
ഇന്റര്‍വ്യൂവിനുവേണ്ടി ഏപ്രില്‍ 8-ാം തീയതി രാവിലെ 9 മണിക്ക് ഡല്‍ഹിയിലെ യു.പി.എസ്.സി. ആസ്ഥാനത്ത് എത്തിച്ചേരാനാണ് നിര്‍ദേശം കിട്ടിയത്. സിവില്‍ സര്‍വീസസ് ഇന്റര്‍വ്യൂവിന് പോകുന്ന എല്ലാ മലയാളികള്‍ക്കും സൗജന്യപരിശീലനം നല്കുന്നതിനു പുറമെ അവരുടെ യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകള്‍ എല്ലാം കേരള സര്‍ക്കാര്‍ വഹിക്കും. ഡല്‍ഹിയില്‍ കേരളഹൗസിലാണ് താമസസൗകര്യം ഏര്‍പ്പാടുചെയ്തിരുന്നത്.
ഞങ്ങള്‍ പത്തുപതിനഞ്ചു മലയാളികള്‍ ഇന്റര്‍വ്യൂവിനുവേണ്ടി കേരളഹൗസില്‍ എത്തിയിട്ടുണ്ടായിരുന്നു. എല്ലാവരും ചെറിയ ടെന്‍ഷനിലാണ്. പരസ്പരം ആത്മവിശ്വാസം പകര്‍ന്നും ഇന്റര്‍വ്യൂവിന് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്തും ഞങ്ങള്‍ ഇന്റര്‍വ്യൂ നേരിടാന്‍ ഒരുങ്ങി.
8-ാം തീയതി രാവിലെ കേരളഹൗസില്‍നിന്നും ടാക്‌സിപിടിച്ച് എട്ടരമണിയോടെ യു.പി.എസ്.സി. ഓഫീസിന് മുന്നിലെത്തി. ഇന്റര്‍വ്യൂവിനായി എത്തിച്ചേര്‍ന്ന മറ്റ് ഉദ്യോഗാര്‍ഥികളും അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഒന്‍പതുമണിയോടെ യു.പി.എസ്.സി. ഉദ്യോഗസ്ഥര്‍ വന്ന് ഞങ്ങളെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയി. ഓരോരുത്തരുടെയും ഇന്റര്‍വ്യൂ ക്ഷണക്കത്ത് നോക്കി വെവ്വേറെ മേശകള്‍ക്ക് ചുറ്റുമായി ഇരുത്തി. ഏഴ് മേശകള്‍ക്ക് ചുറ്റും അഞ്ചുപേര്‍ വീതം! ഇന്റര്‍വ്യൂവിന് ഏഴു വ്യത്യസ്ത പാനലുകളാണ് ഉള്ളത്. ഏതെങ്കിലും ഒരു പാനലിന്റെ മുന്നിലേക്കായിരിക്കും ഓരോരുത്തര്‍ക്കും പോകേണ്ടിവരിക.
തുടര്‍ന്ന് യു.പി.എസ്.സി.യിലെ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു. ഏത് ക്രമത്തിലാണ് ഇന്റര്‍വ്യൂവിന് വിളിക്കുക എന്നും പറഞ്ഞു. മൂന്നാമത്തെ ഊഴമാണ് എന്റേത്!
കൂടെയുള്ളവരെ പരിചയപ്പെട്ടും മേശപ്പുറത്തുള്ള പത്രങ്ങളിലൂടെ കണ്ണോടിച്ചും ടെന്‍ഷന്‍ കുറയ്ക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി. ചായയും ബിസ്‌കറ്റും തന്ന് ഞങ്ങള്‍ക്ക് സന്തോഷം പകരാന്‍ യു.പി.എസ്.സി. ജീവനക്കാരും ശ്രമിച്ചു! സിവില്‍ സര്‍വീസസ് പരീക്ഷയുടെ അവസാന കടമ്പ... ആശങ്കയും പ്രതീക്ഷയുമായി ഞങ്ങള്‍ 35 പേര്‍ അവരവരുടെ ഊഴവും കാത്തിരുന്നു. പത്തുമണിയായപ്പോള്‍ പ്യൂണ്‍ വന്ന് എന്റെ ഗ്രൂപ്പിലെ ആദ്യത്തെ ആളെ കൂട്ടി പുറത്തേക്കു പോയി. എല്ലാ ഗ്രൂപ്പില്‍നിന്നും ഓരോരുത്തരായി പോയിത്തുടങ്ങി. പത്തരയോടെ രണ്ടാമത്തെ ആളും വിളിക്കപ്പെട്ടു. വര്‍ഷങ്ങളായി കാത്തിരിക്കുന്ന നിമിഷങ്ങളാണ് വരാന്‍
പോകുന്നത്. ശാന്തനാകൂ എന്ന് മനസ്സിനോട് ആജ്ഞാപിച്ച് ഞാന്‍ കണ്ണുമടച്ചിരുന്നു.

പതിനൊന്നേകാലിന് പ്യൂണ്‍ വീണ്ടും വന്നു. അദ്ദേഹത്തിന്റെ പിന്നാലെ വരാന്തയിലൂടെ നടന്ന് ഇന്റര്‍വ്യൂ നടക്കുന്ന മുറിയുടെ പുറത്തെത്തി. എന്റെ കൈയിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് പുറത്തുവെച്ചിട്ട് മുറിയിലേക്കു കയറിക്കോളൂ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വാതില്‍ തുറന്ന് ഇന്റര്‍വ്യൂ മുറിയിലേക്കു കയറി.
ശീതീകരിച്ച വിശാലമായ മുറി. ചതുരത്തിലുള്ള വലിയൊരു മേശയുടെ ഒരുവശത്ത് ചെയര്‍മാന്‍ ഇരിക്കുന്നു. മറ്റുരണ്ടുവശങ്ങളില്‍ ഈരണ്ടുപേര്‍ വീതം. ആകെ അഞ്ചുപേര്‍. അവരില്‍ ഒരാള്‍ സ്ത്രീയാണ്. ചെയര്‍മാന് അഭിമുഖമായി എനിക്കുവേണ്ടി കസേര ഇട്ടിട്ടുണ്ട്. ഞാന്‍ വാതില്‍ തുറന്നയുടനെ ചെയര്‍മാന്‍ പറഞ്ഞു:
'വരൂ. മിസ്റ്റര്‍ ഹരികിഷോര്‍, വരൂ' (അഭിമുഖസംഭാഷണം നടന്നത് ഇംഗ്ലീഷിലാണ്. ഇവിടെ മലയാളം തര്‍ജമ കൊടുക്കുന്നു).
ചെയര്‍മാന്റെ വാക്കുകളിലെ സൗഹാര്‍ദം എന്നെ സന്തോഷിപ്പിച്ചു. ഞാന്‍ ചെയര്‍മാനെയും അംഗങ്ങളെയും അഭിവാദനം ചെയ്തു.
'ഇരിക്കൂ'- കസേര ചൂണ്ടിക്കാണിച്ച് ചെയര്‍മാന്‍ പറഞ്ഞു.
ഞാന്‍ നന്ദിപറഞ്ഞ് കസേരയില്‍ ഇരുന്നു.
ചെയര്‍മാന്‍ ചോദിച്ചു തുടങ്ങി:
'എപ്പോഴാണ് ഡല്‍ഹിയില്‍ എത്തിയത്?'
'ഏപ്രില്‍ മൂന്നിനെത്തി, സര്‍,' ഞാന്‍ പറഞ്ഞു.
'ഇതിനു മുന്‍പ് ഡല്‍ഹിയില്‍ വന്നിട്ടുണ്ടോ?'
രണ്ടാമത്തെ ചോദ്യം.
ഇന്റര്‍വ്യൂവിന് നല്ല മാര്‍ക്കു കിട്ടാനുള്ള വഴി നമ്മള്‍ക്ക് കൂടുതല്‍ അറിവുള്ള ഭാഗത്തേക്ക് ചോദ്യകര്‍ത്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കലാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇതു മനസ്സില്‍വെച്ച് ഞാന്‍ പറഞ്ഞു: 'സര്‍, എം.ടെക്. പഠിക്കാന്‍ ഐ.ഐ.ടി. കാണ്‍പൂരിലേക്കു പോകുമ്പോള്‍ ഡല്‍ഹിവഴി യാത്രചെയ്തിട്ടുണ്ട്.'
ഇനി, ഐ.ഐ.ടിയെപ്പറ്റിയും കേരളത്തിന് ഐ.ഐ.ടി. വേണോ എന്നും എം.ടെക്. പഠിച്ചശേഷം എന്തിനാണ് ഐ.എ.എസ്. പരീക്ഷ എഴുതാന്‍ തീരുമാനിച്ചത് എന്നും ഒക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍, എന്റെ ഉദ്യമം മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല... അദ്ദേഹത്തിന്റെ അടുത്ത ചോദ്യം, 'പരിസരമലിനീകരണത്തെക്കുറിച്ച് എന്തറിയാം?' എന്നായിരുന്നു.
ഞാന്‍ അറിയാവുന്ന രീതിയില്‍ ഉത്തരം പറഞ്ഞു.
'എസ്.പി.എം. എന്നാലെന്താണ്?'
'അറിയില്ല സര്‍,' ഞാന്‍ പറഞ്ഞു.
'സസ്‌പെന്റഡ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍- വായുമലിനീകരണവുമായി ബന്ധപ്പെട്ടതാണ്,' ചെയര്‍മാന്‍ ഉത്തരവും പറഞ്ഞുതന്നു.
തുടര്‍ന്ന് പലസ്തീന്‍പ്രശ്‌നത്തിന്റെ ചരിത്രത്തെക്കുറിച്ചും മറ്റും ചോദിച്ചശേഷം തന്റെ വലതുവശത്തിരിക്കുന്ന ലേഡി മെമ്പറോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ഭാരതസര്‍ക്കാര്‍ രൂപംകൊടുത്ത പദ്ധതികള്‍ എന്തൊക്കെയാണ്? വനിതാസംവരണബില്ലിനെക്കുറിച്ച് എന്താണഭിപ്രായം? സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ് എന്നാലെന്ത്? തൊഴില്‍ ലഭിച്ചാല്‍ സ്ത്രീകള്‍ക്ക് ശക്തി ലഭിക്കുമോ? എന്നിങ്ങനെ സ്ത്രീശാക്തീകരണത്തെ സംബന്ധിച്ച ചോദ്യങ്ങളാണ് അവര്‍ ചോദിച്ചത്.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരാന്‍ കാരണമെന്ത്? എന്ന ചോദ്യത്തിന് മറുപടിയായ് നിരാദ് സി. ചൗധരിയുടെ 'Average Indian male has sex in mind and fear at heart' എന്ന പ്രസിദ്ധ വാചകം ഞാന്‍ ഉദ്ധരിച്ചു.
'ആഗോളവത്കരണം, സാറ്റലൈറ്റ് ടി.വിയുടെ സ്വാധീനം തുടങ്ങിയ പല കാരണങ്ങള്‍കൊണ്ടു സംഭവിക്കുന്ന മൂല്യച്യുതികാരണം പുരുഷന്മാരുടെ ഹൃദയത്തിലെ പേടി കുറഞ്ഞുവരുന്നു. എന്നാല്‍ മനസ്സിലെ ലൈംഗികചിന്ത കുറയുന്നുമില്ല. ഇത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ്,' ഞാന്‍ പറഞ്ഞു.
ഈ ഒരുത്തരം ചെറിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. മൂല്യച്യുതി എങ്ങനെ സംഭവിക്കുന്നു? ഇതിനു പരിഹാരം എന്താണ്? തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണം അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, ചോദ്യങ്ങളുടെ ബാറ്റണ്‍ രണ്ടാമത്തെ മെമ്പര്‍ക്കു കൈമാറി.
'വയനാടിനെപ്പറ്റി കേട്ടിട്ടുണ്ടോ?' അദ്ദേഹം ആരാഞ്ഞു.
'എന്റെ ജില്ലയായ കണ്ണൂരിനോട് ചേര്‍ന്നുകിടക്കുന്ന ജില്ലയാണ് വയനാട്' ഞാന്‍ പറഞ്ഞു.
കണ്ണൂര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചവരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ചോദ്യം 'വയനാടിലെ പ്രധാന ആദിവാസികളുടെ പേരുപറയൂ' എന്നായിരുന്നു.
സൈലന്റ് വാലിയില്‍ എന്തായിരുന്നു പ്രശ്‌നം? കേരളത്തില്‍ ഐ.ടി. വ്യവസായം പുരോഗതി നേടാത്തത് എന്തുകൊണ്ട്? പശ്ചിമഘട്ടത്തിലെ മലകളുടെ പേരു പറയൂ? തുടങ്ങി കേരളത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം.
തറവില എന്നാലെന്ത്? താങ്ങുവില എന്നാലെന്ത്? ഇവയില്‍ ഏതാണ് വലുത്? ഇതാരാണ് നിശ്ചയിക്കുന്നത്? ജനിതക ശാസ്ത്രത്തെക്കുറിച്ചു പറയൂ. ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേറ്റര്‍ എന്നാലെന്ത്? തുടങ്ങിയ ചോദ്യങ്ങളാണ് മൂന്നാമത്തെ മെമ്പര്‍ ആരാഞ്ഞത്. ഞാന്‍ ഓരോ ഉത്തരം പറയുമ്പോഴും അഞ്ചുപേരും വളരെ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട് എന്നത് എനിക്ക് കുറച്ച് ആത്മവിശ്വാസം പകര്‍ന്നുതന്നു. പലരും എന്റെ ഉത്തരങ്ങളില്‍നിന്നും എന്തൊക്കെയോ കുറിച്ചുവെക്കുന്നുമുണ്ടായിരുന്നു.
ഉന്നതവിദ്യാഭ്യാസരംഗത്ത് സ്വകാര്യവത്കരണം വേണോ? പ്രാഥമിക വിദ്യാഭ്യാസത്തിനാണോ ഉന്നതവിദ്യാഭ്യാസത്തിനാണോ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്? ഐ.ഐ.ടികളിലെ ഫീസ് വര്‍ധന ന്യായീകരിക്കാവുന്നതാണോ? എന്നിങ്ങനെ വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഞ്ചാമത്തെ മെമ്പര്‍ ചോദിച്ചത്.
ഒടുവില്‍, ഞാന്‍ പഠിച്ച മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍നിന്നും ഒരു ചോദ്യവും കിട്ടി- ഇരുമ്പും ഉരുക്കും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഇപ്രകാരം ഒരു റൗണ്ട് അവസാനിച്ചതിനുശേഷം ചെയര്‍മാന്റെ വകയായി അവസാന ചോദ്യം.
'ലിങ്‌ദോ കമ്മിറ്റിയുടെ നിര്‍ദേശങ്ങളെക്കുറിച്ച് എന്തറിയാം?'
'കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റിയാണ്. നിര്‍ദേശങ്ങള്‍ കൃത്യമായി ഓര്‍ക്കുന്നില്ല.' ഞാന്‍ പറഞ്ഞു.
'ശരി, കാമ്പസ് രാഷ്ട്രീയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?'
എന്റെ അഭിപ്രായം കേട്ടശേഷം അദ്ദേഹം പറഞ്ഞു:
'മിസ്റ്റര്‍ ഹരികിഷോര്‍, നിങ്ങളുടെ ഇന്റര്‍വ്യൂ അവസാനിച്ചിരിക്കുന്നു. നിങ്ങള്‍ക്കിനി പോകാം.'
ഇന്റര്‍വ്യൂ തീര്‍ന്നു എന്നു കേട്ടപ്പോള്‍ എനിക്ക് കുറച്ചു വിഷമം തോന്നി. കുറച്ചുകൂടി ചര്‍ച്ചചെയ്യാന്‍ അവസരം ലഭിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. പക്ഷേ, തീരുമാനങ്ങള്‍ എടുക്കുന്നത് നമ്മളല്ലല്ലോ... ഞാന്‍ എഴുന്നേറ്റു. എല്ലാവരോടും നന്ദിപറഞ്ഞ് വാതില്‍ തുറന്ന് മുറിയുടെ പുറത്തെത്തി. വാച്ചുനോക്കി- 11.55. അപ്പോള്‍, മുപ്പത്തിയഞ്ചു മിനിട്ടോളം ഇന്റര്‍വ്യൂ നടന്നു.
പുറത്തേക്കുള്ള വഴി കാണിച്ചുതന്നിട്ട് അടുത്തയാളെ വിളിക്കാനായി പ്യൂണ്‍ പോയി. പുറത്തേക്കു നടക്കുമ്പോള്‍... ചോദിച്ച ചോദ്യങ്ങളും പറഞ്ഞ മറുപടികളും ഓരോന്നായി മനസ്സിലേക്കു കടന്നുവരാന്‍ തുടങ്ങി. കുറച്ചുകൂടി ഭംഗിയായി ഉത്തരം പറയാമായിരുന്നു എന്നു തോന്നിത്തുടങ്ങി.
വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി, ആഗോള താപവര്‍ധന, ആണവക്കരാര്‍, ടിബറ്റന്‍ പ്രശ്‌നം തുടങ്ങി ഞാന്‍ മുന്‍ഗണന നല്‍കി പഠിച്ച ആനുകാലിക സംഭവങ്ങളൊന്നുംതന്നെ ചോദ്യങ്ങളായി വന്നില്ല. ബയോഡാറ്റയില്‍നിന്നും കാര്യമായി ഒരു ചോദ്യവും വന്നില്ല.
യു.പി.എസ്.സി. ഓഫീസിന് പുറത്ത് ഇന്റര്‍വ്യൂ കഴിഞ്ഞുവന്ന മറ്റുള്ളവരുമായി സംസാരിച്ചപ്പോള്‍... മനസ്സില്‍ പ്രതീക്ഷകള്‍ നിറയാന്‍ തുടങ്ങി. ഇല്ല... കാര്യമായ അപകടം ഒന്നും ഇന്റര്‍വ്യൂവില്‍ സംഭവിച്ചില്ല. ചെയര്‍മാനും മെമ്പര്‍മാരും സൗഹാര്‍ദപരമായാണ് പെരുമാറിയത്. വളരെയധികം പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. ഇല്ല, കുഴപ്പമൊന്നുമില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച് ഞാന്‍ ഓട്ടോ പിടിച്ച് കേരളാഹൗസിലേക്കു മടങ്ങി.
അടുത്തദിവസം ഡല്‍ഹിയിലെ ഒരു ഗവണ്‍മെന്റ് ആസ്പത്രിയില്‍വെച്ച് മെഡിക്കല്‍ ചെക്കപ്പ് ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഞാന്‍ കണ്ണൂരിലേക്കു മടങ്ങി.
പിന്നെ കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു. മെയ് 16-ാം തീയതി അവസാനഫലം പ്രഖ്യാപിച്ചപ്പോള്‍ പതിനാലാം റാങ്ക് നേടിയെന്നറിഞ്ഞപ്പോള്‍ സന്തോഷത്തേക്കാളേറെ ആശ്വാസമാണു തോന്നിയത്. എന്റെ പ്രയത്‌നം വെറുതെയായില്ലല്ലോ...
നന്ദി... ഈശ്വരനും... മറ്റെല്ലാവര്‍ക്കും.
(എസ്. ഹരികിഷോര്‍ ഐ.എ.എസിന്റെ, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'നിങ്ങള്‍ക്കും ഐ.എ.എസ്. നേടാം' എന്ന പുസ്തകത്തില്‍നിന്ന്)
Content Highlights: Civil service exam interview experience of S.Harikishore I.A.S. Book excerpt
Published: 29 Jun 2024, 01:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented