തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും പയ്യമ്പള്ളി ചന്തുവുമടക്കമുള്ള വടക്കന്‍പാട്ടിലെ വീരനായകന്മാരും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ വീര്യത്തിന്റെ രക്തസാക്ഷിത്വവും സ്വാതന്ത്ര്യസമരക്കാലത്തെ ദേശീയനേതാക്കളെയും സൃഷ്ടിച്ച മണ്ണാണ് കടത്തനാട്. ഗുണ്ടര്‍ട്ടും ബ്രണ്ണനും നിറഞ്ഞിനിന്ന ഒരു പ്രദേശത്തിന്റെ ചരിത്രത്തില്‍നിന്ന് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കു നീളുന്ന അന്വേഷണമാണ് കെ. ബാലകൃഷ്ണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പഴശ്ശിയും കടത്തനാടും എന്ന പുസ്തകം. പുസ്തകത്തില്‍ നിന്നും ഒരു അധ്യായം..
ചെറോട്ട് കുഞ്ഞിരാമേട്ടന്റെ അടുത്തേക്കുതന്നെ തിരിച്ചുപോകേണ്ടിയിരിക്കുന്നു. തില്ലങ്കേരി സമരത്തില്‍ രണ്ട് അനുജന്മാരെ നഷ്ടപ്പെട്ടതു കൂടാതെ ആ വേദനയില്‍ പെറ്റമ്മയും നഷ്ടപ്പെട്ട കുഞ്ഞിരാമേട്ടന്‍. തില്ലങ്കേരി സംഭവത്തില്‍ ചാര്‍ജ് ചെയ്യപ്പെട്ട മൂന്ന് കേസിലും ഒന്നാം പ്രതി. സേലം ജയിലില്‍ 1950 ഫെബ്രുവരി 11നു നടന്ന പൈശാചികമായ സംഭവം ഓര്‍ക്കുമ്പോള്‍ ആ കണ്ണുകള്‍ ഈറനണിയും.
'ഞാനന്ന് പനിച്ച് കിടപ്പാണ്. രണ്ടു ദിവസമായി കലശലായ പനി. ജയിലില്‍ പ്രവൃത്തിയുടെ പേരില്‍ തര്‍ക്കവും പ്രശ്‌നവും നിലനില്‍ക്കുകയാണ്. എന്തോ ശബ്ദം കേട്ട് ഞാന്‍ തലയുയര്‍ത്തിനോക്കി. കാന്തലോട്ടാണ് വാതില്‍ക്കല്‍. ജയിലുദ്യോഗസ്ഥനുമുണ്ട്. കാന്തലോട്ടിനെ അയാള്‍ തച്ചു. തിരിച്ചും അടിച്ചെന്നുമാത്രമല്ല തൊപ്പി പിടിച്ചു വാങ്ങി വലിച്ചെറിയുകയും ചെയ്തു. എന്തും സംഭവിക്കാവുന്ന അവസ്ഥ. തടവുകാര്‍ സംഘടിച്ചു. ജയിലര്‍ അതിനകം പോലീസിനെയുംകൊണ്ട് എത്തിയിരുന്നു. കിടങ്ങിനപ്പുറം അവര്‍ ഒരുങ്ങി നിന്നു. വന്നപാടേതന്നെ കുഴപ്പമുണ്ടാക്കാനായി ജയിലറുടെ ശ്രമം. ജയിലര്‍ക്കും അടി കിട്ടി. അപ്പോഴേക്കും വെടിയുണ്ടകള്‍ തുരുതുരാ... ഞാന്‍ കരിമ്പടംകൊണ്ട് ആകെ മൂടി. നിരവധി തടവുകാര്‍ ബ്ലോക്കില്‍ ഓടിക്കയറുന്നു. വെടിയേറ്റു വീഴുന്നു. ജനലിലൂടെ ബയണറ്റ് പ്രയോഗം. വെടിവെച്ചു കഴിഞ്ഞയുടനേതന്നെ ഒരു ലാത്തിച്ചാര്‍ജും. എന്റെ പുറത്തെ തോല് പൊളിഞ്ഞുപോയി...'
ബോധം വന്നത് തെറി കേട്ടാണ്. ജയിലുദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ശവശരീരങ്ങള്‍ വലിച്ചുനീക്കുകയും വാരിക്കൂട്ടുകയുമാണ്. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നു വ്യക്തതയില്ലാത്ത സന്ദര്‍ഭം.
കൈകാലുകള്‍ അറ്റുപോയ, മരിച്ചതും മരിക്കാത്തതുമായ മനുഷ്യര്‍. വാരിക്കൂട്ടുമ്പോഴും വലിച്ചുനീക്കുമ്പോഴും തെറിയും തല്ലും തുടരുന്നു. കണ്ണും മൂക്കും വായയുമെല്ലാം രക്തത്തില്‍ മുങ്ങി അടഞ്ഞുപോയിരുന്നു. രക്തക്കട്ട തോര്‍ത്തിക്കഴിഞ്ഞപ്പോള്‍ കാഴ്ച തിരിച്ചുകിട്ടി.
ഇരുപത്തിരണ്ട് മൃതദേഹങ്ങള്‍ മാറ്റിയിട്ടിരിക്കുന്നു. കൈകാലുകള്‍ ചതയ്ക്കപ്പെട്ട് ചലനമറ്റുപോയ നീലഞ്ചേരി നാരായണന്‍നായര്‍, തൊണ്ടക്കുഴല്‍ പൊട്ടിപ്പോയ കര്‍ഷകരുടെ പ്രിയപ്പെട്ട കവി ഒ.പി. അനന്തന്‍നമ്പ്യാര്‍, കുടല്‍മാല പുറത്തുചാടിയ എന്‍. ബാലന്‍, തലയോട് തെറിച്ചുപോയ തളിയന്‍ രാമന്‍ നമ്പ്യാര്‍...
ഒന്നും തിരിച്ചറിയാനാവാത്തപോലെ. വല്ലാത്ത അവസ്ഥ. എന്തു ചെയ്യണം ഇനി? അതാ പേടിപ്പെടുത്തിയേക്കാവുന്ന ഒരു ദൃശ്യം. മനുഷ്യന്റെയത്ര വലിപ്പമുള്ള ഒരു ചോരക്കട്ട എഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിക്കുന്നു. 'സഖാവേ, ആര്, ആരാണത്?' മറുപടിയുണ്ടായില്ല. 'എന്താണിനി നമ്മള്‍ ചെയ്യുക?' ഉച്ചത്തില്‍ സ്വഗതം. പെട്ടെന്ന് അതാ മനുഷ്യാകാരംപൂണ്ട ആ ചോരക്കട്ട പെട്ടെന്ന് എഴുന്നേറ്റുനിന്ന്: 'ഇങ്ക്വിലാബ് സിന്ദാബാദ്...' ദിഗന്തങ്ങള്‍ ഞെട്ടി... പരിക്കേറ്റുവീണ, അര്‍ദ്ധപ്രാണനുകള്‍ ഏറ്റുവിളിച്ചു: 'രക്തസാക്ഷികള്‍ സിന്ദാബാദ്...' ആ 'രക്തക്കട്ട' കാന്തലോട്ടായിരുന്നു.
ജാലിയന്‍വാലാബാഗുപോലെ, സേലം ജയില്‍...
സേലം ജയിലില്‍ അന്ന് യഥാര്‍ഥത്തില്‍ എന്താണു നടന്നത്? അതറിയാന്‍ പി.കെ. കുമാരേട്ടന്റെ അടുത്തുതന്നെ പോകണം. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു പി.കെ.
പി.കെ. ജയിലിലെത്തിയത് പതിനാറാം വയസ്സിലാണ്. ജയിലിലെ മൈനര്‍. വി. അനന്തന്റെ 'ആജ്ഞാനുവര്‍ത്തി'യായി കഴിയുന്ന കാലം. കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ ഫോര്‍ത്ത്‌ഫോമില്‍ വിദ്യാര്‍ത്ഥി. സ്വന്തം അദ്ധ്യാപകനായ കൃഷ്ണന്‍മാഷുടെ കാഞ്ഞിലേരിയിലെ വീട്ടില്‍ അക്രമമുണ്ടാക്കി മാഷിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപിച്ച് ചാര്‍ജ് ചെയ്ത കേസിലെ പ്രധാന പ്രതിയാണ് പി.കെ.
കൃഷ്ണന്‍മാഷുടെ വീട്ടില്‍ കോണ്‍ഗ്രസ്സിന്റെ വളണ്ടിയര്‍ ക്യാമ്പ് നടക്കുകയാണെന്നും ഇങ്ങോട്ടു വന്ന് ആക്രമിക്കാന്‍ അവര്‍ ഒരുക്കംകൂട്ടുകയാണെന്നും കൊമ്പന്‍ അനന്തന്‍ നമ്പ്യാരാണ് അനന്തനോടു പറഞ്ഞത്. അനന്തന്‍ ഉടന്‍ പ്രഖ്യാപിച്ചു: 'ഇപ്പോള്‍ത്തന്നെ ആ ക്യാമ്പ് ആക്രമിക്കണം.' തട്ടാന്‍ നമ്പിയുടെ നേതൃത്വത്തില്‍ നല്ലൊരു സംഘം ഉടന്‍തന്നെ പുറപ്പെടുകയും അവരെ പേടിപ്പിച്ചു വിടുകയും ചെയ്തു.
അതേ തുടര്‍ന്നാണ് കേസ്. 18 മാസം റിമാന്റ് തടവുകാരനായും, ശിക്ഷിക്കപ്പെട്ട് 18 മാസവും സേലം ജയിലില്‍.
ജാലിയന്‍വാലാബാഗ് സംഭവത്തിനു സമാനം സേലം ജയിലില്‍ നടന്ന സംഭവങ്ങളെ കുമാരേട്ടന്‍ ഓര്‍ത്തെടുത്തു: '1950 ജനുവരി 26: ഒന്നാം റിപ്പബ്ലിക് ദിനം. മര്‍ദനപ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി ഞങ്ങള്‍ അന്ന് ഉപവാസം നടത്തുകയാണ്. കാലത്ത് 11 മണിക്ക് ജയില്‍ സൂപ്രണ്ടാപ്പീസില്‍നിന്നും ഒരു ലിസ്റ്റു വന്നു. തുടര്‍ന്ന് ഞങ്ങളുടെ കൂട്ടത്തില്‍നിന്നും ഇരുപതുപേരെ പിടിച്ച് പുറത്തുകൊണ്ടുപോയി. പൊരിയുന്ന വെയിലില്‍ എരിയുന്ന വയറുമായി അവര്‍ പോകുന്നത് നിസ്സഹായരായി നോക്കിനില്‍ക്കാനേ ഞങ്ങള്‍ക്കു കഴിഞ്ഞുള്ളൂ.
'ചുട്ടുപഴുത്തു നില്‍ക്കുന്ന കോണ്‍ക്രീറ്റ് റോഡിന്റെ പാര്‍ശ്വങ്ങളില്‍ നൂറു കണക്കിന് വാര്‍ഡന്മാര്‍ സായുധരായി നില്‍ക്കുന്നു. തോക്കും ചമ്മട്ടിയും ലാത്തിയുമുണ്ട് അവരുടെ കൈയില്‍. റോഡിനു വിലങ്ങനെ കൂറ്റന്‍ റോഡ് റോളര്‍. റോഡിന് മിനുക്കുപണി നടത്തണം. ആന വലിച്ചാല്‍പ്പോലും നീങ്ങാത്ത റോളര്‍ രാഷ്ട്രീയത്തടവുകാര്‍ വലിച്ചുനീക്കണം. സഖാക്കള്‍ പ്രതിഷേധിച്ചു. കുതിരച്ചമ്മട്ടികള്‍ ആകാശത്തിലുയര്‍ന്നുപുളഞ്ഞു. തടവുകാരുടെ മുതുകില്‍ നിന്നും ചോരയൊഴുകി.
'റോളറിന്റെ ആനക്കയര്‍ ചിലര്‍ പിടിച്ചു. പിടിക്കാത്തവരെ പിടിപ്പിച്ചു. റോളര്‍ വലിച്ചുനീക്കാന്‍ അവര്‍ക്കാവുന്നില്ല. ചൂരലും ലാത്തിയും ചമ്മട്ടിയും താണ്ഡവമാടി. ഇരുമ്പുലാടങ്ങള്‍ താളംപിടിച്ചു. റോഡില്‍ രക്തം തളംകെട്ടി. പലരും പ്രജ്ഞയറ്റു വീണു. വീണവരെ ചവിട്ടിമെതിച്ചു. റോഡില്‍ ഓരം ചേര്‍ന്നുപോകുന്ന വാഹനങ്ങളിലുള്ള മനുഷ്യര്‍ രംഗം കണ്ട് പൊട്ടിക്കരഞ്ഞു. ബ്രേക്കില്‍ കാലമര്‍ന്നുപോയവര്‍ക്കുനേരേ ചാട്ടവാര്‍ ചീറി. ഒന്നുമറിയാത്ത യാത്രക്കാര്‍ ദൈവങ്ങളെ വിളിച്ചു കേണു.'
മണിക്കൂറുകള്‍ നീണ്ട ക്രൂരതാണ്ഡവത്തിനുശേഷം ഇരുപതു മനുഷ്യക്കോലങ്ങളെ ആദ്യം ജയിലാശുപത്രിയിലും പിന്നെ ജയില്‍ അനക്‌സിലും കൊണ്ടുത്തള്ളി. രാഷ്ട്രീയത്തടവുകാരായ മുന്നൂറോളം പേരും കൂടിയിരുന്നാലോചിച്ചു.
'ഒറ്റതിരിഞ്ഞോ കൂട്ടമായോ ഞങ്ങളില്‍നിന്ന് ആരെയും കൊണ്ടുപോകുന്ന പ്രശ്‌നമില്ല. അതനുവദിക്കില്ല,' യോഗത്തിന്റെ ഉറച്ച തീരുമാനം.
ജനുവരി 26ന് നടന്നതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതി വന്നു. നിരാശനും കുപിതനുമായ ജയില്‍-നിയമവകുപ്പുമന്ത്രി കോഴിപ്പുറത്ത് മാധവമേനോന്‍ ജയിലില്‍ കുതിച്ചെത്തി. 'എന്തു ചെയ്തും കമ്യൂണിസ്റ്റ് തടവുകാരെ പാഠം പഠിപ്പിക്കണം. കീഴ്‌പ്പെടുത്തണം,' അയാള്‍ ആജ്ഞാപിച്ചു.
ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെയുള്ള ദിവസങ്ങളില്‍ ജയിലധികൃതര്‍ ഒരു ഉത്സവത്തിനെന്നപോലെ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ജയില്‍വളപ്പിലെ മണല്‍വാരി വൃത്തിയാക്കി. ഇളകിക്കിടക്കുന്ന ഇരുമ്പഴികളും പൂട്ടുകളും വൃത്തിയാക്കി. ചിതറിക്കിടക്കുന്ന ഓടുകളും ഇഷ്ടികകളും നീക്കം ചെയ്തു. തടവുകാരുടെ ഉടുപ്പുകളും വിരികളും അടിക്കടി തപ്പിപ്പരതി. എന്തിന്റെ പുറപ്പാടാണിത്.
കറുപ്പയ്യന്‍ എന്ന വിഡ്ഢിയായ വാര്‍ഡന്‍ ആക്രോശിച്ചു: 'ആമ ഇങ്കെ കല്യാണം നടത്തപ്പോഹിറത്...'
ഫെബ്രുവരി 11: മര്‍ദ്ദനപ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാരസമരമാണന്ന്. പുലര്‍ച്ചെതന്നെ തടവുകാര്‍ എഴുന്നേറ്റ് സാര്‍വ്വദേശീയഗാനം ഉച്ചത്തില്‍ ആലപിച്ചു. നിരാഹാരം പ്രഖ്യാപിച്ചതിനാല്‍ പച്ചവെള്ളംപോലും കൊടുക്കേണ്ടെന്നും അധികൃതര്‍ തീരുമാനിച്ചു. കക്കൂസ് തൊട്ടികളില്‍ അഴുക്കുവെള്ളമുണ്ട്. അതിലും ഫിനോയില്‍ ഒഴിച്ചുവെച്ചു.
ദാഹം, വിശപ്പ്, രോഷം.
പൂട്ടിക്കിടന്ന രണ്ടു ലോക്കപ്പ് ഹാളുകളില്‍ ഒന്നു തുറക്കപ്പെട്ടു.
'എല്ലാ കുള്ളയും നമ്പര്‍ കട്ടയും പോട്.'
വാര്‍ഡന്‍ ചിന്നപ്പന്‍ ഏറ്റുപാടുകയായി:
'എല്ലാറ്റിനെയും കുള്ള പോട്ടുവെക്കുറേന്‍! അല്ലാട്ടിപോതാന്‍ മുട്ടു പോടുവേന്‍.'
തടവുകാരന്റെ തലമുടി മറച്ചുവെക്കാനുള്ള തുണിത്തൊപ്പിയാണ് കുള്ള. ശിക്ഷാകാലം, ശിക്ഷിക്കപ്പെട്ട വകുപ്പുകള്‍, വഴിക്കുവഴി നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അലൂമിനിയം തകിടാണ് നമ്പര്‍കട്ട. സ്വാതന്ത്ര്യസമരകാലത്ത് വലിച്ചെറിയപ്പെട്ട ആവരണങ്ങള്‍. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയത്തടവുകാര്‍ കുള്ളയും കട്ടയും ധരിച്ചിട്ടില്ല. അത് വീണ്ടും ധരിക്കണമെന്ന്.
തടവുകാര്‍ ഒറ്റ സ്വരത്തില്‍ പ്രഖ്യാപിച്ചു: 'പറ്റില്ല.'
പെട്ടെന്ന് ബ്യൂഗിള്‍ മുഴങ്ങി, വിസിലടികളുയരുന്നു. ജയില്‍ അലാറം ഗര്‍ജ്ജിച്ചു. അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. കാരണം, എല്ലാ ഭാഗത്തും തോക്കുകള്‍ ഉന്നംപിടിച്ചു നില്‍പ്പായിരുന്നു.
'പട്ടികളേ കീഴടങ്ങിക്കോളിന്‍.'
ആജ്ഞ... പെട്ടെന്ന് ഇങ്ക്വിലാബ് മുഴങ്ങി. അപ്പോള്‍ത്തന്നെ വെടിയുണ്ടകള്‍ ചീറിവരികയായി. ലാത്തിച്ചാര്‍ജില്ലാതെ, ടിയര്‍ഗ്യാസില്ലാതെ, മുന്നറിയിപ്പില്ലാതെ തലയും നെഞ്ചും ഉന്നംവെച്ച് വെടി...
കണ്ണിലും മുഖത്തും പടര്‍ന്നുറച്ച രക്തം. മാന്തിനോക്കിയപ്പോള്‍ ഇരുപത്തിരണ്ടു മൃതദേഹങ്ങള്‍ മാറ്റിയിട്ടിരിക്കുന്നു.
ജയിലില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ തില്ലങ്കേരിസമരത്തിലെ പോരാളികള്‍. പഴശ്ശിസമരത്തിലെ പോരാളികളായ രണ്ടുപേര്‍. തില്ലങ്കേരിയിലും പഴശ്ശിയിലും പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ച കര്‍ഷകകവി കൂത്തുപറമ്പിലെ നീലഞ്ചേരി നാരായണന്‍നായര്‍. പായത്തെ നാലു വിപ്ലവകാരികളും. പരോക്ഷമായി തില്ലങ്കേരി-പഴശ്ശി സമരത്തിലെ പങ്കാളികള്‍തന്നെ അവരും. തില്ലങ്കേരിയിലെ നക്കായി കണ്ണന്‍, ആശാരി അമ്പാടി, സഹോദരങ്ങളായ പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന്‍നമ്പ്യാര്‍, പുല്ലാഞ്ഞിയോടന്‍ കുഞ്ഞപ്പ, കോയിലോടന്‍ നാരായണന്‍ നമ്പ്യാര്‍ എന്നിവരും പഴശ്ശിയിലെ പിലാട്ടിയാരന്‍ ഗോപാലന്‍നമ്പ്യാര്‍, അണ്ടലോടന്‍ കുഞ്ഞപ്പ എന്നിവരുമാണ് രക്തസാക്ഷികളായത്. പായത്തെ സഖാക്കള്‍ മയിലപ്രവന്‍ നാരായണന്‍നമ്പ്യാര്‍, അത്തിക്ക് കോരന്‍, ഞണ്ടാടി കുഞ്ഞമ്പു, പി.സി. കുഞ്ഞിരാമന്‍നമ്പ്യാര്‍ എന്നിവരും...
തളിയന്‍ രാമന്‍നമ്പ്യാര്‍, ഒ.പി. അനന്തന്‍നമ്പ്യാര്‍, എന്‍. കോരന്‍ (കാവുമ്പായി), ആസാദ് ഗോപാലന്‍ നായര്‍, എന്‍. ബാലന്‍, എന്‍. പത്മനാഭന്‍ (കൂത്തുപറമ്പ്), കെ. ഗോപാലന്‍കുട്ടിനായര്‍ (കൊയിലാണ്ടി), ആറുമുഖനായിക്കന്‍, കാവേരി മുതലിയാര്‍ (തമിഴ്‌നാട്), ഷേക്ക് ദാവൂദ് (ആന്ധ്ര) എന്നിവരും രക്തസാക്ഷികളായി.
മട്ടന്നൂര്‍ ഇപ്പോള്‍ ഒരു ഇടത്തരം നഗരമായി വളര്‍ന്നു. കോളജും ട്രഷറിയും ധാരാളം വാണിജ്യസ്ഥാപനങ്ങളുമുള്ള ടൗണ്‍. കിഴക്കന്‍ മലയോരത്തിന്റെ കവാടമെന്ന നിലയില്‍ മലഞ്ചരക്കുവ്യാപാരത്തിന്റെ പ്രധാന കേന്ദ്രം.
1940 സെപ്റ്റംബര്‍ 15നാണ് മട്ടന്നൂര്‍ കേരള രാഷ്ട്രീയചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. അന്നേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി കഴിഞ്ഞതും എന്നാല്‍ ഇടതുപക്ഷ കെ.പി.സി.സിയുടെ ഭാഗംതന്നെയുമായ പ്രസ്ഥാനത്തിന്റെ അതിശക്തമായ രംഗപ്രവേശം. മര്‍ദ്ദനപ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി മൊറാഴയിലും തലശ്ശേരിയിലുമെന്നപോലെ മട്ടന്നൂരിലും വമ്പിച്ച റാലി. നിരോധിക്കപ്പെട്ട റാലിയിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു. പഴശ്ശിയിലെയും നെല്ലുന്നിയിലെയും മട്ടന്നൂരിലെയും കൃഷിക്കാരാണ് മട്ടന്നൂരില്‍ റാലിക്കായി മാര്‍ച്ച് ചെയ്തുവരുന്നത്. മക്കളും മരുമക്കളും കുട്ടികളുമെല്ലാം ചെങ്കോടിയേന്തി ജാഥ നടത്തിയപ്പോള്‍ അറുപതു പിന്നിട്ട മൂലപൊക്കന്‍ എന്ന കര്‍ഷക കാരണവരും പിന്നാലെ കൂടി.
ജാഥ മട്ടന്നൂരിനടുത്തെത്തി അരയാല്‍ചുവട്ടില്‍ എല്ലാവരും സമ്മേളിച്ചു. ഒരു മേശ കൊണ്ടുവന്ന് അതിന്മേല്‍ ചാടിക്കയറി നെല്ലിക്ക കുഞ്ഞിക്കണ്ണന്‍ 'സഖാക്കളേ, സുഹൃത്തുക്കളേ' എന്ന് അഭിസംബോധന ചെയ്ത് പ്രസംഗം തുടങ്ങിയതാണ്. അപ്പോഴേക്കും പോലീസുകാര്‍ ചാടിവീണ് അടി തുടങ്ങി. മേശമേല്‍നിന്ന് പ്രസംഗിക്കുന്ന നെല്ലിക്ക കുഞ്ഞിക്കണ്ണന്റെ പുറത്ത് തുരുതുരാ അടിവീഴുകയാണ്. വെടിപൊട്ടിച്ചുകൊണ്ട് സബ് ഇന്‍സ്‌പെക്ടര്‍ നടന്നുവരുന്നു. വെടി കൊണ്ട് പയ്യാടക്കന്‍ ശങ്കരന്‍നമ്പ്യാര്‍ വീണു. അതു കണ്ട് ജനക്കൂട്ടം ഇങ്ക്വിലാബ് വിളിച്ച് അങ്ങോട്ടേക്കു കുതിച്ചു. എസ്.ഐ. തോക്കുമായി ഓടി ഒരു കടയില്‍ കയറി വാതിലടച്ച് രക്ഷപ്പെട്ടു. അതിനു തീകൊടുക്കാന്‍ ആരോ തീപ്പെട്ടി ഉരച്ചെങ്കിലും കെ.കെ. ബാലകൃഷ്ണന്‍മാസ്റ്റര്‍
പിന്തിരിപ്പിച്ചു.
മുദ്രാവാക്യം മുഴങ്ങിക്കൊണ്ടിരിക്കെ ലാത്തി ആഞ്ഞു പതിച്ചുകൊണ്ടിരുന്നു. അതെല്ലാം കണ്ട് കര്‍ഷകകാരണവരായ പൊക്കേട്ടന്‍ (മൂലപൊക്കന്‍) അരയാലിന്റെ വേരിന്മേല്‍ ഇരിക്കുകയാണ്. തന്റെ തലയ്ക്കു പിന്നില്‍ അടിയേറ്റിട്ടും പൊക്കേട്ടന്‍ അനങ്ങിയില്ല. പക്ഷേ, അപ്പോഴേക്കും നേതാക്കന്മാരെ അടിച്ചുവീഴ്ത്തുകയായിരുന്നു പോലീസ്. അതു കണ്ട് പൊക്കേട്ടന് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. തല്ലിക്കൊണ്ടിരുന്ന പോലീസുകാരന്റെ കാലില്‍ തന്റെ ഇരുമ്പുവടിയുടെ വളഞ്ഞഭാഗം നീട്ടിവലിച്ചിടലും അടിയുമായിരുന്നു. മുന്നിലേക്ക് ഇരച്ചുവന്ന പോലീസുകാരെ മുഴുവന്‍ ആ വൃദ്ധന്‍ ഇരുമ്പുവടികൊണ്ട് നേരിട്ടു.
അപ്പോഴേക്കും തെരുവുയുദ്ധംതന്നെയായിക്കഴിഞ്ഞു. ലാത്തിക്കഷണങ്ങള്‍ പിടിച്ചുവാങ്ങി സഖാക്കള്‍ പൊരുതുകയാണ്. അപ്പോള്‍ ഇരുകൈയിലും നിറതോക്കുകളുമായി രാമന്‍നായര്‍ എന്ന പോലീസുകാരന്‍ ഓടിവരുന്നു. കര്‍ഷകര്‍ കരിങ്കല്‍ച്ചീളുകള്‍ കൈയിലെടുത്തു. നിമിഷങ്ങള്‍ക്കകം തോക്കുംകൊണ്ട് രാമന്‍നായര്‍ വീണു. സായുധരായ പോലീസുകാര്‍ നിരായുധരായി ഓടിരക്ഷപ്പെട്ടു. രാമന്‍നായര്‍ മരിച്ചുകഴിഞ്ഞിരുന്നു.
മട്ടന്നൂര്‍സംഭവത്തെത്തുടര്‍ന്ന് മേഖലയിലാകെ പോലീസിന്റെ ഭീകരവാഴ്ച. അതിനെതിരായ ചെറുത്തുനില്‍പ്പ്. മട്ടന്നൂരിലെയും പഴശ്ശിയിലെയും തില്ലങ്കേരിയിലെയും വിപ്ലവപ്രസ്ഥാനം ഒരു ചെറുത്തുനില്‍പ്പിലൂടെ കരുത്താര്‍ജ്ജിക്കുകയായിരുന്നു.
മട്ടന്നൂര്‍സംഭവത്തില്‍ മൂലപൊക്കന്‍ മൂന്നാം പ്രതിയായിരുന്നു. ഒളിവില്‍ കഴിയുമ്പോഴാണ് പൊക്കേട്ടന്‍ പിടിയിലായത്. പൈശാചികമായ മര്‍ദ്ദനത്തിന് ഇരയാക്കി. ശരീരമാസകലം തല്ലിച്ചതച്ചു. വിലങ്ങിട്ട കൈകള്‍ക്കിടയില്‍ ലാത്തി കുത്തിത്തിരുകി എല്ലു പൊട്ടിച്ചു. കേസില്‍ മൂന്നാംപ്രതിയായിരുന്ന മൂലപൊക്കന് ജീവപര്യന്തം തടവുശിക്ഷയാണ് വിധിക്കപ്പെട്ടത്.
മട്ടന്നൂര്‍ സംഭവത്തില്‍ മൂലപൊക്കനു പുറമേ നാല്‍പ്പത്തേഴു പേരായിരുന്നു പ്രതികള്‍. പി.ടി. നാരായണന്‍നായര്‍, പയ്യടക്കല്‍ ശങ്കരന്‍നമ്പ്യാര്‍, കപ്യാട്ട് കുഞ്ഞിക്കണ്ണന്‍, കുങ്കന്‍നായര്‍, വി. അനന്തന്‍, കെ. കെ. ബാലകൃഷ്ണന്‍നമ്പ്യാര്‍, കെ.ടി. ബാലകൃഷ്ണന്‍നമ്പ്യാര്‍, ഉണ്ണിനായര്‍ തുടങ്ങിയവരാണ് സമരം നയിച്ചത്. നാല്‍പ്പത്തൊന്നുപേരെയാണ് കോടതി ശിക്ഷിച്ചത്. മൂലപൊക്കനടക്കം ഏഴുപേര്‍ക്ക് ജീവപര്യന്തം. ബാക്കിയുള്ളവര്‍ക്ക് മൂന്നു വര്‍ഷം കഠിനതടവ്.
1946-ല്‍ പ്രകാശം മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴാണ് ജീവപര്യന്തം തടവുകാരെ വിട്ടയച്ചത്.
Content Highlights: excerpts k balakrishnan book pazhassiyum kadathanadum
Published: 28 Oct 2024, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented