തൃപ്പൂണിത്തുറ: മത്സരയോട്ടം, അമിതവേഗം എന്നിങ്ങനെ സ്വകാര്യ ബസുകളെക്കുറിച്ചുള്ള പരാതികൾ ഏറിയപ്പോൾ അതിനെ തടയിടാൻ മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർ രംഗത്തിറങ്ങി.തൃപ്പൂണിത്തുറ-പൂത്തോട്ട മേഖലയിൽ സ്വകാര്യ ബസുകൾക്കെതിരേ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രത്യേക പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 46 സ്വകാര്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു.

To advertise here,

80,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. എറണാകുളം ആർ.ടി.ഒ. എൻഫോഴ്‌സ്മെന്റിന്റെ നേതൃത്വത്തിൽ നാല് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ, പൂത്തോട്ട തുടങ്ങിയ പ്രധാന മേഖലകളിൽ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സ്വകാര്യ ബസുകൾ അമിതവേഗത്തിൽ സർവീസ് നടത്തുന്നതായും മറ്റ് ബസുകളുമായി മത്സരയോട്ടം നടത്തുന്നതായുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്.

ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതിഅടയ്ക്കാതെ സർവീസ് നടത്തൽ, സാധുവായ പെർമിറ്റില്ലാതെ സർവീസ് നടത്തൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തുകയുണ്ടായി.

ബസിന്റെ ഡോർ ഷട്ടർ തുറന്നനിലയിൽ സർവീസ് നടത്തുക, മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക, കണ്ടക്ടർ ലൈസൻസില്ലാത്ത ജീവനക്കാരെ ഉപയോഗിക്കുക, ആവശ്യമായ പോലീസ് ക്ലിയറൻസ് ഇല്ലാത്ത ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. വ്യക്തമാക്കി. അമിതവേഗവും മത്സരയോട്ടവും നിയന്ത്രിക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.

സ്വകാര്യ ബസുകളുടെ സർവീസ് സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും നിയമാനുസൃത രേഖകളില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സർവീസ് നടത്തുന്ന ബസുകൾക്കെതിരേ പരിശോധനയും നടപടികളും ഉണ്ടാകുമെന്നും എറണാകുളം എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക് അറിയിച്ചു.