കൊച്ചി: വൈദ്യുത വാഹന (ഇ.വി.) വിപണിയിൽ സമഗ്രമായ മുന്നേറ്റമുണ്ടാക്കാനാകാതെ കേരളം. സ്വകാര്യ ആവശ്യത്തിനായുള്ള ഇ.വി.കളുടെ ഉപയോഗത്തിൽ മാതൃകയായി മുന്നേറുമ്പോഴും ഇതേനിലവാരം ഗതാഗത മേഖലയുടെ പൂർണമായുള്ള ഇ.വി.വത്കരണത്തിലേക്ക് നയിക്കുന്നില്ല. വാണിജ്യാവശ്യത്തിനുള്ള ഇ.വി.കളിൽ മുന്നേറാൻ കഴിയാത്തതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.

To advertise here,

നിതി ആയോഗിന്റെ 'ഇന്ത്യ ഇലക്ട്രിക് മൊബിലിറ്റി ഇൻഡക്‌സ് (ഐ.ഇ.എം.ഐ.) 2025' റിപ്പോർട്ടിലാണ് ഇ.വി. മേഖലയിൽ കേരളത്തിനുള്ള നേട്ടങ്ങളും കോട്ടങ്ങളും വ്യക്തമാകുന്നത്. റിപ്പോർട്ട് പ്രകാരം 2025-ൽ ഇരുചക്രവാഹനങ്ങളും കാറുകളും ഉൾപ്പെടുന്ന വ്യക്തിഗത വാഹനവിഭാഗത്തിൽ 12.3 ശതമാനം സ്വീകാര്യതയുമായി കേരളം ദേശീയതലത്തിൽ ഒന്നാമതാണ്.

സ്വകാര്യവാഹനങ്ങളിൽ ഇ.വി.വത്കരണത്തിൽ നൂറിൽ നൂറുപോയിന്റും നേടിയ കേരളത്തിന് വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളിൽ പക്ഷേ ചുവടുപിഴച്ചു. അവിടെ 30 പോയിന്റുകൾ മാത്രമാണ് സംസ്ഥാനത്തിന് നേടാനായത്. ഒൻപതുശതമാനം മാത്രമാണ് അഡോപ്ഷൻ നിരക്ക്. വാണിജ്യ ഇ.വി.കളിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ ആകർഷകമായ ഇളവുകളില്ല എന്നതാണ് ഇതിന് പ്രധാന കാരണം.

പ്രത്യേക സബ്സിഡികൾ, കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകൾ, ഇൻഷുറൻസ്-പെർമിറ്റ് ഇളവുകൾ എന്നിവയുടെ അഭാവം വാണിജ്യ ഇ.വി.യുടെ ആവശ്യകത കുറയാനുള്ള കാരണങ്ങളായി. ഇക്കാരണങ്ങളാൽ ട്രാൻസ്‌പോർട്ട് ഇലക്ട്രിഫിക്കേഷൻ പുരോഗതിയിൽ 100-ൽ 36 പോയിന്റുമായി 20-ാം സ്ഥാനത്ത് മാത്രമാണ് കേരളം. 77 പോയിന്റുമായി ഡൽഹിയാണ് ഒന്നാമത്. അയൽസംസ്ഥാനങ്ങളായ കർണാടക (55 പോയിന്റുമായി ഏഴാംസ്ഥാനം), തമിഴ്‌നാട് (48 പോയിന്റുമായി 12-ാം സ്ഥാനം) എന്നിവ കേരളത്തിന് മുന്നിലാണ്.

ചാർജിങ് അടിസ്ഥാനസൗകര്യ സജ്ജീകരണത്തിൽ 55 പോയിന്റുകളും (12-ാം സ്ഥാനം) ഗവേഷണ-വികസന മേഖലയിൽ 29 പോയിന്റുമാണ് (24-ാം സ്ഥാനം) കേരളത്തിനുള്ളത്. ഇ-മൊബിലിറ്റിക്കായി സമഗ്രമായ ഇ.വി., ഹരിതോർജനയം സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൂടാതെ സ്വകാര്യ ആവശ്യത്തിന് പുറത്തും ഇ.വി. ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ഇടപെടലുകളും കൂടുതൽ ആനുകൂല്യങ്ങളും ആവശ്യമാണ്.