കാക്കനാട്: ക്യാമറ കണ്ണടച്ചില്ല; പക്ഷേ ക്യാമറ കണ്ട കാര്യങ്ങൾ പറയാൻ ആളില്ലാത്ത അവസ്ഥയായിരുന്നു ഇതുവരെ. റോഡിലെ നിയമലംഘനങ്ങൾ കൃത്യമായി പകർത്തിയ എ.ഐ. ക്യാമറകൾ ദൃശ്യങ്ങൾ സെർവറിൽ സൂക്ഷിച്ചെങ്കിലും കൺട്രോൾ റൂമുകളിലേക്ക് എത്തിക്കാനായില്ല. ആഴ്ചകളായുള്ള ഈ 'മൗനം' അവസാനിപ്പിച്ച് ചൊവ്വാഴ്ച മുതൽ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്തിത്തുടങ്ങി.

To advertise here,

സാങ്കേതിക സേവനം നൽകിയ കമ്പനിക്ക് കുടിശ്ശിക തുക നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ പ്രോസസ് ചെയ്യുന്ന സംവിധാനം നിലച്ചത്. ക്യാമറകൾ പതിവുപോലെ നിയമലംഘനങ്ങൾ പകർത്തുകയും അവ ലോക്കൽ സ്റ്റോറേജിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലെത്തിച്ച് പരിശോധിച്ച് ഇ-ചലാൻ പുറപ്പെടുവിക്കുന്ന സംവിധാനത്തിലാണ് തടസ്സമുണ്ടായത്.

സെപ്റ്റംബർ ഒന്നുമുതലാണ് ഡേറ്റാ കൈമാറ്റത്തിൽ തടസ്സം നേരിട്ടത്. സെൻട്രൽ സെർവറിലെ ഫയർവാൾ സേവനം വിച്ഛേദിച്ചതും പ്രതിസന്ധിക്ക് കാരണമായി. നടത്തിപ്പ് ചുമതലയുള്ള കെൽട്രോണുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങളുടെ കുടിശ്ശിക തീർപ്പാക്കുന്നതിലെ തർക്കമാണ് പ്രശ്നത്തിന് കാരണമെന്നാണ് വിവരം. ഇതോടെ ആഴ്ചകളോളം കൺട്രോൾ റൂമുകളിൽ നിയമലംഘന ദൃശ്യങ്ങളുടെ പരിശോധന മുടങ്ങി.

2.25 കോടി രൂപയുടെ പിഴ

എറണാകുളം ജില്ലയിലെ എ.ഐ. ക്യാമറകളിൽനിന്നുള്ള ഏകദേശം 25,000 നിയമലംഘന ദൃശ്യങ്ങൾ നിലവിൽ സെർവറിൽ കെട്ടിക്കിടക്കുന്നതായാണ് നിഗമനം. ഇവ പൂർണമായി പരിശോധിച്ച് ഇ-ചെലാൻ അയച്ചുതീർക്കുന്നതോടെ ഏകദേശം 2.25 കോടി രൂപ പിഴയിനത്തിൽ ഈടാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഹെൽമെറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക തുടങ്ങി വിവിധ ഗതാഗത നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തുന്നത്.

ഡേറ്റാ കൈമാറ്റം തടസ്സപ്പെട്ടിരുന്നപ്പോഴും ക്യാമറകൾ പ്രവർത്തിച്ചിരുന്നതിനാൽ ആ കാലയളവിൽ പകർത്തിയ ദൃശ്യങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാനാകും. കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ ഘട്ടംഘട്ടമായി പ്രോസസ് ചെയ്ത് വാഹന ഉടമകൾക്ക് നോട്ടീസ് അയയ്ക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അതിനാൽ തടസ്സകാലയളവിൽ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾക്കും വരും ദിവസങ്ങളിൽ ഇ-ചെലാൻ ലഭിച്ചേക്കും.