എം.കൃഷ്ണന്‍ നായരുടെ മുപ്പത്തിയേഴുവര്‍ഷത്തെ സാഹിത്യനിരൂപണയജ്ഞമായിരുന്ന സാഹിത്യവാരഫലം മാതൃഭൂമി ബുക്‌സ് ആറു വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്നു. സാഹിത്യവാരഫലത്തെക്കുറിച്ച് സി.വി ബാലകൃഷ്ണന്‍ എഴുതുന്നു.
'സാഹിത്യ വാരഫല'മെന്ന അസാധാരണമായ പംക്തി തുടങ്ങിയ നാള്‍തൊട്ട് (മലയാളനാട്, 1969 മെയ് 18) ഞാനത് അതിയായ താത്പര്യത്തോടെ വായിച്ചിരുന്നു. മലയാളനാട് വാരികയില്‍നിന്നു മാറി 'കലാകൗമുദി' യില്‍ തുടര്‍ന്നപ്പോഴും പിന്നീട് 'സമകാലിക മലയാള' ത്തില്‍ അവസാനിക്കുന്നതു വരെയും (2006 മാര്‍ച്ച് 04) ഒരാഴ്ചപോലും മുടങ്ങിയതായി ഓര്‍ക്കുന്നില്ല. അങ്ങനെ മുപ്പത്തിയേഴു വര്‍ഷങ്ങള്‍. മലയാളത്തിലെന്നല്ല, ലോകഭാഷകളില്‍ ഒന്നിനും ഇത്രയും കാലം നീണ്ട ഒരു പത്രപംക്തി ഉണ്ടായിട്ടില്ല. നിസ്തുലമായ ഒന്നായിരുന്നു അത്. ആഴ്ചതോറും ഇറങ്ങുന്ന മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ ശ്രദ്ധയോടെ കടന്നുപോവുകയും അവയിലെ രചനകളെ വിലയിരുത്തുകയും ചെയ്യുന്ന എം. കൃഷ്ണന്‍നായര്‍ എന്നെ സംബന്ധിച്ച് ഒരത്ഭുതത്തില്‍ കുറഞ്ഞ ഒന്നുമായിരുന്നില്ല. ഒപ്പംതന്നെ ലോകസാഹിത്യത്തിലെ മഹദ് കൃതികളെക്കൂടി അദ്ദേഹം ചേര്‍ത്തുപിടിച്ചു.
അപ്പപ്പോള്‍ വായിച്ച സമകാലീന ഗ്രന്ഥങ്ങളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുകയെന്ന ദൗത്യം നിറവേറ്റുകവഴി കൃഷ്ണന്‍നായര്‍ അനുഷ്ഠിച്ച സാഹിതീയ ധര്‍മ്മം സമാനതയില്ലാത്തതാണ്. ഒരു നിരൂപകനായല്ല, ലിറ്റററി ജേര്‍ണലിസ്റ്റായാണ് അദ്ദേഹം സ്വയം കരുതിയത്. അദ്ദേഹം കൈക്കൊണ്ട അപഗ്രഥനരീതി എഴുത്തുകാരില്‍ പലര്‍ക്കും അസഹ്യത ഉളവാക്കിയിട്ടുണ്ടാകാം. പക്ഷേ, എന്നെപ്പോലെ, അനേകംപേര്‍ അദ്ദേഹത്തിന്റെ ഒപ്പം നടന്നിരുന്നു. ചിലപ്പോള്‍ ആരാധനയോടെ മറ്റുചിലപ്പോള്‍ വിയോജിച്ചുകൊണ്ട്. ജീവിതത്തെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങള്‍ക്കൂടി അദ്ദേഹം പംക്തിയുടെ ഭാഗമാക്കിയിരുന്നു. മിക്കപ്പോഴും അവ നര്‍മ്മരസപ്രധാനങ്ങളായിരുന്നു. പറയാന്‍ വിലക്കപ്പെട്ടതായി എം. കൃഷ്ണന്‍നായര്‍ക്ക് ഒന്നുമില്ലായിരുന്നു. എഴുത്തിലെ സ്വാതന്ത്ര്യം അദ്ദേഹം ആഘോഷിച്ചു. നമ്മുടെ ഭാഷയുടെ ചരിത്രത്തില്‍ ആ ആഘോഷം വലുതായ ആരവങ്ങളോടെ അവശേഷിക്കുന്നു. അതുപോലൊരാഘോഷം വേറെ ഉണ്ടായിട്ടില്ല. ഒരുപക്ഷേ, ഇനി ഉണ്ടാകാനുമിടയില്ല.
Content Highlights: C.V Balakrishnan, M.Krishnan Nair, Sahithyavaraphalam, MathrubhumiBooks
Published: 12 Dec 2023, 06:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented