ഡോ. അനില്‍  വള്ളത്തോള്‍ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, മഹാകവി വള്ളത്തോളിന്റെ ജീവിതവും ദർശനവും പ്രമേയമാകുന്ന 'നിർന്നിമേഷമായ് നിൽക്ക' എന്ന നോവലിന് കെ.പി. രാമനുണ്ണി എഴുതിയ അവതാരിക വായിക്കാം. 

To advertise here,

എത്തേണ്ടിടം തെളിയിക്കുന്ന രചന
ചോദ്യം: ഈശ്വരവിശ്വാസംകൊണ്ട് എന്താണ് പ്രയോജനം?
ഉത്തരം: വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ശ്രീനാരായണഗുരു തുടങ്ങിയ മഹാത്മാക്കളുടെ രൂപീകരണവും അസംഖ്യം സാധാരണക്കാരുടെ തെറ്റുകളില്‍നിന്നുള്ള വിടുതലും.

ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന കുനിഷ്ട് ചോദ്യത്തെത്തന്നെ അസംബന്ധമാക്കുന്നതാണ് സത്യത്തില്‍ ഈ ഉത്തരം. ഈശ്വരവിശ്വാസം പ്രയോജനപ്രദമാകുന്നത് എങ്ങനെയെന്ന് ചോദിച്ചാലോ? സര്‍വ്വഗുണസമ്പന്നനായ ദൈവത്തെ ആരാധിക്കുമ്പോള്‍ ആ ഗുണഗണങ്ങള്‍ ആരാധകനിലേക്ക് പകര്‍ത്തപ്പെടുന്നു എന്നതായിരിക്കും മറുപടി. എന്നാല്‍, ഈശ്വരനെപ്പോലെ സര്‍വ്വഗുണസമ്പന്നതയ്ക്ക് പ്രതീകമാകുന്ന മനുഷ്യാത്മാക്കളും ചരിത്രത്തില്‍ സംഭവിക്കാറുണ്ട്. വലിയ ആത്മശാക്തീകരണത്തിലേക്ക് അവര്‍ ജനത്തെ നയിക്കാറുമുണ്ട്.നൈരാശ്യവും ആശയക്കുഴപ്പവും കാലുഷ്യവുമാണല്ലോ ഇന്നത്തെ ലോകത്തിന്റെ ഗതികേടുകള്‍. അതിനിടയ്ക്ക് അത്യുജ്ജ്വലമായ ജീവിതോന്മുഖതയും നിശ്ചയദാര്‍ഢ്യവും ആദര്‍ശാത്മകതയുംകൊണ്ട് ഏവരെയും ശാക്തീകരിക്കുന്ന ഒരു മഹാപ്രതീകത്തെ ആരെങ്കിലും മെനഞ്ഞുനല്‍കിയാലോ? സംഗതി ഗംഭീരമായിരിക്കും. ആ സത്കര്‍മ്മമാണ് നിര്‍ന്നിമേഷമായ് നില്‍ക്ക എന്ന രചനയിലൂടെ അനില്‍ വള്ളത്തോള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

എന്തോ ദുരന്തബോധത്താല്‍ ഹതാശരായവര്‍ക്കുവേണ്ടി ജീവിതകാമിയായ വള്ളത്തോളിനെ ഉന്മീലനം ചെയ്തുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. സ്നേഹം, പ്രണയം, നിഷ്‌കളങ്കത, കുടുംബം, ദേശഭക്തി, ഭാഷാഭിമാനം, കലാസമര്‍പ്പണം, മതമൈത്രി എന്നിങ്ങനെ സര്‍വ്വമണ്ഡലങ്ങളിലും മഹാകവിക്കുള്ള ശുഭദര്‍ശനങ്ങള്‍ നോവലിസ്റ്റ് പിന്നീട് തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.അത്യന്തം ആകര്‍ഷണീയമായ തുടക്കവാക്യങ്ങള്‍ ശ്രദ്ധിക്കൂ: 'നക്ഷത്രങ്ങള്‍ ഉറങ്ങാത്ത ആകാശത്തില്‍ കണ്ണുംനട്ടിരുന്നു. ഒരിക്കലും മടുക്കാത്തതാണ് ഈ കാഴ്ച. കല്‍പ്പാന്തകാലംവരെ നില്‍ക്കുന്ന ഈ വെളിച്ചമല്ലേ മനുഷ്യന്റെ വഴിത്താരകളില്‍ അവരറിയാതെ പ്രകാശം തൂവുന്നത്? മിന്നിക്കെടുന്ന ഈ നക്ഷത്രങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ കുടിയിരിക്കുന്നുണ്ടോ... മരിച്ചുകഴിഞ്ഞാല്‍ മഹാന്മാര്‍ ദിവ്യനക്ഷത്രങ്ങളായി മാറുമത്രേ. ക്രിസ്തുവും നബിയും കൃഷ്ണനുമെല്ലാം വാനിലെ നക്ഷത്രങ്ങളായി അവിടെത്തന്നെയുണ്ടാവാം. എനിക്കും അങ്ങനെ ഒന്നായി മാറാനാകുമോ?'

മേല്‍പ്പറഞ്ഞ വാക്കുകള്‍ വായിച്ചാല്‍ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരും ജീവിതത്തിലേക്ക് ഓടി മടങ്ങും. അവരുടെ ആത്മാവ് മുഴുവന്‍ പ്രകാശപൂരിതമാകും. ഭൂതത്തിലേക്കും ഭാവിയിലേക്കും നീളുന്ന ആയുര്‍ദൈര്‍ഘ്യത്താല്‍ ആ ഉണ്മ അനന്തവിസ്തൃതി പ്രാപിക്കും. തുഞ്ചത്താചാര്യന്റെ പ്രസാദാത്മകത മൊത്തം വാറ്റിയെടുത്ത പിന്‍മുറക്കാരനു മാത്രമേ ജീവിതപ്രേമത്തിന്റെ ഇത്ര വലിയ വേലിയേറ്റം സൃഷ്ടിക്കാനാകൂ. പേരമരുമകനായ അനില്‍ വള്ളത്തോള്‍ അതിനകത്ത് ആലോലം മുങ്ങി മുത്തും പവിഴവും വാരിവിതറുകയാണ്. ആ ആഖ്യാനത്തിലൂടെ നനഞ്ഞുനീങ്ങുമ്പോള്‍ നമുക്കു മനസ്സിലാക്കാം, പൊന്നാനി എ.വി. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മലര്‍ന്നുകിടന്ന് നക്ഷത്രഖചിതമായ മാനം നോക്കി പ്രപഞ്ചത്തില്‍ പ്രകാശമാണ് കൂടുതലെന്ന് വിലയിരുത്തിയ ഉറൂബിന്റെ മുന്‍ഗാമിയാരാണെന്ന്. ഉറൂബിനു പിന്നില്‍ ഈയുള്ളവന്‍ വരെ നീണ്ടുനില്‍ക്കുന്ന പൊന്നാനിക്കളരിക്കാരുടെ സാക്ഷാല്‍ ഗുരുനാഥനും ആരാണെന്ന്. മഹാകവി വള്ളത്തോള്‍ തന്നെ. ജീവിതകാമന ദൃഢീകരിക്കപ്പെട്ട ഉടന്‍ പ്രണയത്തോടുള്ള കവിയുടെ പരവേശവും നോവലില്‍ പ്രകാശിതമാകുന്നു. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്, നിലാവുള്ള രാത്രിയില്‍ ഏതോ ഇടവഴിയില്‍വെച്ച് കവിസമക്ഷത്തില്‍ കാമുകി രാധ പ്രത്യക്ഷപ്പെടുന്നു. നിലാവും സുഗന്ധവും ഇടകലര്‍ന്ന ആ അന്തരീക്ഷത്തില്‍ പരസ്പരമറിഞ്ഞപ്പോള്‍ അല്‍പ്പം സങ്കോചത്തോടെ അവള്‍ ചോദിക്കുന്നു: 'എന്നെക്കൂടി കഥകളി പഠിപ്പിക്കുമോ?' ഒരു വ്യവസ്ഥയോടെ കവി അപേക്ഷ സ്വീകരിക്കുന്നു. അദ്ധ്യാപനം തുടങ്ങുന്നു. കോവിലിന്റെ ആളൊഴിഞ്ഞ അകത്തളങ്ങളില്‍ കൈമാറിയ മുദ്രകള്‍ക്ക് അപ്പോള്‍ ഗന്ധവും രുചിയുമുണ്ടായിരുന്നു. കഥകളിവിളക്കണഞ്ഞ രാവുകളില്‍ അവള്‍ ദമയന്തിയും താന്‍ നളനുമായി മാറിയിരുന്നു.

'മധുലക്ഷ്മിയെന്ന് നിന്നെ ഞാന്‍ വിളിക്കട്ടെ?' കവിയുടെ ഇംഗിതത്തിന് രാധ സമ്മതംമൂളുന്നു. ഓരോ തഴുകലിനും അവളുടെ മെയ് താരുപോലെ മൃദുലമാകുന്നു. അര്‍ദ്ധനിമീലിതമായ ആ നേത്രങ്ങളില്‍നിന്നാണ് പിന്നീട് മഹാകവിയുടെ ഓരോ കവിതയും പിറന്നതത്രേ. അത്യന്തം ഹൃദ്യമാണ് ഈ ആഖ്യാനസൗകുമാര്യം. കുരുക്കായും ചതിയായും മരണവാറന്റായും സ്ത്രീപുരുഷബന്ധങ്ങള്‍ തരംതാഴുന്ന കാലത്ത് പ്രണയത്തിന്റെ അതിവശ്യമായ മുഖമാണ് വള്ളത്തോളിന്റെ ഭാവനയിലൂടെ അനില്‍ വള്ളത്തോള്‍ തെളിയിക്കുന്നത്. ആണിനും പെണ്ണിനുമിടയില്‍ വൈരുദ്ധ്യത്തിനപ്പുറം സംലയനത്തിന്റെ അപാരസാദ്ധ്യതയുണ്ടെന്ന കാര്യം വായനക്കാര്‍ അങ്ങനെ അനുഭവിച്ചറിയുകയായി. അതെ, ഇപ്പോള്‍ നമ്മള്‍ ജീവിതത്തിന്റെ വിലമതിക്കാനാകാത്ത മൂല്യത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. ഇനി ആ ജീവിതത്തെ പരിപാലിക്കാന്‍ പോന്ന നിലപാടുതറകളാണ് ഉയര്‍ത്തേണ്ടത്. അതാണെങ്കില്‍ മഹാകവിയുടെ അനുഭവലോകത്തെ ആശ്രയിച്ച് നോവലിന്റെ തുടരദ്ധ്യായങ്ങളില്‍ ഉരുത്തിരിഞ്ഞുവരുന്നതും കാണാം.

കാല്‍പ്പനികപ്രണയത്തോടുള്ള ആകര്‍ഷണം കുടുംബത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ വള്ളത്തോള്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. സ്നേഹത്തിന്റെ മറ്റൊരു പര്യായം ഉത്തരവാദിത്വമാണെന്ന അറിവ് അദ്ദേഹത്തില്‍ രൂഢമൂലമായിരുന്നു. എന്നാലും ജീവിതസഖി മാധവി അടുത്തുള്ളപ്പോള്‍ പ്രണയനിലാവിനെ സ്വപ്നം കാണുന്നതില്‍ മഹാകവിക്കുണ്ടാകുന്ന നേരിയ കുറ്റബോധം, പക്ഷേ, മനസ്സിന്റെ ഊഞ്ഞാലാട്ടങ്ങള്‍ മനുഷ്യസഹജമാണെന്ന ജ്ഞാനം, സഹധര്‍മ്മിണിക്ക് തന്നിലുള്ള വിശ്വാസത്തെ പ്രതി സമാശ്വാസം, എല്ലാമെല്ലാം അത്യന്തം ചേതോഹരമായാണ് നോവലിസ്റ്റ് കൃതിയില്‍ കൊണ്ടുവന്നിരിക്കുന്നത്. വള്ളത്തോളില്‍ പതിയിരിക്കുന്ന പാവം പുരുഷനോട് ഏകസ്ത്രീരാമനെ കാംക്ഷിക്കുന്ന കുടുംബിനികള്‍ക്കുപോലും അയ്യോ പാവം തോന്നിപ്പോകും. ഉം, ചെറിയ ചുറ്റിക്കളിയെല്ലാം സമ്മതിക്കാം, എന്നോടും മക്കളോടും സ്നേഹമുണ്ടല്ലോ എന്നൊരു മൃദുലഭാവം അവരില്‍ ഭര്‍ത്താക്കന്മാരോട് വളരാനും സാദ്ധ്യതയുണ്ട്.

സഹധര്‍മ്മിണി മാധവിയുടെ കാര്യശേഷിയില്‍ മതിപ്പുമൂത്ത മേനോനായിട്ടാണ് നോവലില്‍ മഹാകവി പ്രത്യക്ഷപ്പെടുന്നത്. കുട്ടികളുടെയും വീട്ടുകാരുടെയും വിരുന്നുകാരുടെയും പാകവും രുചിയും ഹാ, അവള്‍ക്ക് നന്നായി അറിയാം. കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാനുള്ളതുകൂടി കണ്ടിട്ടാണ് അരിയെടുക്കുക. രാവിലെ ദോശയൊക്കെ ഉണ്ടാക്കുമ്പോള്‍ ആദ്യ പകുതി അഗ്‌നിഭഗവാനാണെന്നു പറഞ്ഞ് അടുപ്പിലിടുന്നതും കാണാം. തന്റെ പ്രിയതമന്‍ മഹാകവിയാണെങ്കിലും വീട്ടുകാര്യങ്ങളില്‍ മണ്ടനാണെന്നാണ് മാധവിയുടെ വിചാരം. 'പൈസ എങ്ങനെ ചെലവാക്കണമെന്ന് ഇവിടത്തേക്ക് ഇപ്പഴും അറിയില്ലാ' എന്ന അവരുടെ ശകാരം അദ്ദേഹത്തിന് കര്‍ണ്ണാമൃതമാണ്. സ്നേഹിക്കുന്നവരുടെ തല്ലു കൊള്ളുന്ന ചെണ്ടയായി നിന്നുകൊടുക്കുന്നതിന്റെ സുഖം ഒന്നു വേറെയാണത്രേ.

ഞാനോ നീയോ എന്ന കിടമത്സരത്തില്‍ പൊട്ടിപ്പിളരുന്നതാണല്ലോ സമീപകാലത്തെ ദാമ്പത്യബന്ധങ്ങള്‍. വിവാഹം സൃഷ്ടിക്കുന്ന വിനാശങ്ങള്‍ മൂലം പാശ്ചാത്യദേശത്ത് ആരംഭിച്ച കോ ഹാബിറ്റേഷന്‍ നമ്മുടെ നാട്ടിലും പെരുകിക്കൊണ്ടിരിക്കുന്നു. എന്നാല്‍, സ്ത്രീപുരുഷബന്ധത്തകര്‍ച്ചയാല്‍ കുലം മുടിയുമോ എന്ന ഭീതികൊണ്ട് പാശ്ചാത്യരാജ്യങ്ങളിപ്പോള്‍ കുടുംബത്തെ തിരിച്ചാനയിക്കാന്‍ ശ്രമിക്കുകയാണ്. ദ നാഷണല്‍ ഫാദര്‍ഹുഡ് ഇനീഷ്യേറ്റീവ്, ദ ഫാമിലി ആന്‍ഡ് പാരന്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ദ ഗോട്ട്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ആ പരിശ്രമങ്ങളുടെ ദൃഷ്ടാന്തങ്ങളാണ്. ഈയൊരു സാഹചര്യത്തില്‍ മഹാകവി വിളംബരം ചെയ്യുന്ന കുടുംബമാഹാത്മ്യം ആധുനികനാഗരികതയ്ക്കു വിലയേറിയ പാഠങ്ങളാണ് നല്‍കുന്നത്. അനന്തരവന്‍ ചുട്ടെടുത്ത ഭോഷ്‌ക്കുകളല്ല അതൊന്നുംതന്നെ. പുതിയ ലോകത്ത് വര്‍ണ്ണ വര്‍ഗ്ഗ ദേശ വ്യത്യാസങ്ങള്‍ക്കുപരി ഏറ്റവുമധികം ക്രൂരത അനുഭവിക്കുന്നത് മനുഷ്യക്കുട്ടികളാണെന്ന് പറയാം. ജനിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുന്നവര്‍, കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍, വിമാനത്താവളങ്ങളില്‍ മാതാപിതാക്കളാല്‍ മറന്നുവെക്കപ്പെടുന്നവര്‍, സ്വന്തക്കാരാല്‍ ബലാത്കാരം ചെയ്യപ്പെടുന്നവര്‍...

അങ്ങനെയിരിക്കെയാണ് ഈ നോവല്‍, എത്തേണ്ടിടം കൃത്യമായി നിര്‍വ്വചിക്കുന്ന ഈ ശുഭകൃതി പിഞ്ചുകുഞ്ഞിന്റെ പുഞ്ചിരിയില്‍ പാരിലെ പനിനീര്‍വസന്തം കണ്ടെത്തുന്നത്. അവര്‍ക്കൊപ്പം മണ്ണപ്പം ചുട്ട് സ്വര്‍ഗ്ഗസായുജ്യമടയുന്നത്. കുഞ്ഞിക്കാലുകളാല്‍ അങ്കണത്തില്‍ തിരുവോണം തീര്‍ക്കുന്നത്. പേഴ്സണല്‍ ഈസ് പൊളിറ്റിക്കല്‍ എന്നാണ് സിദ്ധാന്തം. എന്നാല്‍, കൃതിയിലെ കവിയുടെ വ്യക്ത്യാനുഭൂതികള്‍ വ്യാവഹാരികരാഷ്ട്രീയത്തിനപ്പുറം അതിജീവനത്തിന്റേതായ ജൈവരാഷ്ട്രീയത്തെക്കൂടി സംവഹിക്കുന്നുണ്ട്. പ്രണയമായാലും കുടുംബമായാലും ധന്യമാകണമെങ്കില്‍ സ്വന്തം ഉണ്മയില്‍ത്തന്നെ തെളിയണം. മനുഷ്യന്റെ ഉണ്മയുടെ ഇരിപ്പിടം ഭാഷയാണെന്നാണ് ആപ്തവാക്യമെങ്കിലും അത് അനുഭവവേദ്യമാകുന്നത് മാതൃഭാഷയിലൂടെയാണ്. ഒരു ജനതയുടെ സ്വത്വത്തിന്റെയും ദേശീയതയുടെയും അടിസ്ഥാനം മാതൃഭാഷയാണെന്ന് സ്ഥാപിച്ച ഇ.എം.എസ്. ആ ആശയത്തിന്റെ പ്രഭവകേന്ദ്രം വള്ളത്തോള്‍ പ്രസ്ഥാനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

'നാരായണമേനോന്റേത് ഒരു പുതിയ വഴിയാണ്. ഈ വഴിയിലൂടെ ഇനിയും പലരും നടക്കും. നടക്കുന്നുമുണ്ട്. മലയാളഭാഷയുടെകലയുടെസാഹിത്യത്തിന്റെ എല്ലാ നിലയ്ക്കുമുള്ള പുരോഗതിയായിരുന്നു കവിയുടെ ലക്ഷ്യം. അതിനു പറ്റിയൊരു മാര്‍ഗ്ഗം കവി കണ്ടെത്തി. മലയാളത്തിന്റെ ശക്തി എഴുത്തച്ഛനുശേഷം മലയാളികള്‍ അനുഭവിച്ചറിഞ്ഞത് നാരായണമേനോനിലൂടെയാണ്.' ഇ.എം.എസ്സിന്റെ മേല്‍പ്പറഞ്ഞ പ്രസ്താവന മാതൃഭാഷയ്ക്കും സാഹിത്യത്തിനും കലകള്‍ക്കുംവേണ്ടി വള്ളത്തോള്‍ നടത്തിയ ആത്മസമര്‍പ്പണത്തിനുള്ള അംഗീകാരമാണ്. കേരളമെന്നല്ല, മലയാളമെന്ന് കേട്ടാലും മഹാകവിയുടെ ഞരമ്പുകളില്‍ ചോര തിളച്ചിരുന്നു. സാഹിത്യമഞ്ജരിയിലെ 'എന്റെ ഭാഷ' എന്ന കവിത ചുറുചുറുക്കുള്ള ഒരു ബാലിക അദ്ദേഹത്തിനു മുന്നില്‍ ചൊല്ലുന്നതിന്റെ ഹൃദയഹാരിയായ രംഗം നോവലില്‍ തെളിഞ്ഞുകാണാം. മലയാളത്തെ സ്നേഹിക്കാന്‍ മനസ്സൊരുങ്ങട്ടേയെന്ന് കുട്ടിക്ക് കവി നല്‍കുന്ന ഉപേദേശം സര്‍വ്വ മലയാളികളും മക്കള്‍ക്കു പകരേണ്ട മൃത്യുഞ്ജയമന്ത്രമാകുന്നു. സര്‍ക്കാരിനോ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കോ മലയാള അദ്ധ്യാപകര്‍ക്കോ വേണ്ടിയല്ല, സ്വന്തം അഭ്യുദയത്തിനു വേണ്ടിയാണ് പുതുതലമുറ മാതൃഭാഷയെ പുണര്‍ന്നുനില്‍ക്കേണ്ടത്.

നാടിന്റെ ഭാഷയ്ക്കെന്നപോലെ കേരളീയകലകള്‍ക്കായും വള്ളത്തോള്‍ സ്വയം സമര്‍പ്പിച്ചു. കവിതാക്കമ്പംകൊണ്ടും കഥകളിക്കമ്പംകൊണ്ടും മാത്രമായിരുന്നില്ല അത്. കേരളത്തിന്റെ ആത്മാവ് സൂക്ഷിക്കാനുള്ള ചരിത്രനിയോഗം കവിശ്രേഷ്ഠന്‍ ഏറ്റെടുക്കുകയായിരുന്നു. ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ എന്തെല്ലാം നേടിയിട്ടും കാര്യമില്ലെന്ന യേശുവചനം മഗ്ദലനമറിയമെഴുതിയ അദ്ദേഹത്തിന് സുപരിചിതമാകുമല്ലോ. സാമൂതിരി കഥകളിയെ നിന്ദിച്ചതിന്റെ പേരില്‍ രാജദത്തമായ ഗുരുവായൂരപ്പന്‍ സ്‌കൂള്‍ ജോലിപോലും വള്ളത്തോള്‍ ഉപേക്ഷിച്ചുപോന്നു. മഹാകവിയുടെ കഥകളിഭക്തി നന്നായി അറിയുന്ന വലിയ കുഞ്ഞുണ്ണിരാജ ഒരു സ്ഥാപനം നിര്‍മ്മിച്ച് കഥകളിയെ നശിക്കാതെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് സൂചിപ്പിച്ചതായിരുന്നു എല്ലാറ്റിന്റെയും തുടക്കം. അന്നുമുതല്‍ രാജാവിന്റെ അനന്തരവന്‍ മുകുന്ദരാജയുമൊത്ത് കലാമണ്ഡലരൂപീകരണത്തിനായി വള്ളത്തോള്‍ സ്വയം ഉഴിഞ്ഞുവെച്ചു. വൈകാതെതന്നെ കേരളകലാമണ്ഡലം എന്ന പേരില്‍ ഒരു രജിസ്ട്രേഡ് സൊസൈറ്റി കോഴിക്കോട് പോയി രജിസ്റ്റര്‍ ചെയ്തു.

കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പക്ഷേ, പണം വേണ്ടേ? മുകുന്ദരാജയുടെ ആശയപ്രകാരം മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും ഒക്കെ ടിക്കറ്റു വെച്ച് കഥകളി നടത്തിനോക്കി. ഗുണംപിടിച്ചില്ലെങ്കിലും നിരാശപ്പെട്ടില്ല. ഷോഡതി നടത്താനുള്ള അനുമതിക്കായി മദിരാശിക്ക് വെച്ചടിച്ചു. നിയമവകുപ്പദ്ധ്യക്ഷനായ സര്‍ സി.പി. രാമസ്വാമി അയ്യരെ അടയാറില്‍ വെച്ചു കണ്ടു. കുചേലവൃത്തം അവിടെ നിറഞ്ഞാടി.'അജിത! ഹരേ! ജയ! മാധവ! വിഷ്ണോ! നലമൊടു കാണ്‍മതിന്നു കളിയല്ലേ രുചിക്കുന്നു.' സ്വാമിയുടെ കണ്ണു നിറഞ്ഞു. സര്‍ സി.പി. പച്ചക്കൊടി വീശി. പറയാനുള്ളതെല്ലാം വള്ളത്തോള്‍ പറഞ്ഞത് മുകുന്ദരാജ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തുകൊടുത്തിരുന്നു. അണ്ടര്‍ലൈന്‍ ചെയ്യേണ്ടയാളാണ് നിങ്ങടെ കവി എന്നൊരു അനുമോദനക്കിന്നരിയും ഒടുവില്‍ അദ്ദേഹത്തിന് സര്‍ സി.പി. ചാര്‍ത്തിക്കൊടുത്തു. അത്യന്തം ആര്‍ജ്ജവത്തോടെ, ഹൃദയസ്പര്‍ശിയായാണ് മാതുലന്റെ കലാമണ്ഡലസമര്‍പ്പണം മരുമകനായ നോവലിസ്റ്റ് കൃതിയില്‍ ആവിഷ്‌കരിക്കുന്നത്. ഡല്‍ഹിയില്‍ പോയി ജവാഹര്‍ലാല്‍ നെഹ്രുവിനെ കാണുന്ന ഭാഗമെല്ലാം എത്തുമ്പോഴേക്ക് ആഖ്യാനം കാവ്യമനോഹരമായി മാറുന്നുമുണ്ട്. ഉദാഹരണമായി കുറച്ചു വരികള്‍ ശ്രദ്ധിക്കൂ:

'പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു ആദ്യസന്ദര്‍ശനം. ഡല്‍ഹിയിലെ കൊടുംതണുപ്പിലും നെഹ്രുവിന്റെ പുഞ്ചിരി കുപ്പായമിടാതെ നിന്നു.'
'അങ്ങയെ നേരില്‍ ക്ഷണിക്കാനാണ് ഇത്രയും ദൂരം താണ്ടി കരിമ്പടത്തിനുള്ളില്‍ കേറി വന്നത്. ഞങ്ങളെ നിരാശരാക്കരുത്.'
ഇത്രയുമേ പറയേണ്ടിവന്നുള്ളൂ.
'സ്നേഹപൂര്‍ണ്ണമായ ആലിംഗനത്തില്‍ എല്ലാറ്റിനുമുള്ള മറുപടിയുണ്ടായിരുന്നു. അദ്ദേഹം വന്നു. കാണേണ്ടതുപോലെ കണ്ടു. ചെറുതുരുത്തിയില്‍ അന്ന് ഒരു മഹോത്സവമായിരുന്നു.'

സ്വയം കഷ്ടപ്പാടുകളിലായിരുന്നപ്പോഴും, കലാമണ്ഡലത്തിനുവേണ്ടി ഭിക്ഷയെടുക്കേണ്ടിവന്നിരുന്നപ്പോഴും എഴുത്തുകാരന്റെ ആത്മാഭിമാനം മഹാകവി പണയപ്പെടുത്തിയിരുന്നില്ല എന്ന വസ്തുത പനമ്പിള്ളിയുമായുണ്ടായ ചെറിയൊരു ഉടക്കിന്റെ സൂചന വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ എം.ടി. വാസുദേവന്‍ നായര്‍ മരിക്കുംവരെ ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരന്റെ അന്തസ്സിന്റെ പാരമ്പര്യപ്രഭാവം ആരുടേതെന്ന് സംശയിക്കേണ്ട. വള്ളത്തോള്‍ നാരായണമേനോന്റെ തന്നെ.കുടുംബത്തിനാകട്ടെ, കുഞ്ഞുകുട്ടികള്‍ക്കാകട്ടെ, മാതൃമലയാളത്തിനാകട്ടെ, കേരളീയ കലകള്‍ക്കാകട്ടെ, സുരക്ഷിതമായി പുലരണമെങ്കില്‍ സ്വതന്ത്രമായൊരു രാഷ്ട്രം ആവശ്യമാണ്. അതിനാലാണ് മഹാകവി ദേശീയപ്രസ്ഥാനത്തെ പിന്തുണച്ചതെന്നും ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിച്ചതെന്നും താരകമണിമാലയിലും കാറണിച്ചെളിയിലും മഹാത്മാവിനെ സുന്ദരനായി ചിത്രീകരിച്ചതും. കവിശ്രേഷ്ഠന്റെ ഗാന്ധിപ്രേമം ജീവിതാഭിമാനികള്‍ക്ക് ജീവശ്വാസമായ സ്വാതന്ത്ര്യത്തോടുള്ള പ്രേമം തന്നെയായിരുന്നെന്ന് നോവലില്‍ ധ്വനിക്കുന്നു.

രാജ്യം സ്വാതന്ത്ര്യപ്രാപ്തിയിലെത്തിയാലും പ്രാദേശികതകള്‍ അവയുടെ സ്വത്വം സംരക്ഷിച്ചുകൊണ്ട് വളര്‍ന്നുവരേണ്ടതാണ്. മഹാകവിയുടെ ജീവിതാഖ്യാനത്തോടൊപ്പം നോവലില്‍ ആവിഷ്‌കൃതമാകുന്ന വെട്ടത്തുനാടിന്റെ ചരിത്രം ഈ സ്വപ്നമാണ് ലക്ഷ്യമാക്കുന്നത്. പച്ചമനുഷ്യരുടെ മനോഗതങ്ങളും നാട്ടിന്‍പുറത്തുകാരുടെ പ്രവര്‍ത്തനങ്ങളും കേരളം എങ്ങനെ കേരളമായി എന്ന ചോദ്യത്തിന് ഉത്തരമേകുന്നതാണ്. പട്ടിക്കാംതൊടി മുതല്‍ എം.എസ്. ദേവദാസും ഇ. മൊയ്തു മൗലവിയും മറ്റും കഥാപാത്രങ്ങളായി വരുന്ന നോവല്‍ സംസ്ഥാനത്തിന്റെ ഭൂത വര്‍ത്തമാനങ്ങളെ ഇഴചേര്‍ത്തെടുക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയഭാവിയിലേക്ക് അതിനെ കണ്ണിചേര്‍ക്കുന്നു. അങ്ങനെ കൃതിയുടെ വായന മലയാളികളില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതല്ലെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.

ഇന്ത്യാരാജ്യത്തെ ജാതിവൈകൃതങ്ങളോട് വള്ളത്തോളിന് കഠിനമായ വെറുപ്പുണ്ടായിരുന്നു. എന്നാല്‍, സ്വാതന്ത്ര്യപ്രാപ്തിക്കോ ജാതിനിര്‍മ്മാര്‍ജ്ജനത്തിനോ മുന്‍ഗണനയെന്ന് ചോദിച്ചാല്‍ മഹാകവി ശങ്കിച്ചുകളിക്കില്ല. ബ്രിട്ടീഷ് വിരുദ്ധ സമരാങ്കണത്തിലേക്ക് ചാടിയിറങ്ങും. കാരണം, സഹോദരര്‍ തമ്മിലെ ഭിന്നതകള്‍പോലെ ജാതിയും അയിത്തവും തമ്മില്‍ പറഞ്ഞുതീര്‍ക്കാമെന്ന ശുഭാപ്തിവിശ്വാസം ആ നിഷ്‌കളങ്കന്‍ പുലര്‍ത്തിയിരുന്നു. ചൂഷകനായ അന്യനെ സഹോദരകലഹത്തിന് ചായിക്കാരന്‍ പിടിപ്പിക്കാനുള്ള മണ്ടത്തരം മഹാകവി കാണിച്ചില്ല. രണ്ടുവട്ടം ആലോചിക്കാതെ വെയില്‍സ് രാജകുമാരന്‍ വെച്ചുനീട്ടിയ പട്ടും വളയും അദ്ദേഹം തിരസ്‌കരിച്ചുകളഞ്ഞു. പുതിയ പോസ്റ്റ് കൊളോണിയല്‍ ചിന്തകളുടെ വെളിച്ചത്തില്‍ മഹാകവിയുടെ നിലപാടിന് പ്രസക്തിയേറുകയാണ്. നോവലിലൂടെ പ്രക്ഷേപിക്കപ്പെടുന്ന വള്ളത്തോള്‍ ചിത്രത്തിന് അങ്ങനെ പുതുസാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിന്റെ ശോഭയും കൈവരുന്നുണ്ട്.

സ്വതന്ത്രഭാരതം സ്വസ്ഥമായി ഇരിക്കണമെങ്കില്‍ മതസമുദായങ്ങള്‍ തമ്മിലുള്ള സമീപനവും ആരോഗ്യകരമാകണം. 'ദ റൈറ്റ് റ്റു ബി ഡിഫറന്റ്' ജനാധിപത്യരാജ്യത്തിന്റെ അടിസ്ഥാനതത്ത്വമാണല്ലോ. സ്വസ്വത്വം നിലനിര്‍ത്തുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് അവരുടേത് സൂക്ഷിക്കാന്‍ സഹായമേകുകയും ചെയ്താലേ രാജ്യത്ത് മൈത്രി സാദ്ധ്യമാകൂ. മുസ്ലിങ്ങളെ മുസ്ലിങ്ങളായി അംഗീകരിച്ചുകൊണ്ടുള്ള വള്ളത്തോളിന്റെ സ്നേഹസൗഹൃദങ്ങളാണ് നോവലിസ്റ്റ് അതുകൊണ്ട് പ്രോജ്ജ്വലിപ്പിച്ചിരിക്കുന്നത്. 'മതങ്ങളുടെ മൈത്രിയാണ് വേണ്ടത്. മതേതരത്വമല്ല. എല്ലാ മതങ്ങളുടെയും ഉത്കൃഷ്ടവശം നമ്മള്‍ കാണണം.' നോവലിനകത്ത് മുഴങ്ങിക്കേള്‍ക്കുന്ന മഹാകവിയുടെ വാക്കുകളാണിവ. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അങ്ങ് തിരുവിതാംകൂറിലേക്ക് പോകുന്നതാണ് നല്ലതെന്ന തെക്കരുടെ നിര്‍ദ്ദേശത്തോട് വള്ളത്തോള്‍ നടത്തിയ രൂക്ഷമായ പ്രതികരണംകൂടി ഇനി നമുക്കു ശ്രദ്ധിക്കാം.'കഷ്ടം. അവര്‍ക്കെന്തറിയാം. വീട്ടില്‍ കണ്ണുതുറന്നാല്‍ ആദ്യം കാണുന്നത് പാടത്തിന്റെ അപ്പുറത്തുള്ള ഹൈദ്രോസിന്റെ വീടാണ്. അതിന്റെ തൊട്ടടുത്ത വീട്ടിലെ സെയ്താലിയാണ് മാസംതോറും ക്ഷൗരം ചെയ്തുതരുന്നത്. അവറാന്‍കുട്ടിയാണ് കൂട്ടായിയില്‍നിന്ന് മീന്‍ കൊണ്ടുവരുന്നത്. ഹംസക്കുട്ടിയും കബീറും കുട്ടിക്കാലം തൊട്ടേ ചങ്ങാതിമാരാണ്. ഞങ്ങളുടെയൊക്കെ ചോര ഒന്നാണ്. അങ്ങനെയുള്ള അവരുടെ കത്തികൊണ്ട് കൊല്ലപ്പെടാനാണ് യോഗമെങ്കില്‍ സന്തോഷത്തോടെ ഏറ്റുവാങ്ങിക്കൊള്ളാം. മലബാറില്‍ ഹിന്ദുമുസ്ലിം കലാപം നടക്കുകയാണത്രേ! നല്ല കഥയായി... അതും ഞങ്ങള്‍ സഹോദരന്മാര്‍ തമ്മില്‍.'

'നൂറുശതമാനം ഞാനൊരാര്യകൂറും കുടുമയുമുള്ള ഹിന്ദു, മാപ്പിളേ നീയെന്‍ അലവിയെങ്കില്‍ തോളില്‍ കൈയിട്ടു നടന്നുകൊള്ളൂ...' എന്നു പാടിയത് ഇടശ്ശേരിയാണെങ്കിലും ആ ഭാവാങ്കുരം ആദ്യമുണ്ടായത് വള്ളത്തോളിലാണെന്ന് ഇപ്പോള്‍ മനസ്സിലാക്കാം. അദ്ദേഹത്തിന്റെ മതസഹിതമായ മതേതരത്വത്തിന്റെ പന്ഥാവിലൂടെ പിന്നെ എത്ര മഹാരഥന്മാര്‍ കടന്നുപോയി. ഉറൂബ്, എം. ഗോവിന്ദന്‍, എം.ടി. വാസുദേവന്‍ നായര്‍, സി. രാധാകൃഷ്ണന്‍... അവസാനം എന്നില്‍നിന്നും സൂഫി പറഞ്ഞ കഥയും ജീവിതത്തിന്റെ പുസ്തകവും ദൈവത്തിന്റെ പുസ്തകവുമെല്ലാം സൃഷ്ടിച്ചെടുത്തത് മഹാകവിയില്‍നിന്നു ലഭിച്ച രക്തപ്പശിമതന്നെയാണ്. നായരായതുകൊണ്ട് ലഭിച്ച പൈതൃകസ്വത്തല്ല അത്. മുസ്ലിം സമുദായത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്ന സണ്ണി കപിക്കാടില്‍ക്കൂടി അക്കാര്യത്തില്‍ വള്ളത്തോളിന്റെ ചോരതന്നെയാണ് ഒഴുകുന്നതെന്ന് തിരിച്ചറിയണം. 'അയിത്തംപോലും! പുലയരെ തീണ്ടിയാല്‍ കുളിക്കണം. അങ്ങനെയാണെങ്കില്‍ അവരെ സൃഷ്ടിച്ച ഈശ്വരന്‍ എത്ര കുളിക്കണം.' 'കീരിയത്തിലെ നായര്‍, ഇല്ലത്ത് നായര്‍, പദമംഗലത്ത് നായര്‍, വിളക്കിത്തല നായര്‍, ഓരോരോ അസംബന്ധങ്ങള്...' 'എല്ലാവരും ആഹാരം കഴിക്കുന്നത് വായില്‍ക്കൂടിയല്ലേ. പൃഷ്ഠത്തില്‍ക്കൂടിയല്ലല്ലോ.' 'സാഹിത്യം നായര്‍ക്കോ മുസല്‍മാനോ തിയ്യനോ ക്രിസ്ത്യാനിക്കോ ഉള്ളതല്ല, എല്ലാവര്‍ക്കുമുള്ളതാണ്.'

നിര്‍ന്നിമേഷമായ് നില്‍ക്ക എന്ന നോവലില്‍ അനില്‍ വള്ളത്തോള്‍ വജ്രശോഭയോടെ വരച്ചുവെച്ച വള്ളത്തോളിന്റെ വാക്കുകളാണിവ. ഇങ്ങനെയൊരു ഭേദമുക്തനായ മഹാകവിയെയല്ലാതെ ആരെയാണ് പിന്നാക്കക്കാരും ദളിതരും തങ്ങളുടെ ബന്ധുവായി വാഴിക്കേണ്ടത്? പക്ഷേ, കുബുദ്ധികള്‍ മെനഞ്ഞുണ്ടാക്കിയ വള്ളത്തോളും കുമാരനാശാനും ബദ്ധശത്രുക്കളായിരുന്നെന്ന കെട്ടുകഥയാണ് ചാര്‍ച്ചയ്ക്ക് സമ്മതിക്കാത്തതെന്ന് മനസ്സിലാക്കുക. ആ ചതിചരിതത്തില്‍നിന്ന് നമ്മെ മുക്തരാക്കാനുള്ള വെളിച്ചങ്ങളും നോവല്‍ പ്രദാനം ചെയ്യുന്നുണ്ട്. താന്‍ തിരസ്‌കരിച്ച വെയില്‍സ് രാജകുമാരന്റെ പട്ടും വളയും കുമാരനാശാന്‍ സ്വീകരിച്ചതിനെ വള്ളത്തോള്‍ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. അവര്‍ണ്ണനും പട്ടും വളയും സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് ജാതിക്കോമരങ്ങളെ അറിയിക്കുക എന്ന പ്രതിഷേധപ്രകടനത്തെ മഹാകവി സര്‍വ്വാത്മനാ അംഗീകരിച്ചിരിക്കയാണ്.

സ്വാഭാവികമായും രണ്ടു മഹാപ്രതിഭകള്‍ക്ക് വ്യതിരിക്തമായ ദര്‍ശനങ്ങളും പ്രവര്‍ത്തനരീതികളും ഉണ്ടായിരിക്കും. മനുഷ്യനിര്‍മ്മിതിയുടെ വൈവിദ്ധ്യസൗന്ദര്യത്തെയാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. കുമാരനാശാന്‍ ഏറിയകൂറും ദുഃഖഗായകനായിരുന്നെങ്കില്‍ ജീവിതത്തിന്റെ പ്രസന്നവശങ്ങള്‍ ആവിഷ്‌കരിക്കാന്‍ മറുവശത്ത് വള്ളത്തോള്‍ ഉണ്ടാകുക എന്നത് പ്രകൃതിയുടെ ആവശ്യമാണ്. അതു മനസ്സിലാക്കാതെ ആരെങ്കിലും കൊസ്രാക്കൊള്ളി പറയാന്‍ പോയാല്‍ ദുഃഖാലാപനത്തിന്റെ പേരില്‍ മഹാകവിപ്പട്ടം തനിക്കു വേണ്ടെന്ന് നാരായണമേനോന്‍ തിരിച്ചടിച്ചെന്നുവരും.

മഹാത്മാക്കള്‍ തമ്മിലെ അഭിപ്രായഭേദങ്ങള്‍ സത്യത്തിന്റെ സമഗ്രാവിഷ്‌കാരത്തിന് അനിവാര്യവുമാണ്. ഇതിനെ മഹാപരാധമാക്കുന്നതില്‍ വ്യത്യസ്തതകളെ ശത്രുതകളാക്കിയേ അടങ്ങൂ എന്ന മുഖ്യധാരാ പാശ്ചാത്യ ആധുനികതയുടെ വൈപരീത്യദര്‍ശനപ്രവണതയുണ്ട്. ഗാന്ധിയെയും അംബേദ്ക്കറെയും കാള്‍ മാര്‍ക്സിനെയും കുറേക്കാലമായല്ലോ ഈ വൈപരീത്യദര്‍ശനത്തിന്റെ ബുദ്ധിജീവികള്‍ തങ്ങള്‍ വരച്ച കള്ളികളിലിട്ട് തുള്ളിക്കാന്‍ തുടങ്ങിയിട്ട്. ആ കള്ളികള്‍ പൊളിക്കാന്‍ സമയം അതിക്രമിച്ചിട്ടുണ്ട്. കെട്ടകാലത്തിന്റെ അതിജീവനത്തിനായി ഗാന്ധിയെയും അംബേദ്ക്കറെയും കാള്‍ മാര്‍ക്സിനെയും പല വിധത്തില്‍ നമുക്ക് ആശ്രയിക്കാനുള്ളപോലെ വള്ളത്തോളിനെയും ആശാനെയും ഒന്നിച്ച് സ്വീകരിക്കേണ്ടതുണ്ട്. ആ സന്മനസ്സ് സൃഷ്ടിക്കാന്‍ വേണ്ടിക്കൂടിയാണ് മഹാകവിയുടെ പേരമരുമകന്‍ നോവലെഴുതിയിരിക്കുന്നത്. കവിയും പണ്ഡിതനുമായ അനില്‍ വള്ളത്തോള്‍ മാതുലനെ അധികരിച്ച് നോവല്‍രചനയിലാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ആശങ്ക തോന്നുകയും അവതാരിക എഴുതണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ആശങ്ക ആധിയായി മാറുകയും ചെയ്തിരുന്നു. കാരണം, നോവല്‍ കവിതപോലെയല്ല. ഭാവമെന്ന ആത്മാവിന് ആഖ്യാനത്തിലൂടെ കൈയും കാലും മുഖവും മാറിടവും നിതംബവുമെല്ലാം വളര്‍ന്നുവരേണ്ടതുണ്ട്. എന്നാലെ അവളെ ആര്‍ക്കും സ്നേഹിക്കാനാകൂ. 

വള്ളത്തോളിന്റെ ആത്മാവിനെ ആവാഹിക്കുന്ന നോവലിന് സുഭഗമായൊരു ശരീരംകൂടിയുണ്ടാവുകയില്ലേ എന്നതായിരുന്നു എന്റെ പേടി. എന്നാല്‍ സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയപ്പോള്‍ ആശങ്കയും ആധിയും അദ്ഭുതമായി പരിണമിച്ചു. മഹാകവിയുടെ ആത്മതേജസ്സിനൊപ്പം ആകാരസൗഷ്ഠവവും ഒത്തിണങ്ങിയ ഒരു കൃതിയതാ മുന്നില്‍ നില്‍ക്കുന്നു. മലയാളത്തില്‍ മുമ്പുണ്ടായ ആഖ്യാനതന്ത്രങ്ങള്‍ സംയോജിപ്പിച്ചതാണ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ വിജയരഹസ്യമെന്ന് പറയാറുണ്ട്. അതേപോലെ ഉത്തമപുരുഷാഖ്യാനവും പ്രഥമപുരുഷാഖ്യാനവും മദ്ധ്യമപുരുഷാഖ്യാനവുമെല്ലാം കഥകളിയില്‍ മുദ്രകളെന്നപോലെയാണ് അനില്‍ വള്ളത്തോളിന്റെ രചനയില്‍ സംലയിച്ചു നില്‍ക്കുന്നത്. കഥ കേള്‍ക്കുന്നതിനോടൊപ്പം കാണാനും മണക്കാനും രുചിക്കാനും സ്പര്‍ശിക്കാനും വായനക്കാര്‍ക്ക് സാധിക്കുന്നു. കുലംമുടിച്ചിലിന്റെ മുന്നില്‍പ്പോലും മനുഷ്യലോകം പോരടിച്ച് ശിഥിലമാകുന്ന അവസ്ഥയില്‍ വ്യത്യസ്ത വ്യക്തികളെയും വികാരങ്ങളെയും ആശയങ്ങളെയും സൗന്ദര്യസങ്കല്‍പ്പങ്ങളെയും മതബോധങ്ങളെയും സഹിതമാക്കുന്ന, അല്ലെങ്കില്‍ കൂട്ടിയിണക്കുന്ന ലാവണ്യദൗത്യം ഏറ്റെടുക്കുന്നു എന്നതാണ് അനില്‍ വള്ളത്തോളിന്റെ നോവലിനെ എല്ലാറ്റിലുമുപരി നിസ്തുലമാക്കുന്നത്. ഈ മനോഹരമായ കൃതി വായനക്കാരെ എത്തേണ്ടതാമിടത്തേക്കുതന്നെ എത്തിക്കും.