ക്ഷാമകാലത്ത് രാജാവ് വസിഷ്ഠന്റെ പശുവായ നന്ദിനിയെ കൊന്ന് കറിവെച്ച് വിശ്വാമിത്രനു നല്കി. കുപിതനായ വസിഷ്ഠനും മക്കളും രാജാവിനെ ശപിച്ച് ചണ്ഡാലനാക്കി.

കെ. മധു എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച രാമായണരഹസ്യങ്ങൾ എന്ന പുസ്തകത്തിൽനിന്ന് ഒരു ഭാഗം.
അമ്മയായ സീത അധികവും ജീവിക്കുന്നത് നാട്ടുമൊഴികളിലാണ്. തുഞ്ചത്താചാര്യന്റെ കിളി പട്ടാഭിഷേകത്തിൽത്തന്നെ പാട്ടുനിർത്തി. ഉത്തരരാമായണമാകട്ടെ, മലയാളി ആവിധം വായിച്ചുമില്ല.
പണ്ട് കറുപ്പിലും വെളുപ്പിലുമായി സമ്പൂർണ്ണരാമായണം എന്ന തമിഴ് സിനിമ വന്നു. ഹരികഥകളും കഥാപ്രസംഗങ്ങളും വന്നു. നാടകങ്ങൾ ഉത്സവപ്പറമ്പിലെ ആൾക്കൂട്ടങ്ങൾക്കായി കെട്ടിയാടി. സീതാദുഃഖം തുഞ്ചത്താചാര്യൻ പറഞ്ഞതിൽക്കൂടുതൽ മലയാളി മനസ്സിലാക്കി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത ഭാവസങ്കടത്തിന്റെ അകംപൊരുൾ തന്നു.
രാജ്യത്തെല്ലായിടത്തും രാമായണവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് സ്ഥലങ്ങളുണ്ടായി. സീതയും മക്കളും ഉത്തരരാമായണത്തിന് പുറത്തു തിടംവെച്ചു, തിറയാടി.
പ്രകൃതിയാണ് താൻ എന്ന് തുടക്കത്തിലേ പറയുന്നുണ്ട് സീതാദേവി. പ്രകൃതി മുഴുവൻ പ്രപഞ്ചത്തിനും അമ്മയാണ്. അനാദിയും അജനും നിത്യനുമാണ് പരമപുരുഷൻ. പിറക്കാത്തവൻ, മരിക്കാത്തവൻ, സന്താപഹീനൻ. ആ അദ്വൈതമൂർത്തിയുടെ അവതാരമാണ് രാമൻ. ആ ശക്തിയുടെ ലീലകളിൽ വെളിച്ചപ്പെടുന്നവൾമാത്രം സീത. മഹാലീലയുടെ നടനവേദിയിൽ, ചെറുലീലകളുടെ സമാഹാരമാണ് സീത. യുഗസന്ധ്യയ്ക്ക് ചാരുത ചാർത്തുന്ന കടമ നിറവേറ്റുകയാണവൾ. അമ്മ സീത അധികം കടന്നുവരാത്തത് അതിനാലാവണം.
എന്നാലും രാമനെ അടിമുടി വെളിപ്പെടുത്തുന്നുണ്ട് സീത. വാല്മീകിയുടെ രാമൻ സസുഖം വാഴുമ്പോഴാണ് ചാരന്മാരെ വിളിച്ച് ജനഹിതം തേടുന്നത്. ഭദ്രൻ എന്ന ചാരൻ പറയുന്നു,
'സേതുബന്ധനവും രാവണവധവുമൊക്കെ ചെയ്ത മഹാപരാക്രമിയാണ് നമ്മുടെ തമ്പുരാൻ. എന്നാലും രാവണൻ അടിമയെപ്പോലെ പാർപ്പിച്ച വൈദേഹിയെ എങ്ങനെയാണ് തമ്പുരാൻ പൊറുപ്പിക്കുന്നത്. ഇങ്ങനെപോയാൽ നമ്മുടെ വീടുകളിലും ഇത് ചെയ്യേണ്ടിവരും.'
പലപല രാമായണങ്ങളിലായാണ് രജകന്റെ കഥ വരുന്നത്. രാത്രി ഇറങ്ങിപ്പോയി വൈകി കയറിവരുന്ന ഭാര്യ. വഴക്കിന് ചെല്ലുന്ന അലക്കുകാരൻ. അലക്കുകാരി ചോദിക്കുന്നു. 'രാജാവിനില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിന്?'
ഇങ്ങനെ പലയിടത്തായി കഥകൾ പെരുകുന്നുണ്ട്. ഇന്ത്യയിൽ പലയിടത്തായി സീത ഉപേക്ഷിക്കപ്പെടുന്നുണ്ട്. പലയിടത്തായി അന്തർധാനം ചെയ്യുന്നുമുണ്ട്. കലയിലും സംസ്കാരങ്ങളിലും വിശ്വാസങ്ങളിലുമായി ഉയിർത്തെഴുന്നേൽക്കുന്നുമുണ്ട്.
അഗ്നിശുദ്ധി വരുത്തിയാണ് ലങ്കയിൽനിന്ന് രാമൻ ജാനകീദേവിയെ കൊണ്ടുവരുന്നത്. അഗ്നി രാമനോട് പറയുന്നവിധത്തിലാണ് മിക്കപ്പോഴും കഥ. തീയിൽ മായാസീത മറയുന്നു. രാമൻ ഏൽപ്പിച്ച ജനകപുത്രിയെ അഗ്നി തിരിച്ചേൽപ്പിക്കുന്നു. ഇതും വിശ്വസിക്കാത്ത ജനങ്ങൾക്കുവേണ്ടിയാണ് സീത പരിത്യജിക്കപ്പെടുന്നത്. രാമൻ എന്ന രാജാവ് പ്രജാഹിതത്തിനായി എന്തും ഉപേക്ഷിക്കും എന്ന് പറയുകയാണ് ആദികവി.
എന്നാൽ, തമസാ നദിക്കരയിൽ ഉപേക്ഷിക്കപ്പെടുമ്പോൾ സീത ആദ്യ സൗമിത്രിയോട് പറയുന്നു,
'എന്നെ ഒന്നു കണ്ടുപൊയ്ക്കോളൂ.'
താൻ ഗർഭിണിയാണ് എന്ന് സീത ലക്ഷ്മണനെ അറിയിക്കുകയാണിവിടെ.
വനവാസത്തിനിടെ ഒരിക്കലും ലക്ഷ്മണൻ സീതാപാദമല്ലാതെ കണ്ടിട്ടില്ല. കിഷ്കിന്ധയിൽ ആഭരണങ്ങൾ കാണിക്കുമ്പോൾ പാദസരം മാത്രമാണ് സൗമിത്രി തിരിച്ചറിയുന്നത്. ഇപ്പോഴും ലക്ഷ്മണൻ സീതയെ കാണുന്നില്ല. കണ്ടാലും, രാമോച്ചാരണത്തിനപ്പുറം ഒന്നുമില്ലാത്ത സുമിത്രാനന്ദനൻ നിസ്സഹായനാണ്.
ലവണാസുരവധത്തിന് ശത്രുഘ്നൻ പോകുന്ന ഘട്ടത്തിൽ വീണ്ടും സീത വരുന്നു. ഇന്നത്തെ പ്രയാഗ്രാജിലെ ത്രിവേണീസംഗമത്തിന് അടുത്തുതന്നെയാണ് വാല്മീകിയുടെ ആശ്രമവും. രണ്ടാമത്തെ സൗമിത്രി യുദ്ധസജ്ജനായി പോകുന്ന ദിവസമാണ് സീത ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നത്. ആദ്യ സൗമിത്രിയുമായി ഈ കുട്ടികൾ ഭാവിയിൽ ഏറ്റുമുട്ടുന്നതായി പലയിടത്തും കഥകളുണ്ട്.
പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു. ലവണാസുരന്റെ കാടിനെ ശത്രുഘ്നൻ മഹാനഗരമാക്കി വാണു. പിന്നെ അയോദ്ധ്യയിലേക്ക് തിരിച്ചുപോകുമ്പോൾ വാല്മീകിയുടെ ആശ്രമത്തിലെത്തി. അവിടെവെച്ച് കുട്ടികൾ പാടുന്ന പാട്ടുകേട്ട് ആനന്ദാതിരേകനായി. സൈനികർ അതെന്തെന്ന് ചോദിക്കാൻ ആവശ്യപ്പെട്ടു. മുനിയോട് അത് ചോദിക്കാതെ രാമനരികിലെത്താൻ വെമ്പി, ശത്രുഘ്നൻ വേഗത്തിൽ അയോദ്ധ്യയിലേക്ക് തിരിച്ചു. ജ്യേഷ്ഠനെ കണ്ടു നമസ്കരിച്ചു.
കുട്ടികൾക്ക് പന്ത്രണ്ടു വയസ്സായി എന്ന് കാട് കൊട്ടാരത്തോട് പറയുകയാണ്. സൂര്യനെ പ്രദക്ഷിണംവെക്കാൻ ദേവഗുരു ബ്രഹസ്പതിക്ക് വേണ്ടിവരുന്ന കാലം. ഒരു വ്യാഴവട്ടം. സൂര്യവംശജനായ രാമന്റെ ലീലയിൽ പലവട്ടം കടന്നുവരുന്നുണ്ട്. ആനന്ദമായും ശാപമായും അനുഗ്രഹമായും കടമയായും.
പന്ത്രണ്ടുവയസ്സുള്ള കുട്ടിയുടെ ജഢവുമായി അടുത്തനാൾ ഒരു ബ്രാഹ്മണൻ രാമനെ കാണാനെത്തി. രാജ്യത്ത് അധർമ്മം നടന്നതിനാലാണ് ബാലമരണം ഉണ്ടായതെന്ന് ബ്രാഹ്മണൻ പറഞ്ഞു. ശംബൂകനെന്ന് പേരായ ശൂദ്രൻ മരത്തിൽ തലകീഴായി കിടന്ന് ഘോരതപസ്സ് അനുഷ്ഠിച്ചതാണ് അധർമ്മം എന്ന് രാമൻ അറിഞ്ഞു. രാമൻ ആ മുനിയുടെ ശിരസ്സറുത്തു. ദേവന്മാരും മഹർഷിമാരും രാമനെ വാഴ്ത്തി.
ശംബൂകവധത്തിന്റെ സാന്ദർഭിക സന്ദിഗ്ദ്ധതകൾ എണ്ണമറ്റതാണ്. രാമൻ ഉപേക്ഷിച്ച സീതയ്ക്ക് അഭയം നൽകുന്നത് വാല്മീകിയാണ്. ഭയം ഇല്ലാതാക്കൽത്തന്നെയാണ് ഇവിടെ അഭയം. എക്കാലവും രാജാവ് തള്ളിപ്പറഞ്ഞതിനെ സ്വീകരിക്കാൻ അസാമാന്യധൈര്യം വേണം. വാല്മീകി അത് കാണിക്കുന്നു. ആ പതിതയായ ഗർഭിണി ഇരട്ടക്കുട്ടികളെ പ്രസവിക്കുമ്പോൾ അവർക്കും അഭയമേകുന്നു. അവരെ ശാസ്ത്രംകൊണ്ടും ശസ്ത്രംകൊണ്ടും സായുധരാക്കുന്നു.
ശ്രീരാമൻ പക്ഷേ, സീതയ്ക്ക് ആരും അഭയമേകരുത് എന്ന് കൽപ്പിക്കുന്നില്ല. കാട്ടാളനാണ് വാല്മീകിയായത്. അതുപക്ഷേ, സപ്തർഷികളുടെ അനുഗ്രഹത്തോടെയാണ്. വാല്മീകി പീന്നീട് കർമ്മം തന്റെ വർണ്ണമാക്കുന്നു. അങ്ങനെയാണ് ഏകാഗ്രതയുടെ പരകോടിയിൽ മഹർഷിയാവുന്നത്. ആ കാട്ടിലാണ് സീത എത്തുന്നത്. വാല്മീകി ഒരു കാര്യവും രണ്ടുവട്ടം പറയാറില്ല. ആദ്യമായി അത് തെറ്റിക്കുന്നത് സീതയ്ക്കുവേണ്ടിയാണ്. സീത പൂജിക്കപ്പെടേണ്ടവൾ ആണെന്ന് വാല്മീകി ആശ്രമവാസികളോട് രണ്ടുവട്ടം നിർദ്ദേശിക്കുന്നു.
ശംബൂകൻ താൻ ശൂദ്രൻ തന്നെ എന്ന് വ്യക്തമാക്കുന്നു. ഉടലോടെ സ്വർഗ്ഗത്തിലെത്താനാണ് ശംബൂകന്റെ തപസ്സ്. അക്കാലത്തെ നിയമങ്ങളിൽ രാജാവിന് അനുവദിക്കാൻ കഴിയുന്നതല്ല ഈ കർമ്മം. നിയമങ്ങൾ നടപ്പാക്കിയാലും നടപ്പാക്കാതിരുന്നാലും രാജാവ് വിമർശിക്കപ്പെടും. നടപ്പാക്കാതിരുന്നാൽ സീതാപരിത്യാഗം നിരർത്ഥകമാവും. പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടിയുടെ പ്രാണൻ തിരിച്ചുകിട്ടാനാണ് ശംബൂകവധം എന്നാണ് വാല്മീകി പറയുന്നത്.
ഉടലോടെ സ്വർഗ്ഗത്തിലെത്താനുള്ള ശ്രമങ്ങളെ എക്കാലവും ദേവന്മാർ തടയുന്നത് പുരാണങ്ങളിലുണ്ട്. രാമന്റെ ശസ്ത്രഗുരു വിശ്വാമിത്രൻ ത്രിശങ്കു സൃഷ്ടിക്കുന്നതുതന്നെ ഈ ഉടൽപ്രതിസന്ധിക്ക് പരിഹാരം തേടിയുമാണ്.
ക്ഷത്രിയരും ബ്രാഹ്മണരും തമ്മിലുള്ള തർക്കത്തിന്റെ ഘട്ടംകൂടി ഇവിടെ കാണാം. സൂര്യവംശത്തിൽത്തന്നെ പിറന്ന ത്രയാരുണൻ എന്ന രാജാവിന്റെ മകനായിരുന്നു സത്യവ്രതൻ. ഈ രാജാവ് രണ്ടു തരത്തിൽ ചിത്രീകരിക്കപ്പെടുന്നു. ആദ്യകഥയിൽ സത്യവാനും ഭക്തനുമായ രാജാവാണ്. രണ്ടാമത്തേതിൽ നീചനും ദുർവൃത്തനുമാണ്. ഈ കഥ അനുസരിച്ച് രാജാവ് ഒരു ബ്രാഹ്മണകന്യകയെ വിവാഹനാളിൽ തട്ടിക്കൊണ്ടുപോകുന്നു. വസിഷ്ഠൻ രാജാവിനെ ശിക്ഷിക്കുന്നു.
രണ്ടു കഥകളിലും സത്യവ്രതരാജാവ് വിശ്വാമിത്രന്റെ കുടുംബത്തെ സഹായിക്കുന്നുണ്ട്. ഒരു ക്ഷാമകാലത്ത് രാജാവ് വസിഷ്ഠന്റെ പശുവായ നന്ദിനിയെ കൊന്ന് കറിവെച്ച് വിശ്വാമിത്രനു നൽകി. കുപിതനായ വസിഷ്ഠനും മക്കളും രാജാവിനെ ശപിച്ച് ചണ്ഡാലനാക്കി.
ഉടലോടെ സ്വർഗ്ഗത്തിലെത്താനായി പിന്നെ രാജാവിന്റെ ശ്രമം. ഇത് വസിഷ്ഠൻ വിലക്കി. രാജാവ് വിശ്വാമിത്രനെ സമീപിച്ചു. വിശ്വാമിത്രൻ യാഗം ആരംഭിച്ചു. രാജാവ് നീചകർമ്മിയായതിനാൽ ഇന്ദ്രൻ തടഞ്ഞു. രാജാവിനായി ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിൽ വിശ്വാമിത്രൻ ത്രിശങ്കു സ്വർഗ്ഗം സൃഷ്ടിച്ചു. അവസാനം ഇന്ദ്രൻ രാജാവിനെ സ്വർഗ്ഗത്തിൽ കയറ്റുന്നുണ്ട്.
വിശ്വാമിത്രന്റെ ശിഷ്യനാണ് രാമൻ. ഉടലോടെ സ്വർഗ്ഗപ്രാപ്തിക്കുള്ള മറ്റൊരു ശ്രമത്തെയാണ് രാമൻ തടയുന്നത്. മുഴുവൻ ദേവകളും രാമനുമേൽ പുഷ്പവൃഷ്ടി നടത്തി. ശംബൂകനെ വധിച്ചപാടേ പന്ത്രണ്ട് വയസ്സുള്ള മരിച്ച കുട്ടി ഉയിർത്തതായി വാല്മീകി പറയുന്നു. ത്രിശങ്കുവിന്റെ കാലത്തിൽനിന്ന് ശംബൂകന്റെ കാലത്തിലേക്ക് എത്തുമ്പോൾ ബ്രാഹ്മണരും ക്ഷത്രിയരും അഭിപ്രായ ഐക്യത്തിലേക്ക് എത്തുകയാണ്. രാമന്റെ പൂർവ്വാവതാരമായ ഭാർഗ്ഗവരാമൻ ഇരുപത്തൊന്നു തവണ അതിനിടെ ക്ഷത്രിയകുലം മുടിക്കുന്നുണ്ട്. രാമൻ ഇവിടെ വസിഷ്ഠനെയും വിശ്വാമിത്രനെയും രമിപ്പിക്കുകയാണ്.
അതെന്തായാലും തന്റെ മക്കൾക്ക് പ്രായം പന്ത്രണ്ട് ആയെന്ന് വാല്മീകി പറയുന്നനേരം മറ്റൊരു പന്ത്രണ്ടുകാരന്റെ പ്രാണൻ രാമൻ വീണ്ടെടുക്കുന്നു.
അശ്വമേധയാഗത്തിനിടെ വീണ്ടും സീത വരുന്നു. ലവനും കുശനും വാല്മീകി പറഞ്ഞ കഥചൊല്ലുന്നു. കേട്ടവരെല്ലാം മോഹിതരാവുന്നു. രാജാവ് കുട്ടികളെ വിളിച്ചുവരുത്തുന്നു. 'മരവുരിക്ക് പകരം പട്ടുടയാടകൾ എങ്കിൽ കുട്ടികൾ രാമൻ തന്നെ.' സദസ്യർ വിസ്മയിച്ചു.
രാജാവ് നൽകുന്ന പൊന്നും പണവും കുട്ടികളും നിരസിച്ചു.
'വനവാസികൾക്ക് പണമെന്തിന്?'- ആ മറുചോദ്യത്തിൽ സദസ്സ് നിശ്ശബ്ദമായി.
വാല്മീകിയെപ്പറ്റി രാജാവ് വീണ്ടും കുട്ടികളിൽനിന്ന് കേൾക്കുകയാണ്.
സീത വിശുദ്ധയെങ്കിൽ സ്വീകരിക്കാമെന്ന് രാമൻ വാല്മീകിയെ അറിയിക്കുന്നു. പിറ്റേന്ന് രാവിലെ സീതാശപഥം. സദസ്സ് നിറഞ്ഞു. സീതാദേവി വാല്മീകിയെ പിൻതുടർന്ന് സദസ്സിലെത്തി. ദേവദേവനായ വിധാതാവിനെ അനുഗമിക്കുന്ന വേദമാതാവിനെപ്പോലെ എന്നാണ് വാല്മീകി ഇതിനെപ്പറ്റി പറയുന്നത്. എല്ലാവരും സീതയെ വാഴ്ത്തി.
വാല്മീകി എണീറ്റു.
'ലോകാപവാദഭീരുവായ രാമാ, ഈ സതീരത്നം പാവനത്വം ഉടലാർന്നവൾ. ദിവ്യചക്ഷുസ്സാൽ ഞാൻ അത് അറിയുന്നു. പ്രചേതസ്സിന്റെ പത്താമത്തെ മകനായ ഞാൻ അസത്യം പറയില്ല.'
ഭീരു എന്ന പദവുമായി രാമനാമം കണ്ണിചേർക്കപ്പെടുന്ന ഏകസന്ദർഭമാണിത്. പടക്കളത്തിൽ പരിഹസിക്കുമ്പോൾ രാവണൻപോലും ഇങ്ങനെ പറയുന്നില്ല.
രാമൻ പറഞ്ഞു,
'ലങ്കയിൽ ദേവകൾമുമ്പാകെ, ഞാൻ ഇത് മുമ്പേ അറിഞ്ഞിരിക്കുന്നു. ഈ ഇരട്ടക്കുട്ടികൾ എന്റെ മക്കളെന്നും എനിക്കറിയാം. എങ്കിലും ലോകാപവാദം ശക്തമാണ്. സീത ഇവരെക്കൂടി വിശ്വസിപ്പിക്കട്ടെ.'
സീത എണീറ്റു. രാജരാജേശ്വരിയായ ദേവി നോക്കിയപ്പോൾ എല്ലാവരും സംശുദ്ധരായി. ചുറ്റും സുഗന്ധം വീശി. സീത ഭൂമീമാതാവിനോട് വ്യക്തമായ വചസ്സോടെ തൊഴുതു.
'ശ്രീരാമസ്വാമിയെ ഒഴിച്ച് മറ്റൊരാളേയും ത്രികരണങ്ങളിൽ അണച്ചിട്ടില്ലെന്ന വാക്ക് സത്യമെങ്കിൽ ദേവീ എനിക്ക് മാർഗ്ഗം തരണേ.'
അചിന്ത്യമായ പ്രകാശം പരന്നു. ഭൂമീദേവി ഉടലാണ്ടു. മണ്ണിൽനിന്ന് സിംഹാസനം വന്നു. ദേവി സീതയെ അതിലിരുത്തി പാതാളത്തിലേക്ക് ആനയിച്ചു. ലോകം ഘോഷിച്ചു. രാമൻ ദുഃഖിതനായി. കടൽ കടന്ന് കൊണ്ടുവന്ന സീതയെ തിരിച്ചുനൽകിയില്ലെങ്കിൽ എല്ലാം നശിപ്പിക്കാൻ വില്ലെടുത്തു. ബ്രഹ്മാവ് പ്രത്യക്ഷനായി. സീത തപോബലത്താൽ നാഗലോകത്തു കാത്തിരിക്കുമെന്ന് അറിയിച്ചു. ശ്രീരാമൻ സുസ്ഥിരനാകുവോളം. ഉത്തരരാമായണത്തിന്റെ ബാക്കി ശ്രീരാമനെമാത്രം കേൾപ്പിക്കാൻ നിർദ്ദേശിച്ചു. രാജാവായ രാമൻ ഭാവി അറിഞ്ഞു, ശാന്തനായി.
സീത സിംഹാസനേശ്വരി ആയാണ് മറയുന്നത്. രാമൻ സച്ചിദാനന്ദൻ ആവുമ്പോൾ ചിദഗ്നിമയി ആവുകയാണ് സീത. രാമായണത്തിൽ ആദ്യമായി രാമൻ ഒറ്റയാവുന്നു. സീതാപഹരണത്തിൽ ലക്ഷ്മണനും ലോകവും രാമനൊപ്പം നിന്നു. ഈ നിമിഷംമുതൽ, ജനഹിതവും ജനക്ഷേമവും നടത്തുന്ന രാജാവുമാത്രമാണ് രാമൻ. രാമരാജ്യത്തിൽ സീത പ്രജാഹിതംമാത്രം.
മനുഷ്യനോട്ടത്തിൽ ഏറ്റവും നിർഭാഗ്യവതിയായ അമ്മയാണ് സീത. ഗർഭിണിയായിരിക്കേ കാട്ടിൽ തള്ളപ്പെട്ടു. ആശ്രമത്തിൽ പ്രസവിച്ചു. കുട്ടികൾ കാട്ടിൽ വളർന്നു. എന്നാൽ, പ്രകൃതിയുടെ മായയിൽ സീത കരുത്താർജ്ജിക്കുന്നു. പുല്ലുപോലെ കൈയൊഴിയപ്പെട്ടവൾ പെറ്റു, വളർത്തി. തപോധനം ആർജ്ജിച്ചു. ആ കുമാരന്മാർ രാവണനെ വിറപ്പിച്ച ആഞ്ജനേയനെ വെറുമൊരു കുരങ്ങനായി പിടിച്ചുകെട്ടി. ഇന്ദ്രജിത്തിനെ വെന്ന ലക്ഷ്മണനെ സ്തംഭിപ്പിച്ചു. രാമനെ വിനയാന്വിതനാക്കി. പിന്നീട് മഹാസാമ്രാജ്യങ്ങൾക്ക് അധിപരായി.
രാമനും ലക്ഷ്മണനുമൊത്ത് കാട്ടിൽ യാത്ര തുടങ്ങുമ്പോൾ ആ സീതാദേവി പറയുന്ന ഒരു കഥയുണ്ട്. ഓരോരുത്തർക്കും നേരേ ഉടവാൾ എടുക്കാൻ തുനിയരുത്. പണ്ട് സദ്വൃത്തനായ ഒരാളെ ഒരു കത്തി സൂക്ഷിക്കാൻ എൽപ്പിച്ചു. കത്തിയെപ്പറ്റിമാത്രം ചിന്തിച്ച് ചിന്തിച്ച് അയാൾ ഉന്മാദിയും ദുർവൃത്തനുമായി.
ആത്മാവിൽ ആയുധമേന്താത്ത ചിത്തശുദ്ധിയുടെ കരുത്താണ് സീതാപ്രഘോഷണം. ദ്വാപരത്തിൽ കൃഷ്ണൻ 'നൈനം ഛിന്ദന്തി ശസ്ത്രാണി' എന്ന ഗീതാശ്ലോകത്തിൽ ഇത് വിവരിക്കും. ആയുധംകൊണ്ട് മുറിവേൽപ്പിക്കാനാവാത്തത്, അഗ്നികൊണ്ട് ദഹിപ്പിക്കാനാവാത്ത്, ജലത്താൽ നനയ്ക്കാനാവാത്തത്, കാറ്റിനാൽ ഉണക്കാനാവാത്തത്.
ദേവകളും മുഴുവൻ ലോകവും മനസ്സാൽ കീഴടക്കിയവളാണ് സീത. ലങ്കയിൽനിന്ന് വന്നപ്പോൾ മുഴുവൻ ലോകവും നമിച്ചതാണവളെ. ഇരട്ടക്കുട്ടികളെ ഗർഭമാർന്നനിമിഷം അതേ സീത പരിത്യക്തയായി. ദേവിയായ സീതയല്ല മനുഷ്യനായ സീതയാണ് കാട്ടിലെറിയപ്പെടുന്നത്. അതേ ഗർഭത്തിൽനിന്നുരുവായ കുമാരന്മാർ അവളെ വീണ്ടെടുക്കുന്നു. ലോകാപവാദഭീരുവായി രാമന് പിന്നെയും തുടരേണ്ടതുണ്ട്. പുരുഷോത്തമനായി മാറേണ്ടതുമുണ്ട്.
പരമപുരുഷന്റെ ശിഷ്ടലീലകളിൽനിന്ന് സീത മുക്തി നേടുകയാണ്. ജാനകിയായ സീത ശൈവചാപം ഉയർത്താൻ കെൽപ്പുണ്ടായിരുന്നവളാണ്. യാഗസ്ഥലത്തുവെച്ച് സീത അന്തർദ്ധാനം ചെയ്തെന്നാണ് വാല്മീകി പറയുന്നത്. ആ സ്ഥലം നൈമിഷാരണ്യമാണ്. അടുത്ത യുഗത്തിൽ ജനമേജയൻ സർപ്പയജ്ഞം നടത്തുന്നത് ഇവിടെയാണ്. കലി പ്രവേശിക്കാത്ത ഇടം എന്ന് വിഷ്ണു മുനിമാർക്ക് ഉറപ്പുകൊടുക്കുന്ന സ്ഥലവുമാണിത്. അയോദ്ധ്യയിൽനിന്ന് 200 കലോമീറ്ററിലേറെ ദൂരമുണ്ട് ഉത്തർപ്രദേശിലെ നൈമിഷാരണ്യത്തിലേക്ക്.
ബിഹാറിലെ സീതാമാടിയിലെ-സീതാമർഹി- ഉഴവുചാലിലാണ് സീതാജന്മസ്ഥലി. അവിടെനിന്ന് അയോദ്ധ്യവഴി ചിത്രകൂടവും ദണ്ഡകാരണ്യവും താണ്ടി അവൾ ലങ്കയിൽ തടവുകാരിയായി. വീണ്ടും രാജ്ഞിയായി. വീണ്ടും തിരസ്കൃതയായി. നിറചൈതന്യം ബോദ്ധ്യപ്പെടുത്തി ഭൂമിയമ്മയുടെ ഗർഭപാത്രത്തിലേക്ക് മടങ്ങി.
ഈ സ്വീകാരങ്ങൾക്കും തിരസ്കാരങ്ങൾക്കും ഇടയിൽ ആത്മചൈതന്യത്തിന്റെ പരമകാഷ്ഠയിൽ സീത ജ്വലിച്ചു. അവൾ മറഞ്ഞപ്പോൾ ബ്രഹ്മാവിനുതന്നെ ഇറങ്ങിവരേണ്ടിവന്നു. ഋതുചക്രങ്ങളുടെ ഉഴവുചാലുകളിൽ അവൾ ഉയിർത്തു. രാമൻ പിന്നെയും രാജ്യം ഭരിച്ചു. തിരിച്ച് സീതയ്ക്ക് അരികിലെത്താൻ വേണ്ടിമാത്രം.
ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സീത സാംസ്കാരിക സാന്നിദ്ധ്യമാണ്. ചിലയിടങ്ങളിൽ സീതയുടെ കൈപുണ്യം ഹോട്ടലുകളുടെ ബ്രാൻഡാണ്. സീത ഉടുത്ത സാരി, സീതാപാദം പതിഞ്ഞ പാറ, സീത ഇരുന്ന സ്ഥലം, നിരവധി സീതാക്ഷേത്രങ്ങൾ അങ്ങനെ നിറച്ചും സീത. താൻ പണിത നഗരിക്ക് സീതാപുരി എന്നാണ് വിക്രമാദിത്യൻ പേരിട്ടത്.
സീത ഉപേക്ഷിക്കപ്പെട്ടു എന്ന വിശ്വാസം തെക്കേ അറ്റത്ത് കേരളത്തിലുമുണ്ട്. വയനാട്ടിൽ പൊൻകുഴിയിലെ ക്ഷേത്രക്കുളം സീതയുടെ കണ്ണീർക്കുളം എന്നാണ് വിശ്വാസം. പുൽപ്പള്ളിയിലെ ലവകുശ ക്ഷേത്രത്തിലെ കുളത്തിലാണ് സീത അന്തർദ്ധാനം ചെയ്തത് എന്ന് കഥയുണ്ട്. സീത താഴ്ന്നുപോകുമ്പോൾ സഹിക്കാനാവാതെ രാമൻ മുടിയിൽ കയറിപ്പിടിച്ചു. ജഡ അറ്റുപോയി. അത് ചേടാറ്റുകാവായി എന്നും ഐതിഹ്യം.
പണ്ട് വേലികളിൽ 'സീതാർമുടി' എന്ന ചെടി പടർത്തിയിരുന്നു. തലമുടി നന്നായി വളരാനുള്ള താളി ആയാണ് പ്രധാനമായും ഇത് ഉപയോഗിച്ചിരുന്നത്. സീത അന്തർദ്ധാനംചെയ്തപ്പോൾ രാമൻ പിടിക്കാനാഞ്ഞു. അപ്പോൾ കൈയിൽ കിട്ടിയ മുടിയാണ് സീതാർമുടിയെന്ന വള്ളിച്ചെടി ആയി മാറിയത് എന്നാണ് ഐതിഹ്യം.
സീത അങ്ങനെ ഉയിർത്തുകൊണ്ടേയിരുന്നു. ആത്മാരാമന്റെ ലീലാവിലാസം എന്ന് സ്വയം പ്രകാശിച്ചവൾ സീത. അപ്പോൾ കാത്തിരിക്കുന്നത് രാമനാണ്. വൈദ്യുതിയുടെ ഊർജ്ജചൈതന്യംപോലെ രാമൻ. അനാദി, അനന്തം. പ്രത്യക്ഷമാക്കാൻ പക്ഷേ, ചില വിളക്കുകൾ തെളിയണം. ചലനത്തിന്റെ കാന്തിവേണം. ആ ഭൗമസൗന്ദര്യമായി സീത വിളങ്ങി. പ്രസന്നയായി. ആത്മാവിന്റെ രൂപമാറ്റങ്ങളിൽ വെളിച്ചംവിതറുന്ന വിശ്വപ്രകൃതിയായി.
Published: 12 Nov 2026, 02:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented