കോട്ടയം: ലോകസാഹിത്യ ജാലകം മലയാളിക്കായി തുറന്നിട്ട എഴുത്തുകാരനാണ് എം.കൃഷ്ണന്‍ നായര്‍. ഒരു കൃതിയെ എങ്ങനെ സമീപിക്കണമെന്നുള്ള ആദ്യപാഠം മലയാളി വായനക്കാരന് അദ്ദേഹം പകര്‍ന്നുനല്‍കി. വാക്കുകളും വാചകങ്ങളും ആശയവുംവരെ ഇഴകീറി പരിശോധിച്ചുകൊണ്ട് സാഹിത്യലോകത്ത് വിരാജിച്ചു. വിമര്‍ശനശരമെയ്യുമ്പോഴും നല്ലതെന്ന് പുകഴ്ത്തുമ്പോഴും അതിനുള്ള കാര്യകാരണങ്ങള്‍ നിരത്തി.
ആര്‍ക്കും എന്തും തോന്നുംപടി എഴുതിപ്പിടിപ്പിക്കാനാകുമായിരുന്നില്ല, അന്ന്. ചോദിക്കാനും പറയാനും കാരണവരായി അദ്ദേഹം നിലകൊണ്ടു. മൂന്നു വാരികകളിലായി 37 വര്‍ഷം തുടര്‍ന്ന 'സാഹിത്യവാരഫലം' പംക്തി ഒരു തലമുറയില്‍ സാഹിത്യാഭിരുചി വളര്‍ത്തി. തന്റെ എം.ബി.ബി.എസ്. പഠനകാലമായ 1976-82 വര്‍ഷങ്ങളിലും തുടര്‍ന്നും സാഹിത്യ വാരഫലം തുടര്‍ച്ചയായി വായിച്ച അനുഭവം പങ്കുവെച്ചത് കോട്ടയം മെഡിക്കല്‍ കോളേജ് റിട്ട. അനസ്‌തേഷ്യ പ്രൊഫസറും തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ എച്ച്.ഒ.ഡി.യുമായ ഡോ. കുഞ്ഞമ്മ ജോര്‍ജ്.
പാഠ്യപദ്ധതിയുടെ പുറത്തേക്ക് തന്റെ വായനയെ നയിച്ചത് സാഹിത്യ വാരഫലമാണെന്ന് ഉറപ്പിച്ചുപറയുകയാണ് ഡോ. കുഞ്ഞമ്മ ജോര്‍ജ്. 'സഹപാഠികളില്‍ സാഹിത്യാഭിരുചിയുള്ളവര്‍ നന്നേ കുറവായിരുന്നു.
വായിക്കാന്‍ പുസ്തകങ്ങളുമില്ല. ആകെയുള്ള ആശ്രയം ഹോസ്റ്റലില്‍ പതിവായെത്തുന്ന മലയാള വാരികകള്‍ മാത്രം. ഓരോ ആഴ്ചയും സാഹിത്യ വാരഫലത്തില്‍ ആരെയാകും പരാമര്‍ശിക്കുക, ഏത് കൃതിയാകും വിമര്‍ശനവിധേയമാക്കുക എന്ന് കൗതുകപൂര്‍വം കാത്തിരുന്ന കാലം. പംക്തിയില്‍വന്ന കൃതി തേടിപ്പിടിച്ച് വായിക്കുന്നത് പതിവാക്കി.
എത്ര ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വായിച്ചും വിലയിരുത്തിയുമാകും എം.കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലം തയ്യാറാക്കിയിരുന്നതെന്ന് അദ്ഭുതത്തോടെയേ ഓര്‍ക്കാനാകൂ.
'സമ്പൂര്‍ണ സാഹിത്യവാരഫലം' മാതൃഭൂമി പ്രസിദ്ധീകരിക്കുന്നുവെന്ന് കേട്ടപ്പോള്‍ ആശ്ചര്യമാണാദ്യം തോന്നിയത്. ഇത്ര ദീര്‍ഘകാലത്തെ എഴുത്തുകള്‍ ഒരുമിച്ചു മുന്‍പില്‍ കിട്ടുന്നത് വലിയ കാര്യമാണ്,'- ഡോക്ടര്‍ കുഞ്ഞമ്മ പറഞ്ഞു. പംക്തി പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നത് ബുക്കുചെയ്യാന്‍ മാതൃഭൂമി പുസ്തകശാലയിലെത്തിയതായിരുന്നു അവര്‍.
സാഹിത്യ വാരഫലം ആറ് വോള്യങ്ങളില്‍
എം.കൃഷ്ണന്‍ നായര്‍ എഴുതിയ 'സാഹിത്യ വാരഫലം' ആറ് വോള്യങ്ങളിലായി മാതൃഭൂമി ബുക്‌സാണ് പുറത്തിറക്കുന്നത്. പി.കെ.രാജശേഖരനാണ് എഡിറ്റര്‍. 7500 രൂപ മുഖവിലയുള്ള പുസ്തകം പ്രീ-പബ്ലിക്കേഷനില്‍ 4749 രൂപയ്ക്ക് സ്വന്തമാക്കാം. ഓണ്‍ലൈന്‍ ബുക്കിങ്ങിന്- https://www.mbibooks.com/product/sahithyavaraphalam/
Content Highlights: Sahithyavaraphalam, M.Krishnan Nair, Mathrubhumi Books, Pre-Publication Booking
Published: 12 Dec 2023, 12:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented