വാഹനങ്ങളുടെ മലിനീകരണം വിലയിരുത്തുക ഇനി പുക പരിശോധനയിലൂടെ മാത്രമാകില്ല. ബി.എസ്-VII മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ രാജ്യത്ത് നടപ്പിലാക്കപ്പെടുന്നതോടെ വാഹനത്തിന്റെ ബ്രേക്കുകൾ, ടയർ എന്നിവയടക്കം ഉണ്ടാക്കുന്ന മലിനീകരണവും കർശനമായി വിലയിരുത്തപ്പെടും.

To advertise here,

2029 ഏപ്രിൽ മുതൽ ബി.എസ്-VII മാനദണ്ഡങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കാൻ നിർദ്ദേശിച്ചുകൊണ്ട് റോഡ് ഗതാഗത - ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുണ്ടാക്കുന്ന മലിനീകരണവും വിലയിരുത്തും!

രാജ്യത്തെ വാഹന മലിനീകരണ നിയന്ത്രണ നീക്കങ്ങളുടെ പരിധി ഗണ്യമായി വർദ്ധിപ്പിക്കുന്നതാവും പുതിയ വ്യവസ്ഥകൾ. ഇതുവരെയുള്ള ഭാരത് സ്റ്റേജ് മാനദണ്ഡങ്ങൾ പുക മലിനീകരണത്തിന് മാത്രമാണ് ഊന്നൽ നൽകിയിരുന്നതെങ്കിൽ ബ്രേക്കുകൾ, ടയറുകൾ തുടങ്ങിയ മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള മലിനീകരണവും ബി.എസ്-VII നിയന്ത്രിക്കും.

പുക പുറന്തള്ളാത്ത ഇലക്ട്രിക് വാഹനങ്ങളുടെ ബ്രേക്കിങ്ങിലൂടെ ഉണ്ടാക്കുന്ന മലിനീകരണം, ടയർ തേയ്മാനം, ബാറ്ററിയുടെ ഈടുനിൽപ്പ് എന്നിവ വിലയിരുത്തപ്പെടും. യൂറോപ്പിന്റെ യൂറോ 7 ചട്ടക്കൂടുമായി വലിയ സാമ്യമുള്ളവയാണ് ഇന്ത്യ നടപ്പാക്കാനൊരുങ്ങുന്ന ബി.എസ്-VII മാനദണ്ഡങ്ങൾ.

ബാറ്ററിയുടെ ഈടുനിൽപ്പ് 

രാജ്യത്ത് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനുശേഷം അവയിൽ ഏറ്റവും വലിയ വിപുലീകരണത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ്-ഇൻ ഹൈബ്രിഡുകളുടെയും ബാറ്ററിയുടെ ഈടുനിൽപ്പ് പുതിയ മാനദണ്ഡങ്ങൾ പ്രകാരം വിലയിരുത്തപ്പെടും. 5 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വരെ ബാറ്ററികൾ അവയുടെ യഥാർത്ഥ ശേഷിയുടെ കുറഞ്ഞത് 75 ശതമാനവും, 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വരെ 67 ശതമാനവും നിലനിർത്തണമെന്ന് പുതിയ വ്യവസ്ഥകൾ അനുശാസിക്കുന്നു.

കൃത്രിമം കാണിക്കൽ എളുപ്പമാകില്ല

പുതിയ മാനദണ്ഡങ്ങൾ വരുന്നതോടെ പരിശോധന ശക്തമാകുകയും, ഓൺ-ബോർഡ് മോണിറ്ററിങ് സിസ്റ്റങ്ങളുടെ ഉപയോഗം വ്യാപകമാക്കുകയും ചെയ്യും. വാഹനം ഉപയോഗിക്കുന്ന കാലത്തുടനീളം മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങൾ വരും.

കൃത്രിമം തടയുന്നതിനുള്ള കർശനമായ വ്യവസ്ഥകളും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നടപടികളെല്ലാം പ്രാവർത്തികമാകുന്നതോടെ പുക പുറന്തള്ളുന്നത് നിയന്ത്രിക്കുക എന്നതിൽ നിന്ന് മാറി വാഹനം മൊത്തത്തിൽ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വരാനിരിക്കുന്ന വ്യവസ്ഥകൾ.

ടയറടക്കം പ്രധാനം

ടയർ തേയ്മാനത്തിനിടെ ഉണ്ടാകുന്ന മലിനീകരണംപോലും കർശനമായി നിയന്ത്രിക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് പുതിയ മാനദണ്ഡങ്ങൾ. കാനഡ, യു.എസ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ ടയർ ലെവി സിസ്റ്റങ്ങൾ നടപ്പിലാക്കുന്നുണ്ട്. പുതിയ ടയർ വിൽപ്പനയിൽ ഈടാക്കുന്ന ഈ തുക ഉപയോഗിച്ച ടയറുകളുടെ പുനരുപയോഗത്തിനും പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത സംസ്‌കരണത്തിനും ധനസഹായം നൽകാൻ ഉപയോഗിക്കും.