
ആർ. രാജശ്രീയുടെ 'ആത്രേയകം' എന്ന നോവലിനെക്കുറിച്ച്;
മഹാഭാരതത്തിലെ അപ്രധാന കഥാപാത്രങ്ങളുടെ അജ്ഞാതമായ ജീവിതത്തിലേക്ക് നടത്തുന്ന ഒരന്വേഷണമാണ് ആർ. രാജശ്രീയുടെ 'ആത്രേയകം' എന്ന നോവൽ. ഇതിഹാസത്തിന്റെ പരമ്പരാഗതമായ വ്യാഖ്യാനങ്ങളെ ഈ നോവൽ മാറ്റിക്കുറിക്കുന്നു. പകരം, പുറംതള്ളപ്പെട്ടവരുടെയും രോഗികളുടെയും ഓർക്കാൻ ഇടയില്ലാത്തവരുടെയും ജീവിതങ്ങളെ കേന്ദ്രീകരിച്ച് ഒരു പുതിയ മാനുഷിക കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. യുദ്ധത്തെയും രാജവാഴ്ചയെയും മഹത്വവത്കരിക്കുന്നതിനു പകരം, ആഖ്യാനം പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.
നോവലിലെ കേന്ദ്രകഥാപാത്രമായ നിരമിത്രൻ, കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മവധസന്ദർഭത്തിലെ ഒരു പ്രധാന കഥാപാത്രമായ ശിഖണ്ഡിയുടെ ഒരു പുതിയ വ്യാഖ്യാനമാണ്. സ്ത്രീയായും പുരുഷനായും ജനിച്ച നിരമിത്രന്റെ വ്യക്തിത്വത്തെയും പോരാട്ടങ്ങളെയും രാജശ്രീ ഈ നോവലിൽ സമർത്ഥമായി ഉപയോഗിക്കുന്നു. നാളിതുവരെ കണ്ടെടുത്തിട്ടില്ലാത്ത ജൈമിനിയുടെ ഭാരതം പുനഃസൃഷ്ടിക്കുകയാണ് എന്ന ഒരു തോന്നലിനെ ഫിക്ഷനൈസ് ചെയ്തു കൊണ്ടാണ് രാജശ്രീ മഹാഭാരതം എന്ന അടിസ്ഥാന മിത്തിൽ നിന്ന് നിരമിത്രൻ ഒരു മിത്തിനു സമാനമായ കഥാപാത്രത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു മിത്തിന്റെ ലളിതമായ പുനരാഖ്യാനത്തിനപ്പുറം, ലിംഗഭേദം, വ്യക്തിത്വം, മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ എന്നിവയെക്കുറിച്ചുള്ള ഒരു ഗഹനമായ പര്യവേഷണമായി ആഖ്യാനം മാറുന്നുണ്ട്.
ആഖ്യാനം ഊന്നൽ കൊടുക്കുന്ന പ്രധാന ആശയങ്ങളും രചനാശൈലിയും സത്യസന്ധവും കഥാപാത്രങ്ങളുടെ ജീവിതങ്ങളോട് സംവേദനാത്മകവുമായ സമീപനത്തിലൂടെ ശ്രദ്ധേയമാണ്. ധർമ്മാധർമ്മയുദ്ധങ്ങളെ മുൻനിർത്തി, വിജയത്തിന്റെയും പരാജയത്തിന്റെയും യഥാർത്ഥ അർത്ഥമെന്താണെന്ന ചോദ്യത്തിന്, യഥാർത്ഥ വിജയം കീഴടക്കലിലല്ല, മറിച്ച് സ്വന്തം നിഴലിനെ മനസ്സിലാക്കുന്നതിലാണ് എന്ന് ആഖ്യാനം അടിവരയിടുന്നു. ഇത് ഒരേസമയം ഇതിഹാസകാരന്റെ ചിന്താപക്ഷത്തും ആവിഷ്‌കാരപക്ഷത്തും നിലയുറപ്പിക്കുന്നതിനോടൊപ്പം പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ പുനഃരാഖ്യാനം ചെയ്യുന്നതിനുമുള്ള വിജയകരമായ ശ്രമമായി പര്യവസാനിക്കുന്നു.
നാടുവിടേണ്ടി വന്നവരെ പാർപ്പിക്കാനായി ഒരുക്കിയ ഒരിടമാണ് 'ആത്രേയകം'. ഔഷധച്ചെടികളുടെ സുഗന്ധമുള്ള, രോഗഗ്രസ്തരായ മനുഷ്യർക്ക് ആശ്വാസവും അഭയവും നൽകുന്ന ഒരിടമായിട്ടാണ് ഈ സ്ഥലത്തെ നോവലിൽ അവതരിപ്പിക്കുന്നത്. അത്രേയകം ഒരു ഭൂമിശാസ്ത്രസ്ഥലം മാത്രമല്ല; പീഢിതരുടെ അഭയകേന്ദ്രവും പ്രത്യാശയുടെ സംസ്‌കാരവും കൂടിയാണ്.
പക്വവും തത്ത്വചിന്താപരവുമായ ഒരു ആഖ്യാനശൈലിയാണ് രാജശ്രീ ആത്രേയകത്തിൽ സ്വീകരിച്ചിരിക്കുന്നത്. ധർമ്മത്തെയും അധർമ്മത്തെയും വിവിധ കാഴ്ചപ്പാടുകളിൽ ഈ നോവൽ അവതരിപ്പിക്കുന്നു. അധികാരത്തെയും രാഷ്ട്രീയ ഗൂഢതന്ത്രങ്ങളെയും ശക്തമായി വിമർശിക്കുമ്പോൾത്തന്നെ, മനുഷ്യന്റെ അതിജീവനശേഷിയെ വാഴ്ത്തിക്കൊണ്ടാണ് ആഖ്യാനം പ്രവർത്തിക്കുന്നത്.
വ്യാസഭാരതത്തിലെ അംബോപാഖ്യാനം മുന്നോട്ടുവയ്ക്കുന്ന ശിഖണ്ഡി എന്ന കഥാപാത്രത്തെ മുൻനിർത്തി ആഖ്യാനം രൂപപ്പെടുത്തിയ കഥാപാത്രമാണ് നിരമിത്രൻ. സ്വന്തം ഭീതികളെ തികച്ചും മാനുഷികമായി നേരിടാൻ പഠിക്കുന്ന, ഒരു കേവല മനുഷ്യനായി ആഖ്യാനത്തിൽ നിരമിത്രൻ രൂപപ്പെടുന്നു. ആത്രേയകത്തിലെ വൃദ്ധനായ ചികിത്സകൻ ചൂഡകനും അയാളുടെ പേരക്കിടാവ് ഇള എന്ന പെൺകിടാവും ചേരുന്ന ആഖ്യാനശരീരം പാഞ്ചാലത്തിന്റെ രാഷ്ട്രീയശരികളിലും തെറ്റുകളിലും മനുഷ്യജീവിതത്തിന്റെ നിസ്സഹായതകളെ ചേർത്തുവച്ചുകൊണ്ട് ആദ്യന്തം ഒരേ താളത്തിൽ മുന്നോട്ടുപോകുന്നു.
കവിതാസദൃശമായെങ്കിലും ഒട്ടും അതിഭാവുകത്വമില്ലാത്ത ഭാഷയാണ് ഈ നിലയിൽ മുന്നോട്ടു പോകാൻ ആഖ്യാനത്തെ സഹായിക്കുന്നത്. ഇതിഹാസകഥനത്തിന് വായനാലോകം പ്രതീക്ഷിക്കുന്ന ഒരു വേഗം വായനക്കാരന്റെ മനസ്സിൽ സ്വതവേ രൂപപ്പെട്ടിട്ടുണ്ട്. അതിനനുസൃതമായി വായനയുടെ വേഗം കുറച്ച്, വായനക്കാരനെ ധ്യാനത്തിലേക്ക് നയിക്കുന്ന വിളംബിതമായ ഒരു താളഘടനയിലാണ് ആത്രേയകത്തിന്റെ ആഖ്യാനഭാഷ നിലനിൽക്കുന്നത്.
വീരകഥകളുടെ പാതയിൽ നിന്ന് മാറി, കരുതലിന്റെ രാഷ്ട്രീയത്തിലേക്കു വായനക്കാരനെ കൊണ്ടുപോകുന്ന അപൂർവ്വ നോവലാണ് ആത്രേയകം. മുറിവുകളുടെയും ചികിത്സയുടെയും ഭാഷയിൽ മനുഷ്യജീവിതത്തെ പുതുക്കിയെഴുതുന്ന ആർ. രാജശ്രീയുടെ ആത്രേയകം എന്ന നോവൽ പത്മപ്രഭയിലെത്താൻ രാജശ്രീയെ സഹായിച്ചിരിക്കും എന്ന് ഞാൻ കരുതുന്നു. രാജശ്രീയുടെ നേട്ടങ്ങളിൽ അസൂയ ഉണരാത്ത കുറെയേറെ ആളുകളുണ്ട്. ആ കൂട്ടത്തിൽ, ഇങ്ങേയറ്റത്തു നിന്ന് ഒരാൾ ആഹ്ലാദത്തിന്റെ ചിഹ്നംപോലെ ഇരു കൈളുമുയർത്തുന്നു. രാജശ്രീക്ക്, കല്യാണിക്കും ദക്ഷായണിക്കും ആത്രേയകത്തിനും, ദീർഘനമസ്‌കാരം.
Content Highlights: Reinterprets Mahabharata through the lens of marginalized characters., Focuses on the politics of care rather than war and power., Explores complex themes of gender identity through the character Niramitran., Features a slow-paced, meditative narrative style., Symbolizes Athreyakam as a sanctuary for the wounded and the forgotten.
Published: 25 Apr 2026, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented