മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ സുഭാഷ്ചന്ദ്രൻ ആഴ്ചപ്പതിന്റെ മുഖവുരയായി എഴുതിവരുന്ന പംക്തിയാണ് വാതിൽ. 2025-ൽ തുടങ്ങിയ പംക്തി ഒരു വർഷം പിന്നിട്ടപ്പോൾ ആദ്യത്തെ അമ്പത് ലേഖനങ്ങൾ സമാഹരിച്ചുകൊണ്ട് മാതൃഭൂമി ബുക്സ് 'വാതിൽ' എന്ന പേരിൽത്തന്നെ പുസ്തകമാക്കി. പ്രകൃതിയും ചരിത്രവും സാഹിത്യവും ശാസ്ത്രവും സംഗീതവും അടക്കം മനുഷ്യനുമായി ബന്ധമുള്ള ഏത് വിഷയവും ദർശന വെളിച്ചമുള്ള കാവ്യ ഭാഷയിൽ അവതരിപ്പിക്കുന്ന ഈ പംക്തി മലയാളിക്ക് പുതിയൊരു വായനാനുഭവമായിരുന്നു. വായനക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടിയ പുസ്തകത്തിൽ നിന്നുള്ള രണ്ട് അധ്യായങ്ങൾ ഇവിടെ വായിക്കാം.

To advertise here,

സ്റ്റുപ്പിഡിറ്റി പെറ്റ ക്രിയേറ്റിവിറ്റി

സാഹിത്യത്തെ സംബന്ധിക്കുന്ന പ്രാഥമികസത്യം, അത് ഒരു കലാസൃഷ്ടി (work of art) ആകുന്നു എന്നാണെന്ന് എല്ലാവർക്കും അറിയാം. തങ്കപ്പന്റെ ക്ലിഷ്ടജീവിതം, അല്ലെങ്കിൽ കുഞ്ഞമ്മയുടെ കദനകഥ അക്ഷരത്തെറ്റും വ്യാകരണത്തെറ്റുമില്ലാതെ, രസികത്തങ്ങളും രതിരംഗങ്ങളും വേണമെങ്കിൽ മേമ്പൊടിക്ക് കുറച്ച് അശ്ലീലവും ചേർത്ത് എഴുതിപ്പിടിപ്പിച്ചാൽ അതു കഥയോ നോവലോ ആകില്ലേ? അപ്പേരിൽ അതച്ചടിച്ചുവിൽക്കാൻ വകുപ്പില്ലേ? ഉത്തരം: സുപ്രീംകോടതിപോലും ഇക്കാര്യത്തിൽ നിങ്ങളെ നിരപരാധിയെന്നു വിധിച്ചേക്കാം; എഴുത്തുകാരൻ/കാരി എന്നും വിളിച്ചേക്കാം. പക്ഷേ, നിങ്ങൾ എഴുതിവെച്ചത് മിതമായ തോതിലെങ്കിലും ഒരു കലാനുഭവം ഉണർത്തിയില്ലെങ്കിൽ അത് മറ്റെന്തുതന്നെയായാലും നല്ല സാഹിത്യമല്ല!

അങ്ങനെ പറഞ്ഞാൽ എങ്ങനെ? ഇന്നയെഴുത്തുകാരന്റെ ഇന്ന പുസ്തകം വായിച്ച് ഞാൻ പൊട്ടിക്കരഞ്ഞല്ലോ, ഇന്ന എഴുത്തുകാരിയുടെ മറ്റേ പുസ്തകം എന്നെ പൊട്ടിച്ചിരിപ്പിച്ചല്ലോ എന്നാണെങ്കിൽ ഉത്തരം ഇങ്ങനെ: കണ്ണീർവാതകം (tear gas) കലയാണെങ്കിൽ നിങ്ങൾ വായിച്ചുകരഞ്ഞ അപ്പുസ്തകവും കലയാണ്. ഇക്കിളി കലയാണെങ്കിൽ നിങ്ങൾ വായിച്ചുചിരിച്ച മറ്റേ പുസ്തകവും കലയാണ്. പക്ഷേ, നിർഭാഗ്യവശാൽ ഇക്കിളിയും കണ്ണീർവാതകവും കലയല്ല!

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം, കൃത്രിമമായി കലയും സാഹിത്യവും സംഗീതവും സൃഷ്ടിക്കുന്ന കാലത്തേക്ക് നമ്മെ എത്തിച്ചു, ഇനി അത് മനുഷ്യന്റെ സർഗ്ഗാത്മകതയെയും കവച്ചുവെച്ചു കുതിക്കില്ലേ എന്നതാണ് ഈ നൂറ്റാണ്ടുയർത്തുന്ന മുഖ്യചോദ്യം. To be, or not to be-that is the question! ഇരിക്കണോ മരിക്കണോ എന്നറിയാതെ ഉഴന്ന ഹാംലറ്റിനെപ്പോലെ സർഗ്ഗവിദ്യയും കുഴങ്ങാൻ തുടങ്ങുകയാണോ? വിവരശേഖരങ്ങളെ വിവരണങ്ങളാക്കിമാറ്റി കഥാപാത്രങ്ങളുടെ നുകങ്ങളിൽ ബന്ധിച്ചു സൃഷ്ടിക്കപ്പെടുന്ന നോവലുകളുടെ കാര്യത്തിൽ ഇനി അവ കുറേക്കൂടി എളുപ്പത്തിൽ 'ചുട്ടുതള്ളുന്ന' കാലം വരുമെന്നതിൽ സംശയിക്കേണ്ടതില്ല. എന്നാൽ, തെറ്റില്ലാതെ എഴുതപ്പെട്ട ജീവിതമോ സംഭവവിവരണമോ അല്ല കഥയും നോവലുമെന്ന് മനസ്സിലാക്കിയാൽ ഈ അങ്കലാപ്പ് ഒഴിവാക്കാവുന്നതേയുള്ളൂ.

ദൈവവും ചെകുത്താനും കഴിഞ്ഞാൽ, മനുഷ്യഭാവന സൃഷ്ടിച്ച വിചിത്ര കഥാപാത്രങ്ങളിൽ പ്രമുഖൻ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയാണെന്നു പറയാം. കാർപാത്തിയൻ മലനിരകളും നിഗൂഢതകളുറങ്ങുന്ന ആ പടുകൂറ്റൻ മന്ദിരവും അങ്ങോട്ടേക്കുള്ള യാത്രയും അവിടത്തെ ഓരോ സന്ദർഭവും ബ്രാം സ്റ്റോക്കർ വിവരിക്കുന്നത് യഥാതഥമായിത്തന്നെയാണ്. ആ 'റിയലിസ'ത്തെ നോവൽപ്പുറങ്ങളിൽ ഉറപ്പിച്ചുനിർത്താനെന്നപോലെ, അദ്ധ്യായങ്ങളുടെ ശീർഷകങ്ങൾക്ക് 'ജൊനാഥൻ ഹാർക്കറുടെ ഡയറി' എന്നും 'മിനായുടെ ജേണൽ' എന്നുമൊക്കെ പേരിട്ടിരിക്കുന്നതു നോക്കൂ. ഡയറി, ജേണൽ എന്നീ രണ്ടു വാക്കുകൾക്കും വസ്തുസ്ഥിതിവിവരണത്തോടാണ് കൂടുതൽ ചാർച്ചയെന്നിരിക്കേ, മനുഷ്യന്റെ സങ്കൽപ്പസൃഷ്ടികളിൽ അനന്യനായ ഒരു പ്രേതസ്വരൂപനെ തന്റെ നോവലിൽ കുടിയിരുത്താൻ ബ്രാം സ്റ്റോക്കർ തീർക്കുന്ന ആരൂഢം യാഥാർത്ഥ്യത്തിന്റേതാണ്! (ആർതർ കോനൻ ഡോയ്ലിന്റെയും ഓസ്‌കർ വൈൽഡിന്റെയും അടുത്ത സുഹൃത്തായിരുന്നു അബ്രഹാം സ്റ്റോക്കർ എന്ന ബ്രാം സ്റ്റോക്കർ. സാക്ഷാൽ ഓസ്‌കർ വൈൽഡ് വിവാഹം കഴിക്കാൻ ഓങ്ങിവെച്ചിരുന്ന ഫ്ളോറൻസ് ബാൽകോംബേ എന്ന സുന്ദരിയെയാണ് സ്റ്റോക്കർ കെട്ടിയത് എന്നറിഞ്ഞാൽ മനസ്സിലാവും, സങ്കൽപ്പത്തെ യാഥാർത്ഥ്യമാക്കാൻ കവികളെ വെല്ലുന്ന ആ പ്രതിഭയുടെ ഊറ്റം.)

സിമന്റും മണലും പോലെ കലർന്നു കട്ടപിടിക്കുന്ന ഇത്തരം ഉദാഹരണങ്ങൾ ലോകസാഹിത്യത്തിൽ (ലോകസാഹിത്യത്തിൽ മലയാളവും പെടും) നിറയെയുണ്ട്. അവയെല്ലാംതന്നെ എഴുത്തിലെ കലാവിദ്യ എന്തെന്ന് നമുക്കു പറഞ്ഞുതരും. എന്നാൽ, പ്രത്യക്ഷത്തിൽ മായികസന്ദർഭങ്ങളോ മായാരൂപികളോ ഇല്ലാത്ത മഹത്തായ നോവലുകളിൽ എങ്ങനെയാണ് വസ്തുതാവിവരണങ്ങൾക്കുള്ളിൽ എഴുത്തുകാരൻ കല കൊണ്ടുവരുന്നത്? ശരി, യൂഗോ അറുപതു പുറങ്ങളോളം തുടർച്ചയായി വാട്ടർലൂ യുദ്ധം സ്ഥിതിവിവരക്കണക്കുകൾ സഹിതം പാവങ്ങളിൽ എഴുതുന്നു. എന്താണ് അതിലെ കലാനുഭവം? യഥാതഥങ്ങളുടെ ഉള്ളിൽ ഒരണുപോലും സങ്കൽപ്പമില്ല അവിടെ. പിന്നെ? വെല്ലിങ്ടണിൽനിന്ന് നെപ്പോളിയനു നേരിട്ട പരാജയത്തിന്റെ ദീർഘവിവരണങ്ങൾ എഴുതിക്കഴിഞ്ഞിട്ട് യൂഗോയുടെ ഭാവന അന്നത്തെ ആ അവസാനസന്ധ്യയിലേക്ക് ചേക്കേറുന്നത് നാം വായിക്കുന്നു. വെറും ഒന്നരപ്പുറത്തിൽ ഒരു സന്ധ്യ. കൂട്ടിയിട്ട ശവശരീരങ്ങളിൽനിന്ന് ഇരുളിന്റെ മറപറ്റി സൈനികമുദ്രകൾ അടക്കം മോഷ്ടിക്കാനിറങ്ങുന്ന ഒരാളിലേക്ക് നാം ചെന്നുപറ്റുന്നു. ശവക്കൂട്ടത്തിൽനിന്നു വലിച്ചു പുറത്തിടപ്പെട്ട ഒരു മരണാസന്നൻ, ഇരുട്ടിൽ തന്നെ രക്ഷിക്കാനാണ് ആഗതൻ ശ്രമിക്കുന്നതെന്നു തെറ്റിദ്ധരിച്ച് നന്ദി പറയുന്നത് നാം കേൾക്കുന്നു. പ്രാണരക്ഷാശ്രമത്തിനുള്ള പ്രതിഫലമായി, തന്റെ ഉള്ളുടുപ്പിലുള്ള ചില സംഗതികൾ എടുത്തുകൊള്ളാൻ അയാൾ പറയുമ്പോൾ താനത് നേരത്തേതന്നെ അപഹരിച്ച കാര്യം മറച്ചുവെച്ച്, 'ഓ, അതൊക്കെ മറ്റാരോ എടുത്തുപോയി!' എന്ന് തസ്‌കരൻ പറയുന്നു. ആ മഹത്തായ നോവലിൽ ഫൻതീൻ എന്ന അഗതിപ്പെണ്ണ് തന്റെ പൊന്നുമകളായ കൊസെത്തിനെ വളർത്താൻ ഏൽപ്പിക്കുന്ന തെനാർദിയൻ എന്ന ദുഷ്ടനെ യൂഗോ വാട്ടർലൂ യുദ്ധവുമായി കൂട്ടിയിണക്കുന്നു! ആ രംഗം ഒരു എ.ഐ. ബുദ്ധിക്കും സൃഷ്ടിക്കാൻ കഴിയുകയില്ല! യുദ്ധവർണ്ണനയാകുന്ന ആ കൂറ്റൻ പിരമിഡിന്റെ കൂർത്ത മുനയാണ് ആ ഒന്നരപ്പുറം!

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹ്യൂമൻ സ്റ്റുപ്പിഡിറ്റിയും തമ്മിലുള്ള മുഖാമുഖമാണ് സർഗ്ഗജീവിതം എന്നു ദയവായി കരുതരുതേ! കാരണം, ഇന്റലിജൻസിനെക്കാൾ, സ്റ്റുപ്പിഡിറ്റിയാണ് സർഗ്ഗാത്മകത സൃഷ്ടിക്കുന്നത്. ദൈവവും ചെകുത്താനും ഡ്രാക്കുളയും സ്റ്റുപ്പിഡിറ്റിയാണെന്ന് ഇന്റലിജൻസിന് എളുപ്പത്തിൽ മനസ്സിലാകും. പക്ഷേ, മനുഷ്യന് ആ സ്റ്റുപ്പിഡിറ്റിയെ അസ്സലായി ആസ്വദിക്കാനറിയാം. ദൈവത്തിനാണെ, ചെകുത്താനാണെ സത്യം!

ദൈവം സ്വരൂപത്തിൽ ട്രാൻസ്ജൻഡറിനെ സൃഷ്ടിച്ചു

കടിയേറ്റ ഒരു ആപ്പിളിനെപ്പറ്റിയാണ്. വർഷം 1976. കംപ്യൂട്ടറുകൾ നിർമ്മിക്കാനായി ആപ്പിൾ എന്ന കമ്പനി രൂപംകൊടുക്കുമ്പോൾ, സ്ഥാപകർക്ക് പണ്ട് ഐസക് ന്യൂട്ടനുണ്ടായ ശാസ്ത്രബോധോദയത്തിന്റെ കഥ മനസ്സിൽ വന്നു (മധുരിക്കുന്ന ഒരാശയം തലയിൽ ഉദിക്കുന്നതിനെപ്പറ്റിയുള്ള ഒരു ശൈലി മാത്രമാകാം 'ആപ്പിൾ തലയിൽ വീണു എന്നത്-'മനസ്സിൽ ലഡു പൊട്ടി' എന്ന മട്ടിൽ). സഹസ്ഥാപകനായ (സ്റ്റീവ് ജോബ്സിനൊപ്പം) റൊണാൾഡ് വെയ്ൻ കമ്പനിക്കായി ന്യൂട്ടണും ആപ്പിളുമുള്ള ഒരു ലോഗോ വരച്ചുണ്ടാക്കി. വിശദാംശങ്ങൾ ഒഴിവാക്കി ലളിതമായ ഒരു മുദ്രയിലേക്ക് അതിനെ കുറുക്കിയെടുക്കണമെന്ന് സ്റ്റീവ് ജോബ്സിനു പിന്നീടു തോന്നി. അടുത്ത വർഷം റോബ് ജാനോഫ് വരച്ച-നമ്മളിന്നു കാണുന്ന-കടിയേറ്റ ആപ്പിൾ സ്ഥാപനമുദ്രയായി.

പക്ഷേ, എന്തുകൊണ്ട് കടിയേറ്റ ആപ്പിൾ?

Byte എന്ന വാക്ക് കംപ്യൂട്ടറിന്റെ ഓർമ്മശക്തിയുടെ ഏകകം ആയതുകൊണ്ടും 'കടി' (bite) എന്ന് മാറ്റിക്കേൾക്കാവുന്നതുകൊണ്ടും എന്നാണ് ഒരുത്തരം. ആപ്പിളിനെ ഒരു ദ്വിമാനമുദ്രയാക്കുമ്പോൾ അതിനെ തക്കാളിയോ ഞാവലോ ആയി തോന്നാതിരിക്കാൻ കടിച്ചെടുത്ത കഷണംകൂടി ഉൾപ്പെടുത്തി എന്ന് മറ്റൊരുത്തരം. എന്നാൽ, ഈ ഉത്തരങ്ങളെയെല്ലാം മായ്ച്ചുകൊണ്ട് കടിയേറ്റ ആപ്പിളിൽ മറ്റൊരു കഥ, വിത്തുകളടക്കം മുറിവേറ്റ ഒരാണിന്റെ വേദന, ന്യൂട്ടണെക്കാൾ തെളിമയുറ്റ മറ്റൊരു ശാസ്ത്രപ്രതിഭയുടെ ജീവിതം, തെളിയുന്നു: അലൻ ടൂറിങ്.

കംപ്യൂട്ടറിന്റെ പ്രപിതാക്കളിൽ ഒരാൾ. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ശത്രുക്കളായ ജർമനിയുടെ നിഗൂഢസന്ദേശങ്ങൾ അഴിച്ചെടുത്ത (De code) ബ്രിട്ടീഷ് പ്രതിഭ. Mathematical biology എന്നൊരു സാദ്ധ്യതയെ സാധുവാക്കിത്തീർത്ത ധിഷണാശാലി. നിർമ്മിതബുദ്ധി (AI) യെക്കുറിച്ച് സ്വപ്നംകണ്ട ആദ്യശാസ്ത്രജ്ഞരിൽ ഒരാൾ. അദ്ദേഹമാണ് കംപ്യൂട്ടറിന്റെ അടിസ്ഥാനഭാഷയായ ബൈനറി സിസ്റ്റത്തെ (0, 1 എന്നീ രണ്ടക്കങ്ങൾമാത്രം ഉപയോഗിച്ചുകൊണ്ടുള്ള വിവരശേഖരണം) താൻ സൃഷ്ടിച്ച കംപ്യൂട്ടറിന്റെ അടിസ്ഥാനമാതൃകയിൽ വിജയകരമായി പ്രയോഗിച്ചത്.(ആണ്, പെണ്ണ് എന്നിങ്ങനെയുള്ള 'ബൈനറി'യിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്ന വിശ്വാസത്തിൽനിന്നുരുവായ ആദം-ഹവ്വ കഥ പറയുന്ന പഴയകാല പെയിന്റിങ്ങുകളിലുള്ള 'വിലക്കപ്പെട്ട കനി' ഏതായാലും ആപ്പിളല്ല!)

വെറും നാൽപ്പത്തിയൊന്നു വർഷം മാത്രം ജീവിച്ച (1912-1954) ടൂറിങ് തന്റെ ഇണയായി തിരഞ്ഞെടുത്തത് ക്രിസ്റ്റഫർ മാർക്കോം എന്ന സുന്ദരനും ബുദ്ധിമാനുമായ സഹപാഠിയെ ആയിരുന്നു. പത്തൊൻപതാം വയസ്സിൽ മാർക്കോം മരിച്ചു; ടൂറിങ് പിന്നെയും പുരുഷ ഇണകളിൽനിന്നുതന്നെ സാന്ത്വനം തേടി. നാൽപ്പതാം വയസ്സിൽ 'പ്രകൃതിവിരുദ്ധ' ലൈംഗികത ആരോപിച്ച് വിചാരണ നേരിടേണ്ടിവന്ന അദ്ദേഹത്തിനു മുന്നിൽ കോടതി ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനായി രണ്ടു ശിക്ഷകൾ നീട്ടി. തടവറയ്ക്കു പകരം രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ഷണ്ഡീകരണം (chemical castration) ടൂറിങ് ശിക്ഷയായി സ്വീകരിച്ചു. മറ്റുള്ളവരുടെ നോട്ടത്തിലെങ്കിലും, ആൺ-പെൺ ബൈനറിയിൽനിന്ന് പുറത്തായി. മുറിപ്പെട്ട പുരുഷത്വത്തോടുകൂടി ജീവിക്കേണ്ടിവന്ന അദ്ദേഹത്തിന്റെ കഥയിലേക്ക് വൈകാതെ ആപ്പിൾ കടന്നുവന്നു. സയനൈഡ് ചേർത്ത ആപ്പിൾ കഴിച്ച് അലൻ ടൂറിങ് ആത്മഹത്യ ചെയ്തു (സയനൈഡ് ചേർന്ന ആപ്പിൾ ഒരു കടിയേ കടിക്കാനാവൂ. ആപ്പിൾ കമ്പനിയുടെ ലോഗോ കാണിച്ചുതരുംപോലെ!).

അലൻ ടൂറിങ്ങിന്റെ അപമൃത്യുവുമായി തങ്ങളുടെ മുദ്രയ്ക്കു ബന്ധമില്ലെന്ന് ആപ്പിളിന്റെ സാരഥികൾ പറഞ്ഞിട്ടുണ്ട്. പഴയൊരു ശാസ്ത്രജ്ഞനിലേക്ക് തങ്ങളുടെ ശ്രമങ്ങളെ ചെറുതാക്കേണ്ടതില്ലെന്ന കരുതൽ മാത്രമാകാം അത്. എന്നാൽ, കടിയേറ്റ ആപ്പിൾ എന്ന ബിംബം (image) എടുക്കൂ; കവിതകളിലെന്നതുപോലെ ചരിത്രത്തിലും ഇമേജുകൾ അതിന്റെ സ്രഷ്ടാവിന്റെ ഇച്ഛയ്ക്ക് അതീതമായും സൃഷ്ടിക്കപ്പെടുന്നു എന്ന് നാം കാണും. ആണും പെണ്ണും എന്ന ബൈനറിക്കപ്പുറം നോൺ-ബൈനറി വിഭാഗത്തിലുള്ള മനുഷ്യരും ഭൂമിയിലുണ്ട് എന്ന പൊതുബോധം ഇന്നു ശക്തമായിക്കഴിഞ്ഞിട്ടുണ്ട്. ട്രാൻസ്ജെൻഡർ എന്ന വാക്കിനും ഉപരിയാണല്ലോ നോൺ ബൈനറിയുടെ വിവക്ഷയും രാഷ്ട്രീയവും. ഒന്നും പൂജ്യവുമല്ലാത്ത ലൈംഗികതകളും മനുഷ്യനുണ്ട്.

അതുകൊണ്ട് ഒരു സ്വപ്നം പറഞ്ഞ് ഉപസംഹരിക്കാം: ഇപ്പോഴുള്ള മനുഷ്യരാശി ഒടുങ്ങിയതിനുശേഷം, ഒരിക്കൽക്കൂടി ഊറിക്കൂടുന്ന നമ്മുടെ വംശാനന്തരതലമുറ ഭൂമിയിലോ മറ്റേതെങ്കിലും അജ്ഞാതഗ്രഹത്തിലോ ഇരുകാലുകളിൽ എഴുന്നുനിൽക്കാനാരംഭിക്കുന്നു എന്നു സങ്കൽപ്പിക്കുക. അവർക്ക് ഒരിക്കൽക്കൂടി ഒരു ദൈവത്തെയും അവരുടേതായ ആദം-ഹവ്വമാരെയും സൃഷ്ടിക്കേണ്ടിവരുമല്ലോ. ഓർമ്മയുടെ കോശങ്ങളിൽ അപ്പോഴും അടിഞ്ഞുകിടന്നേക്കാവുന്ന ചിലതിന്റെ പ്രഭാവത്തിൽ അന്നത്തെ മനുഷ്യൻ ഇങ്ങനെയാവും ആ കഥയുണ്ടാക്കുക: 'ആദ്യം ദൈവം തന്റെ പ്രതിരൂപമായി ഒരു നോൺ-ബൈനറിയെ സൃഷ്ടിച്ചു. പിന്നെ ആ ജന്മത്തിന്റെ ഏകാകിത പോക്കുവാൻ വലതുവാരികളിൽ ഒന്നിൽനിന്ന് പുരുഷനെയും ഇടതുവാരിയെല്ലുകളിൽ ഒന്നെടുത്ത് സ്ത്രീയെയും സൃഷ്ടിച്ചു.'

ഉവ്വ്, ആ കഥയിൽ വിലക്കപ്പെട്ട കനിയായി ചിത്രകാരന്മാർക്കു ധൈര്യമായി ആപ്പിളിനെ വരയ്ക്കാനാവും!