സന്തോഷ് ഏച്ചിക്കാനത്തിന്റെ മാതംഗലീല എന്ന പുസ്തകത്തെക്കുറിച്ച്; 

To advertise here,

നിറം, വർഗ്ഗം, ജാതി എന്നതു തന്നെയാണ് അന്നും ഇന്നും സമ്പന്നതയ്ക്കു മുകളിൽ മനുഷ്യരെ ഭരിക്കുന്നത്. ലോകരാജ്യയുദ്ധങ്ങളും, സമ്പൂർണ ജനാധിപത്യം എന്നു കരുതുന്ന ഈ രാജ്യത്ത് ഇപ്പോഴും നടക്കുന്ന ജാതിവെറിയും ദുരഭിമാന കൊലകളും കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലും നടന്ന ക്യാംപസ് വംശാധിക്ഷേപങ്ങളും തുടർന്നുള്ള ആത്മഹത്യാ പ്രേരണയും ആ സത്യം ഉറപ്പിക്കുന്നു. 'ഏതു കറുത്തവനെയും വലിച്ച് 'വെളുപ്പിക്കാൻ' സാധിക്കും' എന്ന അധികാരത്തിന്റെ ധാർഷ്ട്യത്തെ, അതിനുനേരേ വരുന്ന പ്രതിരോധത്തെ 'മാതംഗലീല' യിൽ ശക്തമായി അവതരിപ്പിക്കുന്നു. കഥകളിലെല്ലാം തന്നെ, പലതട്ടിലുള്ള വായനക്കാരെ തൃപ്തിപ്പെടുത്തുന്ന രചനാതന്ത്രം സൂക്ഷിക്കുന്ന എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ആദ്യ നോവലായ മാതംഗലീലയിലും ശക്തമായ വ്യതിരിക്ത രചനാസൂത്രം കൊണ്ടു തന്നെ നല്ല വായനാസുഖം ഏത് വായനക്കാർക്കും ലഭിക്കും. ആ 'സുഖം' എന്നത് ഒരു വലിയ സത്യത്തിന്റെ അത്ര സുഖമില്ലാത്ത കാഴ്ചയും ഓർമ്മപ്പെടുത്തലും ആത്മപരിശോധനാ ഇടമായും നമ്മളിലെത്തുന്നു.

'ഈ ലോകം എന്നും ഞങ്ങളുടേതാണ് തെച്ചോരാ' എന്ന് പാർവ്വതി കറുകലമുത്തിയുടെ കല്ലിൻ മുന്നിൽ നിന്ന് തെച്ചോരനോട് അലറുന്നുണ്ട്. മണ്ണിന്റെ മക്കളുടെ അതിജീവന സ്വാതന്ത്ര്യവും പ്രതിഷേധവീര്യവുമാണ് പിള്ളതൈലം സൂക്ഷിച്ച മരച്ചെപ്പ് പാർവ്വതി കൈക്കലാക്കുന്നതിലൂടെ നഷ്ടമായത്. ദളിതരുടെ പ്രതിരൂപമായ തെച്ചോരന്റെ നേരെ സവർണ്ണാധിപത്യത്തിന്റെ അലർച്ച കുപ്പപ്പാടിനു മുകളിൽ നിന്നും താഴ്വര നിറയുന്നുണ്ട്. നാളത്തെ പോരാട്ടത്തിനായി കരുതിവെച്ച മാരകശേഷിയുള്ള ചരിത്രം കാത്ത ആയുധപ്പുരക്ക് തീയിട്ട് പാർവ്വതിയിലെ സവർണ്ണാധിപത്യം ആസ്വദിക്കുന്നുണ്ട്. മതത്തെ ഒടയ്ക്കാന്നു പറഞ്ഞാൽ ഗാണ്ഡീവം ഒടയ്ക്കുന്നതിനെക്കാൾ എത്രയോ പ്രയാസമാണെന്ന് കമ്മ്യൂണിസ്റ്റുകാരനായ ശങ്കുണ്ണി ഹൈദ്രോസിനോട് പറയുന്നുണ്ട്.

കവിതയ്‌ക്കോ കലയ്‌ക്കോ മുന്നിൽ താത്കാലികമായി മാത്രം തലകുനിക്കുന്ന അധികാരം, പിന്നീടതിന്റെ ശരിയായ രൂപത്തിൽ ക്രൂരമായി ആര്യയ്ക്കു നേരേ ലൈംഗികാതിക്രമം നടത്തുന്നു. ഒടുവിൽ, ലൗ ജിഹാദിയായി മുദ്ര കുത്തപ്പെട്ട മുംതാസിനോട് സർവ്വപീഡകൻമാരുടേയും പ്രതിരൂപമായ പണിക്കരുടെ അറുത്തെടുക്കപ്പെട്ട തല അപേക്ഷിക്കുന്നു; 'എനിക്കൊരു പെൺമരമാകണ'മെന്ന്..! എത്ര ശക്തമായ ഭാഷയും സങ്കൽപ്പങ്ങളും പ്രതീക്ഷകളും നിറഞ്ഞ ദൃശ്യമാണത് എന്ന് വായിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. കണ്ണുകൾ അകത്തേക്ക് പോയി(ഉൾക്കണ്ണായി) മൂർദ്ധാവു കീറി രണ്ടു തളിരിലകളായി കഴുത്തു തായ്ത്തടിയായി മാറുന്ന ദൃശ്യം.. നോവൽ വായിച്ചു തീർന്നിട്ടും ദിവസങ്ങളോളം വായനക്കാരോടൊപ്പം നടക്കുന്നു ഈ രംഗം..!

'കഥയ്ക്ക് ഇങ്ങനെ ചില കുഴപ്പങ്ങളുണ്ട്. കഥ പറയുന്നവരും ശ്രോതാവും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നു പുറപ്പെടും. ഒടുവിൽ അവർ ഒരു ബിന്ദുവിൽ എത്തിച്ചേരും. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രണ്ടും വലിയ സൗഹൃദത്തിലാവും. പിന്നീട് എവറസ്റ്റ് കയറുന്നതു പോലെയാണ്. മരണത്തെ പോലും മറന്നു കൊണ്ട് അവർ അതിന്റെ അറ്റം കണ്ടിട്ടേ തിരിച്ച് വരൂ. ശിവദാസനും ആർ.ഡി.ഒയും അങ്ങനെയൊരു യാത്രയിലാണിപ്പോൾ.'

മാതംഗലീല വായിക്കുന്നവരുടെ അനുഭവം അതേ നോവലിൽ തന്നെ നോവലിസ്റ്റ് എഴുതി വെച്ചിട്ടുണ്ട്. നിങ്ങൾ വായിക്കുന്നത് ബാലകൃഷ്ണൻ എന്ന ആനമനുഷ്യന്റെയും കടമ്പൻ എന്ന മയിലിന്റെയും മൂരിയൻ മൂർഖന്റെയും, സുഭദ്ര, പാർവ്വതി, താഴമ്പൂ, ചിത്തിര സെൽവി, സെൽവിയാന, തെച്ചോരൻ, കണ്ണാന്തളി, വെള്ളാങ്കിരി, നീലകണ്ഠൻ, വിക്കി തുടങ്ങിയ ജീവിതങ്ങളുടെ കഥയാണെന്ന് ഇടക്കിടെ ഓർമ്മപ്പെടുത്തും വിധം ശിവദാസേട്ടനും ആർ.ഡി.ഒയും നമ്മളിലിടപെടുന്നു. ഇല്ലെങ്കിൽ, നോവൽ ഒടിവിദ്യയിൽ പെട്ട് നമ്മളും ഏതോ ജീവിതം ജീവിക്കുമെന്ന് തോന്നി. ഒരു സാധാരണ മനുഷ്യൻ അധികാരവൃന്ദത്തോട് പറയുന്ന ജീവിതത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടാണ് മാതംഗലീല എന്ന്, വേണമെങ്കിൽ ചുരുക്കിപ്പറയാം.

ജനാധിപത്യ ഭരണവ്യവസ്ഥ സവർണാധിപത്യവും പണാധിപത്യവുമായി കരാറുണ്ടാക്കുന്നതും അതിന്റെ മുറിവുകളും മാതംഗലീലയിൽ കാണാം. ഒടുവിൽ ജീവന്റെ അവകാശത്തിനായി പോരാടുന്ന ഒരു ആനമനുഷ്യന്റെ കാൽക്കീഴിൽ, ജുഡീഷ്യറി അന്തിമവിധി കാത്തുനിൽക്കും വിധം ഒരുതരം കീഴടക്കലിന്റെ ആനന്ദം വായനക്കാരും അനുഭവിക്കുന്നുണ്ട് എങ്കിൽ, ജനാധിപത്യം എത്രമാത്രം തകർച്ചയുടെ വക്കിലാണെന്ന് സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു. സത്യമായ ചരിത്രത്തിന്റെ കാവലാളായ ആ ഒടിവിദ്യ നോവലിന്റെ അവസാനത്തിൽ കാണാതാവുന്നുണ്ട്.

'ഈ ലോകത്ത് രണ്ടുതരം ആളുകൾ മാത്രമേയുള്ളൂ. ഹൈദരലിയും വെള്ളാങ്കിരിയും.. തല്ലുന്നവനും തല്ലു കൊള്ളുന്നവനും' എന്നു പറയുന്നിടത്ത് ഇസങ്ങൾ പരാജയപ്പെടുന്നു. ഒരേ ഹൈദരലിയിൽ ഗാരിഞ്ചയോടും പച്ചോലയോടും അലിവുള്ള മനുഷ്യനും വെള്ളാങ്കിരിയോട് വില്ലനുമാവുന്ന മനുഷ്യസ്വഭാവത്തിന്റെ വൈചിത്ര്യം കാണാം. ലോകത്ത് പട്ടിണിയും യുദ്ധങ്ങളും പലായനങ്ങളും ആവർത്തിച്ച് വേദന ശീലമായി, പിന്നീട് ദിനചര്യയാക്കി കൊണ്ടു നടക്കുന്ന മനുഷ്യരും അവരുടെ മേൽ അപ്രമാദിത്വം ഉറപ്പിക്കുന്ന അധികാരശക്തികളും മാതംഗലീലയുടെ വായനാനുഭവമാണ്. വെളുപ്പിൽ കറുപ്പിനെയെടുത്ത് കലക്കിയാൽ മാത്രമേ ജാതി തുടച്ചുനീക്കുവാൻ കഴിയൂ. മിശ്രവിവാഹം മാത്രമാണ് ജാതി ഇല്ലാതാക്കാൻ ഒരേയൊരു പോംവഴി എന്ന് കേരളത്തിലുണ്ടായിരുന്ന സാമൂഹ്യ പരിഷ്‌കർത്താക്കളെല്ലാം ചിന്തിച്ച പോലെ തെച്ചോരൻ ചിന്തിച്ചു.

' കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ' എന്ന് ആശാനെഴുതിയത് സ്മരിക്കുന്നു. എല്ലാ കഥാപാത്രങ്ങളും തെറ്റായാലും ശരിയായാലും അവരുടെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന മനുഷ്യരാണ്. എങ്കിലും ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് താഴമ്പൂ. തഴയപ്പെടുമ്പോഴും ഉള്ളിൽ സൂക്ഷിക്കുന്ന സഹജീവിസ്നേഹവും ഊർജ്ജവും കൊണ്ട് ഏറെ പ്രിയപ്പെട്ട കഥാപാത്രം. അനാഥമായ മയിൽമുട്ട സ്വന്തം നെഞ്ചോരം ചേർത്ത് വിരിയിച്ചെടുത്ത് വളർത്തിയവൾ. കടമ്പനുമായുള്ള ആത്മബന്ധത്തെ മറ്റൊരു സുഖത്തിനും വേണ്ടി ഉപേക്ഷിക്കാത്തവൾ..

'അറിവുള്ളവരിനെ ആരിക്കും പറ്റിക്കാൻ പറ്റൂല' എന്ന് ഉറച്ച് വിശ്വസിക്കുന്നവൾ..നാട്ടിൽ വെളിച്ചം വന്നു തുടങ്ങിയാൽ ഇരുട്ടിനോടുള്ള പേടി പോവും. അറിവു വെളിച്ചമാകുമ്പോൾ ഭയത്തിന്റെ ഇരുട്ട് ഇല്ലാതാകുമെന്നും, നമ്മളെ സംരക്ഷിക്കാൻ നമ്മൾ വിശ്വസിക്കുന്ന പ്രസ്ഥാനം മാത്രമേ ഉണ്ടാവൂ എന്നും പറയുന്ന താഴമ്പൂ.

'ഒരു പക്ഷീനപ്പോലും നേരാംവണ്ണം ജീവിക്കാൻ വിടാത്ത എന്തൊരു നാടാണിത്..!' എന്ന് മലനിരകളോട് ഉറക്കെച്ചോദിക്കുന്നവൾ. ഒടുവിൽ, ബാലകൃഷ്ണനെ ആനയിൽ നിന്നും ഒടി മാറ്റി മനുഷ്യനാവാൻ ഉള്ളറിഞ്ഞ് വെള്ളം തളിച്ചവൾ. 'നമ്മൾ പ്രണയം എന്നുവിളിക്കുന്ന അനുഭവത്തിന്റെ യഥാർത്ഥ പേര് താഴമ്പൂ എന്നായിരുന്നു!'

മാതംഗലീലയുടെ ഓരം ചേർത്തൊരു ചിന്ത മാത്രമാണിത്. വീണ്ടും വീണ്ടും വായിക്കാവുന്ന, ചർച്ച ചെയ്യപ്പെടേണ്ട പുസ്തകം. പ്രിയപ്പെട്ട നോവലിസ്റ്റ് സന്തോഷ് ഏച്ചിക്കാനത്തിനും മാതൃഭൂമിക്കും അഭിനന്ദനങ്ങൾ..