മംഗളൂരു: ബസിലെ സൈഡ് പാനലിൽ അധോലോക കുറ്റവാളിയുടെ പേര് പതിപ്പിച്ചതിന് ടൂറിസ്റ്റ് ബസ് കസ്റ്റഡിയിൽ എടുത്ത് പോലീസ്. ദാവൂദ്, റൈസ് ഓഫ് എ ഡോൺ എന്ന സ്റ്റിക്കർ പതിപ്പിച്ച കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസാണ് ചിക്കമഗളൂരുവിൽ വെച്ച് കർണാടക പോലീസ് കസ്റ്റഡിയിൽ എടുത്തത്.

To advertise here,

ബസിന്റെ വശങ്ങളിലെ ഈ പേര് അധോലോക കുറ്റവാളിയായ ദാവൂദിനെ പ്രകീർത്തിക്കുന്നതാണെന്ന് ആരോപിച്ച് ചിക്കമഗളൂരു മേഖലയിലെ ഹിന്ദുത്വ സംഘടന നേതാക്കളും പ്രവർത്തകരും ബസ് തടഞ്ഞിരുന്നു. ഇതേതുടർന്ന് ബസിലെ ജീവനക്കാരും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസ് എത്തി ബസ് കസ്റ്റഡിയിൽ എടുത്തത്.

കേരളത്തിൽ നിന്നുള്ള കോളേജ് വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസാണ് കർണാടകയിൽ തടഞ്ഞത്. ബസിൽ ദാവൂദ് റൈസ് ഓഫ് എ ഡോൺ, എംപറർ സ്‌ട്രൈക്ക്‌സ് എഗെയ്ൻ തുടങ്ങിയ വാക്കുകൾ എഴുതിയതാണ് സംഘടനാ പ്രവർത്തകരെ ചൊടിപ്പിച്ചത്. ചിക്കമഗളൂരു നഗരത്തിലെ ബോളരാമേശ്വര ക്ഷേത്രത്തിന് സമീപം ബസ് എത്തിയപ്പോൾ പ്രവർത്തകർ എഴുത്തുകൾ ശ്രദ്ധിക്കുകയും വാഹനം തടഞ്ഞിടുകയും ചെയ്തു.

ആറ് മാസങ്ങൾക്ക് മുമ്പും സമാനമായ സംഭവം ഈ മേഖലയിൽ ഉണ്ടായിട്ടുണ്ടെന്നാണ് കർണാടകയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതേ പേരിൽ തമിഴ്‌നാട്ടിൽ നിന്നെത്തിയ ബസ് ഇവിടെ തടഞ്ഞിരുന്നു. അതിനുശേഷമാണ് കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് ബസിലും സമാനമായ സ്റ്റിക്കറുകൾ ശ്രദ്ധിക്കപ്പെടുന്നത്. കുറ്റവാളികളെ മഹത്വവത്കരിക്കുന്ന നീക്കമാണിതെന്നാണ് വാഹനം തടഞ്ഞ പ്രവർത്തകരുടെ ആരോപണം.