കൊച്ചി: രാജ്യത്തെ റീട്ടെയിൽ വാഹനവിപണി പിന്നോട്ടുപോയപ്പോഴും വൈദ്യുത വാഹന (ഇ.വി.) വിപണിയിൽ നേട്ടം. 2026 ഒക്ടോബറിൽ ഇ.വി. വിൽപ്പന എക്കാലത്തെയും ഉയർന്ന നിരക്കായ 3.55 ലക്ഷം യൂണിറ്റിലെത്തി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (ഫാഡ) പുറത്തുവിട്ട കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 44.88 ശതമാനമാണ് വർധന.

To advertise here,

അതേസമയം, 2026 ഒക്ടോബറിൽ വിറ്റുപോയ വാഹനങ്ങളുടെ എണ്ണത്തിൽ മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 23.8 ശതമാനം കുറഞ്ഞു. 2026 ഒക്ടോബറിൽ 31,72,466 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. മുൻവർഷമിത് 41,63,555 ആയിരുന്നു. എന്നാൽ, 2026 സെപ്റ്റംബറിനെ അപേക്ഷിച്ച് വിൽപ്പനയിൽ 25.05 ശതമാനം വർധനയുണ്ടായി. മൊത്തം വാഹന വിൽപ്പനയിൽ ഇ.വി.കളുടെ പങ്ക് ആറ് ശതമാനത്തിൽനിന്ന് 11.5 ശതമാനമായി ഉയർന്നിട്ടുണ്ട്.

ഇരുചക്ര വാഹന വിൽപ്പന 28.35 ശതമാനവും പാസഞ്ചർ വാഹന വിൽപ്പന 14.23 ശതമാനവും കുറഞ്ഞു. അതേസമയം, വാണിജ്യ വാഹനങ്ങൾ 2.29 ശതമാനം, മുച്ചക്ര വാഹനങ്ങൾ 3.97 ശതമാനം, ട്രാക്ടറുകൾ 3.10 ശതമാനം എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി.

നവരാത്രിയും ദീപാവലിയും ഒക്ടോബറിൽ ഒരുമിച്ചെത്തിയതും ജി.എസ്.ടി. നിരക്കിളവും മൂലം കഴിഞ്ഞ വർഷം വിൽപ്പന കുതിച്ചിരുന്നു. അതിനോട് ഒത്തുപോകുന്ന രീതിയിലുള്ള ആവശ്യകത ഇത്തവണ വാഹനവിപണിയിൽ ഉണ്ടായില്ല. നവംബറിൽ ധൻതേരസും ദീപാവലിയും വരുന്നതിനാൽ വാഹന വിപണിയിൽ കൂടുതൽ ഉണർവുണ്ടാകുമെന്നാണ് ഡീലർമാരുടെ പ്രതീക്ഷ.