പുകപരിശോധനയ്ക്കുള്ള സോഫ്റ്റ്വേയര്‍ ആപ്ലിക്കേഷന്‍ പുതുക്കിയപ്പോള്‍ സാങ്കേതികപ്രശ്‌നങ്ങളേറെ. മൂന്നുദിവസമായി വാഹനങ്ങളേറെയും പരിശോധന നടത്താനാകാതെ മടങ്ങുകയാണ്. പരിശോധിച്ച് സാക്ഷ്യപത്രം നല്‍കാനുള്ള പൊലൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ ആപ്ലിക്കേഷന്‍ തിങ്കളാഴ്ച വൈകിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയത്.

To advertise here,

വാഹന ഉടമയുടെ ആധാര്‍ നമ്പറും ആര്‍സി ബുക്കും മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് പുതുക്കിയ സോഫ്റ്റ്വേയറിലുള്ളത്. ആര്‍സി ബുക്കിലെയും ആധാറിലെയും പേരുകളില്‍ നേരിയ വ്യത്യാസമുള്ളവരാണ് പരിശോധിക്കാനാകാതെ മടങ്ങിയവരില്‍ ചിലര്‍.

രണ്ടു രേഖകളിലും പേര് സമാനമാകുകയും സോഫ്റ്റ്വേയറില്‍ പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കി അതത് പുകപരിശോധനാ കേന്ദ്രത്തില്‍നിന്നുതന്നെ ലിങ്ക് ചെയ്യുന്ന നടപടിക്രമം പൂര്‍ത്തീകരിച്ചുനല്‍കുന്നുണ്ട്. എന്നാല്‍ മിക്ക വാഹന ഉടമകളുടെയും ഇരു രേഖകളിലെയും വിവരങ്ങള്‍ നല്‍കുമ്പോള്‍ പൊരുത്തപ്പെടുന്നില്ലെന്ന അറിയിപ്പ് വരുന്നു.

മൊബൈല്‍ ഫോണില്‍ ഒടിപി വരുന്നതാണ് മറ്റൊരു രീതി. പല വാഹനങ്ങളുടെയും ഉടമകള്‍ വിദേശത്താണ്. അവരുടെ നമ്പറിലേക്ക് ഒടിപി പോകുന്നില്ല. പുക പരിശോധിക്കാനെത്തിയ ചില സ്‌കൂള്‍ വാഹനങ്ങള്‍ക്കും തടസ്സം നേരിട്ടു. സ്‌കൂള്‍ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അന്നത്തെ പ്രിന്‍സിപ്പലിന്റെയോ പ്രഥമാധ്യാപകന്റേയോ മറ്റേതെങ്കിലും അധ്യാപകന്റേയോ ഫോണ്‍ നമ്പര്‍ ആയിരിക്കും ആര്‍സി ബുക്കില്‍ നല്‍കിയത്. അവര്‍ ഇപ്പോള്‍ സ്‌കൂളില്‍ ഉണ്ടാകണമെന്നില്ല. അവരുടെ ഫോണ്‍ നമ്പറില്‍ വിളിച്ചാലും കിട്ടില്ല.

ഫോണ്‍നമ്പര്‍ പൊരുത്തപ്പെടാത്തവര്‍ക്ക് അതും, പേരുകളില്‍ വ്യത്യാസമുണ്ടെങ്കില്‍ അതും മോട്ടോര്‍വാഹന കാര്യാലയത്തില്‍ അപേക്ഷ നല്‍കി തിരുത്തിവന്നാലേ ഇനി പുകപരിശോധന സാക്ഷ്യപത്രം കിട്ടുകയുള്ളൂ.

ടാക്‌സിവാഹനങ്ങള്‍ പെട്ടു

പുകപരിശോധന സാക്ഷ്യപത്രം ലഭിക്കുന്നതിനുള്ള സോഫ്റ്റ് വേയര്‍ ടാക്‌സി വാഹനങ്ങളെയാണ് കൂടുതല്‍ കുരുക്കിയത്. ടാക്‌സി വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ലഭിക്കണമെങ്കില്‍ പുകപരിശോധന സാക്ഷ്യപത്രം കൂടിയേ തീരൂ. ഫിറ്റ്നസ് കാലാവധി കഴിയാറായ നിരവധി ടാക്‌സികള്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സാക്ഷ്യപത്രം കിട്ടാതെ മടങ്ങി. അത്തരം വാഹനങ്ങള്‍ക്ക് അടുത്ത ദിവസം നിരത്തിലിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്.