍പ്പാളിയായി അധികാരഭീകരതയുടെ ഒരു അദൃശ്യവലയം നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഫലമായി ആഖ്യാനത്തില്‍ വിഹ്വലത തളംകെട്ടിയിട്ടുള്ളതായി ഗ്രഹിക്കാന്‍ കഴിയും. വംശീയകലാപത്തെയും 'ശുദ്ധികലശ'ത്തെയും തുടര്‍ന്ന് തമിഴ് ഈഴത്തിന്റെ ദേശീയതയിലധിഷ്ഠിതമായ വിനിമയയിടം പെരുമാറുന്നത് എങ്ങനെയെന്ന സൂചകങ്ങളായി ഇപ്പറഞ്ഞ കഥകളെ സമീപിക്കാവുന്നതാണ്.
Content Highlights: rahul radhakrishnan reviews srilankan kadhakal by ak riyas muhammed
Published: 16 Nov 2023, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented