അടൂർ: പ്രചരിക്കുന്ന സന്ദേശം ഏതാണെന്നും ഔദ്യോഗിക അറിയിപ്പ് ഏതാണെന്നും തിരിച്ചറിയാനാകാത്ത സ്ഥിതിയിൽ വാഹന ഉടമകൾ. മോട്ടോർവാഹന വകുപ്പിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളാണ് ആശയക്കുഴപ്പത്തിന് കാരണം. ദിവസവും പുതിയസന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ അവയിൽ പലതിനും വിശദീകരണവുമായി വകുപ്പ് രംഗത്തെത്തേണ്ട അവസ്ഥയാണ്.

To advertise here,

വാഹനപരിശോധന, പിഴ, ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, നിയമലംഘനങ്ങൾ, വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് പല വ്യാജസന്ദേശങ്ങളും പ്രചരിക്കുന്നത്.

സെപ്റ്റംബറിൽ മാത്രം പ്രചരിച്ച ഏതാനും സന്ദേശങ്ങൾ ഇവയാണ്:

1. 2026 സെപ്റ്റംബർ 25-നകം മോട്ടോർ ഡ്രൈവിങ് ലൈസൻസിലെ മൊബൈൽനമ്പർ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും.

* തെറ്റായ പ്രചാരണമെന്ന് എം.വി.ഡി.

2. ട്രാഫിക് ചല്ലാൻ അടയ്ക്കാനുണ്ട് എന്ന് കാണിച്ചുള്ള മെസ്സേജുകൾ. അടയ്ക്കാൻ ലിങ്കുമുണ്ട്.

* തട്ടിപ്പ് സംഘത്തിന്റെ സൂത്രപ്പണി.

3. ഇ ചല്ലാൻ ഫൈനിന് അധികനിരക്കുകൾ ഈടാക്കും.

* ഈടാക്കില്ല

4. ഇലക്ട്രിക് കാർ ടാക്‌സിയായി രജിസ്റ്റർചെയ്യാൻ സാധ്യമല്ല

* ഒരു തടസ്സവുമില്ല

5. ഇ ചലാനുകളിൽനിന്ന് ഗതാഗത നിയമലംഘനത്തിന്റെ ചിത്രം ഒഴിവാക്കുന്നു.

* അങ്ങനെ ഉത്തരവോ നിർദേശമോ നൽകിയിട്ടില്ല.

വ്യാജത്തിന് ഔദ്യോഗിക രൂപം

എം.വി.ഡി.യുടെ പേരും ഔദ്യോഗിക ചിഹ്നങ്ങളുമൊക്കെ ഉപയോഗിക്കുന്നതിനാൽ യഥാർഥ അറിയിപ്പും വ്യാജസന്ദേശവും തമ്മിൽ തിരിച്ചറിയാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.