പുതുതായി കൈവന്ന സ്വാതന്ത്ര്യം ആനി പഠനത്തിനായി ചെലവഴിച്ചു. മി. സ്‌കോട്ടിന്റെ ഗ്രന്ഥശാല ആനി ഇതിനായി ഉപയോഗപ്പെടുത്തി. ഈ അവസരത്തിലും ആനി സൗത്ത് പാലസ് ചാപ്പലിൽ കോൺവായ്‌യുടെ പ്രസംഗങ്ങൾ കേൾക്കാറുണ്ടായിരുന്നു. ഡീൻ മാൻസലിന്റെ ‘ബാംപ്ടൺ പ്രസംഗങ്ങൾ’ ആനി വീണ്ടും വായിച്ചു. ഇതെല്ലാം ആനിയെ നിരീശ്വരവാദത്തിലേക്ക് മാറ്റുവാനേ സഹായിച്ചുള്ളൂ. ആനി പ്രാർത്ഥിക്കുന്ന പതിവ് നിർത്തി. അത് തികച്ചും അസംബന്ധമായി ആനിക്ക് തോന്നി. കാരണം, എല്ലാം അറിയുന്ന സർവ്വശക്തനാണ് ദൈവമെങ്കിൽ നാം എന്തിന് അദ്ദേഹത്തോട് അപേക്ഷിക്കണം? ഒരുദിവസം മി. സ്‌കോട്ടിനോട് ആനി ചോദിച്ചു, ‘‘മി. സ്‌കോട്ട്, ദൈവത്തിന്റെ നിലനിൽപ്പിനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഞാനൊരു ലഘുലേഖ എഴുതട്ടേ?’’ മി. സ്‌കോട്ട് ആനിയോട് എഴുതാൻ ആവശ്യപ്പെട്ടു. ആ ലഘുലേഖ കൈയെഴുത്തുപ്രതി രൂപത്തിൽ ഇരിക്കേയാണ് ആനിയുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവുണ്ടായത്. ആനി ചാൾസ് ബ്രാഡ്‌ലോയെ കണ്ടുമുട്ടി. അങ്ങനെ ആദ്യമായി ആനി ബസന്റ് വിഖ്യാതമായ ‘ഹാൾ ഓഫ് സയൻസിൽ’ കാലുകുത്തി. ഹാൾ ജനനിബിഡമായിരുന്നു. ചാൾസ് ബ്രാഡ്‌ലോയെ സദസ്സ് ഹർഷാരവത്തോടെ സ്വാഗതം ചെയ്തു. തീക്ഷ്ണമായ നയനങ്ങളും ദീർഘമായ നെറ്റിയും വിരിഞ്ഞ നെഞ്ചും ഉയർന്ന ചുമലുകളും ഉള്ള ഒരു പുരുഷകേസരിയെ ആനി കണ്ടു ചാൾസ് ബ്രാഡ്‌ലോ.
ബ്രാഡ്‌ലോ പ്രസംഗം ആരംഭിച്ചു. ജനം പരിപൂർണ്ണ നിശബ്ദരായി. വളരെ സരളവും സാവധാനവുമായി ബ്രാഡ്‌ലോ പ്രസംഗിച്ചുതുടങ്ങി. കൃഷ്ണൻ, ക്രിസ്തു എന്നീ മിത്തുകളുടെ സാദൃശ്യത്തെപ്പറ്റി അദ്ദേഹം വ്യാഖ്യാനിച്ചു. വളരെ മൃദുവായി ആരംഭിച്ച വാക്കുകൾ പിന്നീട് പെരുമ്പറകൊട്ടുന്നതുപോലെ ഹാളിൽ മുഴങ്ങി. ക്രൈസ്തവ മതത്തിലെ അന്ധവിശ്വാസങ്ങളെ കടന്നാക്രമിച്ച ബ്രാഡ്‌ലോയുടെ വാക്കുകൾ വളരെ ശക്തവും ആശയഗാംഭീര്യമാർന്നതും ആയിരുന്നു.
പ്രസംഗം അവസാനിച്ചപ്പോൾ കൈയിൽ കുറച്ച് സർട്ടിഫിക്കറ്റുകളുമായി ബ്രാഡ്‌ലോ പ്ലാറ്റ്‌ഫോമിൽനിന്നും താഴേക്ക് ഇറങ്ങിവന്നു. ആനിയുടെ സർട്ടിഫിക്കറ്റ് നീട്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു, ‘‘മിസിസ്സ് ബസന്റല്ലേ?’’ ആനിക്ക് വളരെ അദ്ഭുതമായി. തന്നെ എങ്ങനെയാണ് ബ്രാഡ്‌ലോ ആ ആൾക്കൂട്ടത്തിൽ വെച്ച് തിരിച്ചറിഞ്ഞത്? ബ്രാഡ്‌ലോ പറയുന്നതും തനിക്ക് ഇക്കാര്യം അജ്ഞാതമാണ് എന്നാണ്.

To advertise here,

എന്തായാലും മറ്റു മുഖങ്ങളിൽനിന്നും ആനിയുടെ മുഖം താൻ പെട്ടെന്ന് കണ്ടെത്തി എന്ന് ബ്രാഡ്‌ലോ പറയുന്നു. ഹാൾ ഓഫ് സയൻസിൽ വെച്ച് ആരംഭിച്ച ആ സൗഹൃദം ബ്രാഡ്‌ലോയുടെ മരണംവരെ നിലനിന്നു. ഏതോ ഒരു പൂർവ്വജന്മബന്ധമായിരിക്കാം താനപ്പോൾ പുതുക്കിയതെന്ന് ആനി ഓർക്കുന്നു. നിരീശ്വരവാദത്തെക്കുറിച്ച് ചർച്ച ചെയ്യാനായി ബ്രാഡ്‌ലോ ആനിയെ ക്ഷണിച്ചു. ബ്രാഡ്‌ലോ നൽകിയ ഉപദേശങ്ങൾ വളരെ വിലപ്പെട്ടവയായിരുന്നു. പിൽക്കാലത്ത് ആനിയുടെ ചിന്താഗതിയെ ബ്രാഡ്‌ലോ വളരെയേറെ സ്വാധീനിച്ചു. ബ്രാഡ്‌ലോ നൽകിയ ഉപദേശങ്ങൾ ഏതാണ്ട് ഇപ്രകാരം സംഗ്രഹിക്കാം: ‘ഒരു സംഗതിയെക്കുറിച്ച് നാം അഭിപ്രായപ്രകടനം നടത്തുന്നതിനു മുമ്പായി ആ സംഗതിയെ വിമർശിച്ചുള്ള അഭിപ്രായങ്ങളും നാം നല്ലപോലെ മനസ്സിലാക്കിയിരിക്കണം. ഒരു സംഗതിയെക്കുറിച്ച് എല്ലാ ചിന്തകരും പറഞ്ഞ അഭിപ്രായങ്ങൾ മനസ്സിലാക്കിയാൽ മാത്രമേ നാം അതിനെക്കുറിച്ച് ശരിയായി ഗ്രഹിക്കുന്നുള്ളൂ. പൊതുപ്രവർത്തകർ നല്ലതുപോലെ പഠിച്ച് വിലയിരുത്തൽ നടത്തിയശേഷമേ പൊതുവേദിയിൽ പ്രസംഗിക്കാവൂ. നിങ്ങൾ സ്വയം നിങ്ങളുടെ വിമർശകനാവുക. നമ്മുടെ പ്രസംഗങ്ങൾ നാംതന്നെ വിമർശനബുദ്ധിയോടെ ശ്രവിക്കുക. നമ്മെ അധിക്ഷേപിക്കുന്ന പരാമർശങ്ങളിലും എന്തെങ്കിലും സത്യത്തിന്റെ കണിക ഉണ്ടോയെന്ന് പരിശോധിക്കുക. നിങ്ങൾ പൂർണ്ണമായി യോജിക്കുന്ന കാര്യങ്ങൾ വിട്ട് വിയോജിക്കുന്ന അഭിപ്രായങ്ങൾ പുനഃപരിശോധന നടത്തി വിട്ടുപോയ സത്യത്തിന്റെ വശങ്ങൾ കാണുക.’
ആനിയുടെ വാഗ്മിത്വം ജനങ്ങളുടെ കൈയടി ഏറ്റുവാങ്ങി. എന്നാൽ, ബ്രാഡ്‌ലോ ആ പ്രസംഗത്തിലെ പോരായ്മകളും ദുർബലമായ വാദങ്ങളും ചൂണ്ടിക്കാട്ടി ആനിയെ സൃഷ്ടിപരമായി വിമർശിച്ചു. ആനിക്ക് അതെല്ലാം വിലമതിക്കാനാവാത്ത സഹായങ്ങളായി. സ്വകാര്യജീവിതത്തിൽ ഇത്രയേറെ മാന്യനായ ഒരാളെ കണ്ടിട്ടില്ലെന്ന് ആനി പറയുന്നു. പ്രത്യേകിച്ചും, സ്ത്രീകളോട് വളരെ മാന്യമായും മര്യാദയായും മാത്രമേ ബ്രാഡ്‌ലോ പെരുമാറിയിരുന്നുള്ളൂ.
‘ഹാൾ ഓഫ് സയൻസിൽ’ വെച്ച് പരിചയപ്പെട്ട് ഒന്നുരണ്ട് ദിവസങ്ങൾക്കകം ആനി ബ്രാഡ്‌ലോയെ താമസസ്ഥലത്ത് ചെന്നുകണ്ടു. ബ്രാഡ്‌ലോ പുസ്തകങ്ങൾക്കു നടുവിൽ ഏകനായി കഴിയുന്നു. അദ്ദേഹത്തിന്റെ ജീവിതസമ്പാദ്യമെന്നു പറയാവുന്നത് പുസ്തകങ്ങൾ മാത്രമായിരുന്നു.
ആനി എഴുതിയ ‘ദൈവത്തിന്റെ പ്രകൃതിയും നിലനിൽപ്പും’ എന്ന ലഘുലേഖയുടെ െൈകയഴുത്തുപ്രതിയും കൂടെ എടുത്തിരുന്നു. ആ ലഘുലേഖയെ അടിസ്ഥാനമാക്കിയാണ് ആനി സംസാരിച്ചത്. ബ്രാഡ്‌ലോ പറഞ്ഞു, ‘‘നിങ്ങൾ അറിയാതെതന്നെ നിരീശ്വരവാദത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.’’ ലേഖനത്തിലെ ‘ദൈവം ഇല്ല’ എന്നുള്ള പ്രയോഗം മാറ്റാൻ ബ്രാഡ്‌ലോ ആവശ്യപ്പെട്ടു. സാധാരണയായി നിരീശ്വരവാദികൾ വരുത്താറുള്ള ഒരു ഗൗരവതരമായ തെറ്റായിരുന്നു ആ പരാമർശം.
1874 മുതൽ 1886 വരെയുള്ള ഒരു വ്യാഴവട്ടക്കാലം ആനി ബസന്റ് ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും നിരീശ്വരവാദം പ്രചരിപ്പിച്ചു. ആത്മകഥയിലെ ഏഴാമത്തെ അദ്ധ്യായത്തിന് ആനി നൽകിയ പേരുതന്നെ ‘നിരീശ്വരവാദം ഞാൻ അറിഞ്ഞതും പഠിപ്പിച്ചതും’ (Atheism as I knew and taught it) എന്നാണ്. വളരെ സുദീർഘമായിത്തന്നെ നിരീശ്വരവാദത്തെക്കുറിച്ച് ഈ അദ്ധ്യായത്തിൽ പരാമർശിക്കുന്നുണ്ട്. ചാൾസ് ബ്രാഡ്‌ലോയുടെ ചിന്തകൾ പാശ്ചാത്യലോകത്തെ മാത്രമല്ല, ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കാനിടയായ ഇന്ത്യക്കാരെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. മലയാളഭാഷയിലെ ആദ്യ നോവൽ എന്ന ഖ്യാതി നേടിയതും, 1889–ൽ പ്രസിദ്ധപ്പെടുത്തിയതുമായ ഇന്ദുലേഖയുടെ പതിനെട്ടാം അദ്ധ്യായത്തിൽ ഒരു കഥാപാത്രം നിരീശ്വരമതം എന്താണെന്ന് സമർത്ഥിക്കുന്നതിന് ചാൾസ് ബ്രാഡ്‌ലോയുടെ കൃതിയിൽ നിന്നുമാണ് ഉദ്ധരിക്കുന്നത്. ബ്രാഡ്‌ലോ ഫ്രീ തിങ്കേഴ്‌സ് ടെക്സ്റ്റ് ബുക്ക് എന്ന ഗ്രന്ഥത്തിൽ പറയുന്നു, ‘‘നിരീശ്വരവാദി ദൈവം ഇല്ലെന്നു പറയുന്നില്ല. നിങ്ങൾ ദൈവം എന്നു പറയുന്നതിന്റെ അർത്ഥം എനിക്ക് മനസ്സിലാകുന്നില്ല. ദൈവം എന്ന ആശയം എനിക്ക് അന്യമാണ്. നിങ്ങൾ ദൈവം എന്നു വിളിക്കുന്ന ആ വാക്ക് എന്നെ സംബന്ധിച്ചിടത്തോളം വ്യക്തമല്ല. ഞാൻ ദൈവത്തെ നിഷേധിക്കുന്നില്ല. എന്തെന്നാൽ, എനിക്ക് വ്യക്തമായ ധാരണയില്ലാത്ത ഒന്നിനെ ഞാൻ നിഷേധിക്കുന്നതെങ്ങനെ?’’
1874–ൽ ആനി ബസന്റ് എഴുതിയ ‘ദൈവത്തിന്റെ പ്രകൃതിയും നിലനിൽപ്പും’ എന്ന ലേഖനം നിരീശ്വരമതത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ നയിക്കുന്നു. അനുഭവങ്ങളിൽനിന്നും അന്യമായ ഒരു പ്രതിഭാസത്തെക്കുറിച്ച് ഒരു നിരീശ്വരൻ നിഷേധിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ‘പ്രപഞ്ചത്തെക്കുറിച്ചുള്ള അവന്റെ അറിവ് വളരെ പരിമിതമായതിനാൽ നിരീശ്വരൻ അവന് അജ്ഞാതമായ ഒന്നിന്റെ നിലനിൽപ്പിനെക്കുറിച്ചു തള്ളിപ്പറയാൻ വിസമ്മതിക്കുന്നു. 1873–ൽ എഴുതിയ ‘നിരീശ്വരവാദത്തിന്റെ സുവിശേഷത്തിൽ’ (The Gospel of Atheism) ആനി ബസന്റ് പറയുന്നു: ‘‘എനിക്ക് അപരിചിതമായ ദൈവത്തെ ഞാൻ നിഷേധിക്കുന്നില്ല. എന്തെന്നാൽ,അത് തീർത്തും അസംഭവ്യമാണ്. ഞാൻ ദൈവരഹിതയാണ്. ഒരാൾക്കും ദൈവം ഇല്ല എന്ന് പറയാനാകില്ല. എന്തെന്നാൽ, ദൈവം എന്ന വാക്കിന്റെ അർത്ഥം അവന് സ്വയം ബോദ്ധ്യപ്പെടണം.’’ ദൈവത്തെക്കുറിച്ചുള്ള നിർവ്വചനങ്ങളും വ്യാഖ്യാനങ്ങളും അത്രത്തോളം അപൂർണ്ണവും അസംബന്ധം നിറഞ്ഞതുമായിരുന്നു. 1877–ൽ ആനി ‘ഞാൻ എന്തുകൊണ്ട് ദൈവത്തെ നിഷേധിക്കുന്നില്ല’ എന്ന ലേഖനം എഴുതി. ആ ലേഖനം ആനി ബസന്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘‘എന്റെ മനസ്സിൽ യുക്തിസഹമായ ഒരു അടിസ്ഥാനം ദൈവത്തിനില്ല. മനുഷ്യന്റെ വേദനയിലും ദുരിതത്തിലും നിസ്സംഗനായ ഒരു സർവ്വശക്തന്റെ ചെങ്കോലിനെതിരെ എന്റെ ഹൃദയം പ്രതിഷേധിക്കുന്നു. എന്റെ ചുറ്റും നടമാടുന്ന അനീതിക്കെതിരെ, ക്രൂരതയ്ക്കും അസമത്വത്തിനും എതിരെ എന്റെ മനഃസാക്ഷി വിപ്ലവം നടത്തുന്നു. ഞാൻ മനുഷ്യനിൽ വിശ്വസിക്കുന്നു. അവന്റെ രക്ഷിക്കാനുള്ള കഴിവിൽ വിശ്വസിക്കുന്നു. ജ്ഞാനത്തിലൂടെയും കർമ്മത്തിലൂടെയും സ്‌നേഹത്തിലൂടെയും പഴയതിനെ ഉടച്ചുവാർക്കാനും വിജയിക്കാനുമുള്ള അവന്റെ കഴിവിൽ ഞാൻ വിശ്വസിക്കുന്നു.’’
‘ജീവിതം, മരണം, അമരത്വം’ എന്ന പേരിൽ 1886–ൽ എഴുതിയ ലേഖനത്തിൽ ആനി ബസന്റ് പറയുന്നു: ‘‘ശാസ്ത്രീയമായി പരിഗണിച്ചാൽ ജീവിതം ഒരു സത്തയല്ല. മറിച്ച്, ചില സത്തകളുടെ ഗുണവൈശിഷ്ഠ്യമാണ്. ജീവൻ പദാർത്ഥത്തിന്റെ ഒരു ക്രമീകരണമാണ്. എന്നാൽ, അവ പുനഃക്രമീകരിക്കുമ്പോൾ പഴയപടി നിലനിൽക്കുകവയ്യ. അങ്ങനെ പദാർത്ഥത്തിന് സംഭവിക്കുന്ന മാറ്റത്തെ നാം മരണമെന്നു വിളിക്കുന്നു. പദാർത്ഥത്തിന്റെ രണ്ടുതരത്തിലുള്ള ക്രമീകരണത്തെ മരണമെന്നും ജീവിതമെന്നും സൗകര്യപൂർവ്വം രണ്ട് വാക്കുകളിൽ നാം വിളിക്കുന്നു.’’
മനുഷ്യനിൽ എക്കാലവും നാശരഹിതനായി നിലനിൽക്കുന്നതായി മതം അനുശാസിക്കുന്ന ചൈതന്യത്തെ വിശകലനം ചെയ്ത് ആനി എഴുതി. ഈ ചൈതന്യം ബുദ്ധിമാന്ദ്യം ഉള്ളവരിൽ ഇല്ലേ? ഭ്രാന്തനിൽ ഇല്ലേ? ഉപകരണം ചെയ്യുന്ന പ്രവൃത്തികളെ നിസ്സംഗനായി വീക്ഷിക്കുവാൻ മാത്രമേ ചൈതന്യത്തിനു കഴിയൂ?
1855–ൽ ആനി ബസന്റ് എഴുതി: ‘‘ഞങ്ങൾ നിരീശ്വരവാദികൾ വിശ്വസിക്കുന്നതിനു മുമ്പായി തെളിവാവശ്യപ്പെടുന്നു. എല്ലാ വേദനയും ദുഃഖവും ദുരിതവും 1885–ൽ അപ്രത്യക്ഷമാകുമെന്ന് വിശ്വസിക്കുന്നതുപോലെയാണ് നമ്മുടെയെല്ലാം ആനന്ദകരമായ അമരത്വത്തിൽ വിശ്വസിക്കുന്നതും. പക്ഷേ, മതിയായ തെളിവുകൾ ഇല്ലാതെ വിശ്വസിക്കുക പ്രയാസം. അമരത്വം അസംഭവ്യമാണ്. അതിനുപോത്ബലകമായി തെളിവുകൾ ഒന്നും മുന്നോട്ടുവെക്കപ്പെട്ടിട്ടില്ല. ഞാൻ ആഗ്രഹിക്കുന്നു എന്നതുകൊണ്ടു മാത്രം വിശ്വസിക്കാൻ പ്രയാസമാണ്.’’
ആനി സ്വയം നിരീശ്വരവാദി എന്നു വിളിച്ചു. ആനിയുടെ ലോകത്തിൽ ദൈവത്തിന് സ്ഥാനമുണ്ടായിരുന്നില്ല. ആനിയുടെ ചക്രവാളം ഭൂമിയിലെ ജീവിതകാലത്തേക്ക് മാത്രമായി ‘ഗോസ്പൽ ഓഫ് എത്തിസ’ത്തിൽ (The Gospel of Atheism) ആനി എഴുതുന്നു, ‘‘ഒരു മനുഷ്യന് നൽകാവുന്ന ഏറ്റവും വലിയ ബഹുമതി ‘നിരീശ്വരൻ’ എന്നാണ്. ലോകത്തിൽ വെച്ചേറ്റവും വലിയ ധീരർക്ക് നൽകാവുന്ന ബഹുമതിയും അതുതന്നെ. വലിയ ചിന്തകന്മാരെയും തത്ത്വജ്ഞാനികളെയും ശാസ്ത്രജ്ഞരെയും പരിഷ്‌കർത്താക്കളെയും പുരോഗമനവാദികളെയും ലോകം നിരീശ്വരവാദികൾ എന്നാണ് വിളിച്ചുപോന്നിട്ടുള്ളത്. കോപ്പർനികസ്, ബ്രൂണോ, വനീനി, പ്രീസ്റ്റ്‌ലി, വോൾട്ടയർ എന്നിങ്ങനെ എത്രയോ മഹാന്മാരെ നാം നിരീശ്വരന്മാർ എന്ന് വിളിച്ചാക്ഷേപിച്ചു. എന്നാൽ, ആ വിശേഷണം ധീരന്മാരുടെ ശിരസ്സിലെ പൊൻതൂവലുകളായി, രക്തസാക്ഷികളുടെ ദിവ്യപരിവേഷമായി, ലോകചരിത്രത്തിൽ പുരോഗതിയുടെ പര്യായമായി പ്രശോഭിക്കുന്നു. യാഥാസ്ഥിതികർ നിരീശ്വരൻ എന്നാക്രോശിക്കുമ്പോൾ നമുക്ക് കാണാം, മനുഷ്യൻ ഒരു ചുവടുകൂടി മുന്നോട്ടുനീങ്ങുന്നുവെന്ന്, മാനവരാശി മോചിതമാകുന്നുവെന്ന്. സ്വതന്ത്രചിന്തയുടെ ചാവേർപ്പടയാണ് നിരീശ്വരവാദികൾ. മറ്റുള്ളവർക്ക് വഴിയൊരുക്കാനായി മുള്ളുകളും കല്ലുകളും അവർ ചവിട്ടിയൊതുക്കുന്നു. സ്വന്തം അസ്ഥിപഞ്ജരങ്ങൾകൊണ്ട് അവർ തീർത്ത പാലങ്ങളിലൂടെ അനേകർ മറുകരയെത്തുന്നു, വിജയിക്കുന്നു. പുരോഗതിയുടെ വഴികാട്ടികളേ, സ്വാതന്ത്ര്യത്തിന്റെ പോരാളികളേ, നിങ്ങൾ വിജയിക്കട്ടെ! ഭൂമിയെ ദുഃഖരഹിതമാക്കാൻ സ്വർഗ്ഗം ത്യജിച്ചവരേ, മനുഷ്യമോചനത്തിനായി ദൈവത്തെ വിസ്മരിച്ചവരേ, നിങ്ങൾക്ക് മംഗളാശംസകൾ!’’
ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് നിരീശ്വരവാദം എന്ന് ആനി അഭിപ്രായപ്പെടുന്നു. മനുഷ്യത്വം ആരോപിക്കപ്പെട്ടിട്ടുള്ള ദൈവങ്ങൾക്കെതിരെ മനുഷ്യനും പ്രകൃതിയും മുഖാമുഖം നിൽക്കുകയും, അതിൽനിന്നും പ്രചോദനം ഉൾക്കൊള്ളുകയുമാണ് നിരീശ്വരമതം ചെയ്യുന്നത്. ‘ദൈവത്തിന്റെ പ്രകൃതിയും നിലനിൽപ്പും’ എന്ന ലേഖനത്തിൽ ആനി എഴുതി: ‘‘നമുക്കു ചുറ്റുമുള്ള സൗന്ദര്യവും ക്രമവും നിശ്ശബ്ദമായി ആരാധിക്കുക എന്നതാണ് പ്രാർത്ഥന. പ്രപഞ്ചത്തിലെ അലംഘ്യങ്ങളായ നിയമങ്ങൾക്കു മുന്നിൽ നമിക്കുക. അവയെ അനുസരിക്കുക. ഇതെല്ലാം നമ്മുടെ ഹൃദയത്തിൽ ശാന്തതയും ശക്തിയും ആവാഹിക്കുന്നു. സത്യത്തിന്റെ അന്തിമമായ വിജയത്തിലുള്ള വിശ്വാസം നമ്മുടെ ജീവിതത്തെ ഉദാത്തമാക്കുന്നു. ഉത്കൃഷ്ടമായ മാതൃകയുടെ ധ്യാനമാണ് യഥാർത്ഥ പ്രാർത്ഥന. അത് നമുക്ക് കരുത്തും പ്രചോദനവും മഹത്ത്വവും ഏകുന്നു. പ്രാർത്ഥനയുടെ മറ്റൊരു മുഖമാണ് പ്രവൃത്തി. ധ്യാനത്തിൽനിന്നും കർമ്മത്തിലേക്ക്. കാനനശാന്തിയിൽനിന്നും തെരുവിലേക്ക്. പ്രകൃതി നിയമങ്ങൾ പഠിക്കുക, അവയ്ക്ക് വഴങ്ങുക, അവയോട് പൊരുത്തപ്പെടുക. അപ്പോൾ പ്രവൃത്തിതന്നെ പ്രാർത്ഥനയാകുന്നു. ഉപകാരസ്മരണയും. വിശ്വജ്ഞാനത്തിന്റെയും വിശ്വനിയമത്തിന്റെയും ആരാധനയും അതാകുന്നു.’’
ലോകത്തിന്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടി ദാഹിച്ചിരുന്ന ആനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടമായെങ്കിലും കർത്തവ്യത്തിലും സദ്‌വൃത്തിയിലും ഉറച്ച വിശ്വാസമാണ് ഉണ്ടായിരുന്നത്. ഈ ബോധമാണ് ‘സദാചാരത്തിന്റെ യഥാർത്ഥ അടിസ്ഥാനം’ എന്ന ലേഖനമെഴുതാൻ അവരെ പ്രേരിപ്പിച്ചത്. ‘നാഷണൽ സെക്കുലർ സൊസൈറ്റി’യുടെ വേദികളിൽ ആനി ഊന്നൽ കൊടുത്തത് യഥാർത്ഥമായ സദാചാരത്തെക്കുറിച്ചും മനുഷ്യന് മനുഷ്യനോടുള്ള കടമയെക്കുറിച്ചും മാത്രമായിരുന്നു. സദാചാരസംബന്ധിയായ എല്ലാം സമൂഹത്തിന്റെ ഹൃദയത്തെ സ്പർശിക്കുന്നതാണ്. ഉയർത്തുന്നതും പരിശുദ്ധവുമായ സദാചാരം സമൂഹത്തിന്റെ ജീവരക്തമാണ്. നാം ഉത്കൃഷ്ടമായ ജീവിതം നയിക്കുന്നത്, പ്രകൃതിനിയമങ്ങളുമായി പൊരുത്തപ്പെടുക എന്നതിനാലാണ്. അങ്ങനെ ജീവിക്കുമ്പോൾ നാം നമ്മുടെ സഹജീവികളെ സന്തുഷ്ടരാക്കുന്നു. ഒരു ഉറച്ച അടിത്തറയിൽ നാം സദാചാരത്തെ പ്രതിഷ്ഠിക്കണം. അതിലൂടെ മാത്രമേ രാഷ്ട്രീയവും മതപരവുമായ വിപ്ലവങ്ങൾ അർത്ഥപൂർണ്ണത കണ്ടെത്തൂ. നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണ്. സ്വാതന്ത്ര്യം ഓരോ പുരുഷന്റെയും സ്ത്രീയുടെയും ജന്മാവകാശമാണ്. സ്വതന്ത്രമായ വ്യക്തിവികാസം ആ വംശത്തെത്തന്നെ ഉയർത്തുകയും ഉദാത്തമാക്കുകയും ചെയ്യും. എന്നാൽ, മനുഷ്യൻ സ്വാർത്ഥനാകുമ്പോൾ സ്വാതന്ത്ര്യത്തിനും സമത്വത്തിനും ആനന്ദത്തിനുമെല്ലാം മൂല്യം നഷ്ടമാകുന്നു. മനുഷ്യരെ തമ്മിൽ യഥാർത്ഥമായ സാഹോദര്യം ഇഴചേർക്കുന്നില്ലെങ്കിൽ, മനുഷ്യന്റെ നന്മയ്ക്ക് സഹായമാകുന്നില്ലെങ്കിൽ സ്വാതന്ത്ര്യവും സാഹോദര്യവും അർത്ഥശൂന്യമായ വാക്കുകളായി മാറുന്നു. മതത്തിന്റെ അർത്ഥം സദാചാരപൂർണ്ണമായ വൈകാരികത എന്നാണെങ്കിൽ, ഏറ്റവും മതപൂർണ്ണയായ നിരീശ്വരവാദി താനാണെന്ന് ആനി ഒരിക്കൽ അഭിപ്രായപ്പെട്ടു.
‘‘നിങ്ങളുടെ ഭാവനയുടെതന്നെ നിഴലായ ഈശ്വരനെ നിങ്ങൾ തീവ്രമായി സേവിക്കുമ്പോൾ നിങ്ങളുടെ അരികെയുള്ള സ്വന്തം സഹോദരനെ വിസ്മരിക്കുന്നതെന്തേ?’’ ആനി ചോദിച്ചു. ‘‘നിങ്ങൾ ബൈബിളും മതാനുശാസനകളും മാറ്റിവെക്കൂ. കിഴക്കൻ ലണ്ടനിലെ തെരുവുകളിലെ, മാഞ്ചസ്റ്ററിലെ പാതയോരങ്ങളിലെ മനുഷ്യരെ കാണൂ. അവരുടെ കണ്ണീരും വേദനയും അറിയൂ. ക്രിസ്തുവിന്റെ തിരുമുറിവുകളിലേക്ക് ഭക്തിപുരസ്സരം നോക്കുന്ന വിശ്വാസീ, നീ നിന്റെ സഹോദരന്റെ, വർത്തമാനകാല സഹചാരിയുടെ, സഹോദരന്റെ മുറിവുകൾ കാണാതെ പോകയോ? അവനുവേണ്ടി ചൊരിയാൻ കണ്ണീരില്ലയോ?’’
‘‘നന്മയുടെ പ്രതിഫലം നന്മ തന്നെയാണ്. ധാർമ്മികമായ ജീവിതം നയിക്കുന്നതിന് മൃത്യുവിനു പുറത്തൊരു ലോകത്ത് പ്രതിഫലം ലഭിക്കണമെന്ന് നിങ്ങൾ ആശിക്കരുത്. അത് അനാവശ്യമായ സങ്കല്പമാണ്. ഈ നിയമങ്ങൾ ഒരുപക്ഷേ പരുക്കനായി തോന്നിയേക്കാം. എന്നാൽ, നാം നമ്മുടെ സഹജീവികളോട് അനുഷ്ഠിക്കുന്നതായ കടമയ്ക്ക് മരണത്തിനുശേഷം ഒരു പ്രതിഫലം നാം ആഗ്രഹിക്കുന്നില്ല. സ്വാർത്ഥമതികളായി കർത്തവ്യം അനുഷ്ഠിക്കുന്നവർക്കും, സ്വർഗ്ഗത്തിൽ ഒരു സ്വർണ്ണ കിരീടം പ്രതീക്ഷിക്കുന്നവർക്കും ഇതെല്ലാം അനാവശ്യമെന്നു തോന്നിയേക്കാം.’’ ആനി ബസന്റ് ലേഖനങ്ങളിൽ ഈ തത്ത്വസംഹിത പ്രചരിപ്പിച്ചു.
തിന്മയുടെ ഉറവിടവും, അതിനെ എങ്ങനെ നശിപ്പിക്കാം എന്നുള്ളതുമായിരുന്നു ആനിയുടെ രണ്ടാമത്തെ കാൽവെപ്പ്. ഡാർവിൻ, ഹെർബർട് സ്‌പെൻസർ, ഹക്‌സ്‌ലി തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലൂടെ ആനി പരിണാമത്തെ പഠിച്ചു. എല്ലാ തിന്മയും മനുഷ്യന് അവന്റെ മൃഗപാരമ്പര്യത്തിൽനിന്ന് ലഭിച്ചതാണെന്ന് ആനി വിശ്വസിച്ചു. മനുഷ്യനിലെ മൃഗത്തെ അവന് കൊല്ലാനും വെല്ലാനും കഴിയണം. യുദ്ധം ചെയ്യാനുള്ള അവന്റെ വാസന ഈ പാരമ്പര്യമാണ്. മതങ്ങൾ എക്കാലത്തും ഈ വാസനയെ പോഷിപ്പിച്ചിട്ടേയുള്ളൂ. മറ്റൊരു മൃഗീയവാസന, പുരുഷന് സ്ത്രീയെ പ്രാപിക്കാനും കീഴടക്കാനുമുള്ള അടങ്ങാത്ത തൃഷ്ണയാണ്. ഇതിനെയെല്ലാം മതം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ബഹുഭാര്യത്വവും ഹീബ്രു മതക്കാരുടെ ഇടയിലെ വെപ്പാട്ടി സമ്പ്രദായവും പഴയനിയമത്തിലെ എബ്രഹാമും ഡേവിഡും സോളമനും എല്ലാം ഇതിന് ഉദാഹരണങ്ങളത്രേ! ക്ഷേത്രങ്ങൾക്കു ചുറ്റും സമൂഹം ദേവദാസികൾ എന്ന വ്യാജേന വളർത്തിക്കൊണ്ടുവന്ന പുരുഷ–സ്ത്രീകൾ മതത്തിന്റെ ധാർമ്മികച്യുതിതന്നെ. ദുർബ്ബലനെ ചവിട്ടിമെതിച്ച് ശക്തൻ സമ്പത്ത് സ്വരുക്കൂട്ടുന്ന നീചപ്രവൃത്തി. ഇവയൊന്നും ഇല്ലാതാക്കാൻ മതത്തിനു കഴിഞ്ഞില്ല. പക്ഷേ, ശാസ്ത്രം ഈ തിന്മകളുടെ ഉറവിടം കണ്ടെത്തി അവയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
‘ദൈവമില്ലാത്ത ലോകം’ എന്ന ലേഖനത്തിൽ ബസന്റ് എഴുതി: ‘‘ക്രൈസ്തവ വിശ്വാസപ്രകാരം നന്മയോടൊപ്പംതന്നെ തിന്മയും എക്കാലത്തും നിലനിൽക്കുന്നു. ദൈവത്തോടൊപ്പംതന്നെ ചെകുത്താനും. ഒരുപക്ഷേ, ചെകുത്താനും തിന്മയും നിലനിൽക്കുന്നതും ദൈവേച്ഛയാൽതന്നെ! എന്നാൽ, നിരീശ്വരവാദികൾ പറയുന്നു, അറിവില്ലായ്മയിൽനിന്നുമാണ് തിന്മ ജനിക്കുന്നതെന്ന്. സദാചാരപരവും ഭൗതികവുമായ നിയമങ്ങളുടെ അജ്ഞാനം മൂലം അനാരോഗ്യം നിറഞ്ഞ സാഹചര്യങ്ങളിൽ വളരുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങളിൽ ശാരീരികവും വൈകാരികവുമായ വളർച്ച മുരടിച്ചിരിക്കും. അതിനാൽ അവരിൽ മൃഗീയവാസനകളായിരിക്കും മുന്നിട്ടുനിൽക്കുക. അവർ തെറ്റിലേക്ക് വഴുതിവീഴുക സ്വാഭാവികം. എല്ലാത്തിന്റെയും അടിസ്ഥാനം ദാരിദ്ര്യവും അജ്ഞതയുമാണ്. ആ കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കൂ. പ്രായപൂർത്തിയാകുമ്പോൾ അർഹമായ ജോലിയും വേതനവും നൽകൂ. കുറ്റവാസനകൾ അപ്രത്യക്ഷമാകും,’’ ആനി അഭിപ്രായപ്പെട്ടു. ‘‘ഈശ്വരവിശ്വാസികൾ പറയുന്നു, മനുഷ്യനെ ദൈവം സൃഷ്ടിച്ചുവെന്ന്. എന്നാൽ, മനുഷ്യൻ സാഹചര്യത്തിന്റെ സൃഷ്ടിയാണെന്ന് നിരീശ്വരവാദികൾ പ്രഖ്യാപിക്കുന്നു. സാഹചര്യങ്ങൾ നന്നാക്കൂ. ആരോഗ്യമുള്ള ശരീരവും മസ്തിഷ്‌കവും നിർമ്മിക്കൂ. അത്തരം രാഷ്ട്രത്തിൽനിന്ന് അക്രമത്തിന്റെ രോഗബീജം ഇല്ലാതാവും.’’ ആനി ബസന്റിനെ സംബന്ധിച്ചിടത്തോളം വേദനയും ദുരിതവും നിറഞ്ഞ ഈ ലോകത്തിന്റെ ഭരണം ദൈവത്തിന്റെ കൈകളിലാണെന്നും, അദ്ദേഹം ഇതെല്ലാം അനുവദിക്കുന്നുവെന്നും വിശ്വസിക്കുക പ്രയാസമായിരുന്നു.
മനുഷ്യനെ ഒരു നിരീശ്വരവാദി സ്‌നേഹിക്കുന്നതും, അവനുവേണ്ടി സേവനമനുഷ്ഠിക്കുന്നതും വ്യക്തിപരമായ ബഹുമതിക്കല്ല. സ്വർഗ്ഗത്തിന്റെ ഖജനാവിൽനിന്നും പ്രതിഫലം ലഭിക്കാനുമല്ല. പിന്നെയോ? വർത്തമാനകാലത്തെക്കാൾ സുന്ദരമായ, ആഹ്ലാദഭരിതമായ ഒരു പുതിയ ലോകം വരുംതലമുറയ്‌ക്കേകുവാൻ വേണ്ടി മാത്രം.
ഒരു വ്യാഴവട്ടക്കാലം ആനി ബസന്റ് ചിന്തിച്ചതും എഴുതിയതും പ്രസംഗിച്ചതും ഇങ്ങനെയൊക്കെയായിരുന്നു. നവങ്ങളായ സത്യങ്ങളിലേക്ക് മനസ്സ് തുറന്നുവെക്കാനും, പഴയ വിശ്വാസങ്ങളെ വെല്ലുന്നവയായാലും പുതിയ നിഗമനങ്ങളെ ഉൾക്കൊള്ളാനും തന്നെ പ്രാപ്തയാക്കിയത് ‘ഫ്രീ തോട്ട്’ പ്രസ്ഥാനമായിരുന്നെന്ന് ആനി കൃതജ്ഞതയോടെ ഓർക്കുന്നു. ചാൾസ് ബ്രാഡ്‌ലോയോട് തോൾചേർന്നുനിന്ന് ആനി ബസന്റ് കരുത്തുറ്റ മസ്തിഷ്‌കങ്ങളും വിശാലഹൃദയങ്ങളും വാർത്തെടുത്തു. ആനി പ്രസംഗവേദികളിൽ പ്രശോഭിക്കാൻ ആരംഭിച്ചതോടെ വിമർശകരും ശത്രുക്കളും വർദ്ധിച്ചു. ഇതിനൊരു പ്രധാന കാരണം, ആനി ക്രൈസ്തവ മതവിശ്വാസങ്ങളെ ചോദ്യം ചെയ്തതായിരുന്നു. നൂറ്റാണ്ടുകളായി ജനം വിശ്വസിച്ചുപോന്ന പലതിന്റെയും പൊള്ളത്തരങ്ങളെ ആനി തന്റെ വാഗ്മിത്വത്തിലൂടെ ചോദ്യം ചെയ്തു. യാഥാസ്ഥിതികർ ആനിക്കെതിരായിരുന്നു.
ലണ്ടനിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ശരണാർത്ഥികൾക്കും അദ്ധ്വാനിക്കുന്ന ജനവർഗ്ഗത്തിനും വേണ്ടി തന്റെ ഹൃദയം കേഴുകയായിരുന്നെന്ന് ആനി ഓർക്കുന്നു. ലോകത്തിന്റെ ഏതു കോണിലായാലും സ്വാതന്ത്ര്യവും നീതിയും നിഷേധിക്കപ്പെടുന്നത് തടയാനായി ആനി തൂലികയും വാഗ്പാടവവും നിരന്തരം പ്രയോഗിച്ചു. ആനിയുടെ ഈ ‘കുരിശു ചുമക്കൽ’ സുഖജീവിതം നയിച്ചുപോന്ന യാഥാസ്ഥിതിക മേലാളന്മാർക്ക് സഹിക്കാനായില്ല.
ഒരു നിരീശ്വരവാദി അസന്മാർഗ്ഗിയായിരിക്കുമെന്നായിരുന്നു അന്നത്തെ ആളുകളുടെ നിഗമനം. അതുകൊണ്ടുതന്നെ ആനിയും അസന്മാർഗ്ഗികജീവിതം നയിക്കുന്നവളാണെന്ന് അവർ പ്രചരിപ്പിച്ചു. യാതൊരു തെളിവും കൂടാതെ ആനിയെ ‘ഫ്രീ ലൗ’ പ്രസ്ഥാനത്തിന്റെ വക്താവായി അവർ ചിത്രീകരിച്ചു. ആനി വായിച്ചിട്ടുപോലുമില്ലാത്ത ഒരു പുസ്തകത്തിലെ പരാമർശങ്ങളായിരുന്നു ആനിയുടേതായി വ്യാഖ്യാനിക്കപ്പെട്ടത്. ആനി നാഷണൽ റിഫോർമർ കാണുന്നതിനു വളരെ മുമ്പുതന്നെ അതിന്റെ കോളങ്ങളിൽ ഈ വിവാദഗ്രന്ഥം അവലോകനം ചെയ്യപ്പെട്ടു. മറ്റു ലണ്ടൻ പത്രങ്ങളിലും ഈ പുസ്തകം അവലോകനം ചെയ്യപ്പെട്ടു. ആ ഗ്രന്ഥത്തിൽ ‘മാൽത്തൂസിയൻ’ ആശയങ്ങളെ സംബന്ധിച്ചുള്ള പരാമർശങ്ങളായിരുന്നു റിവ്യൂവിൽ മുഴച്ചുകാട്ടിയത്. അല്ലാതെ ‘ഫ്രീ ലൗ’ സംബന്ധിച്ചുള്ളവയായിരുന്നില്ല. ‘ഫ്രീ ലൗ’ പ്രസ്ഥാനത്തെ ചാൾസ് ബ്രാഡ്‌ലോ അനുകൂലിച്ചിരുന്നില്ല.
ക്രിസ്ത്യൻ എവിഡൻസ് സൊസൈറ്റി അവരുടെ തെരുവു പ്രസംഗങ്ങളിലും പ്രബോധനങ്ങളിലും ആനിയുടെ സ്വഭാവശുദ്ധിയെ അധിക്ഷേപിച്ചു. ആനി ഒരിക്കലെങ്കിലും വിശ്വസിക്കാത്ത കാര്യങ്ങളുടെ പേരിൽ അവർ ആനിയെ തേജോവധം ചെയ്തു. ഈ നടപടിക്കെതിരെ എവിഡൻസ് സൊസൈറ്റി സെക്രട്ടറിക്ക് പരാതി ചെന്നു. സെക്രട്ടറി തെറ്റിന് മാപ്പുപറഞ്ഞെങ്കിലും അനുയായിവൃന്ദം അപവാദ വ്യവസായം അഭംഗുരം തുടർന്നുപോന്നു.
ക്രൈസ്തവ മതവിശ്വാസപ്രമാണങ്ങളായി കരുതുന്ന നിത്യനരകവും ബൈബിളിന്റെ അപ്രമാദിത്വവും ആനിയുടെ വിമർശനശരങ്ങൾക്ക് ഇടയായി. ക്രൈസ്തവസഭയുടെ ഇരുണ്ട ഭൂതകാലം ആനി ബഹുജനമദ്ധ്യത്തിൽ അനാവരണം ചെയ്തു. മതത്തിന്റെ പേരിൽ സഭ നടത്തിയ യുദ്ധങ്ങളും പീഡനങ്ങളും ക്രൂരതകളും അടിച്ചമർത്തലുകളും ആനി തുറന്നുകാട്ടി. വാഗ്മിത്വം ആനിക്ക് ശത്രുക്കളെ അടിച്ചിരുത്തുന്നതിനുള്ള ആയുധമായി. ആക്ഷേപഹാസ്യവും ക്രൂരമായ പരിഹാസവും നിറഞ്ഞ പ്രസംഗങ്ങൾ അന്ധവിശ്വാസങ്ങളെയും പാരമ്പര്യത്തെയും പൊളിച്ചുമാറ്റി.
ഇന്ന് ലണ്ടനിലെ വിശ്വാസികൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ഉത്തരവാദികൾ ‘ഫ്രീ തിങ്കേഴ്‌സ്’ പ്രസ്ഥാനമാണെന്ന് ആനി പറയുന്നു. ആ നാളുകളിൽ തന്റെ നാക്ക് വളരെ മൂർച്ചയേറിയതായിരുന്നുവെന്നും, ക്രൈസ്തവസഭയുടെ ക്രൂരകൃത്യങ്ങൾ മാത്രമേ താൻ പെരുപ്പിച്ച് കാണിച്ചിട്ടുള്ളൂവെന്നും, അവരുടെ സേവനങ്ങളെ അവഗണിച്ചുവെന്നും ആനി സമ്മതിക്കുന്നുണ്ട്. അത് തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു വീഴ്ചയായി ആനി അത്മകഥയിൽ അനുസ്മരിക്കുന്നു. ഈ തെറ്റ് നിരീശ്വരവാദത്തിന്റെയല്ല, തന്റെ വ്യക്തിത്വത്തിന്റേതായിരുന്നുവെന്ന് ആനി പറയുന്നു. തന്റെ ആക്ഷേപങ്ങളിലെ പാരുഷ്യത്തെ അപലപിക്കുന്ന ആനി, ആ പ്രസംഗങ്ങൾ ലണ്ടനിലെ ജനങ്ങളെ ഉദ്ബുദ്ധരാക്കാനും അന്ധവിശ്വാസങ്ങളെ എതിർക്കാനും ഉപകരിച്ചുവെന്ന് സന്തോഷത്തോടെ ഓർക്കുന്നു.
ഇക്കാലത്ത്, മനുഷ്യനെ നേരിട്ട് ബാധിച്ചിരുന്ന എല്ലാ പ്രശ്‌നങ്ങളും ആനിയെ കാര്യമായി ആകുലപ്പെടുത്തി. സമ്പന്നരാഷ്ട്രങ്ങൾ ദുർബ്ബലരാജ്യങ്ങൾക്കുമേൽ സ്ഥാപിക്കുന്ന ആധിപത്യത്തിനെതിരെയും, ഇംഗ്ലണ്ട് ഐർലൻഡിനുമേൽ സ്ഥാപിച്ച മേൽക്കോയ്മകൾക്കെതിരെയുമെല്ലാം ആനി പ്രതികരിച്ചു. അഫ്ഗാനിസ്താനും ഇന്ത്യയ്ക്കും ബർമയ്ക്കും ഈജിപ്തിനും മേലുള്ള ഇംഗ്ലണ്ടിന്റെ കോളനിവാഴ്ചയ്‌ക്കെതിരെ ആനി ജനമനസ്സാക്ഷിയെ ഉണർത്തി. യുദ്ധത്തിനും വധശിക്ഷയ്ക്കും ചമ്മട്ടി പ്രഹരശിക്ഷയ്ക്കും എതിരായി ആനി പ്രസംഗിച്ചു. ദേശീയ വിദ്യാഭ്യാസത്തിനും പൊതു ഗ്രന്ഥശാലകൾക്കും വേണ്ടി ആനി വാദിച്ചു. ആനിയെ ഒരു പോരാളിയായും തീവ്രവാദിയായും യാഥാസ്ഥിതികസമൂഹം ചിത്രീകരിക്കാൻ മറ്റെന്തുവേണം? ആനി ബസന്റ് ‘ആനി മിലിറ്റന്റ്’ ആയി മാറി.