തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ പൂർണമായും ചോർന്നതിന് പിന്നാലെ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം. സർക്കാർ ഏജൻസികൾക്കും കേന്ദ്രസർക്കാർ അംഗീകരിച്ച സ്ഥാപനങ്ങൾക്കും മാത്രമായി ഡേറ്റാ കൈമാറ്റം നിജപ്പെടുത്തി. കർശനവ്യവസ്ഥകളാണ് ഏർപ്പെടുത്തിയത്. അംഗീകൃത സ്ഥാപനങ്ങൾ, ഡേറ്റ സ്വീകരിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ നിയോഗിക്കണം. ഇവയെ നിയോഗിച്ചതിന്റെ അനുമതിപത്രവും നിർബന്ധം.

To advertise here,

വിവരച്ചോർച്ചയുടെ ദുരിതം അനുഭവിക്കുന്നത് വാഹന ഉടമകളാണ്. വാഹനങ്ങൾക്ക് പിഴ ചുമത്തിയെന്ന വ്യാജ സന്ദേശം അയച്ച് പണം തട്ടിയെടുക്കുന്നതിന് സൈബർകുറ്റവാളി സംഘം ഉപയോഗിക്കുന്നത് ചോർന്നുകിട്ടിയ വിവരമാണ്.

വാഹന രജിസ്ട്രേഷൻ സോഫ്റ്റ്വേറായ 'വാഹൻ', ഡ്രൈവിങ് ലൈസൻസ് വിതരണം ചെയ്യുന്ന 'സാരഥി', ഗതാഗത നിയമലംഘനം കൈകാര്യംചെയ്യുന്ന 'ഇ ചെല്ലാൻ', അപകടവിവരം ശേഖരിക്കുന്ന 'ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാ ബേസ്', ടോൾ പിരിക്കുന്നതിനുള്ള ഫാസ്റ്റാഗ് എന്നിവയുടെ വിവരമാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിൽനിന്ന് ചോർന്നത്.

പോലീസ്, മോട്ടോർവാഹനവകുപ്പ്, ഗതാഗത ആസൂത്രണത്തിനുള്ള ദേശീയ സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, എന്നിവയ്ക്ക് പുറമേ അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമാതാക്കൾ ഉൾപ്പെടെയുള്ള സ്വകാര്യ ഏജൻസികൾക്കും വാഹൻ സെർവറിലെ വിവരം നൽകേണ്ടതുണ്ട്.

ഡേറ്റാ കൈമാറ്റത്തിന് വ്യവസ്ഥവെച്ചിട്ടുണ്ടെങ്കിലും ഇത്തരം സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വിവരം ചോരുന്നത് തടയാൻ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. എന്നാൽ, സോഫ്റ്റ്വേർ ഘടന സുരക്ഷിതമാണെന്നും പരിമിതമായ വിവരംമാത്രമാണ് ഇത്തരം സ്ഥാപനങ്ങളുമായി പങ്കുവെക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.