ഓര്‍മകളും നിരീക്ഷണങ്ങളും വായനയും ആസ്വാദനവും വര്‍ത്തമാനങ്ങളുംം ഇടകലര്‍ന്ന ലോകമാണ് എസ്. ശാരദക്കുട്ടിയെ സംബന്ധിച്ചിടത്തോളം സാഹിത്യം എന്നത്. വായനയിലേര്‍പ്പെടുമ്പോള്‍ തന്നോടുതന്നെ ഇടഞ്ഞുനില്ക്കുന്ന എഴുത്തുകാരിയുടെ വായനാനുഭവങ്ങളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എത്രയെത്ര പ്രേരണകള്‍.' മാധവിക്കുട്ടി എന്ന സമാനതകളില്ലാത്ത എഴുത്തുകാരിയെക്കുറിച്ചുള്ള 'മാധവിക്കുട്ടിയുടെ കാലങ്ങള്‍' എന്ന കുറിപ്പിന്റെ ഒരു ഭാഗം വായിക്കാം.  

To advertise here,

മലയാളനാട് വാരികയില്‍ എന്റെ കഥ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെയാണ് ശരാശരി മലയാളിയുടെ ചിന്തയില്‍ മാധവിക്കുട്ടി പൊട്ടിത്തെറിക്കാന്‍ തുടങ്ങിയത്. 1950കളുടെ തുടക്കംമുതല്‍തന്നെ അവര്‍ മലയാള കഥകളെഴുതാന്‍ തുടങ്ങിയിരുന്നു. 1953നും 1971നും ഇടയിലുള്ള ഇരുപതു വര്‍ഷക്കാലത്തിലാണ് മാധവിക്കുട്ടിയുടെ ഏറ്റവും മികച്ച കഥകള്‍ രചിക്കപ്പെട്ടത്. എന്നാല്‍ എന്റെ കഥ പ്രസിദ്ധീകരിച്ചുതുടങ്ങിയതോടെ അവര്‍ മലയാളഭാഷയില്‍ ഒരു പ്രത്യേക മുദ്ര പതിപ്പിക്കുകയായിരുന്നു. എം.ടിയും ടി. പത്മനാഭനും എഴുതിത്തുടങ്ങുന്നതിനു മുന്‍പുതന്നെ പുതുകഥയുടെ മാതൃകാരൂപങ്ങളുമായി മാധവിക്കുട്ടി രംഗത്തു വന്നെങ്കിലും എന്റെ കഥ വേണ്ടിവന്നു അവരുടെ പേര് സാധാരണമലയാളിക്കു പരിചിതമാകാന്‍. 

ഇതു പറയുമ്പോള്‍ മലയാളിയുടെ ഏതുതരം അഭിരുചികളാണ് അസംതൃപ്തമായി കിടന്നിരുന്നതെന്ന് വ്യക്തമാകുന്നുണ്ട്. ശോഭാവാര്യര്‍ക്കു നല്കിയ ഒരു Rediff ഇന്റര്‍വ്യൂവില്‍ പക്ഷേ, മലയാളി അന്നു ഞെട്ടിയ ഞെട്ടലിനെ മാധവിക്കുട്ടി ഇങ്ങനെ പരിഹസിക്കുന്നു: 'എന്റെ കഥ വായിച്ച് ഇവിടെയാരും ഞെട്ടിയില്ല. ഞെട്ടിയതായി എല്ലാവരും നടിക്കുകയായിരുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ നിഷ്‌കളങ്കരാണെന്നു കാണിക്കാന്‍വേണ്ടിയുള്ള നാട്യം മാത്രമായിരുന്നു ആ ഞെട്ടലൊക്കെ. വിവാഹത്തിനു പുറത്തൊരു ബന്ധത്തെക്കുറിച്ച് ഞങ്ങളാരും ചിന്തിച്ചിട്ടുപോലുമില്ലാ എന്നു വരുത്താനുള്ള വെറും അഭിനയം. ഒരുത്തനും ഇവിടെ ഞെട്ടിയില്ല. ഒരു ഫ്യൂഡല്‍ കുടുംബത്തില്‍ ജനിച്ച എനിക്കറിയാം, രാത്രിയില്‍ ഈ കുടുംബസ്ഥരായ ആണുങ്ങളെല്ലാം ഇറങ്ങി എവിടെയൊക്കെ പോകുമായിരുന്നുവെന്ന്.'

1956 ജൂലായ് 22ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മാധവിക്കുട്ടിയുടെ 'ഒരു സ്‌നേഹത്തിന്റെ കഥ' പ്രസിദ്ധീകരിക്കുന്നത്. ഊമയായ ഒരു പയ്യനെ 'അധികപ്രസംഗി' എന്നു വിളിച്ച് അടി കൊടുക്കുന്ന ഒരാളുണ്ട് ആ കഥയില്‍. ഊമയെ കഥപറഞ്ഞ് ചിരിപ്പിക്കുന്ന, അവന്റെ വാക്കുകളില്ലാത്ത മോഹങ്ങളെ തിരിച്ചറിഞ്ഞ് സാന്ത്വനിപ്പിക്കുന്ന പെണ്‍കുട്ടിയുമുണ്ട്. 'ഞാന്‍ തലയുടെ മുകളില്‍ കൈവെച്ചാല്‍ അവള്‍ക്കറിയാം രാജാവിന്റെ കഥ പറയണമെന്ന്. അവള്‍ക്ക് എന്റെ എല്ലാ മോഹങ്ങളും മനസ്സിലാവും. ഒരിക്കല്‍ തനിച്ചിരുന്ന് ഞാന്‍ കരഞ്ഞപ്പോള്‍ അവള്‍ അത് കണ്ടുകൊണ്ടുവന്നു... അവളുടെ മുഖം നല്ല ഓര്‍മയുണ്ട്. മഷി പരന്ന ആ കണ്ണുകളില്‍ വെള്ളം നിറയുന്നുണ്ടായിരുന്നു.

 അന്നു തനിക്ക് വളരെയധികം പറയണമെന്നുണ്ടായിരുന്നു. പക്ഷേ, വാക്കുകള്‍ പുറത്തുവന്നില്ല. 'സാരമില്ല പൊട്ടാ, എനിക്കറിയാം എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന്.' പ്രണയത്തിലൂടെ ആത്മാവിന്റെ ഭാഷ പൊലിക്കുന്നത്, കണ്ണുനീരിനെക്കാള്‍ ശക്തിയില്‍ ചിതറുന്നത്, തൊണ്ടയില്‍ ഗദ്ഗദമായി മിണ്ടാത്ത ശബ്ദങ്ങള്‍ തടയുന്നത് എല്ലാം ഈ കഥ അനുഭവിപ്പിക്കുന്നുണ്ട്. മലയാളത്തിലെ ഏറെ പ്രശസ്തമായ 'ഇരുട്ടിന്റെ ആത്മാവ്' എന്ന കഥയിലൂടെ എം.ടി. ആവിഷ്‌കരിക്കുന്നതിനു മുന്‍പാണ് വാക്കുകളില്ലാത്തവന്റെ പ്രണയത്തെ മാധവിക്കുട്ടി അതിശക്തമായി ആവിഷ്‌കരിച്ചതെന്ന് ഡോ. എം. രാജീവ് കുമാര്‍ മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകളുടെ അവതാരികയില്‍ സൂചിപ്പിക്കുന്നുണ്ട്. അന്നൊന്നും മലയാളി മാധവിക്കുട്ടിയെ കണ്ടില്ലേ?

എഴുപതുകളുടെ തുടക്കത്തില്‍ എന്റെ കഥ പ്രസിദ്ധീകൃതമാകുന്ന കാലഘട്ടംകൂടി ഈയവസരത്തില്‍ പരാമര്‍ശിക്കേണ്ടതുണ്ട്. കൊല്ലത്തുനിന്ന് പുതിയ ചില മാധ്യമരീതികളുമായി കുങ്കുമം വാരികയും ജനയുഗം വാരികയും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. യശ്പാലിന്റെ നിറംപിടിപ്പിച്ച നുണകള്‍, ബിമല്‍ മിത്രയുടെ വിലയ്ക്കുവാങ്ങാം, അതിന്റെ രണ്ടാംഭാഗമായ പ്രഭുക്കളും ഭൃത്യരും ഇവയുടെയെല്ലാം പരിഭാഷകള്‍ ജനയുഗത്തിലൂടെയാണ് ആദ്യമായി പുറത്തുവരുന്നത്. ഗോപാലനെന്ന ചിത്രകാരന്‍ കാല്പനികഭംഗിയോടെ ചിത്രീകരിച്ചിരുന്ന ചില നോവല്‍ക്കഥാപാത്രങ്ങളായ സതിയേടത്തി, ലക്ഷ്മി തുടങ്ങിയ മാദകസ്ത്രീരൂപങ്ങള്‍ ഏറെ വായനക്കാരെ ആകര്‍ഷിച്ചവയാണ്. 

സതിയേട്ടത്തിയെ കാണാനായി മാത്രം കാത്തുനിന്ന് ജനയുഗം വിലയ്ക്കു വാങ്ങിയിരുന്ന ചെറുപ്പക്കാരുടെ തലമുറ അന്നുണ്ടായിരുന്നുവത്രേ! കുങ്കുമത്തിന്റെയും ജനയുഗത്തിന്റെയും ജനപ്രിയതയോടു മത്സരിച്ചുകൊണ്ടാണ് മലയാളനാടിന്റെ വരവ്. വലിയ പരസ്യങ്ങളും മതിലുകളിലെല്ലാം വന്‍ പോസ്റ്ററുകളുമായി ആഘോഷമായാണ് മലയാളനാട് ആരംഭിക്കുന്നത്. കൊല്ലത്തുനിന്ന് അക്കാലത്തുണ്ടായ സാഹിത്യകുതിപ്പിന്റെ ആക്കംകൂട്ടിയത് മലയാളനാട് വാരികയാണ്. വായനക്കാരെ രസിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്ന മാധ്യമ കൗശലങ്ങള്‍ വേണ്ടതരത്തില്‍ മലയാളനാട് ഉപയോഗിച്ചിരുന്നു. ആസ്വാദനത്തിന്റെ എല്ലാത്തരം തൃഷ്ണകളെയും സംതൃപ്തമാക്കാനുള്ള വ്യത്യസ്ത ചേരുവകള്‍ അതിനെ വളരെ പെട്ടെന്ന് വായനക്കാരുടെ പ്രിയപ്പെട്ട വാരികയാക്കി മാറ്റി.

പമ്മന്റെയും കാക്കനാടന്റെയും നോവലുകളും എം. കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'വും മറ്റും വാരികയുടെ വിപണിയെ മാത്രമല്ല സഹായിച്ചത്; മലയാളിയുടെ മാനസികമായ ചില വിരസതകള്‍ക്കും അതൃപ്തികള്‍ക്കും ശമനം നല്കുന്നതിനുകൂടി അതു കാരണമായി. അതിനൊക്കെ മുന്‍പ് മലയാളനാടിന്റെ വില്പനയെ സാരമായി സ്വാധീനിച്ച ആദ്യത്തെ തുടര്‍രചനയായിരുന്നു മാധവിക്കുട്ടിയുടെ എന്റെ കഥ. എന്റെ കഥയ്‌ക്കൊപ്പമാണ് കേശവദേവിന്റെയും മലയാറ്റൂര്‍ രാമകൃഷ്ണന്റെയും നോവലുകളും മലയാളനാട് സീരിയലൈസ് ചെയ്തിരുന്നത്. പുരുഷന്റെ പെണ്‍നോട്ടങ്ങളും ലൈംഗികസാഹസികതകളുമെല്ലാം ഈ നോവലുകളിലെ പ്രമേയമായിരുന്നു. 

1969 മുതല്‍ 70 വരെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച കെ. ബാലകൃഷ്ണന്റെ 'അപ്‌സരസ്സുകളും ഭദ്രകാളികളും,' വി.ടി നന്ദകുമാറിന്റെ 'സ്ത്രീ- അവളുടെ സൗന്ദര്യം' (1974-75) എന്നീ തുടര്‍പംക്തികളും ഏതാണ്ടിതേ കാലഘട്ടത്തിലാണ് മലയാളനാട് പ്രസിദ്ധീകരിക്കുന്നത്. മാധവിക്കുട്ടിയുടെ എന്റെ കഥ തുടങ്ങിയതോടെ 40,000-ല്‍ താഴേയായിരുന്ന വാരികയുടെ വില്പന 55,000 നു മുകളിലായി. അപരിഷ്‌കൃതരായ ഇന്ത്യക്കാരെപ്പറ്റി എഴുതാന്‍ തയ്യാറാകാതിരുന്ന ടൈം മാഗസിന്‍, ചിരപുരാതനസംസ്‌കാരത്തിന്റെ ഈറ്റില്ലമായ ഏഷ്യന്‍ സമൂഹത്തില്‍ സംഭവിച്ച ഏറ്റവും പുതിയ വിപ്ലവവിസ്‌ഫോടനമെന്ന് മാധവിക്കുട്ടിയെക്കുറിച്ചെഴുതി. ഹോങ്‌കോങ്ങില്‍നിന്ന് പുറത്തിറങ്ങിക്കൊണ്ടിരുന്ന ഏഷ്യാവീക്ക് 'എന്റെ കഥ'യെക്കുറിച്ച് കവര്‍ ഫീച്ചര്‍ ചെയ്തു. ആ ലക്കം ഏഷ്യാവീക്ക് അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഹിറ്റായിരുന്നു. 

placeholder
-
എസ്. ശാരദക്കുട്ടി

റാഡിക്കല്‍ ഫെമിനിസത്തിലേക്ക് അമേരിക്കന്‍ സ്ത്രീകള്‍ മാറിക്കൊണ്ടിരുന്ന 'Burn the bra' കാലഘട്ടമായിരുന്നു അത്. ഇന്ത്യക്കാരിയും മലയാളിയുമായ മാധവിക്കുട്ടി എന്ന സ്ത്രീ പാശ്ചാത്യസമൂഹത്തിന് ചൂടേറിയ ചര്‍ച്ചാവിഷയമായി. അന്നുവരെ നിലനിന്നിരുന്ന ആദര്‍ശവനിതാസങ്കല്പത്തെ മുഴുവന്‍ തന്റെ ഉടലില്‍നിന്നും ആത്മാവില്‍നിന്നും കുടഞ്ഞെറിഞ്ഞുകളഞ്ഞുകൊണ്ട് ചിറകു വെച്ച ഉന്മാദംപോലെ ഒരു സ്ത്രീയുടെ കുതര്‍ച്ചയും ഉണര്‍ച്ചയും കണ്ട് സമൂഹം സംഭ്രമിച്ചു. എഴുപതുകളിലുണ്ടായ ആ അമ്പരപ്പില്‍നിന്ന് മലയാളി മാത്രം ഇനിയും മോചിക്കപ്പെട്ടിട്ടില്ല എന്നത് ചരിത്രത്തിലെ ഒരു വലിയ തമാശയാണ്. മാധവിക്കുട്ടിയെന്ന പേരു കേള്‍ക്കുമ്പോള്‍ത്തന്നെ ഇന്നും ചിലര്‍ക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാകുന്നു.

ഒരുപക്ഷേ, മാധവിക്കുട്ടി പറഞ്ഞതാണ് ശരി. അന്നത്തെ ആ ഞെട്ടലൊക്കെ വെറും അഭിനയമായിരുന്നിരിക്കണം. അല്ലെങ്കില്‍പ്പിന്നെ കാലങ്ങളോളം മനുഷ്യര്‍ക്ക് ഒരേ വിഷയത്തില്‍ ഞെട്ടിക്കൊണ്ടിരിക്കാന്‍ കഴിയുമോ? പെണ്‍ ശരീരത്തെക്കുറിച്ച് ചെറുശ്ശേരിയും വെണ്മണിക്കവികളും വള്ളത്തോളും പിന്നീട് അയ്യനേത്തും കാക്കനാടനും പമ്മനും സക്കറിയയും സി. വി. ബാലകൃഷ്ണനും എഴുതിയപ്പോഴെല്ലാം അന്തസ്സായിരുന്നു വായിച്ചാസ്വദിച്ചവരാണ് ആണും പെണ്ണുമടങ്ങുന്ന മലയാളിസമൂഹം. 

സ്വന്തം ശരീരത്തെക്കുറിച്ച് അവള്‍ തന്നെ എഴുതാന്‍ തുടങ്ങിയതോടെയാണ് മലയാളിക്ക് ലൈംഗികത 'ഇച്ചീച്ചി'യാണെന്നു തോന്നിത്തുടങ്ങിയത്. 'നിങ്ങള്‍ ഇക്കണ്ട കാലമത്രയും കണ്ടതും എഴുതിയതുമൊന്നുമല്ല ഞങ്ങള്‍' എന്നവള്‍ സ്വയമാവിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ ഇവിടത്തെ സദാചാരക്കോട്ടകളുടെ അസ്തിവാരമാകെ ഇളകാന്‍ തുടങ്ങി. രാജാ രവിവര്‍മയുടെ അഴകും വളവും ഒടിവും തികഞ്ഞ പെണ്‍ചിത്രങ്ങള്‍ സ്വീകരണമുറിയുടെ അലങ്കാരമാക്കിവെക്കുന്ന ആഭിജാത്യത്തിന് ശരിയായ പെണ്ണറിവുകളെ നേരിടാനുള്ള കരുത്തുണ്ടായില്ല. മാധവിക്കുട്ടി, പെണ്ണിനു വായിക്കാനും എഴുതാനുമായി തന്റെ ശരീരത്തെയും ആത്മാവിനെയും നഗ്നമായി തുറന്നുവെച്ചു. 

placeholder
-
പുസ്തകം വാങ്ങാം

തന്റെതന്നെ ഇരട്ടമുഖങ്ങളെ എന്റെ കഥയില്‍ വിപരീതമായി നിര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. അലൈംഗികത (Sexless)യുടെ പ്രതീകമായ, ഇരയാക്കപ്പെട്ട കമല ഒരു വശത്തും, ആസക്തികളുള്ള സ്വതന്ത്രയായ കമല മറുവശത്തും- ഒരേ വ്യക്തിയുടെ ആന്തരികതയിലെ വിപരീതങ്ങളെ മുഖാമുഖം നിര്‍ത്തുകയായിരുന്നു അവര്‍.

ശാരദക്കുട്ടിയുടെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlight: Malayalam writer S.Saradakutty writes about Madhavikutty