കൊച്ചി: മദ്യപിച്ചു വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളിൽ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ഉടൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. ലൈസൻസുടമയെ കേട്ട് ഉടൻ നടപടിവേണമെന്നാണ് കോടതിനിർദേശം.

To advertise here,

വേഗപരിധി ലംഘിക്കുക, ചുവന്ന സിഗ്‌നൽ ലംഘിക്കുക, അധികഭാരം കയറ്റുക, മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്കാണ് ലൈസൻസ് മൂന്നുമാസത്തേക്കെങ്കിലും സസ്‌പെൻഡ് ചെയ്യാൻ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ സമിതി നിർദേശിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഒക്ടോബർ അഞ്ചിന് കുന്നംകുളം-ചൂണ്ടൽ റോഡിൽ മദ്യലഹരിയിൽ കാറോടിച്ച് ബൈക്ക് യാത്രക്കാരനായ ലെനിന്റെ മരണത്തിനിടയാക്കിയെന്ന കേസിൽ പ്രതി കണിപ്പയ്യൂർ സ്വദേശി കെ.എ. ഗീവർഗീസ് നൽകിയ ജാമ്യാപേക്ഷയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദേശം. അന്വേഷണം ഏറക്കുറെ പൂർത്തിയായതും മുൻ ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ച് പ്രതിക്ക് ജാമ്യം അനുവദിച്ചു.