ഷാര്‍ജ: പേരുകളിലൂടെ അറിയപ്പെടുന്ന വ്യക്തിയെ മാറ്റിനിര്‍ത്തി ശരീരത്തിലെ ആത്മാവിനെ കണ്ടെത്തി സ്വയം നിയന്ത്രണ വിധേയമാക്കുന്നതിലൂടെ സ്വത്വത്തെ തിരിച്ചറിയാനാവുമെന്ന് പ്രശസ്ത ആര്‍ട്ടര്‍നേറ്റ് മെഡിസിന്‍ വിദഗ്ധനും ഗ്രന്ഥകാരനുമായ ദീപക് ചോപ്ര പറഞ്ഞു. ജീന്‍ എഡിറ്റിങ്ങിലൂടെയും തെറാപ്പിയിലൂടെയും രോഗങ്ങളെ മാറ്റിയെടുക്കാനുള്ള ശാസ്ത്രീയ രീതികള്‍ ആധുനിക മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയിട്ടുണ്ടെങ്കിലും അഹം അറിഞ്ഞുകൊണ്ടുള്ള ജീവിത നിയന്ത്രണങ്ങളിലൂടെ വ്യക്തി സൗഖ്യം സാധ്യമാവും.

ഭാവിയുടെ വിജയത്തിന് നിത്യജീവിതത്തില്‍ ഏഴ് കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാല്‍ ശരീരവും ആത്മാവും രോഗവിമുക്തമാകുമെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ വ്യക്തമാക്കി. ഉറക്കം, മെഡിറ്റേഷന്‍, ശരീര ചലനങ്ങള്‍, വികാരം, ഭക്ഷണം, പ്രകൃതി സമ്പര്‍ക്കം, സ്വയം തിരിച്ചറിവ് തുടങ്ങിയ ഏഴ് സ്തംഭങ്ങളില്‍ ജീവിതം അടിസ്ഥാനപ്പെടുത്തിയാല്‍ സൗഖ്യം ഉറപ്പിക്കാനാവും. 41-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ക്ഷേമത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ദീപക് ചോപ്ര.

മനുഷ്യ ശരീരത്തിന്റെ ഭൂരിഭാഗവും രാസപദാര്‍ഥങ്ങളാണ്. മനുഷ്യ ശരീരത്തെ ശാസ്ത്രീയമായി മാത്രം വിലയിരുത്തുന്നത് ശരിയായ രീതിയല്ല. ശാസ്ത്രം മാത്രമാണ് പരമാര്‍ഥം എന്ന സമീപനവും ശരിയല്ല. ആത്മാവിനെ ഉള്‍ക്കൊള്ളുന്ന ശരീര ശാസ്ത്രത്തിന് മാത്രമേ സമ്പൂര്‍ണമായ സൗഖ്യം സാധ്യമാക്കാന്‍ കഴിയുകയുള്ളൂ. നിത്യജീവിതത്തില്‍ താളാത്മകമായ ഉറക്കം ഉറപ്പാക്കണം. മെഡിറ്റേഷനിലൂടെ വൈകാരികമായ അവസ്ഥകളെ നിയന്ത്രിക്കാനാവും. സ്‌നേഹമെന്ന വികാരം ഉത്തേജിപ്പിക്കാന്‍ കഴിഞ്ഞാല്‍ എല്ലാതരം മാനസിക പിരിമുറുക്കങ്ങളെയും ഇല്ലാതാക്കാനാവും. ഭക്ഷണ ക്രമത്തിലൂടെ മനുഷ്യജീനുകളില്‍ മാറ്റങ്ങളുണ്ടാക്കാനാവുമെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. വികാരങ്ങളെയും വിക്ഷോഭങ്ങളെയും സ്വയം നിയന്ത്രിക്കാന്‍ കഴിയണം. ശരീരത്തിനപ്പുറമുള്ള സ്വത്വത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ സൗഖ്യത്തെ കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,