വിന്റേജ് ക്ലാസിക് കാറുകൾ മുതൽ നിരത്തുകളിൽ പറപറക്കുന്ന സ്‌പോർട്‌സ് കാറുകൾ വരെയുള്ള വാഹന ശേഖരമാണ് ഇന്ത്യയിലെ മുൻനിര വ്യവസായിയായ യോഹാൻ പൂനവാല. റോൾസ് റോയിസിന്റെ വാഹനങ്ങളുടെ മാത്രം പ്രത്യേക ശേഖരമുള്ള അദ്ദേഹം ഒരിക്കൽ കൂടി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ കാർ റാലിയിലൂടെയാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.

To advertise here,

1962 മോഡൽ റോൾസ് റോയിസ് മുതൽ ഏറ്റവും ലേറ്റസ്റ്റ് ഫെരാരി സൂപ്പർ കാറുകൾ വരെ അണിനിരന്നിരുന്ന കാർ റാലിയായിരുന്നെങ്കിലും ഇതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് യോഹാൻ പൂനവാല ഓടിച്ചിരുന്ന വിന്റേജ് റോൾസ് റോയിസായിരുന്നു. 1979 മോഡൽ റോൾസ് റോയിസ് ഫാന്റം VII ആയിരുന്നു അദ്ദേഹം ഓടിച്ചിരുന്നത്. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന എലിസബത്ത് II-ന്റെ പക്കൽ നിന്നും യോഹാൻ പൂനവാല സ്വന്തമാക്കിയതാണ് ഈ റോൾസ് റോയിസ് ക്ലാസിഡ് മോഡൽ എന്നാണ് റിപ്പോർട്ട്.

ബ്രിട്ടീസ് രാജ്ഞിയുടെ പക്കൽ നിന്നും സ്വന്തമാക്കിയ ഈ റോൾസ് റോയിസിന് പുറമെ, ഖത്തർ മുൻ ഭരണാധികാരിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫാന്റെ V മോഡലും റാലിയിൽ എത്തിച്ചിരുന്നു. യോഹാൻ പൂനവാലയുടെ വാഹനശേഖരത്തിലെ ഏറ്റവും വില കൂടിയ റോൾസ് റോയിസ് വാഹനമായ ഫാന്റം VIII ഇഡബ്ല്യുബിയും റാലിക്കിറങ്ങിയ വാഹനങ്ങളിലെ താരമായിരുന്നു. 22 കോടി രൂപ മുടക്കിയാണ് യോഹാൻ പൂനവാല ഈ അത്യാഡംബര സെഡാൻ സ്വന്തമാക്കിയതെന്നാണ് വിവരം.

പൂനവാലയുടെ വാഹന നിരയിലെ വിന്റേജ്, മോഡേൺ കാറുകൾ അണിനിരന്ന റിപ്പബ്ലിക്ക് ദിന കാർ റാലിയെ ആകർഷകമാക്കിയ മറ്റൊരു ഘടനം ഫെരാരി ഉൾപ്പെടെയുള്ള സൂപ്പർ കാറുകളായിരുന്നു. ലോകത്തിൽ 1100 യൂണിറ്റ് മാത്രം നിർമിച്ച ഫെരാരി 488 പിസ്റ്റയായിരുന്നു ഇതിലൊന്ന്. 499 യൂണിറ്റുകൾ മാത്രം പുറത്തിറങ്ങിയിട്ടുള്ള ഫെരാരിയുടെ അത്യപൂർവ്വം മോഡലുകളിൽ ഒന്നായ 458 സ്‌പെഷ്യാലെ അപെർട്ടയും അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലെ ഹൈലൈറ്റാണ്.

കരുത്തുറ്റ വി12 എൻജിൻ കരുത്തേകുന്ന ഫെരാരിയുടെ എഫ് 12 ബെർലിനെറ്റ, മെഴ്‌സിഡീസ് ബെൻസ് എസ്എൽഎസ് എഎംജി, ഫെരാരി പോർടോഫിനോ എം കൺവെർട്ടബിൾ, ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയ കരുത്തൻ മോഡലുകളും റിപ്പബ്ലിക്ക് ദിന കാർ റാലിക്കായി അദ്ദേഹം പുറത്തിറക്കി. 1928-ലേയും 1933-ലേയും ഫാന്റം തുടങ്ങിയ വിന്റേജ് മോഡലുകളും ബെന്റ്‌ലി ബെന്റയ്ഗ, മെയ്ബ 680, ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങിയ വാഹനങ്ങളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.