ഇന്ന് നമുക്ക് ഒരു കാര്‍ വാങ്ങാന്‍ എത്ര രൂപ ചെലവ് വരും. ഏറ്റവും കുറഞ്ഞത് നാലുലക്ഷം രൂപയില്ലാതെ ഒരു പുതിയ കാര്‍ സ്വന്തമാക്കാന്‍ സാധിക്കില്ല. എന്നാല്‍, വെറും 3600 രൂപയ്ക്ക് കാര്‍ വാങ്ങിയിരുന്ന ഒരു കാലത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ...? അങ്ങനെയും ഒരുകാലമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു പരസ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. 3600 രൂപയ്ക്ക് ഫൈവ് സീറ്റര്‍ കാര്‍ ലഭിക്കുമെന്ന് കാണിക്കുന്ന പത്രപരസ്യമാണ് ചിത്രത്തിന്റെ ഉളടക്കം. 

To advertise here,

ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ ഷെവര്‍ലെ എന്ന കമ്പനിയുടെ പരസ്യമാണ് പത്രത്തില്‍ കാണുന്നത്. 3600 രൂപയ്ക്ക് അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഷെവര്‍ലെ കാറിന്റേതാണ് പരസ്യം. പുതിയ 1936 ഷെവര്‍ലെ ഫൈവ് സീറ്റര്‍ സലൂണ്‍ വില 3675 രൂപ എന്നാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. കല്‍ക്കട്ട, ഡല്‍ഹി, ലക്‌നോ തുടങ്ങിയ സ്ഥലങ്ങളില്‍ ഡീലര്‍ഷിപ്പുണ്ടായിരുന്ന അലെന്‍ ബെറി ആന്‍ഡ് കമ്പനിയാണ് പരസ്യം നല്‍കിയതെന്നും ചിത്രം ചൂണ്ടിക്കാട്ടുന്നു. 

മറ്റൊരു ഷെവര്‍ലെ മോട്ടോര്‍ കാറിന്റെ പരസ്യത്തിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. ഇതില്‍ 2700 രൂപയാണ് കാറിന്റെ വിലയായി നല്‍കിയിരിക്കുന്നത്. കാറുകള്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രാപ്യമല്ലാതിരുന്നതും വാഹനങ്ങള്‍ യാത്രയ്ക്ക് ഉപയോഗിക്കുന്നതിനെക്കാള്‍ ഉപരി സ്റ്റാറ്റസിന്റെ പ്രതീകമായിരുന്ന കാലത്താണ് ഇത്തരത്തിലൊരു പരസ്യം വരുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, ആ കാലഘട്ടത്തിലെ 3675 രൂപയെന്നത് ഇന്നത്തെ ലക്ഷ്യങ്ങള്‍ വില മതിക്കുന്നതുമായിരുന്നു. 

ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് പണത്തിന്റെ മൂല്യത്തില്‍ വന്നിട്ടുള്ള മാറ്റമാണ് കൂടുതല്‍ ആളുകളും ചിത്രത്തിന്റെ കമന്റായി പങ്കുവയ്ക്കുന്നത്. ഇത് ആ കാലഘട്ടത്തില്‍ ഒരു ചെറിയ തുക ആയിരുന്നില്ലെന്നും ഇന്നത്തെ രൂപയുടെ മൂല്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ ലക്ഷങ്ങള്‍ക്ക് സമമാണെന്നുമെല്ലാം കമന്റുകള്‍ നിറയുന്നുണ്ട്. ഇത് നോക്കുമ്പോള്‍ ഞാന്‍ സമ്പന്നനാണ്. പക്ഷെ, ജനിച്ച നൂറ്റാണ്ട് മാറിപോയി എന്ന രസകരമായ കമന്റുകളും ഈ ചിത്രത്തിന് താഴെ നിറയുന്നുണ്ട്.

Image Source