വിധി നൽകിയ ആഘാതങ്ങൾക്കും നാട്ടുകാരുടെ അധിക്ഷേപങ്ങൾക്കും മുന്നിൽ പതറാതെ പോരാടി രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടി രോഹിണി ഗുർജാർ. ഭർത്താവിന്റെ വേർപാടിന് പിന്നാലെ 'മന്ത്രവാദിനി' എന്ന് വിളിച്ച് സമൂഹം മാറ്റിനിർത്തുകയും പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മൂത്ത മകൾ വിടപറയുകയും ചെയ്തിട്ടും തളരാതെ പഠിച്ചാണ് അജ്മീർ സ്വദേശിനി നേട്ടം കൊയ്തത്. 2024-ലെ RAS പരീക്ഷയിൽ എം.ബി.സി. വിധവ വിഭാഗത്തിൽ രണ്ടാം റാങ്കാണ് രോഹിണി നേടിയത്. രാജസ്ഥാൻ അക്കൗണ്ട്സ് സർവീസിൽ നിയമനം ലഭിച്ച ഇവർ താണ്ടിയ വഴികൾ എൻ.ടി.ഡി.വി. റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഘുഗ്ര ഗ്രാമത്തിൽ ആദ്യമായി ബിരുദം നേടിയ പെൺകുട്ടിയായിരുന്നു രോഹിണി. 2006-ൽ ബിഎ കഴിഞ്ഞ് സ്വകാര്യ സ്കൂളിൽ അധ്യാപികയായി. 2011-ൽ വിവാഹിതയായി, 2013-ൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു. 2021 ഫെബ്രുവരി 18-ന് ഹൃദയാഘാതത്തെത്തുടർന്ന് ഭർത്താവ് മരിച്ചതോടെ ജീവിതം തകിടംമറിഞ്ഞു.
ഭർതൃവീട്ടുകാരിൽനിന്ന് പിന്തുണ കിട്ടിയില്ലെന്നും രണ്ടും പെൺകുട്ടികളായതിന്റെ പേരിൽ പരിഹാസം കേട്ടെന്നും രോഹിണി പറയുന്നു. ഭർത്താവിന്റെ മരണത്തിന് കാരണം രോഹിണിയാണെന്ന് ഗ്രാമത്തിൽ ചിലർ ആരോപിച്ചു, 'മന്ത്രവാദിനി' എന്നും വിളിച്ചു. ആറുമാസത്തോളം കടുത്ത വിഷാദത്തിലായിരുന്നു അവർ.
ആ ഇരുട്ടിൽ വെളിച്ചമായത് സഹോദരൻ നരേന്ദ്ര ഗുർജാറും ഭർത്താവിന്റെ മുത്തശ്ശി പുഷ്പ ദേവിയുമാണ്. ഔപചാരിക വിദ്യാഭ്യാസമില്ലാത്ത, 95 വയസ്സോളമുള്ള പുഷ്പ ദേവി വീണ്ടും പഠിക്കാൻ പ്രേരിപ്പിച്ചു. 15 വർഷത്തെ ഇടവേളയ്ക്കുശേഷം 2021 അവസാനം രോഹിണി മത്സരപ്പരീക്ഷാ തയ്യാറെടുപ്പ് തുടങ്ങി. ആദ്യശ്രമത്തിൽ പ്രിലിമിനറി കടന്നെങ്കിലും മെയിൻസ് കട്ട്ഓഫിന് 10 മാർക്ക് കുറഞ്ഞു.
2023-ൽ ജയ്പുരിലേക്ക് താമസം മാറ്റി വീണ്ടും ശ്രമിച്ചു. 2024 ജനുവരിയിലെ മെയിൻസിന് തൊട്ടുമുമ്പ് പുഷ്പ ദേവി മരിച്ചു. പരീക്ഷ ജൂലൈയിലേക്ക് മാറ്റിയെങ്കിലും ജൂൺ 29-ന് പെട്ടെന്ന് അസുഖബാധിതയായി 10 വയസ്സുള്ള മൂത്ത മകളും മരിച്ചു. പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ച രോഹിണി, സ്വന്തം വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തിലും പെട്ടു. മുഖത്തും കണ്ണിലും പരിക്കേറ്റ് അഞ്ചുദിവസം ആശുപത്രിയിൽ.
ആശുപത്രി വിട്ടശേഷം കുടുംബം നിർബന്ധിച്ചതോടെയാണ് പരീക്ഷയ്ക്ക് ഇരിക്കാൻ തീരുമാനിച്ചത്. ഇളയ മകൾ ഭൂമിയുടെ മുഖമാണ് മനസ്സുമാറ്റിയത്.
ഇപ്പോൾ ഭൂമിക്കൊപ്പമാണ് താമസം. ജോലിക്കപ്പുറം, സ്ത്രീകളോടുള്ള യാഥാസ്ഥിതിക മനോഭാവം മാറണമെന്നും പെൺകുട്ടികൾക്ക് പഠിക്കാൻ അവസരം കിട്ടണമെന്നുമാണ് രോഹിണിയുടെ ആവശ്യം.
Content Highlights: Rohini Gurjar secured 2nd rank in the MBC widow category in the Rajasthan Administrative Service (RAS) exam. Overcame immense personal tragedies including the death of her husband and her 10-year-old daughter.
Published: 05 Oct 2026, 01:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented