'കല്‍ക്കത്തയിലെ അശുതോഷ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ജ്യോതി ചൗധരി, സലില്‍ദായെ ആദ്യമായി കാണുന്നത്. കൊഡാലിയ ഗ്രാമത്തില്‍നിന്നുള്ള ആളാണ് സലില്‍ദാ എന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു. ബംഗാളി ഭാഷയില്‍ എംഎ ബിരുദത്തിനായി കല്‍ക്കത്തയില്‍ എത്തിയതായിരുന്നു സലില്‍ ചൗധരി. 'എന്റെ അമ്മയുടെ ബന്ധത്തില്‍പ്പെട്ട ഒരാളുടെ സുഹൃത്തായിരുന്നു സലില്‍ദാ. എന്റെ കസിനും സലില്‍ദായും ചേര്‍ന്ന് ഒരു നാടകസംഘം ഉണ്ടാക്കിയിരുന്നു. സിറാജുദ്ദൗള എന്നു പേരുള്ള ഒരു നാടകത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരുദിവസം എന്റെ കസിന്‍ സലില്‍ദായെ പരിചയപ്പെടുത്തി. സിറാജുദ്ദൗള എന്ന ഞങ്ങളുടെ നാടകത്തിന്റെ സംഗീതസംവിധായകനാണിദ്ദേഹം. അതായിരുന്നു ഞങ്ങളുടെ ആദ്യ സമാഗമം,' ജ്യോതി ചൗധരി ഓര്‍ക്കുന്നു.
അക്കാലത്ത് സലില്‍ദാ പ്രൈവറ്റ് ട്യൂഷനുകള്‍ നടത്തിയിരുന്നു. കോളേജിലെ പഠനത്തിനുശേഷം കൊഡാലിയ ഗ്രാമത്തിലേക്കു പോകുന്നതിനു മുമ്പ് കുറച്ചുകാലം വീട്ടില്‍വന്ന് ട്യൂഷന്‍ നല്‍കാമെന്ന് സലില്‍ദാ ജ്യോതിക്ക് ഉറപ്പുനല്‍കി. 'എന്റെ വിഷയങ്ങള്‍ ഫിലോസഫിയും ബോട്ടണിയുമായിരുന്നു. അദ്ഭുതകരമെന്നു പറയട്ടെ! രണ്ടും അദ്ദേഹത്തിന് അപരിചിതമല്ലായിരുന്നു. നല്ലരീതിയില്‍ തയ്യാറെടുപ്പ് നടത്തി എന്നെ പഠിപ്പിച്ചു'-ജ്യോതി ചൗധരിയുടെ വാക്കുകള്‍.
ആ സമയത്ത് സലില്‍ദാ ഇപ്റ്റാ പ്രസ്ഥാനത്തില്‍ സജീവമാകുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യപ്രവര്‍ത്തകനാവുകയും ചെയ്തു. സലില്‍ദായുടെ ബഹുമുഖ വ്യക്തിത്വത്തില്‍ ആകൃഷ്ടയായി അദ്ദേഹത്തിന്റെ പ്രധാന പരിപാടികളിലെല്ലാം അവര്‍ അനുയാത്രചെയ്തു. 'പലതവണ കാണുകയും സംസാരിക്കുകയും ചെയ്ത ഞങ്ങളില്‍ പ്രണയത്തിന്റെ പരാഗമുതിര്‍ന്നു. രക്ഷിതാക്കളുടെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുകൂടി 1952 ഓഗസ്റ്റ് 14-ന് ഞാന്‍ അദ്ദേഹത്തിന്റെ ജീവിതസഖിയായി,' ജ്യോതി ചൗധരിയുടെ ഓര്‍മകളുണരുന്നു.
സലില്‍ദായുടെ കഥകളും കവിതകളും എല്ലാം നിരൂപകശ്രദ്ധ നേടിയിരുന്നു. സലില്‍ദായുടെ ഉറ്റ സുഹൃത്തായിരുന്ന ഋഷികേശ് മുഖര്‍ജിയുടെ ശുപാര്‍ശയില്‍ ദോ ബിഗാ സമീന്‍ എന്ന സിനിമയുടെ സംഗീതം നിര്‍വഹിക്കാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. 'ഞങ്ങളുടെ വിവാഹദിവസത്തിന്റെ അന്നു വൈകുന്നേരമാണ് ബിമല്‍റോയിയുടെ ടെലിഗ്രാം സലില്‍ദായെ തേടിയെത്തുന്നത്. ദോ ബിഗാ സമീനിന്റെ വിജയത്തിനുശേഷം ഞങ്ങള്‍ ബോംബെയിലേക്കു താമസം മാറ്റാന്‍ തീരുമാനിച്ചു,' ജ്യോതി ചൗധരി ജീവിതത്തിലെ നല്ല നിമിഷങ്ങളെ മനസ്സോടു ചേര്‍ത്തുവെയ്ക്കുന്നു.
കുടുംബജീവിതമാരംഭിച്ച് അധികനാള്‍ കഴിയുന്നതിനുമുമ്പേ നടന്ന രസകരമായ ഒരു സംഭവം, ജ്യോതി ചൗധരിയുടെ ഒരു കുറിപ്പില്‍ ഇങ്ങനെ വായിക്കാം:
'ഋഷിദായെക്കുറിച്ച് ഞാന്‍ അതിനുമുമ്പ് കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ഒരുദിവസം സലിലിന്റെ പോക്കറ്റില്‍നിന്നും ഞാനൊരു കത്ത് കണ്ടെടുത്തു. കൈയക്ഷരം കണ്ടിട്ട് ഒരു സ്ത്രീയുടേതാണെന്ന് നിനച്ച ഞാന്‍ അതിനെ ഒരു പ്രേമലേഖനമായി കണ്ടു. എന്നാല്‍ അത് ഒരെഴുത്തുകാരന്റെ കത്തായിരുന്നു. സലിലിന്റെ എഴുത്തിനോടുള്ള പ്രിയവും ആരാധനയും ആയിരുന്നു അതിലെ ഉള്ളടക്കം. കൈയൊപ്പുപോലും ഒരു ബംഗാളി പെണ്‍കുട്ടിയുടേതാണ് (അഷി) എന്നെനിക്കുതോന്നി. എന്നില്‍ അസൂയയും സ്വാര്‍ത്ഥതയും ഒരുപോലെ ഉരുണ്ടുകൂടി. അദ്ദേഹത്തിന്റെ ജീവിതത്തിലെ 'പുതിയ സ്ത്രീ' ആരാണെന്ന് ഞാന്‍ ആരാഞ്ഞു. പിന്നീട് ഒരു പാര്‍ട്ടിയില്‍ ഒരുമിച്ചവേളയില്‍ സലില്‍, ഋഷിദായെ പരിചയപ്പെടുത്തി എന്നോടു പറഞ്ഞു: 'ജ്യോതി, ഇതാണ് നിന്റെ അഷി.'
സലില്‍ദായുടെയും ജ്യോതി ചൗധരിയുടെയും ദാമ്പത്യത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ പിറന്നു. അലോകയും തൂലികയും ലിപികയും. അച്ഛനമ്മമാരുടെ വാത്സല്യത്തില്‍ മൂവരും പെരിക്രോസ് റോഡിലെ വലിയൊരു വീട്ടില്‍ വളര്‍ന്നു. കുട്ടികള്‍ സലില്‍ദായെ 'ബപി' എന്നായിരുന്നു വിളിച്ചിരുന്നത്. 'കുട്ടികള്‍ക്ക് ചെറുപ്പകാലത്തേ സാഹസികകഥകള്‍ വിവരിക്കുക അദ്ദേഹത്തിന്റെ വിനോദമായിരുന്നു. ആസാമിലെ കാടുകളില്‍ ചെലവഴിച്ച കാലവും ഒളിത്താവളങ്ങളില്‍ അലഞ്ഞ നേരവും എല്ലാം അവരുടെ മുമ്പില്‍ ചുരുളഴിഞ്ഞു. റെക്കോഡിങ്ങിന്റെ ഇടവേളകളില്‍ കുട്ടികളെ പുറത്തേക്കു കൊണ്ടുപോകാനും ലൈബ്രറി പുസ്തകങ്ങള്‍ വാങ്ങാനുമെല്ലാം അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു,' ജ്യോതി ചൗധരി പറയുന്നു.
സംഗീതത്തിന്റെ ശബ്ദമില്ലാത്ത നേരങ്ങളില്‍ ടേബിള്‍ ടെന്നീസ് കളിയുടെ ആരവംകൊണ്ട് നിറയും സലില്‍ദായുടെ വീട്. വീട്ടില്‍ സന്ദര്‍ശകരുടെ പ്രളയമാകും അപ്പോള്‍. അവരുമൊത്ത് ചീട്ടുകളിയും കാരംസ് കളിയുമായി പാതിരാവുവരെയിരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുവെന്ന് ജ്യോതി ചൗധരി രേഖപ്പെടുത്തുന്നു. 'കടുത്ത ദേശീയവാദിയായിരുന്നതിനാല്‍ ഓരോ സ്വാതന്ത്ര്യദിനത്തിലും അദ്ദേഹം ഞങ്ങളുടെ ടെറസ്സില്‍ ദേശീയപതാക ഉയര്‍ത്തുമായിരുന്നു. അതേസമയം ദീപാവലിയും ജന്മദിനങ്ങളുമെല്ലാം അത്യുത്സാഹത്തോടെ ആഘോഷിക്കും. പെയിന്റിങ്ങിലും സ്‌കെച്ചിങ്ങിലുമെല്ലാം അദ്ദേഹം അതീവ താത്പര്യം കാണിച്ചു. അദ്ദേഹത്തിന് താത്പര്യമില്ലാത്ത ഒരു മേഖലയും ഉണ്ടായിരുന്നില്ല-അത് രാഷ്ട്രീയം, സ്‌പോര്‍ട്‌സ്, സയന്‍സ്, ഉദ്യാനനിര്‍മ്മാണം... എന്തായാലും,' ജ്യോതി ചൗധരിയുടെ ഓര്‍മകള്‍.
Content Highlights: Explore the extraordinary life and music of Salil Chowdhury, as told by his wife Jyoti Chowdhury. Discover his journey, passions, and family.
Published: 19 Nov 2025, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented