
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച അനൂപ് ദാസിന്റെ 'മറ്റൊരു (മഹാ)ഭാരതം' എന്ന പുസ്തകത്തിലെ 'അലക്പുരയിലെ വനിതാ ലോകകപ്പ്' എന്ന അധ്യായം വായിക്കാം...
ഡിസംബറിലെ തണുപ്പാണ്. പാടവരമ്പിലൂടെ, ചെമ്മണ്‍പാതയിലൂടെ അലക്പുരയിലെ പെണ്‍കുട്ടികള്‍ മൈതാനിയിലേക്കു നടന്നു. ഹരിയാനയിലെ ഭിവാനി ജില്ലയിലുള്ള കൊച്ചു ഗ്രാമം. കര്‍ഷകരുടെ ഗ്രാമം. ഇപ്പോള്‍ ഫുട്ബോള്‍ കളിക്കാരികളുടെ ഗ്രാമം.
Also Read
പണ്ട് ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് പടിക്കപ്പുറം കടക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മുളപൊട്ടിയത് പെണ്‍കുഞ്ഞിനാണ് എന്നറിഞ്ഞാല്‍, പിറന്നുവീണത് പെണ്‍കുഞ്ഞാണ് എന്നറിഞ്ഞാല്‍ ശ്വാസംമുട്ടിച്ചും ധാന്യമണികള്‍കൊണ്ടും കൊന്നുകളഞ്ഞിരുന്ന മനുഷ്യരുടെകൂടി നാടാണിത്. ആണ്‍-പെണ്‍ അനുപാതം ഇപ്പോഴും ദേശീയ ശരാശരിയെക്കാള്‍ താഴ്ന്ന സംസ്ഥാനം. കളിമൈതാനികള്‍ സ്വപ്നങ്ങള്‍ക്കും എത്രയോ കാതമകലെയായിരുന്നു ഇവിടത്തെ പെണ്‍കുട്ടികള്‍ക്ക്.
വിലക്കുകളുടെ കോട്ടവാതിലുകള്‍ തള്ളിത്തുറന്ന് ഈ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ വിശാലമായ ലോകത്താണ്. സമത്വത്തിന്റെ ഒരു പന്ത് അവര്‍ തട്ടി വലയിലെത്തിക്കുന്നു. എല്ലാ ദിവസവും രാവിലെ ആറുമുതല്‍ എട്ട് മുപ്പതുവരെ പെണ്‍കുട്ടികള്‍ മൈതാനിയില്‍ പരിശീലിക്കും. പിന്നീട് സ്‌കൂളിലേക്ക്. പഠനം കഴിഞ്ഞ് ആണ്‍കുട്ടികള്‍ വീടുകളിലേക്കു മടങ്ങുമ്പോള്‍ പെണ്‍കുട്ടികള്‍ ബൂട്ടുകെട്ടി വീണ്ടും മൈതാനിയിലേക്ക്. സൂര്യനൊരു ചുവന്ന ഗോളമായി തിളങ്ങി ഗ്രാമാതിര്‍ത്തിയുടെ അപ്പുറത്തെ മലയടിവാരത്തേക്കു താഴ്ന്നുപോകുംവരെയും ഇവിടെ പന്തുരുളും.
രണ്ടു മൈതാനങ്ങളിലായി ഇരുനൂറോളം പെണ്‍കുട്ടികള്‍ ദിവസവും കാല്‍പ്പന്തുകളിയെ അറിയുന്നു. എഴുപത്തിയഞ്ചുപേര്‍ക്ക് പരിശീലിക്കാനുള്ള ധനസഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ബാക്കിയുള്ളവര്‍ക്ക് സഹായം കണ്ടെത്തുകകൂടി ലക്ഷ്യമിട്ട് നാട്ടുകാര്‍ രൂപീകരിച്ചതാണ് അലക്പുര ഫുട്ബോള്‍ ക്ലബ്ബ്. ഈ നാടിന്റെ ഹൃദയം.
അലക്പുരയിലെ കുട്ടികളുടെ പരിശീലക സോണിക ബിജാര്‍ണിയയാണ്. അവര്‍ ഈ മുന്നേറ്റത്തിന്റെ കഥ പറഞ്ഞുതുടങ്ങി:
'ഞാനിവിടെ എത്തിയത് പത്തു വര്‍ഷം മുമ്പാണ്. ആ സമയത്ത് പത്തുപതിനഞ്ച് കുട്ടികള്‍ മാത്രമാണ് ഫുട്ബോള്‍ കളിക്കാന്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ പക്ഷേ, പല പ്രായത്തിലുള്ള കുട്ടികളുണ്ട്. അവരില്‍ പലരും ദേശീയതാരങ്ങളാണ്, ഇന്ത്യന്‍ താരങ്ങളാണ്. രണ്ടുപേര്‍ അണ്ടര്‍ 17 ലോകകപ്പ് കളിച്ചു. ഇതെല്ലാം വലിയ അഭിമാനമുണ്ടാക്കുന്ന കാര്യമാണ്.'
ഹരിയാന സംസ്ഥാന വനിത ഫുട്ബോള്‍ ടീമിലെ ഇരുപതില്‍ പത്തുപേരും അലക്പുരയിലെ കൂരകളില്‍നിന്നുമാണ്. മാസങ്ങള്‍ക്കു മുമ്പു നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഷൈലിജയും വര്‍ഷികയും ഈ മണ്ണിന്റെ അഭിമാനക്കൊടി നാട്ടി. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഋതു, സന്തോഷ് എന്നിവര്‍. 2006 മുതല്‍ ഇന്നുവരെ ഇവിടുത്തെ നൂറോളം പെണ്‍കുട്ടികള്‍ ദേശീയ ഫുട്ബോള്‍ മത്സരങ്ങളില്‍ തിളങ്ങി. 15 പേര്‍ അന്താരാഷ്ട്രവേദികളില്‍ പന്തുതട്ടി. ഒരു ജനതയുടെ ഇച്ഛാശക്തിയാണ് ഈ ഗ്രാമത്തിന്റെ വിജയം.
ഈ ഗ്രാമത്തിന്റെ കാല്‍പ്പന്തുമുന്നേറ്റത്തിനു തുടക്കമിട്ടത് ഗോര്‍ധന്‍ ദാസ് എന്ന അധ്യാപകനാണ്. അലക്പുരയ്ക്ക് തൊട്ടടുത്ത ഗ്രാമത്തില്‍, ബര്‍സിയിലുണ്ട് ഗോര്‍ധന്‍ ദാസ്. കഥയ്ക്ക് അധികം പഴക്കമില്ല. 16 വര്‍ഷം മുമ്പ്, 2006-ല്‍, അലക്പുര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കായികാധ്യാപകനായിരുന്നു ഗോര്‍ധന്‍ ദാസ്. ഹരിയാനയിലെ ഗ്രാമങ്ങളില്‍ ആണ്‍കുട്ടികളുടെ പരിശീലനം ഏറിയപങ്കും കബഡിയിലാണ്.
അവര്‍ക്ക് കബഡി പറഞ്ഞുനല്‍കുന്ന ദാസ് മാഷിനടുത്തേക്ക് ഒരു ദിവസം കുറച്ച് പെണ്‍കുട്ടികള്‍ വന്നു. മാഷേ, ഞങ്ങളെയും കളി പഠിപ്പിക്കാമോ എന്നു ചോദിച്ചു. പെണ്‍കുട്ടികള്‍ മൈതാനിയിലിറങ്ങുന്നത് കുഴപ്പമായിക്കണ്ട ഗ്രാമത്തില്‍ പണിയെടുക്കുന്ന മാഷ് ആദ്യം ആ ആവശ്യം തള്ളി. ആ കുട്ടികള്‍ പിന്നെയും പിന്നെയും പല ദിവസങ്ങളില്‍ മാഷെത്തേടിയെത്തി.
ഒടുവിലൊരു ദിവസം കുട്ടികളെയും കൂട്ടി സ്‌കൂള്‍ പറമ്പിന്റെ മൂലയിലുള്ള ചെറിയ മുറിയിലേക്ക് മാഷ് നടന്നു. അവിടെ അലമാരയില്‍ പൊടിപിടിച്ചുകിടന്ന ഒരു പഴയ ഫുട്ബോളെടുത്ത് മൈതാനിയിലേക്കു തട്ടി. അവരോട് 'കളിച്ചോളൂ മക്കേളേ' എന്നു പറഞ്ഞു. അക്കാലംവരെ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ കാല്‍പ്പന്തുകളിയെ അറിഞ്ഞിരുന്നില്ല. ആവേശത്തോടെ ആ കുട്ടികള്‍ പന്തുതട്ടി. അന്നുമുതല്‍ അവര്‍ ആ പന്തില്‍ ജീവശ്വാസംതന്നെ നിറച്ച് അതിനു പിന്നാലെ ഓടിത്തുടങ്ങി.

ഗോര്‍ധന്‍ ദാസ് പറയുന്നു: 'ആദ്യകാലത്ത് കബഡി മാത്രം കളിക്കാന്‍ പറ്റുന്ന ഗ്രൗണ്ടായിരുന്നു. അവിടെ ആറു കുട്ടികളുമായി പരിശീലനം തുടങ്ങി. പിന്നെ പതുക്കപ്പതുക്കെ വളര്‍ന്നുവന്നു.'
'പെണ്‍കുട്ടികള്‍ ഫുട്ബോള്‍ കളിക്കാനോ' എന്നു ചോദിച്ച് ഗ്രാമത്തിലെ മുതിര്‍ന്നവര്‍ അന്ന് നെറ്റിചുളിച്ചിരുന്നു. സ്വന്തം മകളെ സൈക്കിളിനു പുറകില്‍ കയറ്റിയിരുത്തി മൈതാനിയില്‍ കൊണ്ടുവന്ന് ഫുട്ബോള്‍ പഠിപ്പിച്ച് ഗോര്‍ധന്‍ ദാസ് മുന്നില്‍നിന്ന് നയിച്ചു. ഇപ്പോള്‍ ഈ ഗ്രാമത്തിലെ ഓരോ വീട്ടിലും ഒരു ഫുട്ബോള്‍ കളിക്കാരിയുണ്ട്.
ഇനി നമുക്ക് ഋതുവിന്റെ വീട്ടിലേക്കു പോകാം. ഇന്ത്യന്‍ ഫുട്ബോള്‍ താരം ഋതുവിന്റെ വീട്ടിലേക്ക്. ഗോതമ്പുകര്‍ഷകനായ സത്ബീര്‍ സിങ് സ്നേഹത്തോടെ സ്വീകരിച്ചു. മക്കള്‍ ഋതുവിനെയും നിഷുവിനെയും കുറിച്ചുള്ള സന്തോഷം അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാം. ഇന്ത്യയിലെ ഒരു വിദൂരഗ്രാമത്തിലുള്ള ഈ കര്‍ഷകന്റെ കണ്ണിലെ തിളക്കത്തിനു കാരണം ഒന്നുമാത്രം, കാല്‍പ്പന്തുകളി. അദ്ദേഹം പറഞ്ഞു, 'പന്തുകളിയെ ഞങ്ങള്‍ സ്നേഹിക്കുന്നു. എന്റെ രണ്ടു കുട്ടികള്‍ക്കും പന്തുകളിയിലൂടെയാണ് ജോലി കിട്ടിയത്. അവര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുന്നതിന് കാരണവും പന്തുകളിയാണ്.'
നമ്മുടെ കാഴ്ചയുടെ അതിരിലും അതിനുമപ്പുറത്തേക്കും നീണ്ടുപരന്നുകിടക്കുന്ന വയലുകള്‍. അതിനിടയില്‍ ചിലയിടത്തുമാത്രം ഇഷ്ടിക കെട്ടിവെച്ച ചെറിയ വീടുകള്‍. അവിടെ വയലിനെയും വിളവിനെയും കുറിച്ച് സംസാരിക്കുന്ന മനുഷ്യര്‍. അടുത്തകാലംവരെ ഇതു മാത്രമായിരുന്നു അലക്പുര. അവരുടെ സ്വപ്നങ്ങളിലുള്ള ഗോതമ്പുവിളവിന്റെ അത്രപോലും വര്‍ണശബളമായിരുന്നില്ല പെണ്‍കുഞ്ഞുങ്ങളുടെ ഭാവി.
ആ കുട്ടികള്‍ ലോകവേദികളില്‍ നമ്മുടെ ദേശീയപതാകയ്ക്കു മുന്നില്‍ നമ്മുടെ ദേശീയഗാനം ഏറ്റുപാടുന്നു. ഓരോ പെണ്‍കുട്ടിയും ഈ ഗ്രാമത്തിലേക്കു മാത്രമല്ല, യാഥാസ്ഥിതികത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കുംകൂടിയാണ് പിറന്നുവീണുകൊണ്ടിരുന്നത്. ഇന്ന് ആ രണ്ടു വിപത്തുകളെയും അടിക്കാനുള്ള വടികൂടിയാണ് ഗ്രാമത്തിന് ഫുട്ബോള്‍.
മുമ്പ് പാടങ്ങളിലെ പണിയും വീട്ടിജോലിയുമായിരുന്നു സ്ത്രീകളുടെ പ്രധാന പണി. അവരെ പന്തുകളിയിലേക്കെത്തിക്കാന്‍ വലിയ പ്രയാസമായിരുന്നു. എന്നാല്‍ വലിയ മത്സരങ്ങളില്‍ ജയിച്ചതോടെ ഗ്രാമം കൂടെ നിന്നുവെന്ന് ഗോര്‍ധന്‍ ദാസ്. മൈതാനിക്കരികില്‍ ഒരു മുള്‍ച്ചെടിയുണ്ടായിരുന്നു. ആ ചെടിയില്‍ തട്ടി പന്ത് പൊട്ടിയാല്‍ പിന്നെ വേറൊരു പന്ത് കിട്ടുംവരെ കളിയില്ല. കൈയില്‍ പണമില്ലാത്തവര്‍ക്ക് പുതിയതിനെക്കുറിച്ച് ചിന്തിക്കാന്‍ ബുദ്ധിമുട്ടല്ലേ. അങ്ങനെ കളിമുടങ്ങിയ എത്രയെത്ര ദിവസങ്ങള്‍. ആ ദിവസങ്ങളിലും മൈതാനിയില്‍ ഓടിയും ചാടിയും തലകുത്തി മറിഞ്ഞും അവര്‍ പരിശീലിച്ചു.
സ്വന്തം ചെറുപ്പകാലത്തും അവരുടെ മക്കളുടെ കാലത്തും ഫുട്ബോളിനെ അറിയുകയോ അനുഭവിക്കുകയോ ചെയ്യാതിരുന്ന ഗ്രാമീണര്‍ ഇപ്പോള്‍ പേരക്കുട്ടികളുടെ മേനിപറഞ്ഞ് തെരുവിലിരിപ്പുണ്ട്. ഫുട്ബോളിനു വേണ്ട എന്തു സഹായം ചെയ്യാനും അവര്‍ തയ്യാറാണ്. ഞങ്ങടെ കുട്ടികള്‍, അവരുടെ ഫുട്ബോള്‍, ഇപ്പോള്‍ ഞങ്ങളുടെയെല്ലാം ഫുട്ബോള്‍ എന്ന് വിളിച്ചുപറയുന്നു. ഒരു ഗ്രാമം പന്തിനു പിന്നാലെ പായുന്നു.
ഹരിയാന സംസ്ഥാനസര്‍ക്കാര്‍ വകുപ്പുകള്‍, ഇന്ത്യന്‍ റെയില്‍വേ, സി.ആര്‍.പി.എഫ്., അസം റൈഫിള്‍സ് തുടങ്ങിയവയില്‍ ജോലി ചെയ്യുന്നു അലക്പുരയിലെ പെണ്‍കുട്ടികള്‍. സ്പോര്‍ട്സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത് 20 പേര്‍. ഫുട്ബോള്‍ ക്ലബുകളില്‍ വേറെയും ചിലര്‍. ദാരിദ്ര്യരേഖയ്ക്ക് എത്രയോ താഴെയായിരുന്ന മനുഷ്യര്‍ കുറേക്കൂടി സുന്ദരമായി ജീവിതം ആസ്വദിച്ചുതുടങ്ങിയിരിക്കുന്നു. ഗ്രാമമൊരു പന്തിനു പിറകെ ഓടിത്തുടങ്ങിയപ്പോള്‍ ആ പന്ത് ഗ്രാമത്തെയും കൂട്ടി ലോകമാകെ സഞ്ചരിക്കുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നെയ്മറുമെല്ലാം അലക്പുരയിലെ വീടുകളിലേക്കും വിരുന്നിനെത്തി. അവരാ കാല്‍ത്താളത്തില്‍ മുഴുകി.
വിളനല്‍കുന്ന നിലങ്ങള്‍ പലപ്പോഴും നല്‍കിയത് വിശപ്പാണ്. ആ നിരാശയുടെ പടുകുഴികളില്‍ കലപ്പയേന്തിയ മനുഷ്യര്‍ ആണ്ടാണ്ടുപോയിട്ടുമുണ്ട്. ആ നിലങ്ങളില്‍നിന്നാണ് പ്രതീക്ഷയുടെ ഒരു പന്ത് ഗോര്‍ധന്‍ ദാസ് കണ്ടെടുത്തത്. തന്റെ ചെറുപ്പകാലത്തെ പെണ്‍ജീവിതത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞിരുന്നുവല്ലോ ഗ്രാമീണയായ മഖല്‍. അവസാനിപ്പിക്കുംമുമ്പ് ആ പ്രിയപ്പെട്ട മുത്തശ്ശിക്ക് ഒരു കാര്യംകൂടി പറയാനുണ്ട്:
'എന്റെ പേരക്കുട്ടിയിപ്പോള്‍ നന്നായി കളിക്കുന്നുണ്ട്. കളിക്കാനായി ജാര്‍ഖണ്ഡില്‍വരെ പോയി. ഞാനതിലൊക്കെ അഭിമാനിക്കുന്നു.'
അലക്പുര, നമ്മുടെ രാജ്യത്തെ ഓരോ ഗ്രാമത്തിനും സാധ്യമാണ്. നമ്മള്‍ അതിനായുള്ള സ്വപ്നങ്ങള്‍ നെയ്യണം, അധ്വാനിക്കണം.
Content Highlights: Book excerpt from 'Mattoru maha bharatham'
Published: 25 Jul 2025, 09:57 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented