കെ.വിശ്വനാഥിന്റെ പ്രഥമ നോവല്‍ 'നഗ്നനായ കൊലയാളിയുടെ ജീവിതം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. 'നഗ്നനായ കൊലയാളിയുടെ ജീവിതം' സി.കെ വിജയന്റെ വായനയില്‍. 

To advertise here,

വ്യക്തി എന്ന നിലയിലും സാമൂഹിക ജീവിയെന്ന നിലയിലും അര്‍ണോസ് എന്ന കൊലയാളി അനുഭവിക്കുന്ന സംഘര്‍ഷങ്ങളുടെ കഥയാണ് കെ. വിശ്വനാഥിന്റെ 'നഗ്‌നനായ കൊലയാളിയുടെ ജീവിതം' എന്ന നോവല്‍. കൊലപാതകത്തിന് എത്രതന്നെ ന്യായീകരണങ്ങള്‍ ഉണ്ടായാലും ജീവനെടുക്കുന്നത്രയും അധമമായ കുറ്റം ലോകത്ത് മറ്റൊന്നുമില്ലെന്ന നീതിബോധമാണ് അര്‍ണോസിന്റെ സംഘര്‍ഷങ്ങളുടെ കാമ്പും കാതലും. കാലുഷ്യത്തിന്റേയും വെറുപ്പിന്റേയും ലോകം വിട്ട് സ്‌നേഹത്തിന്റേയും ക്ഷമാപണത്തിന്റേയും സഹജീവനത്തിന്റേയും പരിസരം നിര്‍മ്മിക്കാനുള്ള ശ്രമമാണ് നോവലില്‍ ഉടനീളം അര്‍ണോസ് നടത്തുന്നത്.   

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജര്‍മ്മനിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലിലെ കഥാപാത്രത്തിന് കോട്ടയം പാലായിലെ അര്‍ണോസിന്റെ ജീവിതവുമായി അഭേദ്യമായൊരു ബന്ധം കണ്ടെത്തുന്നു. ആ ബന്ധത്തിന്റെ ചുരുളഴിക്കുന്ന രീതിയിലാണ് നോവല്‍ പുരോഗമിക്കുന്നത്.

'ദസ് ലബന്‍ എയ്‌നസ് നാകെറ്റന്‍ മോര്‍ഡറസ്' എന്ന നോവലാണ് കെ. വിശ്വനാഥ് പ്രതിപാദിക്കുന്നത്. എന്നുവച്ചാല്‍ നഗ്‌നനായ കൊലയാളിയുടെ ജീവിതം എന്ന് അര്‍ഥം വരും. മനസ്സു നിറയെ നന്മമാത്രമുള്ള, നോവലിലെ അര്‍ണോസ് പാതിരി എന്ന കഥാപാത്രം എങ്ങനെ കൊല്ലപ്പെടുന്നു എന്നതാണ് ജര്‍മന്‍ നോവല്‍ അന്വേഷിക്കുന്നത്. അതിനുസമാനമാണ് ഈ നോവലിലെ അര്‍ണോസിന്റെ ജീവിതവും. ഇരുവരും വിനിമയം ചെയ്യുന്നത് കുറ്റാനന്തര ലോകത്തെ നീതിബോധ്യങ്ങളാണ്.

നന്മയുടെ വാഹകനാവാന്‍ അര്‍ണോസ് നടത്തുന്ന ശ്രമങ്ങള്‍ക്ക് കണക്കില്ല. അപ്പോഴും മറുഭാഗത്ത് താന്‍ ഒരു കുറ്റവാളിയാണെന്ന ബോധം അര്‍ണോസിനെ തളര്‍ത്തിക്കളയുന്നുമുണ്ട്. ഈ സംഘര്‍ങ്ങളില്‍പ്പെട്ട അര്‍ണോസിനെ പകര്‍ത്തിയെഴുതുമ്പോള്‍ മാധ്യമ പ്രവര്‍ത്തകന്‍ അനുഭവിക്കുന്ന സങ്കീര്‍ണതകളാണ് നോവലിന്റെ പ്രതിപാദ്യം.  

സുവിശേഷ പ്രാസംഗികനായിരുന്നു അര്‍ണോസിന്റെ പിതാവ് വര്‍ഗീസ് മൂപ്പന്‍. അതേ സമയം അദ്ദേഹമൊരു അസാമാന്യ വേട്ടക്കാരനുമായിരുന്നു. വേട്ടക്കാരനില്‍ നിന്ന് സുവിശേഷപ്രാസംഗികനിലേക്കും സുവിശേഷകനില്‍ നിന്ന് തിരിച്ചുമുള്ള ദൂരം വര്‍ഗീസിനെ സംബന്ധിച്ചിടത്തോളം ചെറുതായിരുന്നില്ല. ഒരേ സമയം രണ്ട് സ്വഭാവ മഹിമകളുടെ ഉടമയായിരുന്നു വര്‍ഗീസ് മൂപ്പന്‍. വേട്ടയാടുന്നതിലുള്ള ആനന്ദം രതിമൂര്‍ച്ഛപോലെയാണ് മൂപ്പന്. താന്‍ മൃഗങ്ങളെ മാത്രമേ കൊല്ലാറുള്ളൂ എന്നു പറയുന്ന അദ്ദേഹം മനുഷ്യ ചരിത്രത്തിന്റെ വികാസ പരിണാമങ്ങളില്‍ നടന്ന കൂട്ടക്കൊലകളെ നരവംശ ശാസ്ത്രത്തെ കൂട്ടുപിടിച്ച് ന്യായീകരിക്കുന്നുണ്ട്. അതിനായി അശോക ചക്രവര്‍ത്തി നടത്തിയ നരഹത്യകളെ വരെ ഉദാഹരിക്കുന്നു.

അതേസമയം ബെഞ്ചമിനെന്ന കഥാപാത്രത്തിന്റെ നീതിബോധം കുറേക്കൂടി കണിശമാണെന്നു പറയാം. പണ്ട് കാമുകിയെ ചുംബിച്ചതിന്റെ പേരിലുള്ള കുറ്റബോധത്തിന്റെ വേട്ടയാടല്‍ കാരണം ളോഹ അഴിച്ചുവെക്കുകയാണ് ബെഞ്ചമിന്‍.

കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിഭിന്നമായ കാഴ്ചപ്പാടുകളാണ് നോവലില്‍ ഉടനീളമുള്ളത്. എന്നാല്‍ അതൊന്നും കുറ്റം ചെയ്യാനുള്ള ന്യായീകരണമായല്ല വര്‍ത്തിക്കുന്നത്. പകരം കുറ്റാനന്തരമുള്ള പാപബോധത്തെ അടയാളപ്പെടുത്താനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്. ഒരു വ്യക്തി നെറികേടു ചെയ്താല്‍ കൂടുതല്‍ ആഘാതമുണ്ടാകുന്നത് ചെയ്തവനിലാണെന്ന തിയറിയാണ് അര്‍ണോസിന്റേത്. ഇരയാക്കപ്പെട്ടയാള്‍ക്ക് സമൂഹത്തിന്റെ സാഹനുഭൂതിയുണ്ടാവുന്നു മുന്നോട്ട് കുതിക്കാനുള്ള ഉര്‍ജമുണ്ടാകുന്നു തുടങ്ങിയ ദര്‍ശനങ്ങളാണ് കൊലയാളിയായ അര്‍ണോസിന്റേത്. ഏകല്യവന്‍, ക്രിസ്തു, ബുദ്ധന്‍, ശ്രീരാമന്‍ തുടങ്ങി ഗാന്ധിയെ വരെ ഉദ്ധരിച്ച് തന്റെയീ സിദ്ധാന്തം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ട് കഥാപാത്രങ്ങള്‍.

കേപ് ടൗണില്‍ കണ്ടുമുട്ടുന്ന സഞ്ജീവ് സന്യാല്‍ എന്ന പ്രഫണല്‍ കില്ലര്‍ ഇത് കുറേക്കൂടി ആഴത്തില്‍ പറഞ്ഞുവെക്കുന്നു. കൊല്ലുക എന്നത് തന്റെ ജോലിയാണെന്നും കാശുകിട്ടിയാല്‍ ആരേയുംകൊല്ലുമെന്നും അനാവശ്യമായി താന്‍ ആരേയും ഉപദ്രവിച്ചിട്ടില്ലെന്നും സന്യാല്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കൊല്ലുന്ന തനിക്ക് എന്തിന് കുറ്റബോധമെന്നും കൊല്ലാന്‍ ആവശ്യപ്പെടുന്നവന് അല്ലേ പാപബോധം വേണ്ടത് എന്നും ചോദിച്ചുകൊണ്ടാണ് സന്യാല്‍ മടങ്ങുന്നത്.

കൊലയല്ല, കൊല ചെയ്യുന്ന സാഹചര്യമാണ് പ്രധാനം. കൊല കുറ്റമാണോ അല്ല നീതിക്കുവേണ്ടിയാണോ എന്ന് തീരുമാനിക്കുന്നത് ആ സാഹചര്യമാണ് എന്നുമാണ് അര്‍ണോസിന്റെ മതം.

ഇങ്ങനെ തനിക്ക് ചെയ്യേണ്ടിവന്ന കൊലപാതകത്തെ ന്യായീകരിക്കാന്‍ അര്‍ണോസ് കണ്ടെത്തുന്ന വ്യാഖ്യാനങ്ങള്‍ ആത്മശാന്തിക്കുവേണ്ടി മാത്രമുള്ളതല്ല. പകരം വിശാലമായ കാഴ്ചപ്പാടിലേക്ക് നമ്മുടെ സദാചാര സങ്കല്‍പ്പങ്ങളെ പുതുക്കിപ്പണിയാന്‍ കൂടി ലക്ഷ്യം വെച്ചുള്ളതാണ്.

കുടുംബ ബന്ധങ്ങളിലാണ് അര്‍ണോസ് തന്റെ പുത്തന്‍ ബോധ്യങ്ങളെ ആദ്യം സ്ഥാപിക്കുന്നത്. തന്റെ കൈകൊണ്ട് കൊല്ലപ്പെട്ടയാളുടെ സഹോദരിയെ പ്രണയിക്കുകയും പ്രാപിക്കുകയും ചെയ്യുന്നു. തന്റെ ഭാര്യയ്ക്ക് മറ്റൊരു പ്രണയമുണ്ടെങ്കില്‍ താനതിനെ അവിഹിതമെന്ന് വിശേഷിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുന്നു. അതു താന്‍ അംഗീകരിക്കുമന്ന് ആവര്‍ത്തിക്കുന്നു. പിരിമുറുകി കെട്ടുപിണഞ്ഞുകിടക്കുന്ന കുടുംബബന്ധങ്ങളില്‍ ആവശ്യമെങ്കില്‍ കാറ്റും വെളിച്ചവും കടക്കട്ടേയെന്ന് അര്‍ണോസ് ആഗ്രഹിക്കുന്നു.

വര്‍ഗീസ് മൂപ്പനെന്ന പിതാവിന്റെ വിവാഹേതര ബന്ധത്തേയും ഇതേ ഉദാരതയോടെയാണ് അര്‍ണോസ് കാണുന്നത്. അര്‍ണോസ് മാത്രമല്ല മറ്റുള്ളവരോടും അങ്ങനെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കുടുംബ ബന്ധങ്ങളില്‍ മറ്റൊരു ജീവിതം സാധ്യമാകുമെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട് നോവല്‍. കൊടുത്താല്‍ തീര്‍ന്നുപോകുന്നതല്ല സ്‌നേഹം എന്നതാണ് അര്‍ണോസ് തിയറി.

പകയും പ്രതികാരവും പുകയുന്ന ജീവിതങ്ങളില്‍ സ്‌നേഹത്തിന്റേയും ക്ഷമാപണത്തിന്റെയും മഞ്ഞുപെയ്യിക്കുന്നുണ്ട് അര്‍ണോസ്. മനുഷ്യര്‍ തമ്മില്‍ പല ബന്ധങ്ങളും കാണും അതൊന്നും കൊല്ലാനുള്ള കാരണങ്ങള്‍ അല്ലെന്ന് അര്‍ണോസ് ഉറക്കെ വിളിച്ചു പറയുന്നത് കേള്‍ക്കാം.

എട്ടുകൊലപാതകങ്ങള്‍ നടത്തിയ റിപ്പര്‍ ജോണിയെ തൂക്കിലേറ്റുമ്പോഴും അര്‍ണോസിന്റെ ചിന്തകള്‍ക്ക് ചാഞ്ചല്യമുണ്ടാവുന്നില്ല. ശിക്ഷയെന്നത് അവനവനെ സംസ്‌കരിക്കാനുള്ള മരുന്നാണെന്ന ബോധ്യമാണ് അര്‍ണോസിനുള്ളത്. ജയിലിനകത്ത് ഇല്ലാത്ത എന്ത് സ്വാതന്ത്ര്യമാണ് പുറം ലോകത്തുള്ളതെന്നും റിപ്പര്‍ ജോണിയോട് ഒരിക്കല്‍ അര്‍ണോസ് ചോദിക്കുന്നുണ്ട്. കൂട്ടത്തിലൊരാളെ കൊല്ലുന്നതുപോലെ തന്നെയാണ് ശിക്ഷയുടെപേരില്‍ കൊല്ലുന്നതും എന്ന് അര്‍ണോസ് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്.

20-ാം വയസ്സില്‍ കൊലക്കേസില്‍പെട്ട് 28-ാം വയസ്സില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അര്‍ണോസിന് ഒപ്പമുള്ളത് തെളിനീരുപോലുള്ള മനസ്സും ചിന്തകളുമാണ്. സ്വയം ശുദ്ധീകരിച്ചും നവീകരിച്ചും വരുന്നതിന്റെ കരുത്തിലാണ് തുടര്‍ന്നുള്ള അര്‍ണോസിന്റെ ജീവിതം.

എന്നാല്‍ അകത്തായാലും പുറത്തായാലും അര്‍ണോസിനെ ആരോ പിന്തുടരുന്നുണ്ട് എന്നു മനസ്സിലാക്കുന്നിടത്താണ് നോവല്‍ ത്രില്ലര്‍ ആവുന്നത്. ഒടുവില്‍ ജീവചരിത്രമെഴുതാന്‍ എത്തിയ വിശ്വനാഥ് കാണുന്നത് അര്‍ണോസിന്റെ മൃതദേഹമാണ്. 17-ാം നൂറ്റാണ്ടില്‍ അര്‍ണോസ് പാതിരി കൊല്ലപ്പെട്ട അതേ രീതിയില്‍ അര്‍ണോസും മരിച്ചിരിക്കുന്നു അതുമാത്രമല്ല അര്‍ണോസിന്റെ ജീവിതത്തില്‍ കണ്ടതും അറിഞ്ഞതുമായ കൊലകള്‍ക്കെല്ലാം ഒരേ സാമ്യം. ഒരിടത്തും സാക്ഷികളേ ഇല്ല. എന്നാല്‍ ആ സാക്ഷികള്‍ക്ക് പകരം മറ്റുചിലതുണ്ട്. ഊമക്കത്തുകള്‍. നോവലിസ്റ്റിനെപ്പോലും ഭീഷണിപ്പെട്ടുന്ന അദൃശ്യ ശക്തികള്‍.  

കുറ്റവും കുറ്റവാളികളും അവരുടെ മനോവ്യാപാരങ്ങളും പ്രമേയമായ നോവലുകള്‍ നിരവധിയുണ്ട്. ക്രൈം ത്രില്ലറുകള്‍ക്ക് ലോക സാഹിത്യത്തില്‍ ഇന്നും വലിയ സ്ഥാനം നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തില്‍ കുറ്റവാളിയെന്ന് വിളക്കപ്പെടുന്ന ഒരാളുടെ മറ്റൊരു ജീവിതം പറയുന്ന നോവല്‍ അധികമുണ്ടാവില്ല. അത്തരത്തിലുള്ള രചനയാണ് 'നഗ്‌നായ കൊലയാളിയുടെ ജീവിതം'.

കളിയെഴുത്തിലാണ് കെ. വിശ്വനാഥിന് വഴക്കം. എന്നാല്‍ അതിനുപ്പുറം ഫിക്ഷനും വഴങ്ങുമെന്നതിന്റെ ആദ്യ തെളിവുകൂടിയാണ് വിശ്വാഥിന്റെ 'നഗ്‌നനായ കൊലയാളിയുടെ ജീവിതം' കാല്‍പ്പന്തുകളുടെ പാസുകള്‍ പോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഒഴുക്കിയെടുക്കാനുള്ള പ്രാവീണ്യം നോവല്‍ രചനയിലും പ്രകടം.