വരാനിരിക്കുന്ന ബയോൺ (Bayon) എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഉത്സവ സീസണിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനമാണിത്. ഇൻ-ബിൽറ്റ് ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ഫീച്ചറുകളുമായാണ് എസ്‌യുവി എത്തുന്നത്. ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും രാജ്യവ്യാപകമായുള്ള ഡീലർഷിപ്പുകൾ വഴിയും 11,000 രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം.

To advertise here,

വിശദാംശങ്ങൾ

ക്രെറ്റയ്ക്കും വെന്യൂവിനും ഇടയിലായിരിക്കും വിപണിയിൽ ബയോണിന്റെ സ്ഥാനം. ഏകദേശം 4.2 മീറ്റർ നീളമാണ് ഇതിനുള്ളത്. വിശാലമായ ക്യാബിനും ഒതുക്കമുള്ള രൂപകൽപ്പനയുമാണ് വാഹനത്തിന്റെ സവിശേഷതയെന്ന് ഹ്യുണ്ടായ് വ്യക്തമാക്കുന്നു.

ഹ്യുണ്ടായിയുടെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനോടെയാകും ബയോൺ വിപണിയിലെത്തുക. 6-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഇന്റലിജന്റ് വേരിയബിൾ ട്രാൻസ്മിഷൻ (IVT) എന്നിവ ഇതിനൊപ്പമുണ്ടാകും. നാല് സിലണ്ടർ എൻജിൻ 113 എച്ച്പിയും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ക്രെറ്റ പോലുള്ള മോഡലുകളിൽ ഈ എൻജിൻ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്.

ഫാക്ടറി ഫിറ്റഡ് സിഎൻജി വകഭേദവും ഈ വാഹനത്തിൽ ഹ്യുണ്ടായ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഈ വിഭാഗത്തിൽ സിഎൻജി പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന ബ്രാൻഡിന്റെ ആദ്യത്തെ വാഹനമായിരിക്കും ബയോൺ. ടർബോ-പെട്രോൾ ഓപ്ഷനും പിന്നീട് എത്തിയേക്കാം. പവർട്രെയിൻ സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഹ്യുണ്ടായിയുടെ ഗ്ലോബൽ കെ എൻഹാൻസ്ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ബയോൺ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കായി ഫൈവ്-സ്റ്റാർ സുരക്ഷാ നിലവാരം പുലർത്തുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്.

പ്രതീക്ഷിക്കുന്ന വില

വേരിയന്റ്, പവർട്രെയിൻ, ഫീച്ചർ പാക്കേജ് എന്നിവയെ ആശ്രയിച്ച് ഹ്യുണ്ടായ് ബയോണിന് 9 ലക്ഷം രൂപ മുതൽ 17 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം) പ്രതീക്ഷിക്കുന്ന വില.