സിബി ജോൺ തൂവൽ എഴുതിയ 'ചങ്ക് ബ്രോ' എന്ന കഥാ സമാഹാരത്തിന് ഒരു ആസ്വാദനം

വായനക്കാരെ ഒരേ സമയം ഉദ്വേഗഭരിതരാക്കുകയും വൈകാരികകതലത്തിലേക്കു ഉയർത്തുകയും ചെയ്യുന്ന കഥകളുടെ സമാഹാരമാണ് സിബി ജോൺ തൂവൽ രചിച്ച ചങ്ക് ബ്രോ. മനുഷ്യന്റെ വിവിധ ജീവിതാവസ്ഥകൾ പ്രമേയമായ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
പേരിനൊപ്പമുള്ള 'തൂവൽ' പോലെ മെല്ലെത്തഴുകിത്തുടങ്ങുന്നവയാണ് സിബിയുടെ കഥകൾ. പക്ഷേ മുന്നോട്ടു പോകവേ, വൈകാരികതയിൽ നമ്മെ പൊതിയും. വേദനകൾ, ഉത്കണ്ഠ, ഉദ്വേഗം, വിരഹം.... പലതരം അവസ്ഥകളിലൂടെ ചുറ്റിപ്പടർന്നു ചുഴലിയിലെന്നതുപോലെ ഭൂമിയിൽ നിന്നുയർത്തി ഒടുവിൽ ഹൃദ്യമായ ഒരു അനുഭൂതിയിൽ താഴെ എത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ കഥാലോകമാണ് അദ്ദേഹത്തിന്റേത് - പുസ്തകത്തെകുറിച്ച് പ്രമുഖ എഴുത്തുകാരൻ ജി. ആർ. ഇന്ദുഗോപൻ ഇങ്ങനെയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കഥകൾ വായിച്ചു കഴിയുമ്പോൾ ഈ വിശേഷണം അങ്ങേയറ്റം ശരിയെന്നു വായനക്കാരനും തോന്നും. ആശുപത്രികളിലെ അവയവദാനവുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന വ്യത്യസ്തമായ അനുഭവങ്ങളാണ് ചങ്ക്ബ്രോ എന്നു പേരിട്ട ആദ്യകഥയിലുള്ളത്. വീട്ടമ്മമാരും അവർ തങ്ങളുടെ കുടുംബം ചലിക്കാൻ ഓരോ ദിവസവും ചെയ്യുന്ന ത്യാഗങ്ങളുമാണ് വളകിലുങ്ങുന്ന വീട് എന്ന രണ്ടാമത്തെ കഥയുടെ പ്രമേയം. ഭയമുദ്ര എന്ന കഥയിൽ പ്രണയവും പ്രണയനൈരാശ്യവും പ്രമേയമാകുന്നു. ആശയത്തിന്റെ പ്രത്യേകതകൊണ്ട് വായനക്കാരുടെ സവിശേഷശ്രദ്ധ നേടുന്ന കഥയാണ് പേനാക്കഥ. ഭരണകൂടം എല്ലാ എഴുത്തുകളെയും സെൻസർ ചെയ്യുന്ന കാലഘട്ടത്തെ അപകടമാണ് ഈ കഥയുടെ ഇതിവൃത്തം. വളരെ വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നതും ഈ കഥയുടെ പ്രത്യേകഥയാണ്. ഹണിട്രാപ്പ് ഇന്നത്തെ ചാനൽചർച്ചാ സംസ്കാരത്തെ ഇഴകീറി പരിശോധിക്കുന്നു. പുതുലോകത്തിൽ കള്ളൻമാർ നേരിടുന്ന പ്രശ്നങ്ങളും മലയാളികളുടെ മുഖമുദ്രയായ നൊസ്റ്റാൾജിയയുടെ മറ്റൊരു ഭാവത്തെ പരിചയപ്പെടുത്തുന്ന കഥകളുമുണ്ട് സമാഹാരത്തിൽ. എളുപ്പത്തിൽ വായിച്ചുതീരുന്ന കഥകൾ ആശയങ്ങളുടെ വൈവിധ്യത്താൽ സമ്പന്നമാണ്. മലയാളത്തിലെ പുതുകഥാലോകത്തെ അടുത്ത് പരിചയപ്പെടാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ചങ്ക് ബ്രോ.
എച്ച് ആൻഡ് സി ബുക്സ് ആണ് പ്രസാധകർ.
Published: 22 Sept 2026, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented