
കേരള ചരിത്രം പരിചരിച്ചുപോയ ഗദകാല ചരിത്ര ആഖ്യാനങ്ങളുടെ കീഴില്‍ മനുഷ്യനെ കേന്ദ്ര കഥാപാത്രമാക്കി എഴുതപ്പെട്ട താളുകള്‍ക്ക് പുറമേ, ചരിത്രത്തില്‍ വേറിട്ടൊരു അന്വേഷണരീതി പരിചയപ്പെടുത്തുകയാണ് മഹമൂദ് കൂരിയ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'മൃഗകലാപങ്ങള്‍' എന്ന പുസ്തകം. പഠനാവശ്യത്തിന് മാത്രമല്ല, പുതിയൊരു ചരിത്രകോണുകള് തേടുന്നവര്‍ക്കും, പൊതുവായ വായനാനുഭവം ആഗ്രഹിക്കുന്നവര്‍ക്കും ഈ പുസ്തകം ചെറുതല്ലാത്ത വഴിത്തിരിവാണ്. മലബാര്‍ സമരങ്ങളുടെ ചരിത്രത്തില്‍ മനുഷ്യന് കേന്ദ്രീയമായിരുന്ന ആഖ്യാനപദ്ധതിക്ക് പകരം, മൃഗങ്ങളെ നായകവേഷം അണിയിച്ചുകൊണ്ടുള്ള ഒരു വ്യത്യസ്ത ചരിത്രപഠനമാണ് രചയിതാവ് ലക്ഷ്യമിടുന്നത്. നീണ്ട മലബാര്‍ സമരകാലത്ത് നേരിട്ടോ, അല്ലാതെയോ കലാപങ്ങളില്‍ പങ്കുചേര്‍ന്നിരുന്ന മൃഗങ്ങളെ ചരിത്രത്താളുകളില്‍ നിന്ന് കണ്ടത്തുകയും, മൃഗച്ചുറ്റുപാടുകള് ബന്ധപ്പെടുത്തി മലബാറിലെ കലാപങ്ങളെ, സമരപോരാളികളെ, ബ്രിട്ടീഷ് അധിനിവേശത്തെ വിശദമായി വായിക്കുകയും ചെയ്യുന്ന പുസ്തകം പുതിയൊരു വായനാനുഭവം സമ്മാനിക്കുന്നു.
നമ്മുടെ ചരിത്രങ്ങള്‍ എപ്പോഴും മനുഷ്യനെ മാത്രം കേന്ദ്രീകരിച്ചായിരുന്നു ചലിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഒരു പുനര്‍നിര്‍മ്മാണത്തിലൂടെ നമ്മുടെ സാമൂഹിക ചുറ്റുപാടുകളില്‍, ദൈനംദിനപ്രക്രിയയില് പ്രധാന സ്ഥാനം അലങ്കരിക്കുന്ന മൃഗങ്ങളെ ചരിത്രത്തിന്റെ സാന്നിധ്യത്തിലേക്ക് നയിക്കുന്ന ഈ കൃതി പുതിയ വഴി വെട്ടിതെളിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് മറ്റുള്ള ചരിത്രപഠനങ്ങളില്‍ നിന്ന് വേറിട്ടതാകുന്നതും. നമ്മുടെ നാടുകളിലെ കന്നുകാലികളെയും, ആനകളെയും, നായകളെയും കുറിച്ചും മാത്രമല്ല, ബ്രിട്ടന് ഇറക്കുമതി ചെയ്ത കഴുതകളും കുതിരകളും അടങ്ങുന്ന വിദേശമൃഗങ്ങളേയും ഉള്‍ക്കൊണ്ട് ചരിത്രം വായിക്കുമ്പോള്‍, വായനക്കാര്‍ക്ക് ഏറെ പുതുതായ അനുഭവം ലഭിക്കുന്നു. ഓരോ മൃഗത്തിനായും മാറ്റി വച്ചിരിക്കുന്ന ഓരോ അധ്യായങ്ങളും, ഗ്രന്ഥകാരന് നടത്തിയ അന്വേഷണത്തിന്റെ ആഴവും പരപ്പും തെളിയിക്കുന്നു.
പുസ്തകത്തില്‍ 1930-ന് മുമ്പുള്ള ഉറവിടങ്ങള്‍, അതില്‍ കൂടുതലും കേരളേതര രേഖകള്‍, ഉള്പ്പെടുത്തിയിരിക്കുന്നതിലൂടെ ചരിത്രകാരന് ചരിത്രപശ്ചാത്തലത്തോട് എത്രമാത്രം കൂറ് പുലര്‍ത്തുന്നു എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ഓരോ പരാമര്‍ശത്തിനും വ്യക്തമായ സൂചികകളും ഉറവിടങ്ങളും ചേര്‍ത്ത് എഴുത്തുകാരന് നടത്തിയ പ്രയത്നവും അഭിനന്ദനാര്‍ഹമാണ്. ഇതിനു പുറമെ, വായനയുടെ ഒഴുക്കിന് കോട്ടം തട്ടാതെ, വായനയെ ത്രസിപ്പിക്കുന്ന ഒരു ശൈലി പുസ്തകം ഉടനീളം നിലനിര്‍ത്തുകയും ചെയ്യുന്നു. അതിനുപുറമേ, പുസ്തകത്തിന്റെ സാമൂഹികപാരമ്പര്യത്തില് ഇന്നും നിലനില്‍ക്കുന്ന പരാമര്‍ശങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പിന്നിലെ ചരിത്രപശ്ചാത്തലം തിരഞ്ഞുപിടിക്കുന്നതും, അതോടൊപ്പം പഴയ മാപ്പിളപ്പാട്ടുകളും അതിന്റെ സാരാംശങ്ങളും കവിതകളും, പ്രത്യേകിച്ച് അവസാന അധ്യായത്തില്‍ ''പൂച്ചവധം മുതല്‍ എലിപ്പടവരെ' എന്ന മോയിന്‍കുട്ടി വൈദ്യരുടേതെന്ന് കരുതപ്പെടുന്ന വരികളിലൂടെയുള്ള വിശദമായ വിശകലനവും വായനക്കാരില്‍ കൗതുകം ജനിപ്പിക്കുന്നു. പുസ്തകം അവസാനിക്കുമ്പോള്‍ വായനക്കാരന്്, ചരിത്രത്തില്‍ പുതിയ വായനകള്‍ നടത്താന്‍ ആഗ്രഹം ഉണരുകയും, ചരിത്രം എന്നു പറയുന്നത് മനുഷ്യനെയും ഭരണത്തെയും മാത്രം കുറിച്ചുള്ളതാണ് എന്നതിനെ ഒരു പുനര്‍വിചിന്തനം നടത്താന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു.
ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടില്ലാത്തവയെ തേടിപ്പിടിച്ച് അതിലൂടെ പുതിയ നിരീക്ഷണങ്ങള്‍ കൈവരിക്കാന്‍ ഈ കൃതി നമുക്ക് മാതൃകയാവുന്നു.
Content Highlights: Muhammad Shahid Moovattupuzha review the book mrigakalapangal by mahmood kooria
Published: 23 Jul 2025, 06:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented