ഭാരത് സ്റ്റേജ് 6 (ബിഎസ്6) വാഹനങ്ങളിൽ എം1, എം2 വിഭാഗത്തിൽ വരുന്ന മോഡലുകളുടെ മലിനീകരണ പരിശോധന വേൾഡ്‌വൈഡ് ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് പ്രൊസീജ്യർ (ഡബ്ല്യുഎൽടിപി) അടിസ്ഥാനപ്പെടുത്തിയാക്കാൻ തീരുമാനം. 2027 ഏപ്രിൽ ഒന്ന് മുതലായിരിക്കും നിലവിലെ എംഐഡിസി സൈക്കിൾ ഉപയോഗിച്ചുള്ള പരിശോധനകൾ ഡബ്ല്യുഎൽടിപിയിലേക്ക് മാറുന്നതെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

To advertise here,

2025 ഏപ്രിൽ 28-ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തിറക്കിയ കരട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം. ഇതിനായി കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ഭേദഗതിയും വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിലവിലുള്ള ലബോറട്ടറി അധിഷ്ഠിത ടെസ്റ്റ് സൈക്കിളുകളേക്കാൾ റിയൽ വേൾഡ് ഡ്രൈവിങ് രീതികളുമായി കൂടുതൽ ചേർന്ന് നിൽക്കുന്നത് ഡബ്ല്യുഎൽടിപി സൈക്കിൾ രീതിയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിലിൽ ഇന്ത്യയിലെ വാഹനങ്ങളുടെ ഇന്ധനക്ഷമത (മൈലേജ്), മലിനീകരണ തോത് എന്നിവ പരിശോധിക്കുന്നതിനായി ഫിക്‌സഡ് സ്പീഡ്-ഡിസ്റ്റൻസ്-ടൈം മാപ്പ് ആയ മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവിങ് സൈക്കിൾ (എംഐഡിസി) രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. 2018-ലാണ് യൂറോപ്യൻ യൂണിയൻ ഡബ്ല്യുഎൽടിപി സംവിധാനത്തിലേക്ക് മാറുന്നത്. ഇത് അനുസരിച്ച് പരീക്ഷണ സമയത്തും റോഡിലിറങ്ങുമ്പോഴും വാഹനം പുറന്തള്ളുന്ന കാർബൺ എമിഷൻ, നൈട്രജൻ ഓക്‌സൈഡ് എന്നിവയുടെ അളവുകൾ തമ്മിൽ വലിയ അന്തരമില്ലെന്നാണ് റിപ്പോർട്ട്.

അഞ്ച് ടണ്ണിൽ താഴെ ഭാരമുള്ള പാസഞ്ചർ, വാണിജ്യ വാഹനങ്ങളെയാണ് എം1, എം2 വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. ഡ്രൈവർ സീറ്റിന് പുറമെ, പരമാവധി എട്ട് സീറ്റുകളുള്ള കാറുകൾ, എസ്‌യുവികൾ എംപിവികൾ എന്നിവയാണ് എം1 വിഭാഗത്തിൽ വരുന്നത്. ഡ്രൈവർ സീറ്റ് കൂടാതെ എട്ട് സീറ്റിൽ അധികമുള്ള മിനി ബസ്, ടൂറിസ്റ്റ് വാനുകൾ എന്നിവയാണ് എം2 വിഭാഗത്തിൽ വരുന്നത്. രണ്ട് വിഭാഗത്തിലേയും വാഹനങ്ങളുടെ ഭാരം അഞ്ച് ടൺ ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

2020 ഏപ്രിൽ മാസത്തിലാണ് ഇന്ത്യയിലെ വാഹനങ്ങളിൽ ബിഎസ് 6 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിൻ നിർബന്ധമാക്കിയത്. വാഹനങ്ങളിലെ മലിനീകരണ നിലവാരത്തിൽ മാറ്റം വരുത്തുന്നതിനായിരുന്നു ഈ നീക്കം. ഡബ്ല്യുഎൽടിപിടിയിലേക്ക് മാറുന്നതോടെ ബിഎസ് 6 നിലവാരത്തിലേക്കുള്ള മാറ്റം എത്രത്തോളം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നത് കൂടുതൽ തിരിച്ചറിയാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മലിനീകരണ നിയന്ത്രണത്തിനായി വേറെയും പദ്ധതികൾ മന്ത്രാലയം ആലോചിക്കുന്നുണ്ട്.