ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന 'ഗളിവറുടെ യാത്രകൾ' എന്ന ക്ലാസിക് നോവലിന്റെ മുന്നൂറാം വാർഷികമാണ്. 1726 ഒക്ടോബർ 28-ന് ലണ്ടനിലാണ് ഗളിവറുടെ യാത്രകൾ പുസ്തകരൂപത്തിൽ ആദ്യം പ്രസിദ്ധീകരിച്ചത്.

To advertise here,

ജൊനാതൻ സ്വിഫ്റ്റ് എഴുതിയ 'ഗളിവറുടെ യാത്രകൾ' എന്ന നോവലിന്റെ ആദ്യത്തെ പേര് 'ലോകത്തിലെ ഒട്ടേറെ വിദൂരരാജ്യങ്ങളിലേക്കുള്ള യാത്രകൾ' (Travels into Several Remote Nations of the World) എന്നായിരുന്നു. പിന്നീട്, ഗളിവറുടെ യാത്രകൾ എന്നപേരിൽ പ്രശസ്തമായി. ലെമുവൽ ഗളിവർ എന്ന സർജൻ നടത്തിയ നാല് സാഹസികയാത്രകളാണ് ഈ നോവലിന്റെ ഉള്ളടക്കം.

പുസ്തകത്തിന്റെ ആദ്യപതിപ്പിൽ രചയിതാവിന്റെ പേര് നൽകിയിരുന്നില്ല. അച്ചടിച്ച കോപ്പികൾ ആദ്യ ആഴ്ചയിൽത്തന്നെ വിറ്റുതീർന്നു. വളരെ വേഗം ജനപ്രീതി നേടിയ ഈ നോവൽ ചെറിയ മാറ്റങ്ങളോടെയാണ് തുടർന്ന് പ്രസിദ്ധീകരിച്ചത്. നോവലിലെ പ്രധാന കഥാപാത്രമായ ലെമുവൽ ഗളിവർ ഒരു സർജനായിരുന്നെങ്കിലും യാത്രകളോടുണ്ടായിരുന്ന അഭിനിവേശമാണ് അദ്ദേഹത്തെ സാഹസികമായ സമുദ്രയാത്രകൾക്ക് പ്രേരിപ്പിച്ചത്. സാങ്കല്പികരാജ്യങ്ങളിലേക്കുള്ള ഓരോ യാത്രയും സമ്മാനിച്ചത് വിചിത്രമായ അനുഭവങ്ങളായിരുന്നു.

ലില്ലിപുട്ടിലെ ഭീമാകാരൻ: ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽനിന്ന് 1699 മേയ് നാലിന് ആന്റിലോപ് എന്ന കപ്പലിൽ ഗളിവർ തന്റെ ആദ്യത്തെ യാത്ര ആരംഭിച്ചു. തെക്കൻ ശാന്തസമുദ്രത്തിലെ ദ്വീപുകളിലേക്കായിരുന്നു യാത്ര. യാത്രയ്ക്കിടയിൽ കടൽക്ഷോഭത്തിൽപ്പെട്ട് കപ്പൽ തകർന്നു. കൂടെയുണ്ടായിരുന്നവരെ കടലിൽ കാണാതായി. നീന്തിരക്ഷപ്പെട്ട ഗളിവർ, ലില്ലിപുട്ട് എന്ന രാജ്യത്തെത്തി. ആറിഞ്ചുമാത്രം ഉയരമുള്ള കുഞ്ഞുമനുഷ്യരാണ് ആ ദ്വീപിൽ ഉണ്ടായിരുന്നത്. കടൽത്തീരത്ത് ക്ഷീണിച്ചുറങ്ങിയ ഗളിവറെ അവർ ചരടുകൾകൊണ്ട് ബന്ധിച്ചു. ആദ്യം ശത്രുവായി കരുതിയെങ്കിലും താമസിയാതെ അവർ ഗളിവറുമായി ചങ്ങാത്തത്തിലായി. ആ രാജ്യത്തെ രാജാവ് ഗളിവർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്തു. കുറച്ചാഴ്ചകൾക്കുള്ളിൽ ഗളിവർ അവരുടെ ഭാഷ പഠിച്ചു.

വളരെച്ചെറിയ സസ്യങ്ങളും മൃഗങ്ങളും നിറഞ്ഞതായിരുന്നു ലില്ലിപുട്ട്. ബ്ലെഫസ്‌കു (Blefuscu) എന്ന ദ്വീപരാജ്യവുമായി ലില്ലിപുട്ട് യുദ്ധത്തിലേർപ്പെട്ടപ്പോൾ ഗളിവർ സഹായത്തിനെത്തിയിരുന്നു. കുറച്ചുമാസങ്ങൾക്കുശേഷം ബ്ലെഫസ്‌കു എന്ന രാജ്യത്തിലേക്ക് ഗളിവർ താമസംമാറ്റി. ഇംഗ്ലണ്ടിലേക്കു മടങ്ങാനുള്ള താത്പര്യമറിയിച്ചപ്പോൾ അവർ ഒരു ബോട്ട് നിർമിച്ചുനൽകി. അതിൽ യാത്രതിരിച്ച ഗളിവർക്ക് ഇംഗ്ലണ്ടിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടെത്താൻ സാധിച്ചു; 1702 ഏപ്രിൽ 13-ന് തന്റെ വീട്ടിലെത്തി.

ബ്രോബ്ഡിങ്നാഗിലെ 'കളിപ്പാവ': യാത്രയോടുള്ള അഭിനിവേശം കാരണം 1702 ജൂൺ 20-ന് ബ്രിസ്റ്റളിൽനിന്ന് തന്റെ രണ്ടാമത്തെ യാത്ര ഗളിവർ ആരംഭിച്ചു. ഇന്ത്യയിലേക്കുള്ള ഒരു കപ്പലിലായിരുന്നു യാത്ര. കപ്പൽ ഇന്ത്യൻ സമുദ്രത്തിൽ പ്രവേശിച്ചെങ്കിലും ശക്തമായ കടൽക്കാറ്റിൽപ്പെട്ട് ദിശതെറ്റുകയും ശാന്തസമുദ്രത്തിലെത്തുകയും ചെയ്തു.

യാത്രാമധ്യേ കണ്ട ഒരു ദ്വീപിൽ വെള്ളമെടുക്കാനായി സഹയാത്രികർക്കൊപ്പം എത്തിയ ഗളിവർ അവിടെ ഒറ്റപ്പെട്ടു. ആ ദ്വീപിന്റെ പേര് ബ്രോബ്ഡിങ്നാഗ് (Brobdingnag) എന്നായിരുന്നു. ഭീമാകാരരായ മനുഷ്യർ അധിവസിച്ച ആ ദ്വീപിലെ പുല്ലുകൾക്ക് ഏഴുമീറ്ററോളം ഉയരമുണ്ടായിരുന്നു. ചെടികൾക്കിടയിൽ ഒളിച്ചിരുന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു കർഷകൻ ഗളിവറെ കണ്ടെത്തി. അയാൾ തന്റെ ഒൻപതുകാരിയായ മകൾക്ക് ഗളിവറെ, പാവയായി കളിക്കാൻ നൽകി. അവർ നല്ല കൂട്ടുകാരായി. ഗ്ലുംഡാൽക്ലിച്ച് (Glumdalclitch) എന്നാണ് ആ കുട്ടിക്ക് ഗളിവർ നൽകിയ പേര്.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ 'ജീവനുള്ള കളിപ്പാവയെ' നാട്ടുകാരെ കാണിച്ച് കർഷകൻ പണം സമ്പാദിക്കാനും തുടങ്ങി. ഗളിവറെക്കുറിച്ചുള്ള വാർത്ത കൊട്ടാരത്തിലെത്തി. രാജ്ഞി ആവശ്യപ്പെട്ട പ്രകാരം പിന്നീടുള്ള ഗളിവറുടെ ജീവിതം കൊട്ടാരത്തിലായിരുന്നു. അപ്പോഴും ഗ്ലുംഡാൽക്ലിച്ചുമായുള്ള ചങ്ങാത്തം തുടർന്നു. ബ്രോബ്ഡിങ്നാഗിലെത്തിയിട്ട് രണ്ടുവർഷമായിട്ടും ഇംഗ്ലണ്ടിലേക്ക് തിരികെപ്പോകാൻ കഴിയാത്ത വിഷമത്തിലായിരുന്നു ഗളിവർ. അങ്ങനെയിരിക്കെ, ഒരുദിവസം രാജാവും രാജ്ഞിയും കടൽക്കരയിലേക്കു പോയപ്പോൾ ഗളിവറെ ഒരു തടിപ്പെട്ടിയിൽ കൂടെക്കൊണ്ടുപോയി. അവിടെവെച്ച് വമ്പനൊരു പരുന്ത് തടിപ്പെട്ടി തട്ടിയെടുത്ത് പറന്നപ്പോൾ അത് കടലിൽവീണു. ഇംഗ്ലണ്ടിലേക്കു പോകുകയായിരുന്ന ഒരു കപ്പൽ ആ തടിപ്പെട്ടി കാണുകയും ഗളിവറെ രക്ഷപ്പെടുത്തുകയും ചെയ്തു. അങ്ങനെ 1706 ജൂൺ മൂന്നിന് ഗളിവർ സ്വന്തം വീട്ടിലെത്തി.

ലപ്യൂട്ടയിലെ വൈചിത്ര്യങ്ങൾ: ബ്രോബ്ഡിങ്നാഗിൽനിന്ന് തിരിച്ചെത്തിയശേഷം സമുദ്രയാത്ര അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചതായിരുന്നു ഗളിവർ. പക്ഷേ, നാവികനായ സുഹൃത്തിന്റെ ക്ഷണം ഗളിവറെ വീണ്ടും യാത്രികനാക്കി. 1706 ഓഗസ്റ്റ് അഞ്ചിന് ഈസ്റ്റ് ഇൻഡീസിലേക്കുള്ള യാത്രാമധ്യേ കപ്പലിനുനേരേ കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടായി. തുടർന്ന്, ചെറിയ ബോട്ടിൽ കയറി രക്ഷപ്പെട്ട ഗളിവർ പറന്നുനടക്കുന്ന ലപ്യൂട്ട (Laputa) എന്ന ദ്വീപിൽ അഭയംപ്രാപിച്ചു. വിചിത്രമനുഷ്യരാണ് അവിടെയും വസിച്ചിരുന്നത്. അവരുടെ തലകൾ ഇടത്തോട്ടും വലത്തോട്ടും ചലിച്ചുകൊണ്ടിരുന്നു, ഒരുകണ്ണ് താഴേക്കും മറ്റൊന്ന് മുകളിലേക്കുമാണ് ചലിച്ചിരുന്നത്. ഗണിതവും സംഗീതവുമായിരുന്നു സദാസമയവും അവരുടെ ചിന്തയിൽ.

ലപ്യൂട്ടയിൽനിന്ന് ഗളിവർ പോയത് ഗ്ലബ്ഡബ്ഡ്രിബ് (Glubbdubdrib) എന്ന ദ്വീപിലേക്കാണ്. ഇതിനെ ജൊനാതൻ സ്വിഫ്റ്റ് 'മാജിക്കുകാരുടെ ദ്വീപ്' എന്നാണ് വിശേഷിപ്പിച്ചത്. അവിടെയുള്ള ഭൂരിപക്ഷം പേരും മാജിക്കിൽ വിദഗ്ധരായിരുന്നു. അവിടെനിന്ന് പിന്നീടു പോയത് ലഗ്‌നാഗ് (Luggnagg) എന്ന രാജ്യത്തേക്കാണ്. ഒരിക്കലും മരിക്കാത്ത, സ്ട്രൾബ്രഗ്സ് (Struldbrugs) എന്ന, ആയിരത്തോളം മനുഷ്യർ അവിടെ അധിവസിക്കുന്നു. ഈ മൂന്നുരാജ്യങ്ങളിലെയും താമസമവസാനിപ്പിച്ച് 1710 ഏപ്രിൽ 21-ന് ഗളിവർ ഇംഗ്ലണ്ടിൽ തിരിച്ചെത്തി.

കുതിരകളും യാഹൂകളും: 1710 സെപ്റ്റംബർ ഏഴിന് തന്റെ നാലാമത്തെതും അവസാനത്തെതുമായ യാത്ര ആരംഭിച്ചു. യാത്രയ്ക്കിടെ ബാർബഡോസിൽനിന്നുള്ള കുറച്ച് നാവികരെ കൂടെക്കൂട്ടിയിരുന്നു. ദൗർഭാഗ്യവശാൽ അവർ ഗളിവർ യാത്രചെയ്ത കപ്പൽ പിടിച്ചെടുത്ത് ഗളിവറെ ഒരു കടൽത്തീരത്ത് ഇറക്കിവിട്ടു. അവിടെ വിചിത്രജീവികളായ ഹൂയിനം (Houyhnhnm) എന്ന ബുദ്ധിയുള്ള കുതിരകളെയും യാഹൂ (Yahoo) എന്നു വിളിക്കപ്പെടുന്ന മനുഷ്യരൂപമുള്ള അപരിഷ്‌കൃതരെയും ഗളിവർ കണ്ടു. താമസിയാതെ ഹൂയിനങ്ങളുടെ ഭാഷ പഠിക്കാൻ ഗളിവർക്ക് സാധിച്ചു. ഇംഗ്ലണ്ടിനെക്കുറിച്ചും മറ്റും ഗളിവർ അവരോട് വിശദീകരിച്ചു. പിന്നീട് ഗളിവർ ഇംഗ്ലണ്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. ചെറിയൊരു ബോട്ടിൽ ദിവസങ്ങളോളം തുഴഞ്ഞ ഗളിവർ ഓസ്ട്രേലിയയിലെത്തുകയും അവിടെനിന്ന് യൂറോപ്പിലേക്കുള്ള ഒരു കപ്പലിൽ കയറി 1715 ഡിസംബർ അഞ്ചിന് തന്റെ നാട്ടിലെത്തുകയും ചെയ്തു.