കൊച്ചി: ആംബുലൻസ് കടത്തിവിടാൻ ശ്രമിച്ച ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ കാക്കനാട് അടയ്ക്കത്തുമൂലയിൽ വീട്ടിൽ അനീഷിനെ (41) സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകരവും അലക്ഷ്യവുമായ ഡ്രൈവിങ്ങിനും ജീവന് അപകടകരമായ വിധം വാഹനമോടിച്ചതിനും കേസെടുക്കുകയും ചെയ്തു.

To advertise here,

ശനിയാഴ്ച രാത്രി 7.25-ന് ഹൈക്കോടതി ജങ്ഷനിലായിരുന്നു അപകടം. എറണാകുളം ട്രാഫിക്ക് വെസ്റ്റ് സി.പി.ഒ. കെടാമംഗലം സ്വദേശി എം.എസ്. ശ്രീദത്തിനെ (39) യാണ് കാക്കനാട് റൂട്ടിലോടുന്ന 'മഹാത്മ' ബസ് ഇടിച്ചിട്ടത്. ഇടത് കാൽമുട്ടിന് ചതവേറ്റ ശ്രീദത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടി. മേനക ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ബസ് ബാനർജി റോഡിലേക്ക് തിരിയവേയാണ് സംഭവം. ഈസമയം ഗോശ്രീ റോഡ് ഭാഗത്തുനിന്നുംവന്ന ആംബുലൻസിനെ കടത്തിവിടാൻ വാഹനങ്ങൾ തടയുകയായിരുന്നു സി.പി.ഒ. ബസ് പുറകിൽ നിന്ന് ഇടിച്ചതോടെ ശ്രീദത്ത് രണ്ട് മുൻചക്രങ്ങൾക്കിടയിൽ വീണു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരേ ഉരുക്കുമുഷ്ടി പ്രയോഗിക്കണമെന്ന ഹൈക്കോടതി പരാമർശത്തിനിടെയാണ് വീണ്ടും അപകടമുണ്ടായത്. ബുധനാഴ്ച സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരി തൃശ്ശൂർ സ്വദേശി അക്ഷര (29) മരിച്ച സംഭവത്തിലായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. അപകടകരമായ രീതിയിലും അമിത വേഗത്തിലും സഞ്ചരിക്കുന്ന ബസുകൾക്കെതിരേ കർശന നടപടി എടുക്കാനും നിർദേശിച്ചിരുന്നു. വിഷയത്തിൽ കൊച്ചി കോർപ്പറേഷന് അന്ത്യശാസനം നൽകിയ കോടതി നടപടി എടുത്തില്ലെങ്കിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും താക്കീത് നൽകിയിരുന്നു.