റോൾസ് റോയിസ് വാഹനങ്ങളിൽ ഏറ്റവുമധികം ഡിമാന്റുള്ള മോഡലായി മാറാൻ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ കള്ളിനന് സാധിച്ചിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുതിയ ലംബോർഗിനി വാഹനത്തിന് മുന്നിൽ തേങ്ങയുടയ്ക്കുന്നതും അത് വാഹനത്തിലേക്ക് തെറിച്ച് വീഴുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. പുതിയ വാഹനം വാങ്ങുമ്പോൾ ഇത്തരത്തിലുള്ള പല ആചാരങ്ങളും ആളുകൾ അനുഷ്ഠിക്കാറുണ്ടെങ്കിലും ആ സംഭവം വലിയ രീതിയിൽ ട്രോളുകളിൽ നിറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഒരു റോൾസ് റോയിസ് കൂടി ട്രോളൻമാരുടെ ഇരയായിരിക്കുകയാണ്.
അത്യാഡംബര എസ്‌യുവിയായ റോൾസ് റോയിസ് കള്ളിനന് മുന്നിൽ ഒരു ചെറുനാരങ്ങയും കുറച്ച് പച്ചമുളകും തൂക്കിയിട്ടിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ‘പത്ത് കോടി രൂപ വിലയുള്ള വാഹനത്തിന് പത്ത് രൂപയുടെ സുരക്ഷ’ എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ, ഇന്ത്യയിലെ ഒരു വിഭാഗം ആളുകൾ അവരുടെ വീടുകളിലും വാഹനങ്ങളിലും ചെയ്ത് പോരുന്ന ഒരു കീഴ്‌വഴക്കമാണിതെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
വീടിനും വാഹനത്തിനുമുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ദൗർഭാഗ്യങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി ചിലർ ചെയ്തുവരുന്ന ആചാരമാണിത്. നാരങ്ങയും മുളകും വാഹനത്തിലോ വീടുകളിലോ തൂക്കിയിടുന്നത് കണ്ണേറ് കൊള്ളുന്നത് തടയുമെന്നാണ് ചില ആളുകൾ വിശ്വസിക്കുന്നത്. ഈ സങ്കൽപ്പത്തിൽ വിശ്വസിക്കുന്ന ആളായിരിക്കാം ഈ റോൾസ് റോയിസിന്റെ ഉടമയെന്നും അതാണ് വാഹനത്തിൽ നാരങ്ങയും മുളകുമെല്ലാം തൂക്കിയിട്ടിരിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം പറയുന്നു.
റോൾസ് റോയിസ് വാഹന നിരയിലെ ഏക എസ്‌യുവി മോഡലാണ് കള്ളിനൻ. റോൾസ് റോയിസ് വാഹനങ്ങളിൽ ഏറ്റവുമധികം ഡിമാന്റുള്ള മോഡലായി മാറാൻ ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ കള്ളിനന് സാധിച്ചിരുന്നു. 2018-ൽ പുറത്തിറങ്ങിയ ഈ വാഹനത്തിന്റെ രണ്ടാം തലമുറ മോഡലാണ് ഇപ്പോൾ നിരത്തുകളിലുള്ളത്. റോൾസ് റോയിസ് കള്ളിനൻ II എന്ന പേരിൽ എത്തിയ പുതിയ മോഡലിന്റെ സ്റ്റാന്റേഡ് മോഡലിന് 10.50 കോടി രൂപയും ബ്ലാക്ക് ബഡ്ജ് പതിപ്പ് 12.25 കോടി രൂപയുമാണ് എക്സ്ഷോറൂം വില.
രണ്ടാം തലമുറയിലേക്കുള്ള മാറ്റത്തിൽ വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളിലും കുറേയേറെ പുതുമകൾ കൊണ്ടുവന്നെങ്കിലും മെക്കാനിക്കലായ മാറ്റങ്ങൾ വരുത്താൻ നിർമാതാക്കൾ തയാറായിരുന്നില്ല. മുൻ മോഡലിൽ കരുത്തേകിയിരുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി12 എൻജിനാണ് പുതിയ പതിപ്പിലും നൽകിയിരിക്കുന്നത്. സ്റ്റാന്റേഡ് മോഡൽ 571 ബി.എച്ച്.പി. പവറും 850 എൻ.എം. ടോർക്കുമേകുമ്പോൾ ബ്ലാക്ക് ബാഡ്ജ് പതിപ്പ് 600 ബി.എച്ച്.പി. പവറും 900 എൻ.എം. ടോർക്കുമാണ് നൽകുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
Content Highlights: A Rolls-Royce Cullinan spotted with chilies and lemons goes viral, sparking discussions about cultural rituals to ward off evil eyes and ensure protection for luxury vehicles.
Published: 02 Feb 2026, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented