മുംബൈ: കൈക്കൂലി ആവശ്യപ്പെടൽ, നിയമവിരുദ്ധമായി വാഹനം തടഞ്ഞുവയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് അസോസിയേഷനുകളിൽനിന്നുള്ള പരാതികളെത്തുടർന്ന്, മഹാരാഷ്ട്ര എ.ഡി.ജി.പി. (ട്രാഫിക്) നിർബന്ധിത ഇ-ചലാൻ രീതികൾ അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിർദേശം പാലിക്കാത്തവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

To advertise here,

വാഹനമോടിക്കുന്നവരോട് മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, സ്വമേധയാ വാഗ്ദാനം ചെയ്താൽ മാത്രം ഇ-ചലാൻ പേയ്മെന്റുകൾ സ്വീകരിക്കണമെന്നും, കോടതി ഉത്തരവ് പ്രകാരം മാത്രമേ വാഹനങ്ങൾ പിടിച്ചെടുക്കാവൂ എന്നും സർക്കുലറിൽ നിർദേശിച്ചു.

മാർച്ച് അഞ്ചിന് പണിമുടക്ക് നടത്താൻ പദ്ധതിയിട്ടിരുന്ന ട്രാൻസ്‌പോർട്ട് അസോസിയേഷനുകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഗതാഗതമന്ത്രി പ്രതാപ് സർനായിക്കിന്റെ നിർദേശത്തെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്.

മതിയായ കാരണമില്ലാതെ വാഹനങ്ങൾ തടയുകയും, ഇ-ചലാൻ കുടിശ്ശിക ഉടൻ ഈടാക്കുകയും ചെയ്യുന്നത് വാഹന ഉടമകൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഡ്രൈവർമാർക്ക് പണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ട്രാഫിക് ഉദ്യോഗസ്ഥരുടെ അധിക്ഷേപവും ഭീഷണിപ്പെടുത്തുന്ന പെരുമാറ്റവും റിപ്പോർട്ട് ചെയ്യപ്പെട്ടു. നിയമപരമായ അധികാരമില്ലതിരുന്നിട്ടും വാഹനരേഖകൾ പിടിച്ചെടുക്കുന്നുണ്ടെന്നായിരുന്നു മറ്റൊരു പരാതി.

മന്ത്രി സർനായിക് ഇത്തരം പെരുമാറ്റങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും ഗതാഗത വകുപ്പിന്റെ പ്രതിച്ഛായയെ ഇത്തരം പരാതികൾ സാരമായി ബാധിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഇ-ചലാൻ പിഴകൾ സ്ഥലത്തുതന്നെ അടയ്ക്കാൻ വാഹനമോടിക്കുന്നവരെ നിർബന്ധിക്കുന്നതിൽ ട്രാഫിക് ഉദ്യോഗസ്ഥർക്ക് ഇനി മുതൽ വിലക്കുണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഒരു ഡ്രൈവർ സ്വമേധയാ പിഴ അടയ്ക്കാൻ തയ്യാറായാൽ അത് സ്വീകരിക്കണം, പക്ഷേ ഒരു ഉദ്യോഗസ്ഥനും സമ്മർദം ചെലുത്താൽ പാടില്ല. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ വാഹനങ്ങൾ പിടിച്ചെടുക്കാൻ കഴിയൂ. വാഹനങ്ങളോ രേഖകളോ റോഡരികിൽ പിടിച്ചെടുക്കുന്നത് വ്യക്തമായി നിരോധിച്ചിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ട്രാഫിക് പോലീസ് എല്ലാ വാഹന ഉടമകളോടും എപ്പോഴും പ്രൊഫഷണലും മര്യാദയുള്ളതുമായ പെരുമാറ്റം നിലനിർത്തണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. ഇ-ചലാൻ വീണ്ടെടുക്കലും വാഹന പിടിച്ചെടുക്കലും നിയന്ത്രിക്കുന്ന ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്‌ നടപടിക്രമം (എസ്.ഒ.പി.) 2024 നവംബർ 11 മുതൽ നിലവിലുണ്ടെന്ന് സർക്കുലർ എല്ലാ യൂണിറ്റുകളെയും ഓർമിപ്പിച്ചു.