ന്യൂഡൽഹി: വ്യോമപ്രതിരോധ ശേഷി കൂടുതൽ ശക്തമാക്കുന്നതിനായി റഷ്യയിൽനിന്ന്‌ അത്യാധുനിക എസ്-500 (S-500) മിസൈൽ പ്രതിരോധ സംവിധാനവും അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 (SU-57) സ്റ്റെൽത്ത് ഫൈറ്ററുകളും സ്വന്തമാക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും തമ്മിൽ ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ പ്രധാന ചർച്ചാവിഷയമായി റിപ്പോർട്ടുകൾ പുറത്തുവന്നു.

To advertise here,

'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) സമയത്ത് ഇന്ത്യ വിന്യസിച്ച എസ്-400 വ്യോമപ്രതിരോധ സംവിധാനം ശത്രുക്കളുടെ വ്യോമഭീഷണികളെ വിജയകരമായി നേരിട്ട പശ്ചാത്തലത്തിലാണ് പുതിയ റഷ്യൻ പ്രതിരോധ സംവിധാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ താല്പര്യം പ്രകടിപ്പിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകൾക്കും ഹൈപ്പർ സോണിക് ഭീഷണികൾക്കും എതിരെയുള്ള പ്രതിരോധ കവചമായാണ് എസ്-500 പ്രൊമിത്യൂസ് (Prometheus) എന്ന പുതിയ വ്യോമപ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിന് 600 കിലോ മീറ്റർ ദൂരെവരെയുള്ള ശത്രുലക്ഷ്യങ്ങളെ തകർക്കാനും 180 മുതൽ 200 കിലോ മീറ്റർ വരെയുള്ള ഉയരത്തിൽ ഉള്ള ലക്ഷ്യങ്ങളെ നേരിടാനും സാധിക്കും. അതായത് ബഹിരാകാശത്തുള്ള സാറ്റലൈറ്റുകൾ വരെ ഈ സംവിധാനത്തിന്റെ നിരീക്ഷണ വലയത്തിലായിരിക്കുമെന്ന് സാരം.

എതിരാളികളുടെ സൈനിക- ചാര ഉപഗ്രഹങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. അവയുടെ നീക്കങ്ങൾ മനസിലാക്കി പ്രതിരോധമൊരുക്കാൻ ഇതിലൂടെ സാധിക്കും. വെറും 3 മുതൽ 4 സെക്കൻഡ് മാത്രമാണ് എസ്-500 സംവിധാനത്തിന്റെ പ്രതികരണസമയം എന്നതും ശ്രദ്ധേയമാണ്. എസ്-400 ന് ഇത് ഏകദേശം 9 മുതൽ 10 സെക്കൻഡ് വരെയാണ്. അതിനാൽ എതിരാളികളുടെ വ്യോമാക്രമണങ്ങളെ വളരെ പെട്ടെന്ന് പ്രതിരോധിക്കാൻ സാധിക്കും. എസ്-400 പ്രധാനമായും സ്റ്റെൽത്ത് വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ രൂപകൽപ്പന ചെയ്തതാണെങ്കിൽ, എസ്-500 ന് കൂടുതൽ കരുത്തുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM), ഹൈപ്പർസോണിക് ഗ്ലൈഡ് വാഹനങ്ങൾ, താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ (anti-satellite capability) എന്നിവയെ തകർക്കാനുള്ള ശേഷിയുണ്ട്.

വില കൊടുത്തു വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ, ഈ സംവിധാനം ഒരു ഇന്ത്യൻ പങ്കാളിയുമായി ചേർന്ന് ഇന്ത്യയിൽതന്നെ സംയുക്തമായി നിർമ്മിക്കാനുള്ള സാധ്യതയും ഇന്ത്യ പരിശോധിക്കുന്നുണ്ട്. എസ്-500 മിസൈൽ സംവിധാനം നൽകുന്ന ആദ്യ വിദേശരാജ്യമായി ഇന്ത്യയ്ക്ക് മാറാൻ കഴിഞ്ഞേക്കുമെന്ന് മുൻപ് റഷ്യൻ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.

ഇതിന് പുറമെ റഷ്യ വികസിപ്പിച്ച അഞ്ചാംതലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ എസ്.യു-57 നും ഇന്ത്യയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ എണ്ണം ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. അയൽരാജ്യമായ ചൈന തങ്ങളുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ അതിവേഗം വർദ്ധിപ്പിക്കുമ്പോൾ ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതി 2035-ന് മുൻപ് യാഥാർത്ഥ്യമാകാൻ സാധ്യതയില്ല. ഈ സാഹചര്യത്തിൽ എസ്.യു-57 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് താൽക്കാലിക പരിഹാരമായേക്കും എന്നാണ് വിലയിരുത്തൽ.

റഷ്യൻ സാങ്കേതികവിദ്യ ലൈസൻസോടെ ഇന്ത്യയിൽ നിർമ്മിക്കാനും ഇന്ത്യൻ ആയുധങ്ങൾ ഇതിൽ ഘടിപ്പിക്കാനും റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യയുടെ സുഖോയ്-30എം.കെ.ഐ (Sukhoi-30MKI) വിമാനങ്ങളുടെ റഡാറുകളും മറ്റ് സാങ്കേതിക വിദ്യകളും വൻതോതിൽ ആധുനികവൽക്കരിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുന്നുണ്ട്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ബ്രിക്‌സ് (BRICS) ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുമ്പോൾ  ചർച്ചകളിൽ കൂടുതൽ വ്യക്തത ഉണ്ടായേക്കും.